ഐസിഐസിഐ സെക്യൂരിറ്റീസ് ഡീലിസ്റ്റിംഗിന് എന്‍സിഎല്‍ടി അംഗീകാരം
Thursday, August 22, 2024 2:15 AM IST
കൊച്ചി: ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരി എക്സ്ചേഞ്ചുകളില്‍ നിന്നും ഡിലിസ്റ്റ് ചെയ്യുന്നതിന് മുംബൈയിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) അംഗീകാരം നല്കി.
ജസ്റ്റിസ് വീരേന്ദ്ര സിംഗ് ജി. ബിഷ്ത്, സാങ്കേതിക അംഗം പ്രഭാത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വാക്കാലുള്ള ഉത്തരവില്‍ സ്കീമിന് അംഗീകാരം നല്‍കിയത്. ക്വാണ്ടം മ്യൂച്വല്‍ ഫണ്ടും ന്യൂനപക്ഷ ഓഹരി ഉടമ മനു ഋഷി ഗുപ്തയും സമര്‍പ്പിച്ച എതിര്‍പ്പുകള്‍ തളളിക്കളഞ്ഞു.
2023 ജൂണില്‍ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യാനും മാതൃ സ്ഥാപനമായ ഐസിഐസിഐ ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറാനുമുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരി ഉടമകള്‍ക്ക് അവരുടെ ഓരോ 100 ഓഹരികള്‍ക്കും ഐസിഐസിഐ ബാങ്കിന്റെ 67 ഓഹരികളാണ് വാഗ്ദാനം ചെയ്യുന്നത്.
ഡീലിസ്റ്റിംഗിന് ശേഷം ഐസിഐസിഐയുടെ ഓഹരികള്‍ ലഭിക്കുന്നതിലൂടെ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരി ഉടമകള്‍ക്ക് കടുത്ത ചാഞ്ചാട്ടമുള്ള ബ്രോക്കിംഗ് ബിസിനസിനെ അപേക്ഷിച്ച് ബാങ്കിന്റെ ഓഹരികളിലൂടെ കൂടുതല്‍ നേട്ടമുണ്ടാകുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.