ജിഎസ്ടി റിട്ടേൺ: വീഴ്ച വരുത്തുന്നവർക്കെതിരേ ഉടൻ നടപടി
ജിഎസ്ടി റിട്ടേൺ: വീഴ്ച വരുത്തുന്നവർക്കെതിരേ  ഉടൻ നടപടി
Wednesday, July 1, 2020 2:50 PM IST
നികുതിദായകർ ഫയൽ ചെയ്യുന്ന റിട്ടേണുകളാണ് നികുതിയെ സംബന്ധിച്ചും ഇൻപുട്ട് ടാക്സ് ക്രെഡിറ്റിനെ സംബന്ധിച്ചും മറ്റും ഗവണ്‍മെന്‍റിന്‍റെ പക്കലുള്ള വിവരങ്ങൾ. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗവണ്‍മെന്‍റ് നികുതി പിരിവും മറ്റും കണക്കുകൂട്ടുന്നത്. നികുതി രജിസ്ട്രേഷൻ എടുത്തിട്ടുള്ളവരുടെ ഒരു പ്രധാന കടമയാണ് നികുതിയുടെ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്യുക എന്നത്.

ജിഎസ്ടി. നിയമം അനുസരിച്ച് റിട്ടേണ്‍ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ നോട്ടീസുകൾ അയക്കുവാനും നിയമനടപടികൾ സ്വീകരിക്കുന്നതിനും നികുതി ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ട്. നിലവിൽ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ വിവിധങ്ങളായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഓരോ ഉദ്യോഗസ്ഥരും ഓരോ വിധത്തിലാണ് നടപടികൾ എടുക്കുന്നത്. എന്നാൽ, രാജ്യത്തെവിടെയും വീഴ്ച വരുത്തുന്നവർക്കെതിരേ ഒരേ രീതിയിൽ നടപടികൾ എടുക്കുന്നതിന് സിബിഐസി 129/48/2019 തീയതി 24 12 2019 നന്പർ സർക്കുലർ ഇറക്കിയിട്ടുണ്ട്. പ്രസ്തുത സർക്കുലറിൽ വീഴ്ചകൾക്കെതിരെ രാജ്യത്തെവിടെയും ഒരേ രീതിയിൽ നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു.

റിട്ടേണുകൾ ഫയൽ ചെയ്യേണ്ടിയിരിക്കുന്ന നിർദിഷ്ട ദിവസത്തിന് 3 ദിവസം മുന്പു തന്നെ റിട്ടേണുകൾ ഫയൽ ചെയ്യേണ്ട തീയതിയെക്കുറിച്ചും നികുതിയെക്കുറിച്ചും ഓർമ്മപ്പെടുത്തി മെസ്സേജ് ലഭിക്കും. ഉദാഹരണത്തിന് ജിഎസ്ടിആർ. 3ബി ആണ് ഫയൽ ചെയ്യേണ്ടത് എങ്കിൽ അതിന്‍റെ നിർദ്ദിഷ്ട തീയതി പിറ്റേ മാസം 20 ആണ്. അതിന് മൂന്നു ദിവസം മുന്പ് തന്നെ, അതായത് ആ മാസം 17ാം തീയതി തന്നെ നിങ്ങൾക്ക് നികുതി റിട്ടേണുകൾ ഫയൽ ചെയ്യേണ്ട വിവരം ഓർമപ്പെടുത്തി മെസേജ് ലഭിക്കും. ഇത് രജിസ്ട്രേഷൻ എടുത്തപ്പോൾ നൽകിയിരിക്കുന്ന മൊബൈൽ നന്പറിലേക്കായിരിക്കും ലഭിക്കുക.

നിർദിഷ്ട തീയതിക്കകം റിട്ടേണ്‍ ഫയൽ ചെയ്തില്ല എങ്കിൽ പിറ്റേദിവസം തന്നെ, ഇവിടെ 21ാം തീയതി തന്നെ സിസ്റ്റം വഴി ഓട്ടോമാറ്റിക് ആയി ഇമെയിൽ വഴിയോ മൊബൈൽ മെസേജ് വഴിയോ നിങ്ങൾക്ക് നോട്ടീസ് ലഭിക്കും. ഇത് രജിസ്ട്രേഷൻ എടുത്ത സമയത്ത് നൽകിയിട്ടുള്ള ഇമെയിൽ ഐഡിയിലേക്കോ മൊബൈലിലേക്കോ ലഭിക്കും.

ആദ്യ നോട്ടീസ് ലഭിച്ചിട്ടും നിങ്ങൾ പ്രതികരിക്കുന്നില്ലെങ്കിൽ അഞ്ച് ദിവസം കഴിയുന്പോൾ (ഇവിടെ 26ാം തീയതി) നിങ്ങൾക്ക് ജിഎസ്ടിആർ. മൂന്ന് എ യിൽ നോട്ടീസ് ലഭിക്കും. ജി.എസ്.ടി.യിലെ 46ാം വകുപ്പനുസരിച്ച് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയവർക്ക് അയക്കുന്ന നോട്ടീസാണ് അത്. ഈ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം റിട്ടേണുകൾ ഫയൽ ചെയ്യുകയാണെങ്കിൽ പ്രസ്തുത നോട്ടീസുകൾ ഓട്ടോമാറ്റിക് ആയി തന്നെ പിൻവലിക്കപ്പെട്ടതായി കണക്കാക്കപ്പെടും.


ജിഎസ്ടിആർ മൂന്ന് എ യിൽ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം റിട്ടേണ്‍ ഫയൽ ചെയ്തില്ലെങ്കിൽ നികുതി ഉദ്യോഗസ്ഥന് ഉടൻ തന്നെ സ്വന്തമായി 62ാം വകുപ്പ് അനുസരിച്ച് ബെസ്റ്റ് ജഡ്ജ്മെന്‍റ് അസ്സസ്സ്മെന്‍റ് നടത്തുന്നതിന് അവകാശം ഉണ്ട്. ജിഎസ്ടിആർ 3എ യിൽ നല്കിയ നോട്ടീസ് കൂടാതെ പിന്നീട് നോട്ടീസ് അയക്കേണ്ട ആവശ്യമില്ല.

രജിസ്ട്രേഷൻ എടുത്ത വ്യക്തിയുടെ ആ ടാക്സ് പീരിയഡിലെ നികുതി വിവരങ്ങൾ, നികുതി ബാധ്യത എന്നിവ നികുതി ഉദ്യോഗസ്ഥൻ ലഭ്യമായ വിവരങ്ങൾ വെച്ചാണ് നിർണ്ണയിക്കുന്നത്. നികുതി ഉദ്യോഗസ്ഥൻ നികുതി ബാധ്യത നിശ്ചയിക്കുന്നത് താഴെപ്പറയുന്ന ഡോക്യുമെന്‍റുകളെ അടിസ്ഥാനമാക്കിയായിരിക്കണം എന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. 1) ജിഎസ്ടിആർ. 1 റിട്ടേണുകൾ, 2) ജിഎസ്ടിആർ. 2 എ, 3) ഇവേ ബില്ലുകൾ പ്രകാരം ലഭ്യമായ വിവരങ്ങൾ 4) കടകളിലും ഗോഡൗണുകളിലും മറ്റും പരിശോധന നടത്തിയ റിപ്പോർട്ട്, 5) ലഭ്യമായ മറ്റു സോഴ്സുകൾ. ഇതിൽ അഞ്ചാമതായി പറഞ്ഞിരിക്കുന്ന ഡാറ്റാ കളക്ഷൻ ഉദ്യോഗസ്ഥന് വിവേചനാധികാരം നല്കുന്നതാണ്.

ബെസ്റ്റ് ജഡ്ജ്മെൻറ് അസസ്മെന്‍റ് നടത്തിയാൽ നികുതി ഉദ്യോഗസ്ഥൻ അത് ഫോം നന്പർ എ.എസ്.എം.റ്റി. 13 ൽ ഓർഡർ ആക്കേണ്ടതും അതിന്‍റെ സമ്മറി ജിഎസ്ടി ഡിആർസി. 7 ൽ അപ് ലോഡ് ചെയ്യേണ്ടതുമുണ്ട്.

എന്നാൽ, നികുതി നല്കേണ്ട വ്യക്തി ബെസ്റ്റ് ജഡ്ജമെന്‍റ് ഓർഡർ ലഭിച്ച് 30 ദിവസങ്ങൾക്കകം ശരിയായ റിട്ടേണുകൾ ഫയൽ ചെയ്യുകയും നികുതി അടക്കുകയും ചെയ്താൽ ബെസ്റ്റ് ജഡ്ജ്മെന്‍റ്അസസ്മെൻറ് ഓർഡർ ഓട്ടോമാറ്റിക് ആയി ക്യാൻസൽ ചെയ്യപ്പെട്ടതായി കണക്കാക്കും. എന്നാൽ, അദ്ദേഹം ലേറ്റ് ഫീസും പലിശയും അടക്കേണ്ടതായിട്ടുണ്ട്.
ബെസ്റ്റ് ജഡ്ജ്മെന്‍റ് അസസ്മെന്‍റ് ഓർഡർ ലഭിച്ചിട്ടും നികുതി നൽകേണ്ട വ്യക്തി പ്രതികരിക്കുന്നില്ലെങ്കിൽ നികുതി ഉദ്യോഗസ്ഥൻ ജിഎസ്ടി നിയമം 78/79 അനുസരിച്ച് റിക്കവറി നടപടികൾ ആരംഭിക്കും. റിട്ടേണ്‍ ഫയൽ ചെയ്യുന്നതിലും നികുതി അടവിലും വീഴ്ച വരുത്തുന്നവരുടെ സ്വത്തുക്കൾ കമ്മീഷണർക്ക് അറ്റാച്ച് ചെയ്യുവാനുള്ള അധികാരം ഉണ്ട്. കൂടാതെ റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് വീഴ്ച വരുത്തിയാൽ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തുപോകാനും ഇടയുണ്ട്.

ബേബി ജോസഫ്
ചാർട്ടേഡ് അക്കൗണ്ടന്‍റ്