പോളിസി എടുക്കും മുന്പ് നേട്ടങ്ങൾ അറിഞ്ഞിരിക്കാം
പോളിസി എടുക്കും മുന്പ്  നേട്ടങ്ങൾ അറിഞ്ഞിരിക്കാം
Sunday, May 31, 2020 2:39 PM IST
ഇൻഷുറൻസ് പോളിസികൾ വിറ്റു പോകാൻ വേണ്ടി ലഭിക്കുന്ന നേട്ടത്തെ പൊലിപ്പിച്ച് കാണിക്കുന്നത് സാധാരണ ഇൻഷുറൻസ് മേഖലയിലെ പ്രവണതയാണ്. ഇത്തരത്തിൽ ഉപയോക്താക്കളെ തെറ്റിധരിപ്പിച്ച് ഉത്പന്നം വിറ്റഴിക്കുന്നത് തടയാൻ ഐആർഡിഎഐ 2019 സെപ്റ്റംബറിൽ ഇൻഷുറൻസ് കന്പനികൾക്ക് കൃത്യമായ ഒരു നിർദേശം നൽകിയിരുന്നു. അതായത് നിർബന്ധമായും ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ ഇൻഷുറൻസ് കന്പനികൾ പോളിസികളുടെ നേട്ടങ്ങളുടെ ചിത്രീ കരണം (ബെനഫിറ്റ് ഇലുസ്ട്രേഷൻ) തയ്യാറാക്കണമെന്ന്.
ഐആർഡിഎയുടെ നിർദേശ പ്രകാരം എല്ലാ ലൈഫ് ഇൻഷുറൻസ് പോളിസികളും വിൽക്കുന്ന സമയത്ത് കന്പനികൾ ഇത് ഉപയോക്താക്കൾക്ക് നൽകിയിരിക്കണം. കന്പനി ഇത് നൽകാതിരിക്കുകയോ അല്ലെങ്കിൽ കന്പനിയുടെതല്ലാത്ത ചിത്രീകരണം നൽകുകയോ ചെയ്യരുത്. ഇത് ലൈഫ് ഇൻഷുറൻസ് പോളിസികളുടെ കാലാവധി പൂർത്തിയാകുന്പോഴുള്ള റിട്ടേണ്‍ എത്രയായിരിക്കും എന്ന് ഉപയോക്താവിനെ ബോധ്യപ്പെടുത്താൻ കൂടിയാണിത്. പലപ്പോഴും ഏജന്‍റുമാർ അവരുടേതായ രീതിയിൽ റിട്ടേണിനെ ചിത്രീകരിച്ച് കാണിക്കുകയാണ് ചെയ്യാറ്. ഇത് പലപ്പോഴും ഉപയോക്താക്കൾക്ക് പ്രതീക്ഷിച്ച റിട്ടേണ്‍ കാലാവധി പൂർത്തിയാകുന്പോൾ നൽകാറുമില്ല. ഈ പ്രശ്നം പരിഹരിക്കാൻ കൂടി വേണ്ടിയാണ് ഐആർഡിഎ ഇത്തരമൊരു നിർദേശം വെച്ചിരിക്കുന്നത്.

* ഐആർഡിഎയുടെ 2015 ലെ റെഗുലേഷനിലുള്ള മൈക്രോ ഇൻഷുറൻസുകൾ
* ലൈഫ് ഇൻഷുറൻസുകളുടെ പോയിന്‍റ് ഓഫ് സെയിൽ (പിഒഎസ്) സംബന്ധിച്ച 2016 ലെ ഗൈഡ് ലൈൻസിൽ വരുന്ന പോളിസികൾ
* കോമണ്‍ സർവീസ് സെന്‍ററുകൾ വഴിയുള്ള ഇൻഷുറൻസ് സർവീസുകളെ സംബന്ധിച്ച 2019 ലെ റെഗുലേഷനിൽ വരു പോളിസികൾ എന്നിവയ്ക്ക് ഈ നിർദേശം ബാധകമല്ല. മറ്റ് ലൈഫ് ഇൻഷുറൻസ് പോളിസികൾക്കാണ് ഈ നിർദേശം ബാധകമായിട്ടുള്ളത്. 2019 ഡിസംബർ ഒന്നുമുതൽ ഇൻഷുറൻസ് കന്പനികളോട് ഈ നിർദേശം പാലിക്കണമെന്നായിരുന്നു ഐആർഡിഎഐയുടെ നിർദേശം.

1. എന്താണ് ലൈഫ് ഇൻഷുറൻസ് പോളിസി ബെനഫിറ്റ് ഇലുസ്ട്രേഷൻ
ലൈഫ് ഇൻഷുറൻസ് പോളിസി ബെനഫിറ്റ് ഇലുസ്ട്രേഷൻ എന്നത് ഇൻഷുറൻസ് കന്പനി തയ്യാറാക്കുന്ന വിവരങ്ങളടങ്ങിയ രേഖയാണ്. ഇൻഷുറൻസിലുള്ള നിക്ഷേപം കുറച്ചു നാളുകൾക്കുശേഷം എപ്രകാരമാണ് റിട്ടേണ്‍ ലഭിക്കുന്നത് എന്നു മനസിലാക്കാൻ സഹായിക്കും.മച്യൂരിറ്റിയാകുന്നതുവരെയുള്ള ഓരോ വർഷത്തെയും നിക്ഷേപത്തിന്‍റെ പ്രകടനം ഇതിൽ നൽകിയിട്ടുണ്ടാകും. പക്ഷേ, ഇത് കൃത്യമായിരിക്കണമെന്നില്ല. കാരണം ഗാരന്‍റീഡ് റിട്ടേണ്‍ നൽകുന്ന പരന്പരാഗത പോളിസികൾക്കൊപ്പം തന്നെ നോണ്‍-ഗാരന്‍റീഡായിട്ടുള്ള പോളിസികളുമുണ്ട് യുലിപ് പോലുള്ള വിപണിയുമായി ബന്ധപ്പെട്ട പോളിസികൾ. ഇവയുടെ റിട്ടേണ്‍ കൃത്യമായി കണക്കാക്കാനാകില്ല. അതുകൊണ്ട് ഒരു ഏകദേശ റിട്ടേണായിരിക്കും നൽകിയിരിക്കുക. അത് വിപണിയുടെ കഴിഞ്ഞ കാലങ്ങളിലെ പ്രകടനങ്ങളെ വിലയിരുത്തിയും വരാനുള്ള കാലങ്ങളെ മനസിൽ കണ്ടുമായിരിക്കും തയ്യാറാക്കിയിട്ടുണ്ടാവുക. ബെനഫിറ്റ് ഇലുസ്ട്രേഷൻ പോളിസി ഡോക്യുമെന്‍റിന്‍റെ ഭാഗമാണ്. അിതിൽ പോളിസി ഉടമയും ഏജ്ന്‍റും ഒപ്പിടണം.


2. എന്താണ് ചെയ്യേണ്ടത്

പോളിസി വാങ്ങാനാഗ്രഹിക്കുന്നവർ ചെയ്യേണ്ടത് ഇത്രയുമെയുള്ളു. ഇൻഷുറൻസ് ഏജന്‍റിനോട് അല്ലെങ്കിൽ കന്പനി പ്രതിനിധിയോട് കന്പനി തയ്യാറാക്കിയിട്ടുള്ള ചിത്രീകരണം ചോദിച്ച് വാങ്ങണം. വാർഷിക പ്രീമിയം എത്രയാണ്, ഗാരന്‍റീഡ് റിട്ടേണ്‍ എത്രയാണ, നോണ്‍ഡഗാരന്‍റീഡ് റിട്ടേണ്‍ എത്രയാണ് എന്നിവയെല്ലാം നേട്ടങ്ങൾ നൽകിയിട്ടുള്ളതിൽ നിന്നും കൃത്യമായി മനസിലാക്കണം. നോണ്‍-ഗാരന്‍റീഡ് റിട്ടേണുള്ള പോളിസികൾ കൃത്യമായ വിവരമായിരിക്കില്ല നൽകിയിരിക്കുന്നത്. ഒരു പ്രതീക്ഷയായിരിക്കും നൽകിയിട്ടുണ്ടാവുക.അതുകൊണ്ട് അത് പ്രത്യേകം ശ്രദ്ധിക്കണം. അതോടൊപ്പം എത്ര കവറേജ് വേണം, ഏതു ധനകാര്യ ലക്ഷ്യം നേടാനാണ് ഈ നിക്ഷേപം എന്നു തുടങ്ങിയ കാര്യങ്ങളെ കൂടി പോളിസ എടുക്കുന്നതിനു മുന്പ് പരിഗണിക്കണം.

3. തെറ്റിധരിപ്പിച്ച് ഒരു പോളിസി വാങ്ങിയാൽ

ഇൻഷുറൻസ് പോളിസി വാങ്ങാൻ തയ്യാറാകുന്നവർ എന്തായാലും ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് ബോധവാൻമാരായിരിക്കണം. ഇനി എങ്ങനെയെങ്കിലും തെറ്റിധരിപ്പിക്കപ്പെട്ട് ഒരു പോളിസി വാങ്ങി എന്നിരിക്കട്ടെ. ഉപയോക്താവിന് 15 ദിവസത്തെ ഫ്രീ ലുക്ക് പിരീഡിൽ പോളിസി വേണ്ട എന്നു വെയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഫ്രീ ലുക്ക് പിരീഡിനു ശേഷമാണ് അറിയുന്നതെങ്കിൽ ഇൻഷുറൻസ് കന്പനിക്കെതിരെ പരാതി നൽകാം. ഇൻഷുറൻസ് ഓംബുഡ്സ്മാനിലോ അല്ലെങ്കിൽ ഐആർഡിഎയുടെ ഓണ്‍ലൈൻ ഇന്‍റഗ്രേറ്റഡ് ഗ്രീവിയൻസ് മാനേജ്മെന്‍റ് സിസ്റ്റം വഴിയോ പരാതി നൽകാം.

4. ഡിജിറ്റൽ വിൽപ്പന

ഓണ്‍ലൈനായാണ് പോളിസി വാങ്ങുന്നതെങ്കിൽ കന്പനി എല്ലാ നിബന്ധനകളും നിർദശങ്ങളും മെയിൻ സ്ക്രീനിൽ ലഭ്യമാക്കിയിരിക്കണം.

ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് പ്രീമിയം അടയ്ക്കുന്നതിനു മുന്പു തന്നെ ഈ വിവരങ്ങൾ ഉപയോക്താവ് മനസിലാക്കിയിരിക്കണം. അതുപോലെ തന്നെ ഉപയോക്താവിന് ബെനഫിറ്റ് ഇലുസ്ട്രേഷൻ ചാർട്ട് സേവ് ചെയ്തോ അല്ലെങ്കിൽ പ്രിന്‍റ് എടുത്തോ സൂക്ഷിക്കാൻ സാധിക്കണം. അല്ലെങ്കിൽ ഉപയോക്താവിന് ഇമെയിൽ വഴിയെങ്കിലും കന്പനി ഇത് നൽകണം.