ചെലവിലും ഭാവനയിലും ദാരിദ്ര്യം
Saturday, March 7, 2020 3:13 PM IST
''മാന്ദ്യം മൂലം സര്‍ക്കാരിന്‍റെ നികുതി വരുമാനം കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ടു ചെലവു ചുരുക്കണം എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നു സ്വീകരിക്കുന്ന സമീപനം. വ്യക്തികളെപ്പോലെ സര്‍ക്കാരും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ മാന്ദ്യം കൂടുതല്‍ രൂക്ഷമാവുകയേ ഉള്ളൂ.''
സംസ്ഥാന നിയമസഭയില്‍ നടത്തിയ ബജറ്റ് പ്രസംഗത്തിന്‍റെ ഒന്‍പതാം ഖണ്ഡികയില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞതാണിത്.
ഈ പ്രസംഗഭാഗത്തിലെ കേന്ദ്രം മാറ്റി കേരളം ആക്കിയാല്‍ ആരും കുറ്റം പറയില്ല. രണ്ടാമത്തെ വാക്യം അപ്പോഴും ശരിയായിരിക്കുകയും ചെയ്യും.
ചെലവ് കൂട്ടാത്തതിനു നിര്‍മല സീതാരാമനോടു രൂക്ഷമായി പ്രതികരിച്ച ഡോ. ഐസക്കിനു തന്‍റെ ചെയ്തിക്കു ന്യായീകരണമുണ്ട്. കേന്ദ്രം നല്കാനുള്ള തുകകള്‍ വെട്ടിക്കുറച്ചു; അതുമിതും പറഞ്ഞു നികുതി വിഹിതത്തില്‍നിന്നു പണം പിടിക്കുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നികുതി വിഹിതം 2.5 ശതമാനത്തില്‍നിന്ന് 1.943 ശതമാനമായി കുറച്ചു; കേന്ദ്രത്തില്‍നിന്നു കിട്ടുന്ന തുകകള്‍ കുറഞ്ഞു; എടുക്കാവുന്ന വായ്പയുടെ പരിധി കുറച്ചു. ഇങ്ങനെയൊക്കെ ഞെരുക്കുമ്പോാള്‍ താന്‍ എന്തു ചെയ്യാന്‍ എന്നു ധനമന്ത്രിക്കു ചോദിക്കാം.
മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ചെലവ് ചുരുക്കിയ ധനമന്ത്രി ചില വിഭാഗങ്ങളുടെമേല്‍ കുതിരകയറുന്നതിനും ഇതേ ന്യായമാകും പറയുക. പണമുണ്ടാക്കാന്‍ മറ്റു മാര്‍ഗം കണ്ടില്ലെന്ന്.
ഭൂമിയുടെ ന്യായവില ഈ സര്‍ക്കാരിന്‍റെ കാലത്തു മൂന്നാം തവണയും വര്‍ധിപ്പിക്കുന്നതിനു മറ്റ് എന്തു ന്യായീകരണമാണു പറയാനുണ്ടാവുക.
പതിവുപോലെ വിപണി വിലയും ന്യായവിലയും തമ്മിലുള്ള വിടവ് നികത്തുന്നതിനെപ്പറ്റി ബജറ്റ് പ്രസംഗത്തില്‍ പറയുന്നുണ്ട്. 2016-ലെ കറന്‍സി റദ്ദാക്കലിനു ശേഷം ഭൂമി കൈമാറ്റങ്ങള്‍ കുറഞ്ഞതാണ് രജിസ്‌ട്രേഷന്‍ വരുമാനം കുറയാന്‍ കാരണം. അതിനു പരിഹാരം ന്യായവില കൂട്ടലാണെന്നു കരുതുന്നിടത്താണു തെറ്റ്. വ്യാപാരം കൂടിയാല്‍ വരുമാനം താനേ കൂടും. ന്യായവിലയും വിപണി വിലയും തമ്മില്‍ ഇപ്പോള്‍ കാര്യമായ അകലം ഇല്ലെന്നതു വേറൊരു സത്യം.
ഈ നികുതി ചുമത്തലും ഭൂമിയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെയും ലൊക്കേഷന്‍ മാപ്പിന്‍റെയും പോക്കുവരവ് ഫീസിന്‍റെയും വര്‍ധനയുമൊക്കെ സാമ്പത്തിക മാന്ദ്യത്തിന്‍റെ ദുരിതം ഏറ്റവുമധികം പേറുന്ന ഒരു വിഭാഗത്തിന്‍റെ മേലാണു പതിക്കുന്നത്. ഒറ്റത്തവണ കെട്ടിടനികുതി വര്‍ധന, മോട്ടോര്‍ സൈക്കിള്‍കാര്‍ നികുതി വര്‍ധന തുടങ്ങിയവയും ഇടത്തരക്കാരെ സാരമായി ബാധിക്കുന്നവ തന്നെ. മാന്ദ്യകാലത്തു താണു നില്‍ക്കുന്ന വാഹനവില്പനയ്ക്കു മറ്റൊരു പ്രഹരമാകും വാഹന നികുതി വര്‍ധന.
കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി കൂട്ടിയതും കെട്ടിടങ്ങളുടെ വില്പനയില്‍ സെന്‍ട്രല്‍ പിഡബ്ല്യുഡി പ്രകാരമുള്ള വില ചുമത്തുന്നതും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കു കനത്ത തിരിച്ചടിയാകും.
ബജറ്റ് പ്രസംഗത്തില്‍ പൗരത്വ നിയമഭേദഗതിക്കു കൂടുതല്‍ പ്രാധാന്യം കൊടുത്തതുമൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക ഞെരുക്കം വേണ്ടത്ര ഫലപ്രദമായി അവതരിപ്പിക്കാന്‍ ഡോ. ഐസക്കിനു കഴിഞ്ഞില്ല. കേന്ദ്രം സംസ്ഥാനത്തിന്‍റെ വിഹിതത്തില്‍ നടത്തുന്ന കടന്നാക്രമണം പല വിഷയങ്ങളിലൊന്നായി ചുരുങ്ങി.
വരുമാനമില്ലെങ്കില്‍ ക്ഷേമ പരിപാടികള്‍ അവതരിപ്പിച്ചു കൈയടി നേടാന്‍ തനിക്കു പറ്റില്ലെന്നു ഡോ. ഐസക് കാണിച്ചുതന്നിരിക്കുകയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങലിലേക്കു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ ദാരിദ്ര്യം ഇടതുമുന്നണിക്കു രാഷ്ട്രീയ വെല്ലുവിളി തന്നെയാണ്.
ഇടതുമുന്നണിയുടെ അഞ്ചാമത്തെ പൂര്‍ണബജറ്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം കൂട്ടിയോ വിരമിക്കല്‍ ഏകീകരിച്ചോ ചെലവുകള്‍ മാറ്റിവയ്ക്കാന്‍ ശ്രമിക്കുമെന്നു കരുതിയെങ്കിലും ഒന്നുമുണ്ടായില്ല. ജീവനക്കാരുടെ പുനര്‍വിന്യാസം സംബന്ധിച്ച പ്രഖ്യാപനവും ദുര്‍ബലമായിരുന്നു. ചെറിയ വകുപ്പുകളിലെ കാര്യങ്ങളാണ് ബജറ്റില്‍ പറഞ്ഞത്. വലിയ സംഖ്യ ആള്‍ക്കാരെ പുനര്‍വിന്യസിക്കുന്ന കാര്യമൊന്നുമുണ്ടായില്ല.
ക്ഷേമപെന്‍ഷനുകള്‍ എല്ലാം 1300 രൂപയാക്കിയ ധനമന്ത്രി ക്ഷേമ പെന്‍ഷനുകളില്‍നിന്ന് അഞ്ചുലക്ഷത്തോളം പേരെ ഒഴിവാക്കുമെന്നും അറിയിച്ചു. അതുവഴി കിട്ടുന്ന 700 കോടി രൂപയാണു പെന്‍ഷന്‍ വര്‍ധനയ്ക്ക് ഉപയോഗിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശികയായിരിക്കുന്ന ഡിഎ ഗഡുക്കള്‍ ഏപ്രിലില്‍ തുടങ്ങുന്ന സാമ്പത്തികവര്‍ഷമേ നല്കൂ. ശമ്പള പരിഷ്‌കരണം അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കും എന്നു മന്ത്രി വാഗ്ദാനം ചെയ്തിട്ടുമുണ്ട്. വാഗ്ദാനങ്ങള്‍ പിന്നീടു നീട്ടുന്നതിനു പ്രയാസമില്ലല്ലോ.
ബജറ്റില്‍ ഭാവനാപൂര്‍ണമായ കാര്യങ്ങളൊന്നും ധനമന്ത്രി കൊണ്ടുവന്നില്ല. ആ ഭാവനാദാരിദ്ര്യം കുറയ്ക്കാനാകാം പ്രശസ്തരും അപ്രശസ്തരുമായ ധാരാളം ഭാവനാശാലികളെ പ്രസംഗത്തില്‍ ഉദ്ധരിച്ച് ബജറ്റ് കവിത പോലെയാക്കാന്‍ അദ്ദേഹം ശ്രമിച്ചത്.
റ്റീ സി യെം