പ്ലാൻ ചെയ്യാം, നിക്ഷേപം
പ്ലാൻ ചെയ്യാം,  നിക്ഷേപം
Thursday, February 6, 2020 2:45 PM IST
സന്പദ്ഘടനയുടെ വളർച്ച ആറുവർഷത്തെ താഴ്ചയിലാണെങ്കിലും കുറഞ്ഞു നിൽക്കുന്ന പലിശ നിരക്ക്, പണപ്പെരുപ്പ നിരക്ക് തുടങ്ങിയവയും അടുത്തകാലത്ത് മോദി സർക്കാർ എടുത്ത പരിഷ്കാര നടപടികളും വരും ക്വാർട്ടറുകളിൽ സന്പദ്ഘടനയിലും വിപണിയിലും പ്രതീക്ഷയുടെ നാളുകൾ കൊണ്ടുവരും. 2020-ൽ പരിഗണിക്കാവുന്ന നിക്ഷേപ മേഖലകളും നിക്ഷേപ ആശയങ്ങളും വീക്ഷണങ്ങളും നൽകുകയാണ് തുടർന്നുള്ള പേജുകളിൽ.

പുതിയ വർഷം എപ്പോഴും പുനർചിന്തനത്തിന്‍റേയും പുതിയ പ്രതിജ്ഞകളുടേയും അവസരമാണ്. ഏതു പ്രായത്തിലുള്ളവരുടേയും വ്യക്തിഗത ധനകാര്യം വരുന്പോഴും സ്ഥിതി വ്യത്യസ്തമല്ല. പുതുവർഷത്തിൽ അവയെ അവലോകനം ചെയ്യുകയും അതിലെ ന്യൂനതകൾ പരിഹരിച്ച് മുന്നോട്ടു പോവുകയും ചെയ്യാനുള്ള സമയമാണ്.

ചിലപ്പോൾ നിക്ഷേപ തന്ത്രം മാറ്റണം. ചിലപ്പോൾ നിക്ഷേപാസ്തി മാറണം. ചിലപ്പോൾ സന്പാദ്യ രീതി മാറണം... ഇങ്ങനെ തീരുമാനങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്താനുള്ള സമയമാണ് പുതിയ വർഷം. വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇതു നടത്താമെങ്കിലും പുതിയ വർഷം എത്തുന്പോൾ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പുതിയൊരു ഉന്മേഷം ലഭിക്കും.
സാന്പത്തിക സുരക്ഷ നൽകുന്നത് വല്ലാത്തൊരു സ്വാതന്ത്ര്യ’മാണ് എന്നതിൽ സംശയമില്ല. കുന്നുകൂടുന്ന പണമെന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. സുരക്ഷാ ഫീൽ നൽകുന്ന സന്പാദ്യവും നിക്ഷേപവുമെന്നേ ഉദ്ദേശിക്കുന്നുള്ളു.

ധനകാര്യ സുരക്ഷയ്ക്ക് എല്ലാവർക്കും ആസൂത്രണം വേണം. സന്പന്നോ ദരിദ്രനോ എന്നത് ഇവിടെ പ്രസക്തമല്ല. ആസൂത്രണം ധനകാര്യ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയ്ക്ക് ആവശ്യമാണ്.
ചിലർക്ക് വലിയ തോതിൽ ആസ്തികളുണ്ടായിരിക്കും. പക്ഷേ പ്രതിദിന ജീവിതത്തിന് ആവശ്യമായ കാഷ് ഫ്ളോ ഉണ്ടായിരിക്കുകയില്ല. എങ്കിൽ ആ ആസ്തി അയാളെ സംബന്ധിച്ചിടത്തോളം പ്രയോജനമില്ലാത്തതാണ്.

ആസ്തിയിൽനിന്നു ജീവിതച്ചെലവിനുള്ള കാഷ് ഫ്ളോ ലഭ്യമാകണം. നിലവിലുള്ള ആസ്തികൾ അതിനു സഹായിക്കുന്നില്ലെങ്കിൽ അത്തരത്തിൽ കാഷ് ഫ്ളോ ലഭിക്കുന്ന ആസ്തികളിൽ നിക്ഷേപം നടത്തി ജീവിതച്ചെലവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ ഇത്തരം ആസ്തികളെ കാഷ് ഫ്ളോ ലഭിക്കുന്ന തരത്തിൽ, വിവിധ ധനകാര്യ ആവശ്യങ്ങളെ നിറവേറ്റുന്ന വിധത്തിൽ മാറ്റിയെടുക്കണം.

ധനകാര്യ ലക്ഷ്യങ്ങൾ നിശ്ചയിക്കാം

ജീവിതത്തിലെ ധനകാര്യ ലക്ഷ്യങ്ങൾ നേടുന്നതിന് ഉതകുന്ന കാഷ് ഫ്ളോ നൽകുന്ന ആസ്തികളുടെ ഉടമസ്ഥനായാൽ അതു ധനകാര്യ സ്വാതന്ത്ര്യത്തിലക്കു നയിക്കും. അത്തരത്തിൽ ആസ്തികളുടെ ഉടമസ്ഥനാകുവാൻ ധനകാര്യ ആസൂത്രണം സഹായിക്കും. ഇത്തരത്തിൽ ധനകാര്യ ആസൂത്രണം നടത്താനുള്ള സമയമാണ് പുതിയ വർഷം. നേരത്തെ സൂചിപ്പിച്ചതുപോലെ പുനർചിന്തനത്തിന്‍റേയും പുതിയ പ്രതിജ്ഞകളുടേയും അവസരം. ചെറുപ്പക്കാർക്ക് അവരുടെ ധനകാര്യ ജീവിതവും ആസൂത്രണവും ആരംഭിക്കാനുള്ള സമയമാണ്. മധ്യവയസ്കർക്ക് അവരുടെ ഇത്രനാളത്തെ ആസൂത്രണം അവലോകനം ചെയ്യാനും പുതുവഴി നൽകാനുമുള്ള സമയമാണ്. റിട്ടയർ ചെയ്തവർക്ക് അവരുടെ ഭാവി റിട്ടയർമെന്‍റ് ജീവിതത്തിൽ സാന്പത്തിക സുരക്ഷ ഉറപ്പാക്കാൻ പുതിയ ചിന്തകൾ നൽകാനുള്ള അവസരമാണ്.
ഭൂരിപക്ഷം ആളുകളുടേയും ജീവിതത്തിൽ സാന്പത്തിക സുരക്ഷ ലഭ്യമാക്കുന്നത് സന്പാദ്യം, നിക്ഷേപം എന്നിവ വഴിയാണ്. വരുമാനത്തിൽനിന്നു മിച്ചം പിടിക്കുന്നതാണ് സന്പാദ്യം. നിക്ഷേപകനു വേണ്ടി 24 മണിക്കൂറും വരുമാനമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ആസ്തികൾ വാങ്ങാൻ സന്പാദ്യം ഉപയോഗിക്കുന്പോൾ അതു നിക്ഷേപമായി മാറുന്നു. ഏതു നിക്ഷേപം വാങ്ങണമെന്ന തീരുമാനമാണ് ആസൂത്രണത്തിലൂടെ നിർവഹിക്കുന്നത്.
റിസ്ക്, റിട്ടേണ്‍ എന്നിവ കണക്കിലെടുത്ത് വൈവിധ്യമാർന്ന ഇടങ്ങൾ നിക്ഷേപത്തിന് ലഭ്യമാണ്. തീരെ റിസ്ക് ഇല്ലാത്ത ഗവണ്‍മെന്‍റ് ബോണ്ടുകൾ മുതൽ ഉയർന്ന റിസ്കുള്ള ഓഹരി നിക്ഷേപം വരെ നീളുന്ന ആസ്തികൾ നിക്ഷേപത്തിനു ലഭ്യമാണ്.

ഇതിൽനിന്നു ഓരോ വ്യക്തിക്കും യോജിച്ചത് തെരഞ്ഞെടുത്തു നിക്ഷേപിക്കുന്നതിനു വ്യക്തമായ ആസൂത്രണം തന്നെ വേണം. ഈ ആസൂത്രണമാണ് സന്പത്തിന്‍റെ വളർച്ചയുടെ ഏറ്റക്കുറച്ചിലുകൾ നിശ്ചയിക്കുന്നത്.

ജീവിതത്തിലെ ധനകാര്യ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സന്പാദ്യം മാത്രം പോരാ വിവേകത്തോടുകൂടിയ നിക്ഷേപാസൂത്രണവും വേണം.

ഓർമിക്കുക ഒരാളുടെ ഷർട്ട് മറ്റൊരാൾക്കു ചേരണമെന്നില്ല. നിക്ഷേപത്തിന്‍റെ കാര്യവും അങ്ങനെതന്നെയാണ്. ഒരാളുടെ നിക്ഷേപാസൂത്രണം അതേപോലെ മറ്റൊരാൾക്കു ചേരണമെന്നില്ല. റിസ്ക് ശേഷി, നിക്ഷേപ സമയം, നിക്ഷേപ ലക്ഷ്യം തുടങ്ങിയവയെല്ലാം അടിസ്ഥാനപ്പെടുത്തി നിക്ഷേപവും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് ഇരുപത്തഞ്ചുകാരന് അവന്‍റെ സന്പാദ്യത്തിൽ നല്ലൊരു പങ്കും ഓഹരിയിൽ നിക്ഷേപം നടത്താം. അറുപതുകാരന് അതിനുള്ള സമയമില്ല.

അതുകൊണ്ടുതന്നെ സന്പത്തു സൃഷ്ടിച്ചെടുക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ യോജിച്ച നിക്ഷേപാസ്തികൾ തെരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. പക്ഷേ ലക്ഷ്യത്തോടെ നിക്ഷേപിക്കണം. ലക്ഷ്യമില്ലാതെ നിക്ഷേപിച്ചാൽ നിക്ഷേപത്തിനു വളരെ വൈവിധ്യമാർന്ന നിക്ഷേപാസ്തികൾ ലഭ്യമാണ്. അവരവർക്കു യോജിച്ച നിക്ഷേപാസ്തികൾ തെരഞ്ഞെടുക്കുക.


ജനപ്രിയ നിക്ഷേപങ്ങൾ

1. പബ്ളിക് പ്രൊവിഡന്‍റ് ഫണ്ട്
2. ആർബിഐ ബോണ്ടുകൾ
2. ബാങ്ക് സ്ഥിര നിക്ഷേപം
3 ഫിക്സ്ഡ് മച്യൂരിറ്റി പ്ലാൻ
4. ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ
5. ലിക്വിഡ് ഫണ്ടുകൾ
6. എൻപിഎസ്
7. സീനിയർ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം
8. പോസ്റ്റോഫീസ് സേവിംഗ്സ് സ്കീം
9. സുകന്യ സമൃദ്ധി യോജന സ്കീം
10. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (യുലിപ്)
11. കന്പനി ഡിപ്പോസിറ്റുകൾ
12. സ്വർണം
13. റിയൽ എസ്റ്റേറ്റ്, ഭൂമി, വീട്, വാണിജ്യകെട്ടിടങ്ങൾ
14. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ
15. ഐപിഒ
16. ഓഹരികൾ

നിക്ഷേപ പ്രതീക്ഷകൾ

ഇന്ത്യൻ വളർച്ചയെക്കുറിച്ച് ചില ആശങ്കകളൊക്കെ ഉയർന്നിട്ടുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളർച്ച നേടുന്ന സന്പദ്ഘടനകളിലൊന്ന് സ്ഥാനം ഇപ്പോഴുമുണ്ട് ഇന്ത്യയ്ക്ക്. വളർച്ചാ നിരക്ക് കുറവാണെങ്കിലും ഇന്ത്യൻ സന്പദ്ഘടന നടപ്പുവർഷം 5.1 ശതമാനം വളർച്ച നേടുമെന്നാണ് കണക്കാക്കുന്നത്. അടുത്ത വർഷം മുതൽ വളർച്ച മെച്ചപ്പെടുകയും ചെയ്യുമെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ പുതിയ വർഷത്തിൽ നിക്ഷേപം നടത്തുന്പോൾ ഇവ മനസിൽ വയ്ക്കുന്നത് നല്ലതാണ്.

1. മിഡ്, സ്മോൾ കാപ് ഇക്വിറ്റി ഫണ്ടുകൾ
മിഡ്, സ്മോൾ കാപ് ഓഹരികളിൽ നിക്ഷേപം നടത്തുന്ന പ്രത്യേക ഫണ്ടുകളാണിവ. സന്പദ്ഘടനയുടെ തിരിച്ചുവരവിൽ മിഡ്, സ്മോൾ കാപ് ഫണ്ടുകൾ തിരിച്ചുവരുമെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ രണ്ടുവർഷമായി ഈ ഫണ്ടുകൾ മികച്ച തിരുത്തലിലൂടെ കടന്നുപോവുകയായിരുന്നു. ഇപ്പോൾ ഇവയുടെ വാല്വേഷൻ ആകർഷകമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏഴുവർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പിഇ ആനുപാതത്തിലാണ് മിഡ്, സ്മോൾ കാപ് ഓഹരികൾ. അതുകൊണ്ടുതന്നെ ഇതിലെ നിക്ഷേപം വൻ നേട്ടം നല്കുമെന്നാണ് പല നിക്ഷേപ വിദഗ്ധരുടേയും വിലയിരുത്തൽ.

2. സ്വർണം
നിക്ഷേപത്തിന്‍റെ 10 ശതമാനത്തോളം സ്വർണത്തിൽ നിക്ഷേപം നടത്താനാണ് നിക്ഷേപവിദ്ഗധരുടെ ഉപദേശം. 2020-ൽ സ്വർണം മികച്ച തിരിച്ചുവരവു നടത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ആഗോള സന്പദ്ഘടനയിലെ അനിശ്ചിതത്വംമൂലം ലോകത്തിലെ പല കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങുന്നുണ്ട്. അടുത്ത ദീപാവലിയോടെ ഇന്ത്യയിൽ 10 ഗ്രാം സ്വർണത്തിന്‍റെ വില 41000-41500 രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭൗതിക സ്വർണത്തേക്കാൾ സ്വർണബോണ്ട് നിക്ഷേപം നടത്താനാണ് പല വിദഗ്ധരും ഉപദേശിക്കുന്നത്. അതുവഴി പലിശയും മൂലധന വളർച്ചയും ലഭിക്കുന്നുവെന്നതാണ് പ്രയോജനം.

3. യൂലിപ്
യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ കൂടുതൽ നിക്ഷേപ സൗഹൃദമായിട്ടുണ്ട്. ഇതിൽനിന്നുള്ള പിൻവലിക്കലിന് നികുതി വേണ്ട. ലിക്വിഡിറ്റി മെച്ചപ്പെട്ടിട്ടുണ്ട്. ഇവയിലെ നിക്ഷേപത്തിലെ ഫണ്ടുകളിൽ സ്വിച്ചിംഗിൽ ഇളവു നൽകിയിട്ടുണ്ട്. മികച്ച ഇൻഷുറൻസ് കന്പനികളും പ്രീമിയം അലോക്കേഷൻ ചാർജ് ഇല്ലാതാക്കിയിട്ടുണ്ട്. മിക്ക കന്പനികളും കാലയളവു പൂർത്തയാക്കുന്പോൾ മോർട്ടാലിറ്റി ചാർജ് തിരികെ നൽകിത്തുടങ്ങിയിട്ടുണ്ട്. യുലിപ്പിലെ നിക്ഷേപം വഴി നിക്ഷേപകർക്ക് തങ്ങളുടെ നിക്ഷേപം ബാലൻസ് ചെയ്യാൻ സാധിക്കും.

4. ഡെറ്റ് മ്യൂച്വൽ ഫണ്ട്
ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായം തുടർച്ചയായ വളർച്ചയിലാണ്. ഇക്കഴിഞ്ഞ പതിനൊന്നുമാസക്കാലത്ത് എസ്ഐപി വഴിയുള്ള നിക്ഷേപം 8000 കോടി രുപയ്ക്കു മുകളിലെത്തി.

പലിശ കുറഞ്ഞുകൊണ്ടിരിക്കുന്ന എഫ്ഡിക്കു പകരം നികുതിക്ഷമമായ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകർക്ക് മെച്ചപ്പെട്ട ആദായം നൽകും. സ്ഥിര നിക്ഷേപത്തിൽ ദീർഘകാലയളവിൽ നിക്ഷേപിക്കുന്പോഴുണ്ടാകുന്ന അവസരനഷ്ടവും ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾക്കില്ല.

5. പിപിഎഫ്
തുടർച്ചയായ മൂന്നു ക്വാർട്ടറുകളായി ലഘുസന്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് മാറ്റം വരാതെ നിർത്തിയിരിക്കുകയാണ്. റിസർവ് ബാങ്ക് ഒരു വർഷക്കാലത്ത് 1.35 ശതമാനം പലിശ കുറച്ചുവെങ്കിലും അതിന് അനുസൃതമായി ഇവയുടെ പലിശ നിരക്ക് സർക്കാർ കുറച്ചിട്ടില്ല.
എന്നാൽ ബാങ്കുകൾ എഫ്ഡിയുടെ നിരക്ക് കുറയ്ക്കുവാൻ നിർബന്ധിതരാണ്. പതിനഞ്ചുവർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉള്ള പിപിഎഫ് എഫ്ഡിയേക്കാൾ വളരെ മെച്ച്പെട്ട റിട്ടേണ്‍ നൽകുന്ന സന്പത്ത് സൃഷ്ടി ഉപകരണമാണ്. മാത്രവുമല്ല, ഇതിന്‍റെ റിട്ടേണിനും നികുതി നൽകേണ്ടതില്ല. നിക്ഷേപത്തിനും നികുതിയിളവു ലഭിക്കും.