രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്ക് ആദായനികുതിയിൽ കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമം അനുസരിച്ച് വരുമാനത്തിൽനിന്നു പ്രസ്തുത തുകയ്ക്കു കിഴിവ് ലഭിക്കുന്നതാണ്. രാഷ്ട്രീയപാർട്ടികൾക്കു ലഭിക്കുന്ന സംഭാവനകൾക്കു പ്രോത്സാഹനം നൽകുന്നതിനാണ് ഈ കിഴിവ് ലഭ്യമാക്കുന്നത്. ഇന്ത്യൻ കന്പനികൾക്കും വ്യക്തികൾക്കും സംഭാവന നൽകുന്നതിനു കിഴിവ് ലഭ്യമാണ്.

കന്പനികൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ

ആദായനികുതി നിയമം 80 ജിജിബി അനുസരിച്ച് രാഷ്ട്രീയപാർട്ടികൾക്കും ഇലക്ടറൽ ട്രസ്റ്റുകൾക്കും കന്പനികൾ നൽകുന്ന സംഭാവനകൾ പൂർണമായും വരുമാനത്തിൽനിന്നു കിഴിക്കാവുന്നതാണ്. ജനപ്രാതിനിധ്യനിയമത്തിലെ 29 എ വകുപ്പനുസരിച്ച് രജിസ്ട്രേഷൻ എടുത്തിട്ടുള്ള അംഗീകൃത രാഷ്ട്രീയ പാർട്ടികൾ ആയിരിക്കണം. ഇലക്ടറൽ ട്രസ്റ്റുകൾക്കും കന്പനികളിൽനിന്നും പണം സ്വീകരിക്കാനും അത് രാഷ്ട്രീയപാർട്ടികൾക്കു കൊടുക്കാനും സാധിക്കും.

രാഷ്ട്രീയപാർട്ടികൾക്കു പണം കൊടുക്കുന്നതിനു ചില നിബന്ധനകൾ കന്പനികൾ പാലിക്കേണ്ടതുണ്ട്. അതേപ്പറ്റി ചുരുക്കത്തിൽ സൂചിപ്പിക്കുന്നു.

1. പണം കാഷ് ആയി നൽകാൻ പാടില്ല. അക്കൗണ്ട് പേയി ചെക്കായോ ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ പണം നൽകാവുന്നതാണ്.
2. ആദായനികുതിനിയമത്തിൽ രാഷ്ട്രീയ പാർട്ടികൾക്കു കന്പനികളിൽനിന്നു സ്വീകരിക്കാവുന്ന സംഭാവനകൾക്ക് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ കന്പനികൾക്കു കഴിഞ്ഞ മൂന്നു വർഷത്തെ ശരാശരി ലാഭത്തിന്‍റെ 7.5 ശതമാനത്തിൽ കൂടുതൽ തുക സംഭാവന ചെയ്യാൻ പാടില്ല. എന്നു മാത്രവുമല്ല നൽകുന്ന തുകയെപ്പറ്റിയും പാർട്ടിയെപ്പറ്റിയും കന്പനിയുടെ വാർഷിക അക്കൗണ്ടിൽ കാണിച്ചിരിക്കണം.
3. കന്പനികൾ പാർട്ടികൾക്കു നേരിട്ടു സംഭാവന ചെയ്യുന്നതിനു പകരം ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകുകയാണെങ്കിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് വാർഷിക അക്കൗണ്ടിൽ സൂചിപ്പിക്കേണ്ടതില്ല. മറിച്ച്., നൽകിയ തുക മാത്രം വെളിപ്പെടുത്തിയാൽ മതി.
4. രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി കന്പനികൾ പത്രങ്ങളിലും മാസികകളിലും മറ്റും പരസ്യങ്ങൾ നല്കിയാലും അത് ആദായനികുതി നിയമം 80 ജിജിബി അനുസരിച്ച് പാർട്ടിക്കുള്ള സംഭാവന ആയി കണക്കാക്കുന്നതും വരുമാനത്തിൽനിന്നു കിഴിവ് ലഭിക്കുന്നതുമാണ്.
5. ഗവണ്‍മെന്‍റ് കന്പനികൾക്കും, പ്രവർത്തനം തുടങ്ങി മൂന്നു വർഷം പൂർത്തിയാകാത്ത കന്പനികൾക്കും സംഭാവന നൽകുവാൻ അധികാരമില്ല. അവയ്ക്ക് ആദായനികുതി നിയമം 80 ജി.ജി.ബി. അനുസരിച്ചുള്ള കിഴിവ് ലഭ്യമല്ല.
6. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കന്പനികൾ ആയിരിക്കണം സംഭാവന നൽകേണ്ടത്
7. എത്ര പാർട്ടികൾക്കു വേണമെങ്കിലും സംഭാവന നൽകുന്നതിനു കന്പനിക്ക് അധികാരം ഉണ്ട്. എല്ലാവർക്കുമായി കൊടുത്ത ആകെ തുകയ്ക്ക് കന്പനിക്ക് ആദായനികുതി നിയമം അനുസരിച്ചു വരുമാനത്തിൽനിന്നു കിഴിവ് എടുക്കാവുന്നതാണ്. എന്നാൽ രാഷ്ട്രീയ പാർട്ടികൾ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് രജിസ്ട്രേഷൻ എടുത്തിട്ടുള്ള അംഗീകൃത പാർട്ടി ആയിരിക്കണമെന്ന് നിർബന്ധമുണ്ട്.

വ്യക്തികൾക്കുള്ള ആനുകൂല്യങ്ങൾ

ആദായനികുതി നിയമം 80 ജിജിസി അനുസരിച്ച് വ്യക്തികൾ രാഷ്ട്രീയപാർട്ടികൾക്കു നൽകുന്ന സംഭാവനകൾക്കു വരുമാനത്തിൽനിന്നു പരിധിയില്ലാത്ത കിഴിവിന് അർഹതയുണ്ട്. എന്നാൽ ഇവിടെയും ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.

1. 80 ജിജിസി അനുസരിച്ച് വ്യക്തികൾക്കു മാത്രമാണ് ആനുകൂല്യത്തിന് അർഹത ഉള്ളത്.
2. പാർട്ടികൾക്ക് നൽകുന്ന തുകയ്ക്കോ പാർട്ടികളുടെ എണ്ണത്തിനോ പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ പാർട്ടികൾ ജനപ്രാതിനിധ്യ നിയമത്തിലെ 29 എ പ്രകാരം രജിസ്ട്രേഷൻ എടുത്തിട്ടുള്ളവർ ആയിരിക്കണം എന്ന കാര്യം നിർബന്ധമാണ്.
3. വ്യക്തികൾക്കും ഇലക്ടറൽ ട്രസ്റ്റുകളിലേക്കു സംഭാവന ചെയ്യാവുന്നതാണ്.

4. 80 ജിജിസിപ്രകാരം നൽകുന്ന സംഭാവനകൾക്ക് വരുമാനത്തിൽനിന്ന് 100 ശതമാനവും കിഴിവ് ലഭിക്കുന്നതാണ്.
5. എന്നാൽ രാഷ്ട്രീയ പാർട്ടികൾക്കു വിദേശങ്ങളിൽനിന്നുള്ള പൗരന്മാരുടെ പക്കൽനിന്നും വിദേശ കന്പനികളുടെ പക്കൽനിന്നും വിദേശത്തുള്ള ട്രസ്റ്റുകളുടെ പക്കൽനിന്നും സംഭാവനകൾ സ്വീകരിക്കുന്നതിന് വിലക്കുണ്ട്.

നികുതിയൊഴിവുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടികൾ ആദായനികുതി റിട്ടേണുകൾ നൽകണം

എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളും ജനപ്രാതിനിധ്യനിയമം അനുസരിക്കേണ്ടതുണ്ട്. അംഗീകാരം ലഭിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷൻ മുന്പാകെ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. പാർട്ടി ഉണ്ടാക്കിയ ശേഷമാണ് ഇലക്ഷൻ കമ്മീഷന്‍റെ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി അപേക്ഷിക്കുന്നത്.

അപേക്ഷ ലഭിച്ചുകഴിയുന്പോൾ ജനപ്രാതിനിധ്യനിയമം 29 എ അനുസരിച്ച് ഇലക്ഷൻ കമ്മീഷണർ രാഷ്ട്രീയപാർട്ടികൾക്ക് അംഗീകാരം നൽകും. ഇങ്ങനെ രജിസ്ട്രേഷൻ ലഭിച്ച പാർട്ടികൾക്കു കന്പനികളുടെ പക്കൽനിന്നും വ്യക്തികളുടെ പക്കൽനിന്നും സംഭാവനകൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ വിദേശസംഭാവനകൾ സ്വീകരിക്കുന്നതിൽ രാഷ്ട്രീയപാർട്ടികൾക്ക് വിലക്കുണ്ട്.

റിട്ടേണും നികുതിയും നൽകണമോ

രാഷ്ട്രീയ പാർട്ടികൾക്കു കൊമേഴ്സ്യൽ ഇടപാടുകൾ നടത്തുന്നതിനും അതുവഴി ലാഭം ഉണ്ടാക്കുന്നതിനും വിലക്കുണ്ട്. അതുകൊണ്ട് ഇവർക്ക് വരുമാനം ഇല്ല എന്ന് ചിന്തിക്കരുത്. ഇവർക്കു കന്പനികളുടെയും വ്യക്തികളുടെയും പക്കൽനിന്നും സംഭാവനകൾ സ്വീകരിക്കുന്നതിനും സ്ഥലവും കെട്ടിടങ്ങളും സ്വന്തമാക്കുന്നതിനും അവയിൽനിന്നു വാടക ലഭിക്കുന്നതിനും ഉള്ള അധികാരവും അനുവാദവും ഉണ്ട്. അംഗത്വഫീസും കൂപ്പണ്‍ വില്പനയും അനുവദനീയമായ വരുമാനമാർഗങ്ങൾ ആണ്.

എന്നാൽ രാഷ്ട്രീയ പാർട്ടികൾക്കു വാടകയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിനും മൂലധനനേട്ടത്തിനും സംഭാവനകൾക്കും പലിശയ്ക്കും എല്ലാം നികുതി നിയമം 13 എ അനുസരിച്ച് നികുതിയിൽനിന്ന് ഒഴിവുണ്ട്.

നികുതിയൊഴിവ് ലഭിക്കുന്നതിനുള്ള നിബന്ധനകൾ

1. ജനപ്രാതിനിധ്യ നിയമം 29 എ അനുസരിച്ച് രജിസ്ട്രേഷൻ എടുത്തിരിക്കണം.
2. വരുമാനം കൃത്യമായി മനസിലാക്കുന്നതിന് ആവശ്യമായ കണക്കു ബുക്കുകൾ സൂക്ഷിക്കണം.
3. ഇരുപതിനായിരം രൂപയിൽ കൂടുതൽ പണമായി സംഭാവന നൽകുന്നവരുടെ പേരും അഡ്രസും ചേർത്ത് രജിസ്റ്ററുകൾ സൂക്ഷിക്കണം. എന്നാൽ ഇലക്ടറൽ ബോണ്ട് ആണ് ലഭിക്കുന്നതെങ്കിൽ പേരും അഡ്രസും സൂക്ഷിക്കേണ്ടതില്ല.
4. കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടൻറ് ഓഡിറ്റ് ചെയ്തിരിക്കണം.
5. രണ്ടായിരം രൂപയിൽ കൂടുതലുള്ള സംഭാവനകൾ കാഷ് ആയി വാങ്ങരുത്. ഇങ്ങനെയുള്ള സംഭാവനകൾ ചെക്കായോ ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ.
6. റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള നിർദിഷ്ട തീയതിക്കു മുന്പുതന്നെ 20,000 രൂപയിൽ കൂടുതൽ തുകയ്ക്കുള്ള സംഭാവനകൾ നൽകിയവരുടെ പേരും അഡ്രസും ഇലക്ഷൻ കമ്മീഷനിൽ നൽകിയിരിക്കണം.

രാഷ്ട്രീയ പാർട്ടികൾ റിട്ടേണുകൾ ഫയൽ ചെയ്യണമോ

രാഷ്ട്രീയ പാർട്ടികൾക്ക് പൂർണമായും നികുതിയിൽനിന്ന് ഒഴിവുണ്ടെങ്കിലും റിട്ടേണുകൾ ഫയൽ ചെയ്യേണ്ടതുണ്ട്. മൊത്ത വരുമാനം 13 എയിലെ കിഴിവിനു മുന്പ് നിലവിൽ 2,50,000 രൂപയിൽ കൂടുതൽ ആണെങ്കിൽ റിട്ടേണുകൾ നൽകണം.

രാഷ്ട്രീയ പാർട്ടിയുടെ ചീഫ് എക്സിക്യൂട്ടീവ് ആണ് ആദായനികുതി റിട്ടേണിൽ ഒപ്പിടേണ്ടത്. റിട്ടേണിനൊപ്പം 20000 രൂപയിൽ കൂടുതൽ നൽകിയിട്ടുള്ളവരുടെ പേരും വിലാസവും ഉൾപ്പെടുന്ന ലിസ്റ്റ് സമർപ്പിക്കണം. റിട്ടേണുകൾ ഐടിആർ7 ൽ ആണ് സമർപ്പിക്കേണ്ടത്.

ബേബി ജോസഫ്
ചാർട്ടേഡ് അക്കൗണ്ടന്‍റ്