സണ്‍ഗ്ലോ; സ്വപ്ന സംരംഭം
സണ്‍ഗ്ലോ;  സ്വപ്ന സംരംഭം
Saturday, December 21, 2019 3:23 PM IST
കേന്ദ്ര സർക്കാർ ജോലി. അവിടെ നിന്നും രാജിവെച്ചിറങ്ങി ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ കന്പനിയിൽ എട്ടു വർഷം. സൗത്ത് ആഫ്രിക്കയിലും ടാൻസാനിയായിലുമൊക്കെ ജോലി ചെയ്തു. പക്ഷേ, അപ്പോഴൊക്കെയും തിരൂർ സ്വദേശി ടി.പി ഉണ്ണികൃഷ്ണൻ തൃപ്തനായിരുന്നില്ല. 2016 ഡിസംബറിൽ സണ്‍ഗ്ലോ എനർജി സൊലൂഷൻ എന്ന സൗരോർജ കന്പനി സ്ഥാപിച്ചതോടെയാണ് തന്‍റെ ആഗ്രഹം ഉണ്ണികൃഷ്ണൻ പൂർത്തിയാക്കിയത്.

സ്വന്തം സ്ഥാപനം

“ബി.ടെകും എംബിഎയും പൂർത്തിയാക്കി യതിനുശേഷം കേന്ദ്ര സർക്കാർ ജോലി ലഭിച്ചു. കേന്ദ്ര സർക്കാർ ജോലി രാജിവച്ചതിനുശേഷം ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ കന്പനിയിൽ ജോലിക്കു കയറി. അപ്പോഴൊക്കെയും കേരളത്തിൽ സ്വന്തമായൊരു സ്ഥാപനം എന്നത് എന്‍റെ സ്വപ്നമായിരുന്നു. അങ്ങനെയാണ് 2016 ഡിസംബറിൽ സണ്‍ ഗ്ലോ എനർജി സൊലൂഷൻ ആരംഭിച്ചത്. ഉണ്ണികൃഷ്ണൻ പറഞ്ഞു.

തൃശൂർ, കോലഴിയിലാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം ഇന്ന് സോളാർ പാനലുകൾ കന്പനി സ്ഥാപിച്ചു കഴിഞ്ഞു. തൃശൂരിൽ ചൈതന്യ എൻട്രൻസ് കോച്ചിംഗ് സെന്‍ററിൽ 70 കിലോ വാട്ടിന്‍റെ പദ്ധതി ഈ അടുത്ത് പൂർത്തിയാക്കിയിരുന്നു. എറണാകുളത്ത് കലൂർ ബെറ്റർ ഇൻ എന്ന ഹോട്ടലിൽ 25 കിലോ വാട്ട് ചെയ്തിട്ടുണ്ട്. ഫോർട്ട് കൊച്ചി, ആൻസ് റെസിഡൻസി, ഹീറോ മോട്ടോഴ്സ് പട്ടാന്പി എന്നിങ്ങനെ 150 നടുത്ത് പ്രോജക്ടുകൾ കന്പനി ചെയ്തിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.

സോളാർ ഓണ്‍ ഗ്രിഡ് സിസ്റ്റം, ഓഫ് ഗ്രിഡ് സിസ്റ്റം, സോളാർ വാട്ടർ ഹീറ്റർ, സോളാർ സ്ട്രീറ്റ് ലൈറ്റ് എന്നിവയും കന്പനിയുടേതായിട്ടുണ്ട്.

വരും തലമുറയ്ക്കും

കന്പനിയുടെ കോർപറേറ്റ് റെസ്പോണ്‍സി ബിലിറ്റിയുടെ ഭാഗമായി കോളജ് വിദ്യാർഥികൾക്ക് സൗരോർജത്തെക്കുറിച്ചും വിവിധ ഉപകരണങ്ങളെക്കുറിച്ചും പരിശീലനവും ഉണ്ണികൃഷ്ണൻ നൽകുന്നുണ്ട്.

“സൗജന്യമായാണ് പരിശീലനം നൽകുന്നത്. ഒരുമാസത്തോളമാണ് പരിശീലനം. പ്രധാനമായും എറണാകുളം സെന്‍റ് ആൽബേർട്സിലെ കുട്ടികളാണ് എത്തുന്നത്. സോളാർ കുക്കറിനെക്കുറിച്ച് ഒരു പ്രോജക്ട് ചെയ്യാൻ അടുത്തമാസം കുട്ടികൾ വരും'' , ഉണ്ണികൃഷ്ണൻ പറഞ്ഞു.

അനർട്ടിൽ എംപാനൽ ചെയ്തിട്ടുള്ള ക്രിസിൽ റേറ്റിംഗുള്ള കന്പനിയാണ് സണ്‍ഗ്ലോ. “കറന്‍റിനെ അപേക്ഷിച്ച് വളരെ ലാഭകരമാണ് സൗരോർജം ഉപയോഗിക്കുന്നത്.

ഒരു സോളാർ സിസ്റ്റം വയ്ക്കുന്പോൾ പരിസ്ഥിതി സൗഹൃദമാകുന്നു. ഓരോ വർഷം കൂടുന്തോറും ഉൗർജചെലവ് കൂടി വരികയാണ്. ഈ സാഹചര്യത്തിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇത്തരമൊരു സംവിധാനം ഇല്ലാതെ പറ്റില്ല. ബിസിനസ് ചെയ്യുന്നതിനു മുന്പ് സ്വന്തം വീട്ടിൽ സോളാർ സ്ഥാപിക്കുകയാണ് ഞാൻ ചെയ്തത്.അതിനുശേഷം ഒരു രൂപ പോലും കെഎസ്ഇബിക്ക് നൽകേണ്ടി വന്നിട്ടില്ല.'', ഉണ്ണികൃഷ്ണൻ പറഞ്ഞു.

പരിസ്ഥിതി സൗഹൃദ ബിസിനസ്

“ജോലി രാജിവെച്ചതിനുശേഷം സർക്കാർ ഇത്തരം സംരംഭകർക്കായി ലഭ്യമാക്കുന്ന വിവിധ പരിശീലന പരിപാടികളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നെ ജോലി ചെയ്ത സ്ഥാപനങ്ങളിലെല്ലാം ഇത്തരം ഉൗർജമേഖലയുമായി ബന്ധപ്പെടുവാനും അടുത്ത് ഇടപഴകാനും അവസരം ലഭിച്ചിരുന്നു. താൽപ്പര്യമുള്ളൊരു വിഷയം. നാടിന് നന്മയുള്ള ഒരു ബിസിനസായിരിക്കണം എന്നൊരാഗ്രവുമുണ്ടായിരുന്നു. ടെക്നിക്കൽ മേഖലയിൽ ജോലി ചെയ്തതിനാൽ വേറെയൊരു ജോലി ചെയ്യാനും സാധിക്കില്ല.'', തന്‍റെ സംരംഭയാത്രയെക്കുറിച്ച് ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

എറണാകുളത്ത് ഈ സാന്പത്തിക വർഷത്തിന്‍റെ അവസാനം ഒരു ഓഫീസ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നു. സർക്കാരിന്‍റെ ഭാഗത്തു നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഒരു കിേലോ വാട്ട് മുതൽ ആവശ്യമുള്ളവർക്ക് യൂണിറ്റ് ചെയ്തു നൽകുന്നുണ്ട്. കിലോ വാട്ട് കൂടുന്പോൾ മുടക്കുമുതൽ കുറയും. ഒരു കിലോ വാട്ടിന് 60000 മുതൽ 80000 രൂപവരെയാണ് ചെലവു വരുന്നത്. ഇൻവേർട്ടറിന്‍റെ ചെലവാണ് പ്രധാനമായും വരുന്നത്. മേലൽക്കൂര പ്രധാനമാണ് പരന്ന മേൽക്കുരയാണെങ്കിൽ എളുപ്പമാണ്. ചെരിവുള്ളതാണെങ്കിൽ ബുദ്ധിമുട്ടായിരിക്കും. കേരളത്തിൽ പലരും ഇത്തരം ഉൗർജ ഉപയോഗത്തെക്കുറിച്ച് ബോധവാന്മാരായി ക്കഴിഞ്ഞുവെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.