യൂട്യൂബിലൂടെ ബിസിനസ് ഇരട്ടിയാക്കാം
യൂട്യൂബിലൂടെ  ബിസിനസ് ഇരട്ടിയാക്കാം
Saturday, December 14, 2019 3:00 PM IST
നിങ്ങളുടെ സംരംഭം ഓണ്‍ലൈനിൽ പ്രമോട്ട് ചെയ്യാനുള്ള പ്ലാനിലാണോ? എങ്കിൽ അതിന് ഏറ്റവും അനുയോജ്യമാണ് യുട്യൂബ്. ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഷെയറിങ് വെബ്സൈറ്റാണ് യുട്യൂബ്. അതുകൊണ്ടുതന്നെ യുട്യൂബിനെ ശക്തമായ ബിസിനസ് ഉപകരണമായി ഉപയോഗിക്കാം.

ബിസിനസ് പ്രമോഷന് യുട്യൂബ് അനുയോജ്യമോ?

ലോകത്തിലെ രണ്ടാമത്തെ വലിയ സെബ്സൈറ്റായ യുട്യൂബിനെ പലരും ഒരു സെർച്ച് എൻജിൻ കൂടിയായാണ് കാണുന്നത്. എന്നാൽ, പ്രാഥമിക സെർച്ച് എൻജിനായി പരിഗണിക്കുന്നില്ലെങ്കിലും, യൂട്യൂബ് ആ കടമയാണു നിർവഹിക്കുന്നതെന്നു പലരും തിരിച്ചറിയുന്നില്ല. കാരണം, യൂട്യൂബ് ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ വെബ്സൈറ്റ് മാത്രമല്ല, ജനപ്രിയമായ രണ്ടാമത്തെ സെർച്ച് എൻജിൻ കൂടിയാണ്. ഗൂഗിൾ മാത്രമാണു യൂട്യൂബിനു മുന്നിലുള്ളത്. ഇത് നിങ്ങളുടെ ബിസിനസിന്‍റെ മാർക്കറ്റിംഗിന് ഒരു വലിയ സാധ്യത തുറന്നിടുന്നു.
യൂട്യൂബ് വളരെ ജനപ്രിയമായതുകൊണ്ടുതന്നെ ഇവിടെ വളരെയധികം മത്സരമുണ്ട്. നിങ്ങൾക്കു യൂട്യൂബിൽ വിജയിക്കണമെങ്കിൽ, സ്ഥിരമായി ഗുണനിലവാരമുള്ള കണ്ടന്‍റുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾക്ക് ഒരു നല്ല യൂട്യൂബ് മാർക്കറ്റിംഗ് പ്ലാൻ ആവശ്യമാണ്.

മാർക്കറ്റിംഗ് ആവശ്യങ്ങൾക്കു യൂട്യൂബ് ഒരു മികച്ച ഓപ്ഷനായി മാറുന്നതിനുള്ള മറ്റൊരു വലിയ കാരണം, ഇതെല്ലാം വീഡിയോയെ അടിസ്ഥാനമാക്കുന്നു എന്നതാണ്. ആളുകളുമായി ഇടപഴകാനും ആശയവിനിമയം നടത്താനും വീഡിയോ ഒരു പ്രധാന വഴിയാണ് എന്നതു തെളിയിക്കപ്പെട്ടതാണ്. മാത്രമല്ല, നിങ്ങൾ യൂട്യൂബിനായി നിർമിക്കുന്ന വീഡിയോകൾ മറ്റ് അവസരങ്ങളിൽ ഉപയോഗിക്കാനും കഴിയും. അതായത്, നിങ്ങളുടെ മറ്റു സോഷ്യൽ പ്രൊഫൈലുകൾ, ഇമെയിൽ മാർക്കറ്റിംഗ് കാന്പയ്നുകൾ, വെബ്സൈറ്റ്, ലാൻഡിംഗ് പേജുകൾ, നിങ്ങൾ ഉപയോഗിക്കുന്ന മറ്റേതെങ്കിലും പ്ലാറ്റ്ഫോമുകൾ അല്ലെങ്കിൽ ചാനലുകൾ എന്നിവയ്ക്ക് ഈ വീഡിയോകൾ ഉപയോഗപ്രദമാണ്.

മാർക്കറ്റിംഗ് വീഡിയോകൾ സൃഷ്ടിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ഇതിനായി നിങ്ങൾക്ക് വലിയ ബജറ്റും ആവശ്യമില്ല. ഉപകരണങ്ങൾ വാങ്ങിക്കൂട്ടേണ്ടതുമില്ല. ചുരുക്കിപ്പറഞ്ഞാൽ, നിങ്ങളുടെ ബിസിനസിന്‍റെ മാർക്കറ്റിംഗിന് യൂട്യൂബ് ശരിയായ പരിഹാരമാണോ എന്ന ചോദ്യത്തിന് അതേ എന്നു തന്നെയാണ് ഉത്തരം. നിങ്ങൾ ഒരു ഉൽപ്പന്നം വിൽക്കുകയാണെങ്കിൽ, അവയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും പ്രദർശിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗം ഇതുതന്നെയാണ്. നിങ്ങളുടേത് ഒരു ബി2ആബി കന്പനിയാണെങ്കിൽ, ഇതിന്‍റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ഉപയോക്താക്കളെ സൃഷ്ടിക്കാനും ഈ പ്ലാറ്റ്ഫോം സഹായിക്കുമെന്നതിൽ തർക്കമില്ല.

യൂട്യൂബ് മാർക്കറ്റിംഗ് സ്ട്രാറ്റജി

യൂട്യൂബ് മാർക്കറ്റിംഗ് മറ്റ് സോഷ്യൽ പ്ലാറ്റ്ഫോമുകളിലെ മാർക്കറ്റിംഗ് പോലെ തന്നെയാണ്. നിങ്ങളുടെ സ്ട്രാറ്റജി സൃഷ്ടിക്കുക എന്നതാണ് ഇവിടെ ചെയ്യേണ്ട ആദ്യപടി. നിങ്ങളുടെ മാർക്കറ്റിംഗ് സ്ട്രാറ്റജി സൃഷ്ടിക്കാൻ, നിങ്ങളുടെ ലക്ഷ്യങ്ങൾ ആദ്യംതന്നെ കണ്ടെത്തേണ്ടതുണ്ട്.
നിങ്ങൾ നേടേണ്ട ലക്ഷ്യങ്ങൾ ഇവയാണ്:

ക്ലിക്കുകൾ/ട്രാഫിക് എൻഗേജ്മെന്‍റ് റീച്ച്/സബ്സ്ക്രൈബർ

നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്മാർട്ട് മോഡലാണ് ഉത്തമം. നിങ്ങളുടെ കൃത്യമായ ലക്ഷ്യങ്ങൾ സമയപരിധിയിൽ കൈവരിക്കാൻ ഇത് നിങ്ങളെ സഹായിക്കും. ഇക്കാലയളവിൽ, നിങ്ങളുടെ പുരോഗതി കൃത്യമായി അളക്കാൻ നിങ്ങൾക്കു കഴിയേണ്ടതുണ്ട്. സ്ട്രാറ്റജി രൂപീകരണത്തിന്‍റെ ഈ ഘട്ടത്തിൽ, നിങ്ങൾക്കു ലഭിക്കുന്ന മറുപടികൾ കൃത്യമായി അളക്കാൻ സഹായിക്കുന്ന കെപിഎ (കീ പെർഫോമൻസ് ഇൻഡിക്കേറ്റേഴ്സ്) കൾ സൃഷ്ടിക്കുക.

ഷെഡ്യൂളിൽ ഉറച്ചുനിൽക്കുക

യൂട്യൂബ് ചാനലിന്‍റെ വളർച്ചയിൽ നിങ്ങളുടെ സ്ഥിരത വളരെ പ്രധാനമാണ്. ബ്ലോഗിംഗ് പോലെ നിങ്ങൾ കൂടുതൽ ഉള്ളടക്കം കൊടുക്കുന്പോൾ, അതു കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയും വർധിക്കും. ഇതു നിങ്ങളുടെ കന്പനിക്കും വ്യവസായത്തിനും ഗുണകരമാണ്.

ഏറ്റവും വിജയകരമായ യൂട്യൂബർമാർ കടുപ്പമേറിയ പബ്ളിഷിംഗ് ഷെഡ്യൂളുകളിലാണു പ്രവർത്തിക്കുന്നത്. അവർ അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. ഈ യൂട്യൂബർമാർ തങ്ങളുടെ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പുതിയ വീഡിയോകൾ പ്രൊമോട്ട് ചെയ്യുന്നു. ഇതിലൂടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർക്കു പോലും പുതിയ വീഡിയോ സംബന്ധിച്ച് അറിയാൻ കഴിയും. നിങ്ങളുടെ ബിസിനസിനായി യൂട്യൂബ് മാർക്കറ്റിംഗ് സ്ട്രാറ്റജി രൂപീകരിക്കുന്പോൾ തന്നെ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നതിനുള്ള സമയം നിശ്ചയിക്കുക. ഇതിൽ കൃത്യമായി ഉറച്ചുനിൽക്കുകയും ചെയ്യുക.

എത്ര തവണ വീഡിയോകൾ പോസ്റ്റ് ചെയ്യാമെന്നു നിശ്ചയിച്ചു കഴിഞ്ഞാൽ, വീഡിയോകൾ റിലീസ് ചെയ്യേണ്ട സമയവും നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബ് വീഡിയോ കാണുന്നത് വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലുമാണ്. അതുകൊണ്ടുതന്നെ, വൈകുന്നേരങ്ങൾ, ശനിയാഴ്ച അതിരാവിലെ, ഞായറാഴ്ച രാവിലെ തുടങ്ങിയ സമയങ്ങളാണ് വീഡിയോ അപ്ലോഡ് ചെയ്യാൻ പറ്റിയസമയം. ഇതിലൂടെ, വീഡിയോകൾ നിങ്ങളുടെ കാഴ്ചക്കാരുടെ സെർച്ചിംഗിൽ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. കൂടാതെ, ഈ ഘട്ടത്തിൽ, നിങ്ങളുടെ പ്രേക്ഷകർക്ക് പ്രസക്തമായ എല്ലാ അവധിദിനങ്ങളുടെയും ഇവന്‍റുകളുടെയും ഒരു കുറിപ്പ് തയ്യാറാക്കുക, അതുവഴി ഏതെങ്കിലും പ്രത്യേക ഉള്ളടക്കം സൃഷ്ടിക്കാനുള്ള അവസരങ്ങളെക്കുറിച്ച് നിങ്ങൾക്ക് മുൻകൂട്ടി അറിയാം.

മാർക്കറ്റിംഗ് വീഡിയോ ടൈപ്പുകൾ

ലക്ഷ്യങ്ങൾ എന്തെന്നും വീഡിയോകൾ എപ്പോഴാണ് പ്രസിദ്ധീകരിക്കേണ്ടതെന്നും തീരുമാനിച്ചുകഴിഞ്ഞാൽ അടുത്ത ചോദ്യം നിങ്ങൾക്ക് ഏതുതരം വീഡിയോകൾ ചെയ്യാൻ കഴിയും എന്നതാണ്. വീഡിയോകൾ നിങ്ങളുടെ പ്രേക്ഷകരെ രസിപ്പിക്കുന്നതും ആകർഷിക്കുന്നതുമാകണം. കൂടാതെ, തുടക്കത്തിൽ വ്യത്യസ്ത തരം വീഡിയോകൾ പരീക്ഷിക്കാം. ഇതിലൂടെ ഏതാണ് ആളുകളെ ആകർഷിക്കുന്നതെന്നും അല്ലാത്തതെന്നും നിങ്ങൾക്കു തിരിച്ചറിയാൻ കഴിയും.

ലിസ്റ്റിക്കിൾ:

ബ്ലോഗ് പോസ്റ്റുകൾ, മീഡിയ (വീഡിയോകൾ, ഇമേജുകൾ, ഇൻഫോഗ്രാഫിക്സ് മുതലായവ) എന്നിങ്ങനെ വളരെ പ്രചാരമുള്ള കണ്ടന്‍റ് ഫോർമാറ്റാണു ലിസ്റ്റിക്കിൾ. നിങ്ങളുടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഹൈലൈറ്റ് ചെയ്യുന്ന ലിസ്റ്റിക്കിളുകൾ നിങ്ങൾക്ക് ഇവിടെ സൃഷ്ടിക്കാം.
ഉദാഹരണത്തിന് ’(നിങ്ങളുടെ ഉൽപ്പന്നം) ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും നൂതനമായ 10 മാർഗങ്ങൾ’ എന്ന തരത്തിൽ വീഡിയോ സൃഷ്ടിച്ചുകൊണ്ട് ആളുകളെ ആകർഷിക്കാം. നിങ്ങൾ നൽകുന്ന കണ്ടന്‍റുകൾ ട്യൂട്ടോറിയലുകളോ വിനോദമോ ആകാം. ഓർക്കുക, ലിസ്റ്റുകൾ എല്ലായ്പ്പോഴും നിങ്ങളുടെ പ്രേക്ഷകരുടെ താൽപ്പര്യങ്ങൾക്കും ബിസിനസിനും യോജിച്ചതായിരിക്കണം.

Howto വീഡിയോകൾ: Howto വീഡിയോകൾ യൂട്യൂബിൽ മികച്ച നേട്ടമുണ്ടാക്കുന്നവയാണ്. കാരണം അവ കാഴ്ചക്കാരനു വളരെയധികം അറിവ് നൽകുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഒരു സോഷ്യൽ മീഡിയ സോഫ്റ്റ്വേർ വിൽക്കുകയാണെങ്കിൽ, ട്വിറ്റർ മാർക്കറ്റിംഗ് എങ്ങനെ ആരംഭിക്കാം, ഫേസ്ബുക്ക് ഫോളോവേഴ്സിനെ എങ്ങനെ വർധിപ്പിക്കാം തുടങ്ങിയ വിവരങ്ങൾ നൽകുന്ന വീഡിയോ കണ്ടന്‍റുകൾ നൽകുക. വീഡിയോ മെറ്റീരിയലുകൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബ്ലോഗ് പോസ്റ്റുകൾ ഉദാഹരിക്കാം. അല്ലെങ്കിൽ വീഡിയോകൾ ഒരു പരന്പര മോഡലിലേക്കു മാറ്റാം. ഉദാഹരണത്തിന്, ഫ്ളൈറ്റ് മര്യാദകൾ (ഫ്ളൈറ്റ് എറ്റിക്വറ്റ്)’ എന്ന പേരിൽ വീഡിയോകളുടെ ഒരു പരന്പര ജെറ്റ്ബ്ലൂ പ്രസിദ്ധീകരിക്കുന്നുണ്ട്. എങ്ങനെ യാത്ര ചെയ്യരുത് എന്നതാണ് ഈ വീഡിയോകൾ പറയുന്നത്.

Behind the scenes videos:

യൂട്യൂബ് ഒരു സോഷ്യൽ നെറ്റ്വർക്ക് ആണ്. ’സോഷ്യൽ’ എന്നതാണ് ഇവിടുത്തെ പ്രധാന കീവേഡ്. ഇവിടെ Behindthescenesലിലെ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിലൂടെ, നിങ്ങളുടെ ബ്രാൻഡ് ഒരു ഉൽപ്പന്നം അല്ലെങ്കിൽ സേവനത്തേക്കാൾ കൂടുതലാണെന്നു കാണിക്കാനും മാനുഷികവൽക്കരിക്കാനും കഴിയും. ഉദാഹരണത്തിന്, സ്പ്രുട്ട് സോഷ്യലിന് അവരുടെ ടീമിലെ അംഗങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോകളുടെ ഒരു ശേഖരം തന്നെയുണ്ട്.

പ്രോഡക്ട് വീഡിയോകൾ:

നിങ്ങളുടെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന തിനുള്ള മികച്ച മാർഗമാണ് പ്രോഡക്ട് വീഡിയോകൾ. നിങ്ങളുടെ ഉൽപ്പനങ്ങളുടെ ചില സവിശേഷതകൾ, ഇവ എങ്ങനെ ഉപയോഗിക്കാം, പുതിയ ഉൽപ്പന്നങ്ങൾ സംബന്ധിച്ച അപ്ഡേറ്റുകൾ, പുതിയ ഓഫറുകൾ എന്നിവ വീഡിയോകളി ലൂടെ പ്രേക്ഷകർക്കു പരിചയപ്പെടുത്താം. ഇത്തരം വീഡിയോകൾക്ക് കാഴ്ചക്കാരെ ആകർഷിക്കാൻ കഴിയും.


കേസ് സ്റ്റഡീസ്:

നിങ്ങളുടെ ഉപഭോക്താക്കളുടെ കേസ് സ്റ്റഡീസ് വീഡിയോ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കും. ഇതിലൂടെ നിങ്ങളുടെ ബിസിനസിനെയും ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാം. ഇത്തരം കേസ് പഠനങ്ങൾ നിങ്ങളുടെ ഉൽപ്പന്നങ്ങളിലേക്കു മാത്രം ഒതുക്കേണ്ട കാര്യമില്ല. ക്ലയന്‍റ് ഒറിജിൻ സ്റ്റോറികൾ, സമീപകാല നേട്ടങ്ങൾ, ഭാവിയിലേക്കുള്ള പദ്ധതികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചും വീഡിയോകൾ പ്രസിദ്ധീകരിക്കാം.

അഭിമുഖങ്ങൾ:

വിദഗ്ധർ, സ്വാധീനശേഷിയുള്ളവർ തുടങ്ങിയവരുമായി അഭിമുഖം നടത്തുന്നത് പുതിയ കാഴ്ചക്കാരെ ആകർഷിക്കാനുള്ള മറ്റൊരു മികച്ച മാർഗമാണ്. ഈ വിദഗ്ധർക്ക് അവരുടേതായ കാഴ്ചക്കാരുണ്ടാകും. അതിനാൽ അവർ നിങ്ങളുടെ വീഡിയോയും പ്രൊമോട്ട് ചെയ്തേക്കാം. ഇത് നിങ്ങളുടെ യൂട്യൂബ് ചാനലിന്‍റെ ട്രാഫിക് വർധിപ്പിക്കാൻ സഹായിക്കും.

യൂട്യൂബ് ചാനൽ മാനേജ്മെന്‍റ്

എൻഗേജ്മെന്‍റ് എന്നത് യൂട്യൂബിന്‍റെ പ്രധാന ഭാഗമാണ്. അതിനാൽ നിങ്ങൾക്ക് ലഭിക്കുന്ന അഭിപ്രായങ്ങളോട് പ്രതികരിക്കാൻ മാത്രമല്ല, ഇടപഴകുന്നതിനു മറ്റു വഴികളും കണ്ടുപിടിക്കേണ്ടതുണ്ട്. നിങ്ങളുടെ അക്കൗണ്ട് മാനേജ് ചെയ്യുന്നതിനുള്ള നല്ല മാർക്ഷം ഈ പ്രക്രിയ സ്വയം നിർവഹിക്കുന്ന ഒരു ഉപകരണം (ടൂൾ) കണ്ടെത്തി ഉപയോഗിക്കുക എന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ മുൻകൂട്ടി മോഡറേറ്റ് ചെയ്യാനും, ഡാഷ്ബോർഡിലെ സോഷ്യൽ ഇൻബോക്സിൽ നിന്നുള്ള അഭിപ്രായങ്ങൾ പരിശോധിക്കാനും, ഇവയോടു പ്രതികരിക്കാനും അഗോറാപൾസ് (www.agorapulse. com) എന്ന ടൂൾ നിങ്ങളെ സഹായിക്കുന്നു. ഒപ്പം വീഡിയോകളിലും അഭിപ്രായങ്ങളിലും നിങ്ങളുടെ ബ്രാൻഡിനെ സംബന്ധിച്ച പരാമർശങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നു. നിങ്ങൾ മുൻകൂട്ടി എഴുതി സൂക്ഷിച്ചിരുന്ന മറുപടികൾ നൽകി സബ്സ്ക്രൈബർമാ രുമായി ബന്ധം സൂക്ഷിക്കാനും കഴിയും. ഒരു സോഷ്യൽ സിആർഎം ഉപകരണമായും ഇതു പ്രവർത്തിക്കുന്നു.

വിഡിക്യു (vidiq.com) ആണ് ചാനൽ മാനേജ്മെന്‍റിനുള്ള മറ്റൊരു നല്ല ഓപ്ഷൻ. വിഡിക്യു ഉപയോഗിച്ച് നിങ്ങൾക്ക് കമന്‍റുകളുടെ ട്രാക്ക് സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ പ്രതികരിക്കാനും സാധിക്കും. നിങ്ങളുടെ ടീം അംഗങ്ങളുമായി ആശയവിനിമയം നടത്താനും വീഡിയോകൾ ഒപ്റ്റിമൈസ് ചെയ്യാനും കീവേഡുകളും ടാഗുകളും കണ്ടെത്താനും വിഡിക്യു ഉപയോഗപ്രദമാണ്.

കാഴ്ചക്കാരുടെ എണ്ണം കൂട്ടാം

എല്ലാ ദിവസവും കമന്‍റുകൾ പരിശോധിക്കുക, ഇതിലൂടെ നിങ്ങൾക്ക് ഉടനടി പ്രതികരിക്കാൻ കഴിയും. നിങ്ങളുടെ ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റ് കമന്‍റുകൾ കണ്ടെത്തുക, ഇതിനോട് പ്രതികരിക്കാൻ അവസരങ്ങൾ ഉപയോഗിക്കുക. അഭിപ്രായം പറയാൻ കാഴ്ചക്കാരെ പ്രോത്സാഹിപ്പിക്കുക. വീഡിയോകളിലും വീഡിയോ വിവരണങ്ങളിലും കാഴ്ചക്കാരോടു ചോദ്യങ്ങൾ ചോദിക്കുക.

ഇമേജുകൾ, ജിഫുകൾ, വീഡിയോ പ്രിവ്യൂകൾ എന്നിവ പോസ്റ്റ് ചെയ്യുന്നതിനും സബ്സ്ക്രൈബർമാർക്കായി വോട്ടെടുപ്പ് നടത്തുന്നതിനും ’കമ്മ്യൂണിറ്റി’ ടാബ് (നിങ്ങളുടെ ചാനലിന്‍റെ പ്രധാന പേജിൽ കാണുന്നു) ഉപയോഗിക്കുക.

യൂട്യൂബ് വീഡിയോ എസ്ഇഒ

നേരത്തെ സൂചിപ്പിച്ചതുപോലെ, ലോകത്തിലെ ഏറ്റവും മികച്ച സെർച്ച് എൻജിനുകളിൽ ഒന്നാണ് യൂട്യൂബ്. ബിസിനസുകളുടെ പ്രമോഷണൽ ഉപകരണമാകാനുള്ള ഒരു കാരണവും ഇതുതന്നെയാണ്. ഏകദേശം രണ്ടു ബില്ല്യണ്‍ പ്രതിമാസ ഉപയോക്താക്കളിലേക്ക് എത്തുന്ന യൂട്യൂബിന്‍റെ റീച്ച് എത്രയെന്നു കണക്കുകൂട്ടുന്നതു പോലും അത എളുപ്പമല്ല. ഇതിനർത്ഥം, വളരെ ലളിതമായി പറഞ്ഞാൽ, സമയബന്ധിതമായി നിങ്ങളുടെ വീഡിയോകൾ അനുയോജ്യമായ കീവേർഡുകൾ ഉപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്യുകയും, പതിവായി ഗുണനിലവാരമുള്ള വീഡിയോ കണ്ടന്‍റുകൾ നിർമ്മിക്കുകയും ചെയ്താൽ, വിശാലമായ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. ദിനംതോറും ഇതു വർധിപ്പിക്കാനും സാധിക്കും.

വീഡിയോകൾ കൃത്യമായി ഒപ്റ്റിമൈസ് ചെയ്യാൻ

നിങ്ങളുടെ വീഡിയോകളെ സെർച്ചിൽ ഉൾപ്പെടുന്നതിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അവയിൽ ചിലത് പൂർണമായും നിങ്ങളുടെ നിയന്ത്രണത്തിലുള്ളവയുമാണ്. ഉപയോഗിക്കുന്ന കീവേഡുകൾ, അവ എങ്ങനെ ഉപയോഗിക്കുന്നു എന്നതൊക്കെ നിങ്ങളുടെ നിയന്ത്രണത്തിൽ ഉൾപ്പെടുന്നു. നിങ്ങളുടെ വീഡിയോ കണ്ടയുടൻ എത്രപേർ സബ്സ്ക്രൈബ് ചെയ്യുന്നു എന്നതടക്കമുള്ള മറ്റു കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിൽ വരുന്നവയല്ല.
പ്രധാനപ്പെട്ട വീഡിയോ റാങ്കിംഗ് ഘടകങ്ങൾ:

*ചാനലിന്‍റെ കീവേഡുകൾ: നിങ്ങളുടെ ചാനലിനെക്കുറിച്ച് യൂട്യൂബ് അറിയുന്നുണ്ടെന്ന് ഉറപ്പാക്കുന്ന തരത്തിൽ ശരിയായ ടാഗുകൾ ഉപയോഗിക്കുക.
*വീഡിയോ തലക്കെട്ടുകളും വിവരണങ്ങളും :
പ്രേക്ഷകർ അന്വേഷിക്കുന്ന തരത്തിലുള്ള കീവേഡുകൾ കണ്ടെത്തുക, അവ നിങ്ങളുടെ വീഡിയോ തലക്കെട്ടുകളിലും വിവരണങ്ങളിലും ഉപയോഗിക്കുക. (കീവേഡ് തലക്കെട്ടിനോടു ചേർന്നു നിൽക്കുന്നതാണു നല്ലത്)
*വീഡിയോ ടാഗുകൾ:
കീവേഡുകൾക്ക് പുറമേ, നിങ്ങളുടെ വീഡിയോകളിലേക്കു ടാഗുകൾ ചേർക്കേണ്ടതുണ്ട്. മികച്ച പ്രതികരണം നൽകുന്ന കീവോഡുകളാണ് ഇവിടെ നൽകേണ്ടത്.
*വീഡിയോ ട്രാൻസ്ക്രിപ്റ്റ് :
സെർച്ച് ബോട്ടുകളിൽ നിങ്ങളുടെ വീഡിയോ കൂടുതലായി ഉൾപ്പെടുന്നതിനുള്ള മാർഗമാണ് വീഡിയോ ട്രാൻസ്ക്രിപ്റ്റ്. ഇതു കാഴ്ചക്കാർക്കും നല്ലതാണ്.
*വീഡിയോ കാണുന്ന സമയം :
നിങ്ങളുടെ മൊത്തം വീഡിയോ കാണൽ സമയം (എത്ര മിനിറ്റ്/മണിക്കൂർ ആളുകൾ നിങ്ങളുടെ വീഡിയോ കണ്ടു) നിങ്ങളുടെ റാങ്കിംഗിൽ പ്രതിഫലിക്കും. ഉയർന്ന കാണൽ സമയമാണ് എപ്പോഴും നല്ലത്.
*തന്പ്നെയ്ൽ ഇമേജ് :
നിങ്ങളുടെ വീഡിയോ വരുന്പോഴെല്ലാം തന്പ്നെയ്ൽ ഇമേജ് ദൃശ്യമാകും. അതിനാൽ തന്പ്നെയ്ൽ ഇമേജ് ആകർഷകവും പ്രസക്തവുമായിരിക്കണം.
*എൻഗേജ്മെന്‍റ് :
നിങ്ങൾക്ക് എത്ര ലൈക്കുകൾ / ഡിസ്ലൈക്കുകൾ / കമന്‍റുകൾ / ഷെയറുകൾ ലഭിക്കുന്നു എന്നത് യൂട്യൂബ് നിരീക്ഷിക്കുന്നുണ്ട്.
*സബ്സ്ക്രൈബർ നന്പറുകൾ :

നിങ്ങൾക്ക് എത്ര യൂട്യൂബ് സബ്സ്ക്രൈബർമാരുണ്ട് എന്നതു മാത്രമല്ല പ്രധാനം. നിങ്ങളുടെ വീഡിയോകൾ കണ്ടതിനുശേഷം എത്ര പേർ സബ്സ്ക്രൈബ് ചെയ്യുന്നു എന്നതും പ്രധാനമാണ്. ഇതിലൂടെ നിങ്ങളുടെ വീഡിയോ പ്രസക്തമാണോ, കാഴ്ചക്കാരനെ ആകർഷിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാകും.

നിങ്ങളുടെ മറ്റു ചാനലുകളിലോ വെബ്സൈറ്റിലോ നിങ്ങളുടെ യൂട്യൂബ് കണ്ടന്‍റ് ഉപയോഗിക്കുന്പോൾ, പേജിന്‍റെ പ്രധാന ഭാഗത്തുതന്നെ വീഡിയോ നൽകുക. ഇത് മികച്ച റാങ്കിംഗ് ഉറപ്പിക്കാൻ സഹായിക്കും. സെർച് സ്ക്രോളറുകൾ പേജിൽ മറഞ്ഞിരിക്കുന്ന വീഡിയോ തപ്പിപ്പിടിക്കാൻ പോകില്ല. മാത്രമല്ല ഗൂഗിൾ സാധാരണയായി ആദ്യ വീഡിയോയെ മാത്രമേ സെർച്ചിൽ ഉൾപ്പെടുത്തൂ.

നിങ്ങളുടെ യൂട്യൂബ് മാർക്കറ്റിംഗ് തന്ത്രം വിജയിപ്പിക്കുന്നതിൽ വീഡിയോ കണ്ടന്‍റുകളുടെ ഒപ്റ്റിമൈസേഷൻ പ്രധാനമാണ്. മാത്രമല്ല നിങ്ങൾ ആരംഭിക്കുന്പോൾ തന്നെ ഇത് കണ്ടന്‍റിനെ സഹായിക്കും. വീഡിയോ ആശയങ്ങൾ കണ്ടെത്തുന്നതിനുള്ള മികച്ച ഉപകരണമാണ് കീവേഡ് റിസർച്ച്. ഏതെങ്കിലും പുതിയ വീഡിയോകൾ സൃഷ്ടിക്കുന്നതിനുമുന്പ്, കീവേഡുകൾ ഗവേഷണം ചെയ്യുക. ഇത്തരം ഗവേഷണത്തിലൂടെ നിങ്ങൾ കണ്ടെത്തുന്ന കീവേഡുകളെ അടിസ്ഥാനമാക്കി വീഡിയോകൾ സൃഷ്ടിക്കുക.

യൂട്യൂബ് മാർക്കറ്റിംഗ് വിജയിക്കാൻ

ശരിയായി ഉപയോഗിച്ചാൽ, ബ്രാൻഡ് അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനുമുള്ള മികച്ച മാർഗമാണ് യൂട്യൂബ്. നിങ്ങളുടെ യൂട്യൂബ് മാർക്കറ്റിംഗ് സ്ട്രാറ്റജി വിജയകരമാണെന്ന് ഉറപ്പാക്കാൻ നിങ്ങൾക്കു താഴെ പറയുന്ന സൂചകങ്ങൾ പരിശോധിക്കാം:
* സമയത്തിനു മുന്പുതന്നെ നിങ്ങളുടെ യൂട്യൂബ് സാന്നിധ്യം ഉറപ്പാക്കുക.
* പുതിയ ഉള്ളടക്കം പതിവായി പ്രസിദ്ധീകരിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇതിനായി നിങ്ങളുടെ വീഡിയോകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക.
* വിശാലമായ പ്രേക്ഷകരെ ആകർഷിക്കാൻ വ്യത്യസ്ത തരം വീഡിയോകൾ നൽകുക.
* നിങ്ങളുടെ സബ്സ്ക്രൈബർമാരുമായും കാഴ്ചക്കാരുമായും ഇടപഴകാൻ സമയം കണ്ടെത്തുക. ഒപ്പം ഓരോ വീഡിയോയുടെയും എൻഗേജ്മെന്‍റ് വർധിപ്പിക്കാൻ ശ്രമിക്കുക
* യൂട്യൂബ് സെർച്ച് എൻജിനായി നിങ്ങളുടെ ചാനലും വീഡിയോകളും ഒപ്റ്റിമൈസ് ചെയ്യുക. ഇതിലൂടെ നിങ്ങളുടെ വീഡിയോകളുടെ വ്യാപ്തി വർധിപ്പിക്കാൻ കഴിയും.

പൂജ സുജിത്
ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്,ഇന്നോവിൻ മീഡിയ