നിക്ഷേപ ലക്ഷ്യം വയ്ക്കാം; എസ്ഐപി നിക്ഷേപം ക്രമപ്പെടുത്താം
ഓഹരി വിപണിയിൽ ഇടിവുണ്ടായപ്പോൾ ഓഹരി മ്യൂച്വൽ ഫണ്ടിലേക്കുള്ള പണമൊഴുക്കിന് ഉൗനം തട്ടിയെങ്കിലും നിക്ഷേപകരുടെ ആത്മവിശ്വാസം ഇനിയും നഷ്ടപ്പെട്ടിട്ടില്ല. എസ്ഐപി നിക്ഷേപം വഴി ഓഹരിയിൽ നിക്ഷേപിക്കുന്നവർ ഈ താഴ്ചയിലും ഏതാണ്ട് ധൈര്യപൂർവം നിക്ഷേപം തുടരുന്നതായാണ് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ ( ആംഫി) കണക്കുകൾ പറയുന്നത്. വിട്ടു പോകുന്നവരിൽ ഭൂരിപക്ഷവും അടുത്ത കാലത്തു മാത്രം എസ്ഐപി വഴി നിക്ഷേപം തുടങ്ങിയവരാണ്.

എസ്ഐപി കാര്യക്ഷമമായ നിക്ഷേപവഴി

എന്തൊക്കെയായാലും എല്ലാത്തരം നിക്ഷേപകർക്കും ഓഹരിയിൽ നിക്ഷേപം നടത്താൻ സഹായിക്കുന്ന കാര്യക്ഷമമായ നിക്ഷേപ വഴിയാണ് എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇടയ്ക്കുവച്ച് എസ്ഐപി നിക്ഷേപം ഇട്ടിട്ടു പോകുന്നത് ഒഴിവാക്കാൻ കഴിയും.

ലക്ഷ്യം പ്രധാനം

ഏതൊരു നിക്ഷേപ തീരുമാനവും ലക്ഷ്യവുമായി ബന്ധിപ്പിക്കുക. ലക്ഷ്യം നിശ്ചയിച്ചുകഴിഞ്ഞാൽ നിക്ഷേപം എത്ര നാൾ എന്നതിൽ വ്യക്തമായ ചിത്രം ലഭിക്കും.
വരുമാനത്തിൽ മിച്ചം പിടിക്കുന്ന പല നിക്ഷേപകർക്കും നിക്ഷേപ ലക്ഷ്യം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ അലസമായി നിക്ഷേപം നടത്തുകയാണ് പതിവ്. ഇത് മിക്കപ്പോഴും കുറഞ്ഞ റിട്ടേണിൽ അവസാനിക്കുന്നു. അല്ലെങ്കിൽ ആവശ്യമില്ലാത്ത ആസ്തിയിൽ നിക്ഷേപം നടത്തുന്നു. ചിലപ്പോഴവ ബാധ്യയായി മാറുകയും ചെയ്യുന്നു.

ചുരുക്കത്തിൽ ഓരോ നിക്ഷേപത്തോടൊപ്പവും ഓരോ ലക്ഷ്യവും നിശ്ചയിക്കുക. നിക്ഷേപ ലക്ഷ്യത്തിലേക്കുള്ള കാലയളവിനനുസരിച്ച് നിക്ഷേപാസ്തി തെരഞ്ഞെടുക്കാനും സാധിക്കുന്നു.
ഉദാഹരണത്തിന്, നിക്ഷേപം ലക്ഷ്യത്തിലേക്ക് 10 വർഷമുണ്ടെന്നു കരുതുക. തീർച്ചയായും നിക്ഷേപകന് ഇക്വിറ്റി ഫണ്ടുകൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. മറിച്ച് നിക്ഷേപ ലക്ഷ്യം രണ്ടോ മൂന്നോ വർഷം അകലെയാണങ്കിൽ ഡെറ്റ് ഫണ്ടുകളോ ഹ്രസ്വകാല ഫണ്ടുകളോ തെരഞ്ഞെടുക്കുന്നതാവും കരണീയം.

ശരിയായ ഫണ്ട്

ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാൽ അതിനു യോജിച്ച ഏറ്റവും മികച്ച ഫണ്ടു തെരഞ്ഞെടുക്കുകയെന്നതാണ്. നിക്ഷേപകന്‍റെ റിസ്ക് എടുക്കുവാനുള്ള ശേഷി ഫണ്ടു തെരഞ്ഞെടുക്കുന്നതിൽ നിർണായകമാണ്.

പുതിയതായി ഓഹരി നിക്ഷേപത്തിലേക്കു കടന്നുവരുന്ന നിക്ഷേപകർക്ക് ലാർജ് കാപ് ഫണ്ടുകളും ഇൻഡെക്സ് ഫണ്ടുകളും പരിഗണിക്കാം. മൾട്ടി കാപ്, ലാർജ് കാപ്, മിഡ്കാപ് കാറ്റഗറി ഫണ്ടുകളിലാണ് ബഹുഭൂരിപക്ഷം നിക്ഷേപകരും പണം നിക്ഷേപിച്ചിട്ടുള്ളത്. കൂടുതൽ റിസ്ക് എടുക്കുവാൻ ശേഷിയുള്ളവരാണ് മറ്റു ഫണ്ടുകൾ സാധാരണ തെരഞ്ഞെടുക്കുന്നത്.
ഇക്വിറ്റിയിൽ താൽപ്പര്യമില്ലാത്തവർക്ക് മധ്യ കാലയളവിലേക്കുള്ള ഡെറ്റ് ഫണ്ടുകൾ, ഡൈനാമിക് ഫണ്ടുകൾ, ഗിൽറ്റ് ഫണ്ടുകൾ തുടങ്ങിയവയിലും നിക്ഷേപം പരിഗണിക്കാം.

അടുത്ത പടി നിക്ഷേപത്തിനുള്ള ഫണ്ട് നിശ്ചയിക്കുകയെന്നതാണ്. ദീർഘകാലത്തിൽ ഉയർന്ന റിട്ടേണ്‍ നൽകിക്കൊണ്ടിരിക്കുന്ന, രണ്ടോ മൂന്നോ ടോപ് ഫണ്ടുകളെ കണ്ടെത്തുക. ഒരു പക്ഷേ കഴിഞ്ഞ ഒരുവർഷത്തെ പ്രകടനം ചിലപ്പോൾ അത്ര മെച്ചമല്ലായിരിക്കാം. പക്ഷേ, അവയുടെ ഓഹരിശേഖരം എങ്ങനെ റിസ്ക് മാനേജ് ചെയ്യുന്നു, ഫണ്ടു മാനേജരുടെ സ്റ്റൈൽ, അനുഭവം , കാതൽ ശേഖരം തുടങ്ങിയവയെല്ലാം ഫണ്ട് തെരഞ്ഞെടുക്കുന്നതിനുള്ള ഘടകങ്ങളായി ഉപയോഗപ്പെടുത്തുക.


എത്ര തുക നിക്ഷേപിക്കണം

നിക്ഷേപകന്‍റെ ലക്ഷ്യം നേടുവാൻ ഇപ്പോൾ എത്ര തുക വേണമെന്നു കണ്ടെത്തുക. നിശ്ചിത വർഷം കഴിയുന്പോൾ ഈ ലക്ഷ്യത്തിന് എത്ര തുക വേണെമെന്നു കണ്ടെത്താൻ പണപ്പെരുപ്പ നിരക്കുകൂടി കണക്കിലെടുക്കുക.

ഇപ്പോഴത്തെ മൂല്യം നിശ്ചിത കാലയളവു കഴിയുന്പോൾ എത്രയാകുമെന്നു കണക്കുകുട്ടാം. ഭാവി മൂല്യം നിശ്ചയിച്ചു കഴിഞ്ഞാൽ നിക്ഷേപത്തിൽനിന്നു പ്രതീക്ഷിക്കുന്ന റിട്ടേണ്‍ നിശ്ചയിക്കുകയെന്നതാണ്. സാധാരണ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽനിന്ന് 13-15 ശതമാനം വാർഷിക റിട്ടേണ്‍ ലഭിക്കാറുണ്ട്. എന്നാൽ ഇതിനു പകരം കണ്‍സർവേറ്റീവ് സമീപനം ഇക്കാര്യത്തിൽ സ്വീകരിക്കുക. ഓഹരി നിക്ഷേപത്തിൽനിന്ന് 10-12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കുക. ഇതനുസരിച്ച് നിക്ഷേപത്തുക കണ്ടെത്താം.

ഇപ്പോൾ ഓണ്‍ലൈനിൽ നിരവധി കാൽക്കുലേറ്ററുകൾ ലഭ്യമാണ്. ഭാവി മൂല്യവും, റിട്ടേണ്‍ പ്രതീക്ഷയ്ക്കനുസരിച്ച് ലഭിക്കാവുന്ന തുകയും, ഈ ലക്ഷ്യത്തിനായി പ്രതിമാസം നിക്ഷേപിക്കേണ്ട തുകയുമെല്ലാം കണക്കാക്കാൻ സഹായിക്കുന്ന ഓണ്‍ലൈൻ കാൽക്കുലേറ്ററുകൾ ധാരാളം ലഭ്യമാണ്.

മറ്റു ചില കാര്യങ്ങൾ

നിക്ഷേപകന്‍റെ താല്പര്യമനുസരിച്ച് എസ്ഐപിയുടെ തവണകൾ നിശ്ചയിക്കാം. മാസമോ, ത്രൈമാസമോ പ്രതിദിനമോ തുടങ്ങിയഏതു തവണകളിലും നിക്ഷേപം നടത്താം. എന്നാൽ പൊതുവേ എസ്ഐപി നിക്ഷേപകർ മാസത്തവണകളാണ് തെരഞ്ഞെടുക്കുന്നത്.
ഫണ്ടുകളിൽ തന്നെ ഗ്രോത്ത്, ഡിവിഡണ്ട്, ഡയറക്ട് എന്നിങ്ങനെയുണ്ട്. ഗ്രോത്ത് പദ്ധതിയിൽ കൂട്ടു പലിശയുടെ ഗുണം നിക്ഷേപത്തിനു നൽകുന്നു. ദീർഘകാലത്തിൽ മികച്ച സന്പത്ത് ഇത് ഉറപ്പാക്കുന്നു.

ഡിവിഡണ്ട് പദ്ധതിയിൽ ഫണ്ട് ഓരോ വർഷമോ മാസമോ ഡിവിഡണ്ട് പ്രഖ്യാപിക്കുകുയം നിക്ഷേപകർക്ക് നൽകുകയും ചെയ്യുന്നു. ലാഭവീതം പുനർനിക്ഷേപം നടത്താനുള്ള സൗകര്യവുമുണ്ട്. അത്തരം നിക്ഷേപം തെരഞ്ഞെടുക്കുക.

ഇതിലുപരിയായി നിക്ഷേപം നടത്തിയിട്ടുള്ള ഫണ്ടുകൾ തുടർച്ചായി മോണിട്ടർ ചെയ്യുക. ആറുമാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ ഫണ്ടിന്‍റെ പ്രകടനം വിലയിരുത്തുകയും പുനരാലോചന വേണമെങ്കിൽ അതു ചെയ്യുക.

എത്ര തുക നിക്ഷേപിക്കണം

എ എന്നായാൾക്ക് പത്തു വർഷം കഴിയുന്പോൾ വീടു വാങ്ങണം. വീടിന് ആവശ്യമായ ഡൗണ്‍ പേമെന്‍റ് നടത്താൻ 30 ലക്ഷം രൂപ നേടണമെന്നു കരുതുക. ഇതിനായി എ ഓഹരി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താൻ തീരുമാനിക്കുന്നു. പ്രതീക്ഷിക്കുന്ന റിട്ടേണുകളനുസരിച്ച് എസ്ഐപി തുകയിൽ വരുന്ന മാറ്റം പരിശോധിക്കാം.

1. 10 % റിട്ടേണ്‍ പ്രതീക്ഷ
ലക്ഷ്യമിടുന്ന തുക 30 ലക്ഷം
കാലയളവ് 10 വർഷം
പ്രതിമാസ ഗഡു 14,645 രൂപ
അടയ്ക്കുന്ന തുക 17.57 ലക്ഷം രൂപ.

2. 12 % റിട്ടേണ്‍ പ്രതീക്ഷ
ലക്ഷ്യമിടുന്ന തുക 30 ലക്ഷം
കാലയളവ് 10 വർഷം
പ്രതിമാസ ഗഡു 13,041 രൂപ
അടയ്ക്കുന്ന തുക 15.65 ലക്ഷം രൂപ.

3. 14 % റിട്ടേണ്‍ പ്രതീക്ഷ
ലക്ഷ്യമിടുന്ന തുക 30 ലക്ഷം
കാലയളവ് 10 വർഷം
പ്രതിമാസ ഗഡു 11,580 രൂപ
അടയ്ക്കുന്ന തുക 13.9 ലക്ഷം രൂപ

-ജെപി