മലബാറിന്‍റെ പൈതൃകമറിയാൻ തിണ്ടിസ് ഹെറിറ്റേജ്
മലബാറിന്‍റെ  പൈതൃകമറിയാൻ  തിണ്ടിസ് ഹെറിറ്റേജ്
Wednesday, November 13, 2019 3:29 PM IST
തിണ്ടിസ് ഹെറിറ്റേജ് എന്ന പേരിൽ തന്നെയൊരു വ്യത്യസ്തതയുണ്ടല്ലെ? ഈ വ്യത്യസ്തത അടിമുടി നിറഞ്ഞതാണ് കണ്ണൂർ ജില്ലയിലെ ചെറുപുഴ തിരുമേനി സ്വദേശി കുറ്റിവയലിൽ നവീൻ മാത്യുവിന്‍റെ സംരംഭം. ""പൈതൃകമറിഞ്ഞുള്ള കാഴ്ച്ചകൾക്ക് വെറുതെ കണ്ടും കേട്ടും അറിയുന്നതിനെക്കാൾ അനുഭവിച്ചറിഞ്ഞ ഒരു പ്രതീതിയുണ്ടാകും. അത്തരെമൊരു അനുഭവം സഞ്ചാരികൾക്ക് നൽകാനാണ് ഞാനും തിണ്ടിസ് ഹെറിറ്റേജും ശ്രമിക്കുന്നത്’’, നവീൻ മാത്യു പറയുന്നു.

ജോലി പിന്നെ സംരംഭം

പ്ലസ്ടുവരെ ചെറുപുഴയിൽ വിദ്യാഭ്യാസം നേടിയ നവീൻ. പ്ലസ്ടുവിനുശേഷം തിരുവനന്തപുരം ഐഎച്ച്എം (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്‍റ്) - ൽ നിന്നും ബിഎസ് സി ഹോട്ടൽ മാനേജ്മെന്‍റ് ബിരുദം കഴിഞ്ഞതിനുശേഷം ക്ലിയർ ട്രിപ്പ് എന്ന ട്രാവൽ കന്പനിയിൽ കേരളത്തിന്‍റെ മേധാവിയായി ജോലി ചെയ്തു.

ഈ ജോലിക്കിടയിലാണ് കേരളത്തിനുവേണ്ടി പ്രത്യേകിച്ച് മലബാറിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം നവീന് ഉണ്ടാകുന്നത്. പിന്നെ ആ ആഗ്രഹം സഫലമാക്കാനുള്ള തയ്യാറെടുപ്പുകളായിരുന്നു. ഉത്തര മലബാറിലെ ടൂറിസം സാധ്യതകളെ ലോകത്തിന് പരിചയപ്പെടത്തുകയാണ് തിണ്ടിസ് ഹെറിറ്റേജ് എന്ന സംരംഭം.

""രണ്ടു വർഷം വിപണിയെക്കുറിച്ച് പഠിച്ചു. അതിനുശേഷം 2018 ഒക്ടോബറിലാണ് കന്പനി ലോഞ്ച് ചെയ്യുന്നത്. ഒരു കമ്യൂണിറ്റി ലിംവിഗ് ആശയത്തിലൂന്നിയതാണ് തിണ്ടിസിന്‍റെ പ്രവർത്തനങ്ങൾ. സസ്റ്റയിനബിൾ ടൂറിസം മോഡൽ തന്നെയാണിതും. വിവധ സമൂഹത്തോടൊപ്പം ജീവിക്കാനും അവരുടെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുള്ള അവസരമാണ് സഞ്ചാരികൾക്കായി നൽകുന്നത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് വയനാട് എന്നീ ജില്ലകളിലെ സ്ഥലങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.’’, നവീൻ പറഞ്ഞു.

തിണ്ടിസ് എന്നപേരിനു പിന്നിൽ

കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിലുണ്ടായിരുന്ന പഴയൊരു തുറമുഖമാണ് തിണ്ടിസ്. മുസിരസ് കാലഘട്ടത്തിലുണ്ടായിരുന്ന തുറമുഖമാണ്. വിദേശീയരുമായുള്ള സുഗന്ധ വ്യജ്ഞനങ്ങളുടെ കച്ചവടത്തിന്‍റെ പ്രധാന കേന്ദ്രമായിരുന്നു ഈ തുറമുഖം. പൈതൃകമറിഞ്ഞൊരു യാത്ര എന്ന ലക്ഷ്യത്തിന് ഏറ്റവും അനുയോജ്യം ഇതു തന്നെയാണെന്നു തോന്നി. അങ്ങനെയാണ് ഈ പേര് നൽകിയതെന്നു നവീൻ പറഞ്ഞു.
ഏറ്റവും ഗുണമേന്മയുള്ള ടൂറിസം പാക്കേജ് ഉപഭോക്താക്കൾക്ക് നൽകുകയാണ് തിണ്ടിസിന്‍റെ ലക്ഷ്യം.

കഥ പറയുന്നവർ

ഓരോ പ്രദേശത്തിന്‍റെയും കഥ പറയാൻ നാൽപത്തിയഞ്ചോളം സ്റ്റോറി ടെല്ലർമാർ (കഥ പറച്ചിലുകാർ) ഉണ്ട്. അവരാണ് ഓരോ പ്രദേശത്തിന്‍റെയും കഥ പറയുന്നത്. ഈ കഥ കേൾക്കലിനൊപ്പം ഓരോ നാട്ടിലെയും പ്രത്യേകമായ വിഭവങ്ങൾ, തൊഴിലുകൾ, കലകൾ എന്നിവയെല്ലാം അനുഭവിച്ചറിയാനുള്ള അവസരവുമുണ്ട്.


സർവീസിൽ നിന്നും വിരമിച്ച ടീച്ചർമാർ, ബാങ്ക് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, വക്കീലന്മാർ, വനംവകുപ്പു ജീവനക്കാർ തുടങ്ങിയവരാണ് സ്റ്റോറി ടെല്ലർമാരായിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിലുള്ള പരിശീലനം നൽകിയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. അതിഥികളോട് എങ്ങനെ പെരുമാറണം, എങ്ങനെയാണ് അഭിവാദ്യം ചെയ്യേണ്ടത് എന്നിങ്ങനെ നിരവധി കാര്യങ്ങൾ പഠിപ്പിക്കും. പ്രത്യേക താൽപ്പര്യമുള്ളവർക്കായി തെയ്യം ഫോട്ടോഗ്രഫി, പക്ഷി നിരീക്ഷണം എന്നിവയ്ക്കെല്ലാമുള്ള അവസരവും നൽകുന്നുണ്ട്.

ബിരിയാണി വയ്ക്കാം ബീഡി തെറുക്കാം

ഓരോ പ്രദേശത്തിന്‍റെയും ഭാഗമായി ജീവിക്കാം. ഉദാഹരണത്തിന് കണ്ണൂർ ജില്ലയിലെ നീലേശ്വരം പ്രദേശത്ത് ബീഡി തെറുപ്പ്, കല്ലുമ്മക്കായ ശേഖരണം തുടങ്ങിയ കാര്യങ്ങൾ വേണമെങ്കിൽ ചെയ്തു നോക്കാം. അറയ്ക്കൽ കൊട്ടാരം കാണാം, തലശേരിയിലെ വീടുകളിൽ പോയി നല്ല തലശേരി ബിരിയാണി വെയ്ക്കാം. തെയ്യക്കാലമായാൽ തെയ്യം കാണാൻ പോകാം വെറുതെ അങ്ങു പോയി കണ്ടിട്ടു വരേണ്ട.

തെയ്യത്തിനു പിന്നിലെ കഥകളും നാട്ടറിവുകളും ചോദിച്ചറിയാം. തെയ്യത്തിനാവശ്യമായ ചായങ്ങൾ വാഴക്കൂന്പ് കരിച്ചുണ്ടാക്കുന്നതു മുതൽ ചായം തേക്കുന്നതും വേഷങ്ങൾ കെട്ടിയാടുന്നതുമെല്ലാം അടുത്ത് കണ്ട് അറിയാം. ഇനി കോഴിക്കോട് വന്നാൽ കണ്ടൽക്കാടുകൾ, കടൽത്തീരങ്ങൾ എന്നിവയെല്ലാം കാണാം. കാണാനുള്ള കാഴ്ച്ചകൾ ഇനിയുമുണ്ട്.
ഓട്, വെങ്കലം എന്നിവയുടെ നിർമാണ കേന്ദ്രങ്ങളിൽ പോകാം. കളരിപ്പയറ്റ് കാണാം, പഠിക്കാം, ആയുർവേദ ചികിത്സ നേടാം. ഒരു മണിക്കൂർ മുതൽ 21 ദിവസം വരെ നീണ്ടു നിൽക്കുന്ന ടൂർ പാക്കേജുകളുണ്ട്.

വിദേശികളും സ്വദേശികളും

""വിദേശികൾ തന്നെയാണ് സഞ്ചാരികളിൽ അധികവും വരുന്നത്. കൂടാതെ ബംഗളുരുവിൽ നിന്നുമൊക്കെ യുവാക്കളും മറ്റും എത്തുന്നുണ്ട്. കാരണം കണ്ണൂർ എയർപോർട്ട് വന്നതോടെ യാത്ര സൗകര്യം മെച്ചപ്പെട്ടു. പ്രാദേശികമായ ധാരാളം സന്ദർശകരും എത്തുന്നുണ്ട്.’, നവീൻ പറഞ്ഞു.

കേരളത്തിന്‍റെ മറ്റിടങ്ങളിലേക്കും തിണ്ടിസിനെ എത്തിക്കനുള്ള പദ്ധതിയുണ്ട്. ടെക്നോളജി ഇന്‍റഗ്രേറ്റഡ് എക്സ്പാൻഷനാണ് ഉദ്ദേശിക്കുന്നത്. കണ്ണൂർ ജില്ലയിലെ മാങ്ങാട്ടുപറന്പിലുള്ള മൈസോണിലാണ് ഓഫീസ് സ്പേസുള്ളത്.

ഓണ്‍ലൈൻ വഴിയാണ് ബുക്കിംഗൊക്കെ സാധ്യമാകുന്നത്. www.tyndisherittage.com എന്നതാണ് കന്പനിയുടെ വെബ്സൈറ്റ്.

ബൂട്സ്ട്രപ്പഡ് കന്പനിയാണ്. ഇതേ രീതിയിൽ തന്നെ മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. അനുഭവിച്ചറിഞ്ഞ് പോകുന്നവരിൽ നിന്നും കേട്ടറിഞ്ഞ് എത്തുന്നവരാണ് തിണ്ടിസിനെ തേടിയെത്തുന്ന സഞ്ചാരികളിൽ അധികവും.