ഇ-ഇൻഷുറൻസ് അക്കൗണ്ട്; രേഖകളെക്കുറിച്ച് ടെൻഷൻ വേണ്ട
ഇ-ഇൻഷുറൻസ് അക്കൗണ്ട്; രേഖകളെക്കുറിച്ച് ടെൻഷൻ വേണ്ട
Saturday, November 2, 2019 3:57 PM IST
പോളിസി എടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് രേഖകളെല്ലാം കൃത്യമായി സൂക്ഷിച്ചുവയ്ക്കുക എന്നതും. പക്ഷേ, ദീർഘകാലം രേഖകൾ സൂക്ഷിച്ചുവെയ്ക്കുക എന്നത് അൽപ്പം റിസ്കാണ്. നഷ്ടപ്പെടാം, നശിച്ചുപോകാം, വെച്ചിരിക്കുന്ന സ്ഥലം മറന്നു പോകാം. അങ്ങനെ ആവശ്യം വരുന്പോൾ രേഖകളൊന്നും ഇല്ലാതെ വരാം. ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാണ് ഇ-ഇൻഷുറൻസ് അക്കൗണ്ട്.

ഇതുവരെ ഇൻഷുറൻസ് എടുത്തില്ലേ എന്ന നിരന്തര ചോദ്യങ്ങൾക്കൊടുവിൽ പലരും ഇൻഷുറൻസ് എടുക്കും. ചിലരാകട്ടെ സ്വന്തം താൽപ്പര്യപ്രകാരവും. പക്ഷേ, എടുത്തു എന്നതു കൊണ്ടു മാത്രമായില്ലല്ലോ.. പോളിസി ക്ലെയിം ചെയ്യേണ്ടി വരുന്പോൾ രേഖകളെല്ലാം ഇൻഷുറൻസ് കന്പനിക്ക് നൽകേണ്ടേ? അക്കാര്യം പലർക്കും അത്ര എളുപ്പമല്ല. കാരണം പലരും പോളിസി രേഖകളെക്കുറിച്ചു തന്നെ പലപ്പോഴും മറക്കാറാണ് പതിവ്.

രേഖകൾ സൂക്ഷിച്ചുവെയ്ക്കണം

പോളിസി എടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് രേഖകളെല്ലാം കൃത്യമായി സൂക്ഷിച്ചുവയ്ക്കുക എന്നതും. ദീർഘ കാല ലക്ഷ്യത്തോടെയാണ് ലൈഫ് ഇൻഷുറൻസുകൾ ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ ലൈഫ് ഇൻഷുറൻസ് പോളിസിയുടെ രേഖകൾ ദീർഘകാലം സൂക്ഷിച്ചുവെയ്ക്കേണ്ടി വരും. പക്ഷേ, ദീർഘകാലം രേഖകൾ സൂക്ഷിച്ചുവെയ്ക്കുക എന്നത് അൽപ്പം റിസ്കാണ്. നഷ്ടപ്പെടാം, നശിച്ചുപോകാം, വെച്ചിരിക്കുന്ന സ്ഥലം മറന്നു പോകാം. അങ്ങനെ ആവശ്യം വരുന്പോൾ രേഖകളൊന്നും ഇല്ലാതെ വരാം.

പരിഹാരം ഇ-ഇൻഷുറൻസ് അക്കൗണ്ട്

ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാണ് ഇ-ഇൻഷുറൻസ് അക്കൗണ്ട്. ഇലക്ട്രോണിക് ഇൻഷുറൻസ് അക്കൗണ്ടാണിത്. പോളസി സംബന്ധിച്ച രേഖകൾ ഡിജിറ്റൽ രൂപത്തിൽ പോളിസി ഉടമകൾക്ക് ഈ അക്കൗണ്ടിൽ സൂക്ഷിക്കാം. ഇരുപത്തി നാലു മണിക്കൂറും പ്രവർത്തിക്കുന്ന ഈ അക്കൗണ്ടിൽ ഒന്നിൽ കൂടുതൽ പോളിസികളുടെ രേഖകൾ സൂക്ഷിക്കാം. ആവശ്യമായ മാറ്റങ്ങൾ വരുത്താം.അപ്ഡേറ്റ് ചെയ്യാം.

മറ്റു നേട്ടങ്ങൾ

1. പോളിസി ഉടമയുടെ വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ അതും ചെയ്യാം. ഉദാഹരണത്തിന് ലൈഫ് ഇൻഷുറൻസും വാഹന ഇൻഷുറൻസുമുണ്ടെന്നിരിക്കട്ടെ രണ്ടിലും രണ്ട് അഡ്രസാണെങ്കിൽ അത് ഒന്നാക്കാം.
2. മറ്റൊരു പ്രധാന കാര്യം കെവൈസി ഓതന്‍റിഫിക്കേഷനാണ്. അക്കൗണ്ട് തുറക്കുന്പോൾ നൽകുന്ന കെവൈസി മതി പിന്നീട് പോളിസികൾ വാങ്ങാൻ. ഏതു കന്പനിയുടേയും പോളിസികൾ ഈ കെവൈസി ഉപയോഗിച്ചു വാങ്ങാം.എങ്ങനെ തുറക്കാം
സൗജന്യമായി ഇ-ഇൻഷുറൻസ് അക്കൗണ്ട് തുറക്കാം.

* ഇ-ഇൻഷുറൻസ് അക്കൗണ്ട് തുറക്കാനാഗ്രഹിക്കുന്നവർ ഇൻഷുറൻസ് കന്പനിയിൽ നിന്നും അക്കൗണ്ട് തുറക്കാനുള്ള ഫോം വാങ്ങി പൂരിപ്പിച്ച് പാൻകാർഡോ അല്ലെങ്കിൽ ആധാർ കാർഡോ അതിനൊപ്പം ജനന തീയതിയും മേൽവിലാസവും തെളിയിക്കുന്ന രേഖയും കാൻസൽ ചെയ്ത ചെക്കും നൽകിയാൽ മതി.

* പൂരിപ്പിച്ച അപേക്ഷ ഫോമും ഈ രേഖകളും നൽകിയാൽ ഏഴു ദിവസത്തിനുള്ളിൽ അക്കൗണ്ട് തുറക്കും.
* ഇൻഷുറൻസ് പോളിസി വാങ്ങിയിട്ടില്ലാത്തവർക്കും ഈ അക്കൗണ്ട് തുറക്കാവുന്നതാണ്.
* പുതിയ പോളിസി എടുക്കുന്പോൾ നേരിട്ട് ഈ അക്കൗണ്ടിലേക്ക് ചേർക്കാം.
* അക്കൗണ്ട് തുറന്നു കഴിയുന്പോൾ ഉപഭോക്താവിന് ഒരു അക്കൗണ്ട് നന്പറും ലോഗിൻ ചെയ്യാനുള്ള ലോഗിൻ ഐഡിയും പാസ് വേർഡും നൽകും.
* ഇലക്ട്രോണിക് ബാങ്ക് അക്കൗണ്ട് പോലെ തന്നെയാണ് പ്രവർത്തനം
പോളിസിയുള്ളവർ
* നിലവിൽ പോളിസി ഉള്ളവരാണെങ്കിൽ അവർക്ക് ഈ അക്കൗണ്ടിലേക്ക് പോളിസി ഉൾപ്പെടുത്തണമെങ്കിൽ കണ്‍വേർഷൻ ഫോം ഇൻഷുറൻസ് കന്പനിയിൽ ലഭിക്കും. അത് വാങ്ങി ഇൻഷുറൻസ് കന്പനിയുടെ പേര്, പോളിസി ഉടമയുടെ പേര്, പോളിസി നന്പർ, ഇ-ഇൻഷുറൻസ് അക്കൗണ്ട് നന്പർ എന്നീ വിവരങ്ങളോടൊപ്പം ഇൻഷുറൻസ് കന്പനിയിൽ നൽകിയാൽ മതി.
* പോളിസിയുമായി ബന്ധപ്പെട്ട രേഖകൾ ഈ അപേക്ഷയോടൊപ്പം നൽകണോ വേണ്ടയോ എന്നുള്ളത് ഓരോ ഇൻഷുറൻസ് കന്പനിയുടെയും തീരുമാനമാണ്.
* പോളിസി കണ്‍വേർഷനുള്ള അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ, ഇൻഷുറൻസ് കന്പനി അഞ്ചു ദിവസത്തിനുള്ളിൽ ഇ-ഇൻഷുറൻസ് അക്കൗണ്ടിലേക്ക് പോളിസി ചേർക്കും.

സുരക്ഷിതത്വം

ഇ-ഇൻഷുറൻസ് അക്കൗണ്ടുകളുടെ സുരക്ഷയെക്കുറിച്ച് ഉടമകൾ ഭയപ്പെടേണ്ടതില്ല. കാരണം ഇലക്ട്രോണിക് ബാങ്ക് അക്കൗണ്ടുകൾ പോലെ സുരക്ഷിതമാണ് ഇ-ഇൻഷുറൻസ് അക്കൗണ്ടുകളും. ഉടമകൾക്ക് ഒരു ലോഗിൻ ഐഡിയും പാസ് വേഡും അക്കൗണ്ട് നന്പറും ലഭിക്കും. ഇവ രണ്ടും ഓർത്തുവെച്ചാൽ മാത്രം മതി. രേഖകളെക്കുറിച്ച് ഓർക്കേണ്ട.

ഓർമിക്കാൻ

അക്കൗണ്ട് തുറക്കാൻ ആവശ്യമായ കാര്യങ്ങൾ
* അപേക്ഷ ഫോം (ഇൻഷുറൻസ് കന്പനികൾ/ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി എന്നിവിടങ്ങളിൽ ലഭിക്കും)
* ആധാർ/പാൻകാർഡ്
* മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ
* ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖ
* കാൻസൽ ചെയ്ത ചെക്ക്
നിലവിലുള്ള പോളിസി അക്കൗണ്ടിലേക്ക് മാറ്റാൻ
* പോളിസി കണ്‍വേർഷൻ ഫോം
* ഇൻഷുറൻസ് കന്പനിയുടെ പേര്
* പോളിസി ഉടമയുടെ പേര്
* പോളിസി നന്പർ
* ഇ-ഇൻഷുറൻസ് അക്കൗണ്ട് നന്പർ