റിട്ടേണ്‍ നൽകാത്തവർക്കു ഇനി പിഴ അടച്ച് ഫയൽ ചെയ്യാം
റിട്ടേണ്‍ നൽകാത്തവർക്കു  ഇനി പിഴ അടച്ച് ഫയൽ ചെയ്യാം
Saturday, November 2, 2019 3:52 PM IST
നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള നികുതിദായകർ, പങ്ക് വ്യാപാരസ്ഥാപനങ്ങളുടെ പങ്കാളികൾ, കന്പനികൾ, ആദായനിയമം 92 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടവർ തുടങ്ങിയവർ ഒഴികെയുള്ളവരുടെ 2018-19 സാന്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേണുകൾ പിഴകൂടാതെ ഫയൽ ചെയ്യുന്നതിനുള്ള സമയം 2019 ഓഗസ്റ്റ് 31ന് അവസാനിച്ചു.

ഫയൽ ചെയ്യുന്നതിനുള്ള യഥാർഥ തീയതി ജൂലൈ 31 ആയിരുന്നത് പല കാരണങ്ങളാൽ ബോർഡ് ഓഗസ്റ്റ് 31ലേക്ക് നീട്ടി നല്കുകയായിരുന്നു. ദീർഘിപ്പിച്ചു നല്കിയ തീയതിയിലും ഫയൽ ചെയ്യാൻ സാധിക്കാതെ വന്ന തികുതിദായകർ ഇനി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് 234 എഫ് അനുസരിച്ചുള്ള പിഴ അടയ്ക്കേണ്ടതുണ്ട്. ഇത്തരത്തിൽ താമസിച്ചു ഫയൽ ചെയ്യുന്ന റിട്ടേണുകളെ ബിലേറ്റഡ് റിട്ടേണുകൾ എന്നു വിളിക്കുന്നു.

ബിലേറ്റഡ് റിട്ടേണുകൾ എന്നുവരെ

2018-19ലെ ബിലേറ്റഡ് റിട്ടേണുകൾ 2020 മാർച്ച് 31 വരെ നൽകുവാൻ സാധിക്കും. എന്നാൽ, 2019 ഡിസംബർ 31 ന് മുന്പ് ഫയൽ ചെയ്യുകയാണെങ്കിൽ 234 എഫ് അനുസരിച്ചുള്ള പിഴത്തുക 5,000 രൂപ മാത്രമാണ്. ഡിസംബർ 31 -നുശേഷം 2020 മാർച്ച് 31നു മുന്പായി മാത്രമാണ് ഫയൽ ചെയ്യുന്നതെങ്കിൽ പിഴത്തുക 10,000 രൂപയായി വർധിക്കും. എന്നാൽ, നികുതിക്കു മുന്പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയ്ക്കു താഴെയാണെങ്കിൽ പിഴയായി 1000 രൂപ നൽകിയാൽ മതി. നികുതിയായി ഒന്നും അടയ്ക്കാനില്ലാത്ത റിട്ടേണുകളിൽ പിഴത്തുക ഉണ്ടാവില്ല. 2020 മാർച്ച് 31നു ശേഷം 2018-19 സാന്പത്തിക വർഷത്തിലെ റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധാരണഗതിയിൽ സാധിക്കില്ല.


ബിലേറ്റഡ് റിട്ടേണുകൾ റിവൈസ് ചെയ്ത് ഫയൽ ചെയ്യാൻ സാധിക്കുമോ

2016-17 സാന്പത്തികവർഷത്തിനു മുന്പുവരെ ബിലേറ്റഡ് റിട്ടേണുകൾ ഒരിക്കൽ ഫയൽ ചെയ്തുകഴിഞ്ഞാൽ പിന്നീട് റിവൈസ് ചെയ്ത് ഫയൽ ചെയ്യാൻ സാധിക്കില്ലായിരുന്നു. എന്നാൽ, 2016-17 സാന്പത്തികവർഷം മുതൽ ബിലേറ്റഡായി ഫയൽ ചെയ്യുന്ന എല്ലാ റിട്ടേണുകളും ആവശ്യമെങ്കിൽ പുതുക്കി ഫയൽ ചെയ്യാം.

നഷ്ടം കാരിഫോർവേഡ് ചെയ്യാൻ സാധിക്കില്ല

ബിലേറ്റഡ് റിട്ടേണുകളാണ് ഫയൽ ചെയ്യുന്നതെങ്കിൽ, നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അവ അടുത്ത വർഷത്തേക്ക് കാരിഫോർവേഡ് ചെയ്യാൻ സാധിക്കില്ല. എന്നാൽ, ഹൗസ് പ്രോപ്പർട്ടിയിലുണ്ടായ നഷ്ടം കാരിഫോർവേഡ് ചെയ്യാവുന്നതാണ്. ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നുമുള്ള നഷ്ടങ്ങൾ, മൂലധനനഷ്ടം, മറ്റു വരുമാനങ്ങളുടെ പേരിലുണ്ടാവുന്ന നഷ്ടങ്ങൾ എന്നിവയാണ് കാരിഫോർവേഡ് ചെയ്യാൻ അനുവദിക്കാത്തത്.