നികുതി വെട്ടിക്കുറവ് ഉണർവാകുമോ
നികുതി വെട്ടിക്കുറവ് ഉണർവാകുമോ
Tuesday, October 22, 2019 4:55 PM IST
ജോയി ഫിലിപ്പ്

ഏഴു മാസത്തിൽ "മൂന്നു ബജറ്റ്.’ രണ്ടെണ്ണം പാർലമെന്‍റിനുള്ളിലായിരുന്നു. മൂന്നാമത്തേത് അതിനു പുറത്ത് സെപ്റ്റംബർ 20ന.് ഒരു പക്ഷേ, ഇന്ത്യ അടുത്തകാലത്തു കണ്ട ഏറ്റവും ധീരമായ പ്രഖ്യാപനങ്ങളിലൊന്ന്. ഏറ്റവും വലിയ ഘടനാപരമായ പരിഷ്കാരങ്ങളിലൊന്ന്. മൂന്നു ദശകത്തിൽ ആദ്യമായിട്ടാണ് കന്പനി നികുതിയിൽ ഇത്ര ഉയർന്ന വെട്ടിക്കുറവ് വരുത്തുന്നത്.
കന്പനി നികുതി 25 ശതമാനത്തിലേക്കു കുറയ്ക്കണമെന്ന കോർപറേറ്റ് മേഖലയുടെ ആവശ്യമാണ് ധനമന്ത്രി നിർമല സീതാരാമൻ ഈ പ്രഖ്യാപനത്തിലൂടെ അനുവദിച്ചു നൽകിയത്. കഴിഞ്ഞ അഞ്ചുവർഷമായി തൊടുന്യായങ്ങൾ പറഞ്ഞ് നിരസിച്ചിരുന്ന ഒരു വാഗ്ദാനമാണിത്.
ഇതുവഴി കോർപറേറ്റ് മേഖലയ്ക്ക് 1.45 ലക്ഷം ( ജിഡിപിയുടെ 0.7 ശതമാനം) കോടിയുടെ നികുതി ഇളവാണ് ഈ വർഷം ലഭിക്കുന്നത്. അതായത് കന്പനി നികുതി ഇതോടെ 22 ശതമാനമായി ( നേരത്തെയിത് 29.5 ശതമാനം) താഴും. സർച്ചാർജ് ഉൾപ്പെടെ നിരക്ക് 34.9 ശതമാനത്തിൽനിന്ന് 25.17 ശതമാനമാകും. ഇപ്പോൾ നിരക്ക് പല ഏഷ്യൻ രാജ്യങ്ങളുടേതിനു തുല്യമോ അതിനു താഴെയോ ആയിട്ടുണ്ട്.

2019 ഒക്ടോബറിനു ശേഷം ആരംഭിക്കുന്ന മാനുഫാക്ചറിംഗ് സ്റ്റാർട്ടപ്പുകളുടെ നികുതി 15 ശതമാനമാകും. ( യഥാർത്ഥ നിരക്ക് 17 ശതമാനം. നേരത്തെയിത് 30 ശതമാനമായിരുന്നു). ഈ സ്റ്റാർട്ടപ്പുകൾ 2023 മാർച്ച് 31-ന് മുന്പ് ഉത്പാദനം തുടങ്ങിയിരിക്കണം.

ഇപ്പോഴത്തെ പ്രഖ്യാപനത്തിന്‍റെ ആനുകൂല്യങ്ങൾ നേടണമെങ്കിൽ കന്പനികൾ മറ്റ് ഇളവുകളും വ്യവസായം കേന്ദ്രീകൃതമായിട്ടുള്ള ആനുകൂല്യങ്ങളും ഉപേക്ഷിക്കണം.

ലാഭവളർച്ച കുറഞ്ഞുവരുന്ന സമയത്ത് കന്പനികൾക്ക് തീർച്ചയായും ഇത് ആശ്വാസമാണ്.
ഇന്ത്യയെ മത്സരക്ഷമമാക്കും.

കന്പനി നികുതി നിരക്കുകൾ കുറച്ചതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും കുറവു കന്പനി നികുതിയുള്ള രാജ്യങ്ങളിൽ ഒന്നായി മാറി. ഇത് ആഗോളതലത്തിൽ ഇന്ത്യൻ കന്പനികളെ കൂടുതൽ മത്സരക്ഷമമാക്കും. മ്യാൻമാറിൽ ഇത് 25 ശതമാനവും മലേഷ്യയിൽ 24 ശതമാനവും ഇന്തോനേഷ്യയിലും കൊറിയയിലും 25 ശതമാനവും ശ്രീലങ്കയിൽ 28 ശതമാനവുമാണ് കന്പനി നികുതിയെന്നാണ് കെപിഎംജി ഡേറ്റ വ്യക്തമാക്കുന്നത്.

ചൈനീസ് കന്പനികൾ 25 ശതമാനം നികുതി നൽകണം. ബ്രസീലിലെ കന്പനി നികുതി 34 ശതമാനമാണ്. ആഗോള ശരാശരി കന്പനി നികുതി 23. 79 ശതമാനമാണ്. ഏഷ്യൻ ശരാശരി 21. 09 ശതമാനവുമാണെന്ന് കെപിഎംജി ചൂണ്ടിക്കാണിക്കുന്നു.

ദീപാവലി സമ്മാനം

കഴിഞ്ഞ ഏതാനും ആഴ്ചകളായി ധനമന്ത്രാലയം സന്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചുവരികയാണ്. മൂലധന നേട്ടത്തിനുള്ള സർച്ചാർജ് എടുത്തു കളഞ്ഞതുമുതൽ കന്പനി നികുതി 25 ശതമാനത്തിലേക്കു താഴ്ത്തിയതുവരെയുള്ള നടപടികൾ ഇതിലുൾപ്പെടുന്നു. ഇതോടൊപ്പം പല ചരക്കു സേവനങ്ങളുടേയും ജിഎസ്ടി നിരക്കും കുറയ്ക്കുകയുണ്ടായി.

ദീപാവലിക്കു മുന്പേ കന്പനി മേഖലയ്ക്കും നിക്ഷേപകർക്കും ലഭിച്ച സമ്മാനമാണ് നിർമലയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. എല്ലാവർക്കുമിത് അതിശയമാണ് സമ്മാനിച്ചത്. ഈ പ്രഖ്യാപനത്തി നുശേഷം നിക്ഷേപകർക്ക് രണ്ടു ദിനംകൊണ്ട് 10.5 ലക്ഷം കോടി രൂപയുടെ നേട്ടമാണുണ്ടായത് ഓഹരിവിപണിയുടെ മുഖ്യസൂചികകൾ 8.2 ശതമാനത്തിന്‍റെ ഉയർച്ചയാണ് കുറിച്ചത്.
നികുതി വെട്ടിക്കുറവ് പ്രഖ്യാപനം വന്ന സെപ്റ്റംബർ 20-ന് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉയർച്ചയാണ് സെൻസെക്സ് നേടിതയത്. 1921 പോയിന്‍റ്. തുടർന്നുവന്ന ദിവസം ആയിരത്തിലിധികം പോയിന്‍റാണ് ഉയർന്നത്. സെൻസെക്സ് രണ്ടു ദിവസംകൊണ്ട് മൂവായിരത്തിലധികം പോയിന്‍റ് ( 8.2 ശതമാനം) മെച്ചപ്പെട്ട് 39100 പോയിന്‍റിലെത്തി. നിഫ്റ്റി 899.69 പോയിന്‍റ്(8.1 ശതമാനം) ഉയർച്ചയോടെ 11,600 പോയിന്‍റിലെത്തി. ദീപാവലിക്കു മുന്പേ ദീപാവലിയെത്തിയ ആവേശത്തിലാണ് ഓഹരിവിപണിയിലെ നിക്ഷേപകർ. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ സന്പത്ത് വെള്ളിയാഴ്ച ഒറ്റ ദിവസം വർധിച്ചത് 22000 കോടി രൂപയാണ്.

സിംഗപ്പൂരിലെ നിരക്കിലേക്കു കന്പനി നികുതി താഴ്ത്തുകയും ഓഹരികളിലെ നിക്ഷേപത്തിനുള്ള ലാഭത്തിനു സർചാർജ് വർധന ഇളച്ചതും അപ്രതീക്ഷിതമായിരുന്നു. കന്പോളത്തോട് ഇത്രയും ആനുകൂല്യം കാട്ടിയ മറ്റൊരു പ്രഖ്യാപനവും കഴിഞ്ഞ രണ്ടു ദശകങ്ങൾക്കുള്ളിൽ ഉണ്ടായിട്ടില്ല.

ഇതിന്‍റെ ആവേശത്തിൽ വാഹന ഓഹരികൾ പോലും ഇന്നലെ കുതിച്ചു. വാഹന വില്പന കൂടാൻ പ്രത്യക്ഷമായി സഹായിക്കുന്ന പരിപാടികളൊന്നും നിർമല പ്രഖ്യാപിച്ചില്ല. പക്ഷേ, ആവേശം വരുന്പോൾ വേറെന്തു ചിന്തിക്കാൻ.

കുറഞ്ഞ നികുതി നിരക്ക് കന്പനികൾക്ക് ഉയർന്ന ലാഭം പ്രദാനം ചെയ്യും. ഇത് കടങ്ങൾ കുറയ്ക്കാനോ ബിസിനസ് വിപുലമാക്കാനോ പുതിയ നിക്ഷേപത്തിനോ അവയ്ക്ക് ഉപയോഗിക്കാനാവും. ചുരുക്കത്തിൽ വ്യവസായമേഖലയിൽ ഉണർവ് ഉണ്ടാക്കുമെന്നാണ് ഗവണ്‍മെന്‍റ് കരുതുന്നത്.

നടപടി ധീരം പക്ഷേ...

ഇന്ത്യയുടെ സാന്പത്തിക വളർച്ചാത്തോതിലെ ഇടിവ് അവസാനിപ്പിക്കാനും സന്പദ്ഘടനയെ കിക്ക് സ്റ്റാർട്ട് ചെയ്യാനും ഉപഭോഗം കൂട്ടുവാനും കുറയുന്ന നിക്ഷേപത്തിനു പുതുജീവൻ നൽകാനും ഈ നടപടികൾ സഹായിക്കുമെന്നു പരക്കേ പ്രതീക്ഷിക്കുന്നു.

കോർപറേറ്റ് ഇന്ത്യയുടെ നഷ്ടപ്പെട്ടുപോയ ആനിമൽ സ്പിരിറ്റ്’ വീണ്ടെടുക്കാൻ സഹായിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. ചുരുക്കത്തിൽ ഇരുളടഞ്ഞ സാന്പത്തികാന്തരീക്ഷത്തിലേക്ക് പുതിയ ഉന്മേഷവും ശുദ്ധവായുവും കടത്തിവിട്ടിരിക്കുയാണ് നിർമലയുടെ പ്രഖ്യാപനങ്ങൾ.
ഇനിയാണ് ഗവണ്‍മെന്‍റ് ശരിയായ കഴിവ് പ്രകടിപ്പിക്കേണ്ടത്. രാജ്യത്തിന്‍റെ ധനകാര്യ കമ്മിയും അതു സന്പദ്ഘടനയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും എന്തായിരിക്കും?
നികുതി കുറച്ചത് കേന്ദ്രത്തിന്‍റെ നികുതി വരുമാനത്തിൽ 1.45 കോടി രൂപയുടെ കുറവുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം 1.08 കോടിയുടെ നികുതിയിളവുകൾ നൽകിയിരുന്നു.

നിർമല സീതാരാമന്‍റെ കന്നി ബജറ്റ് നടപ്പുവർഷം കണക്കാക്കുന്ന കമ്മി ജിഡിപിയുടെ 3.3 ശതമാനമാണ്. ഏകദേശം 7.03 ലക്ഷം കോടി രൂപ. ഇപ്പോൾ കുറച്ച നികുതി ജിഡിപിയുടെ 0.7-0.75 ശതമാനം വരും. അതിനർത്ഥം നടപ്പുവർഷത്തെ ധനകമ്മി 4 ശതമാനത്തിനു മുകളിൽ പോകുമെന്നാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവരുടെ അധികവരുമാനത്തിൽനിന്ന് 1.76 ലക്ഷം കോടി രൂപ നൽകിയതിനുശേഷമുള്ള സ്ഥിതിയാണിത്.

നടപ്പുവർഷത്തിൽ നാലുമാസം കഴിയുന്പോൾ ധനകമ്മി, വാർഷിക ലക്ഷ്യമായ 7.03 ലക്ഷം കോടി രൂപയുടെ 77 ശതമാനത്തോളമായി. നികുതി വരുമാനം വർധിപ്പിച്ചാൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാനാകൂ. എന്നാൽ അതിനു പറ്റയി സാഹചര്യമല്ല സന്പദ്ഘടനയിൽ നിലനിൽക്കുന്നത്. സാന്പത്തിക വളർച്ചാത്തോത് കുറയുന്നതും തൊഴിലില്ലായ്മയും പ്രത്യക്ഷ നികുതി വരുമാനം ലക്ഷ്യം കാണുവാൻ പ്രയാസമാണെന്ന സൂചനയാണ് നൽകുന്നത്.
ഇപ്പോഴത്തെ നടപടികൾ സന്പദ്ഘടനയ്ക്കു ദീർഘകാലത്തിൽ ഗുണം ചെയ്യുമെങ്കിലും ധനകമ്മി വർധിച്ചാൽ അത് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കുമെന്ന് സ്റ്റാൻഡാർഡ് ആൻഡ് പുവർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

സൗദി അറേബ്യയുടെ അരാംകോ റിഫൈനറിയിൽ ഉണ്ടായ ഡ്രോണ്‍ ആക്രമണം രാജ്യാന്തര എണ്ണവില ഉയർത്തിയിരിക്കുകയാണ്. അതു ഇന്ത്യയുടെ ഇറക്കുമതിച്ചെലവു വർധിപ്പിക്കും. ഇത് പണപ്പെരുപ്പം ഇറക്കുമതിക്കും വർധിച്ച കറന്‍റ് അക്കൗണ്ട് കമ്മിക്കും കാരണമാകും.ധനകമ്മി ഉയരുന്നത് ഇന്ത്യയുടെ റേറ്റിംഗിനേയും രാജ്യത്തേയ്ക്കുള്ള വിദേശ നിക്ഷേപ ഒഴുക്കിനേയും പ്രതികൂലമായി ബാധിക്കും. ഇന്ത്യൻ രൂപയെ ദുർബലമാക്കുകയും ചെയ്യും.
സന്പദ്ഘടനയുടെ ഇത്തരം പ്രശ്നങ്ങളെ നേരിടാൻ കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങൾ ഏറ്റവും അനിവാര്യമാണ്. എങ്കിൽ മാത്രമേ ഇപ്പോഴത്തെ നികുതി കുറയ്ക്കലിന്‍റെ ഗുണം സന്പദ്ഘടനയിൽ ശരിക്കും പ്രതിഫലിക്കുകയും വളർച്ചാപഥത്തിൽ എത്തുകയും ചെയ്യുകയുള്ളു.

ഏറ്റവും നേട്ടം ഉപഭോക്തൃ മേഖലയ്ക്ക്

അപ്രതീക്ഷിതമായി കന്പനി നികുതി നിരക്ക് വെട്ടിക്കുറച്ച് യുക്തസഹമാക്കിയത്, നികുതി കുറച്ച് കന്പനികളുടെ വരുമാന വളർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുയാണ്.


ഉപഭോഗവുമായി ബന്ധപ്പെട്ടു നിൽക്കുന്ന മേഖലകളാണ് ഏറ്റവും കൂടുതൽ കന്പനി നികുതി നൽകുന്നത്. അവയിൽ മിക്കയവയും 30 ശതമാനത്തിനു മുകളിൽ നികുതി നൽകുന്നവയാണ്. ഏറ്റവും കുറവു നേട്ടം കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള ഐടി, ഫാർമ മേഖലകളിലാണ്.
ബാങ്കുകൾ, എഫ് എംസിജി, ഓട്ടോ, വാഹന ഘടകവസ്തു നിർമാണ കന്പനികൾ, സിമന്‍റ്, ഇൻഫ്രാ, കാപ്പിറ്റൽ ഗുഡ്സ് മേഖലകൾ തുടങ്ങിയവയ്ക്ക് നല്ല നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലീവർ, മാരുതി സുസുക്കി തുടങ്ങിയ ഉയർന്ന നികുതി നൽകുന്ന കന്പനികൾക്ക് ഇതു നല്ല നേട്ടം നൽകും. ഇവയെല്ലാം 30 ശതമാനത്തിനു മുകളിൽ നികുതി നൽകുന്നവയാണ്.

ലിസ്റ്റ് ചെയ്തിട്ടുള്ള 1000 മുൻനിര കന്പനികൾക്ക് 37000 കോടി രൂപയുടെ നികുതിലാഭമാണുണ്ടാകുന്നതെന്നാണ് റേറ്റിംഗ് ഏജൻസിയായ ക്രിസിൽ കണക്കാക്കുന്നത്. കന്പനി നികുതിയുടെ 40 ശതമാനം സംഭാവനയും ഈ ആയിരം കന്പനികളുടേതാണ്.

ഐടി മേഖല: ഇപ്പോൾതന്നെ വളരെയധികം ആനുകൂല്യങ്ങൾ നേടിവരുന്നതിനാൽ നികുതിനിരക്ക് വെട്ടിക്കുറച്ചത് ഐടി കന്പനികൾക്ക് കാര്യമായ നേട്ടം നൽകുന്നില്ല. മിക്ക ഐടി കന്പനികളും മിനിമം ഓൾട്ടർനേറ്റീവ് ടാക്സ് നൽകുന്നവയാണ്. അവയുടെ നിരക്ക് 18.5 ശതമാനത്തിൽനിന്ന് 15 ശതമാനമായി കുറച്ചിട്ടുണ്ട്. കന്പനികൾ നല്ലൊരു പങ്കും കയറ്റുമതിക്കാരാണ്. അതിന്‍റെ ആനുകൂല്യം അതിനു ലഭിക്കുന്നുണ്ട്. ഇവയെല്ലാം സർച്ചാർജ് ഉൾപ്പെടെയുള്ള 25.2 ശതമാനം നിരക്കിനേക്കാൾ കുറവ് നികുതി നൽകുന്നവയാണ്. ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന കയറ്റുമതി ആനുകൂല്യത്തിൽനിന്ന് ഇവ പുറത്തുപോകുവാനും തയാറാവുകയില്ല.

എഫ്എംസിജി: നികുതി വെട്ടിക്കുറവിൽ ഏറ്റവും നേട്ടമുണ്ടാക്കുന്ന മേഖലകളിലൊന്നാണിത്. മിക്കവയും 30 ശതമാനത്തിനു മുകളിൽ നികുതി നൽകുന്നവയാണ്. അതാണു കുറഞ്ഞു കിട്ടിയിരിക്കുന്നത്.

ഹിന്ദുസ്ഥാൻ യൂണിലീവർ, ഐടിസി, കോൾഗേറ്റ്, ബ്രിട്ടാനിയ, നെസ് ലെ തുടങ്ങിയവയ്ക്ക് മികച്ച നേട്ടമാണ് ഇവ നൽകുന്നത്. ജ്യോതിലാബ്, മാരികോ, ഗോദ്റെജ് കണ്‍സ്യൂമർ തുടങ്ങിയ ഇന്ത്യൻ കന്പനികൾ 25.17 ശതമാനത്തിനടുത്ത നികുതിയാണ് ഇപ്പോൾ നൽകുന്നത്. അതിനാൽ ഇവയിൽ വലിയ നേട്ടം പ്രതീക്ഷിക്കാനില്ല.

വാഹനങ്ങൾ: മാരുതി, ഹീറോ മോട്ടോർ, ടിവിഎസ് മോട്ടാർ തുടങ്ങിയ മിക്ക വാഹന കന്പനികളും 30-33 ശതമാനം നികുതി നൽകുന്നവയാണ്. നിരക്ക് കുറച്ചത് ഇവയ്ക്ക് നേട്ടമാകും. മഹീന്ദ്ര, അശോക് ലേലാൻഡ് തുടങ്ങിയവ ഇപ്പോൾ നൽകുന്നത് 25 ശതമാനത്തിനു താഴെയാണ്.
എംഎൻസി കന്പനികളായ എസ്കെഎഫ്, ഗുഡീയർ, ബോഷ് തുടങ്ങിയവയ്ക്ക് നേട്ടമാണ് നികുതി കുറച്ചത്. ഇവർ 33-36 ശതമാനം നികുതിയാണ് നൽകിയിരുന്നത്.

ഇൻഫ്രാ, സിമന്‍റ്: മിക്ക ഇൻഫ്രാകന്പനികളും നൽകി വരുന്നത് 27-35 ശതമാനം നികതിയാണ്. പുതിയ നിരക്കിലേക്കു താഴന്പോൾ ഒട്ടുമിക്ക കന്പനികൾക്കും നേട്ടമുണ്ടാകും. എൻജിനീയേഴ്സ് ഇന്ത്യ, അശോക് ബൽഡ് കോണ്‍, എൻസിസി, ഇർകോണ്‍ ഇന്‍റർനാഷണൽ തുടങ്ങിയവയ്ക്ക് മികച്ച നേട്ടം ഉണ്ടാകും. എൽ ആൻഡ് ടി, ഐആർബി ഇൻഫ്രോ തുടങ്ങിയവയ്ക്ക് നേരിയ നേട്ടമേ ഉള്ളു.

സിമന്‍റ് കന്പനികളിൽ പ്രിസം ജോണ്‍സണ്‍ സിമന്‍റിന് മികച്ച നേട്ടം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഹിമാദ്രി, ഇന്ത്യ സിമന്‍റ്, ഡെക്കാൻ സിമന്‍റ് തുടങ്ങിയവയെല്ലാം 25 ശതമാനത്തിനു മുകളിൽ നികുതി നൽകുന്നവയാണ്. പുതിയ നിരക്ക് ഇവയ്ക്കെല്ലാം ഗുണമേകും.

റിയൽ എസ്റ്റേറ്റ്: പൊതുവേ റിയൽ എസ്റ്റേറ്റ് കന്പനികൾക്ക് അനുകൂലമാണ് നികുതി വെട്ടിക്കുറച്ചത്. മിക്ക റിയൽ എസ്റ്റേറ്റ് കന്പനികളും 25.17 ശതമാനത്തിനു മുകളിൽ നികുതി നൽകിവരുന്നവയാണ്. ഒബ്റോയ് റിയൽറ്റി, കോൾട്ട് -പാട്ടീൽ ഡെവലപ്പേഴ്സ്, അഷിയാൻ ഹൗസിംഗ് തുടങ്ങിയവയൊക്ക ഉയർന്ന നിരക്കിൽ നികുതി നൽകുന്നവയാണ്. പുതിയ നികുതി സ്വീകരിച്ചാൽ ഈ മേഖലയിലെ കന്പനികളുടെ വരുമാനം ഉയരും. വീടു വാങ്ങുന്നവർക്കും ഇതു ഗുണകരമാണ്. ശോഭ, ബ്രിഗേഡ് എന്‍റർപ്രൈസസ്, പ്രസ്റ്റീജ് എസ്റ്റേറ്റ്, ഗോദ്റെജ് പ്രോപ്പർട്ടീസ് തുടങ്ങിയവയ്ക്ക് കാര്യമായ പ്രയോജനമില്ല.

സ്റ്റീൽ്: ടാറ്റാ സ്റ്റീൽ, കല്യാണി സ്റ്റീൽസ്, ജിൻഡാൽ സ്റ്റീൽ തുടങ്ങി ഉയർന്ന നികുതി നൽകുന്ന കന്പനികൾക്ക് മികച്ച തോതിൽ നേട്ടമുണ്ടാകും. ജെഎസ് ഡബ്ല്യു സ്റ്റീൽ, ടാറ്റാ മെറ്റാലിക് തുടങ്ങിയവ 23 ശതമാനത്തിനു താഴെയാണ് ഇപ്പോൾ നൽകുന്ന നികുതി. അവർക്കു പ്രയോജനമില്ല.

ഓയിൽ ആൻഡ് ഗ്യാസ്: എണ്ണ, വാതക മേഖലയിലുള്ള കന്പനികൾക്ക് പൊതുവേ മോശമല്ലാത്ത നേട്ടമാണ് ഈ നികുതി വെട്ടിക്കുറവ് നൽകുന്നത്. മിക്ക കന്പനികളും ഇപ്പോൾതന്നെ 25.17 ശതമാനത്തിനു മുകളിൽ നികുതി കൊടുക്കുന്നവയാണ്. മഹാനഗർ ഗ്യാസ്, ഒഎൻജിസി, ഗെയിൽ, എച്ച്പിസിഎൽ, ജിഎസ്പിഎൽ തുടങ്ങിയവയ്ക്കെല്ലാം ഇതു നേട്ടം നൽകും.
അതേസമയം, റിലയൻസ് ഇൻസ്ട്രീസ്, ബിപിസിഎൽ, ഇന്ത്യൻ ഓയിൽ, തുടങ്ങിയവ ഇപ്പോൾതന്നെ കുറഞ്ഞ നിരക്കിൽ നികുതി നൽകുന്ന കന്പനികളാണ് അവയ്ക്ക് വലിയ നേട്ടമില്ല.

ബാങ്കിംഗ്, ധനകാര്യമേഖല: കന്പനി നികുതി കുറച്ചതിന്‍റെ ഏറ്റവും ഗുണം ലഭിക്കുന്ന മേഖലയാണ് ബാങ്കിംഗ് ധനകാര്യമേഖല. ബാങ്കിംഗ് മേഖലയിലെ യഥാർത്ഥ നിരക്ക് ( ഇഫക്ടീവ് നിരക്ക്) 35 ശതമാനം വരെയാണ്. 2018-19-ൽഈ മേഖലയിലെ ശരാശരി നിരക്ക് 32.5 ശതമാനമാണ്. അതാണ് 25.17 ശതമാനത്തിലേക്ക് താഴുന്നത്. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്്, ഡിസിബി, ഇൻഡസ് ഇൻഡ് തുടങ്ങിയവയ്ക്ക് നേട്ടമാകും. ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങളിൽ ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, എം ആൻഡ് എം ഫനാൻഷ്യൽ, ചോളമണ്ഡലം തുടങ്ങിയ കന്പനികൾക്ക് നേട്ടമാകും.

ബാങ്കുകളുടെ വരുമാനത്തിൽ 12 ശതമാനം വരെ വർധനയാണ് പ്രതീക്ഷിക്കുന്നത്. നികുതി നിരക്ക് കുറയുന്നത് ബാങ്കുകളുടെ കൈവശം വായ്പ നൽകുന്നതിനായി കൂടുതൽ പണമെത്തിക്കും. കന്പനികൾ കൂടുതലായി വായ്പയ്ക്കെത്താനും സാധ്യത തെളിഞ്ഞിരിക്കുന്നു.
ഇതിനിടയിലും ബാങ്കുകളെ വലയ്ക്കുന്നത്, പ്രത്യേകിച്ച് പൊതുമേഖല ബാങ്കുകളെ, കുന്നുകൂടികിടക്കുന്ന 9ലക്ഷം കോടിയോളം രൂപയുടെ കിട്ടാക്കടമാണ്. പാപ്പർ ഹർജിവഴി തുക തിരികെപ്പിടിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. മോശം വായ്പയുടെ അനന്തരഫലമെന്ന നിലയിൽ യെസ് ബാങ്ക് ഓഹരികൾ നെഗറ്റീവാണ് പ്രഖ്യാപനത്തിന്‍റെ രണ്ടാമത്തെ ദിവസം ക്ലോസ് ചെയ്തത്. അടുത്ത ധനകാര്യവർഷത്തിലായിരിക്കും നികുതി വെട്ടിക്കുറവിന്‍റെ യഥാർത്ഥ നേട്ടം ബാങ്കുകൾക്ക് ലഭിക്കുകയെന്നു വിലയിരുത്തുന്നു.

ഉത്തേജകങ്ങൾ ഉണർവേകുമോ

കഴിഞ്ഞ ഏതാനും ആഴ്ചകളായി ധനമന്ത്രി നിർമല സീതാരാമൻ സന്പദ്ഘടനയെ ഉണർത്തുന്നതിനുള്ള നിരവധി നടപടികൾ പ്രഖ്യാപിച്ചു വരികയാണ്. അവയിൽ ചിലതു ചുവടെ:
* മൂലധന വളർച്ചയ്ക്കുള്ള ഉയർന്ന സർച്ചാർജ് പിൻവലിച്ചു.
* സ്റ്റാർട്ടപ്പുകൾക്കും അവരുടെ നിക്ഷേപകർക്കും ഏഞ്ചൽ നികുതിയിളവ്.
* വാഹന രജിസ്ട്രേഷൻ ഫീസ് വർധിപ്പിക്കുന്നത് 2020 ജൂണിലേക്കു നീട്ടി വച്ചു. 2020 മാർച്ച് വരെ വാങ്ങുന്ന വാഹനങ്ങൾക്ക് അധിക തേയ്മാനക്കിഴവ്. വാഹനം വാങ്ങുന്നതിന് ഗവണ്‍മെന്‍റ് ഡിപ്പാർട്ടുമെന്‍റുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു.
* വായ്പാ വളർച്ച ലക്ഷ്യമാക്കി പൊതുമേഖല ബാങ്കുകളിലേക്ക് 70,000 കോടി രൂപയുടെ മൂലധനം നൽകി.
* ഭവന വായ്പ കന്പനികളിലേക്കുള്ള പണലഭ്യത 30000 കോടി രൂപ കണ്ടുയർത്തി.
* 21 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് 12 എണ്ണമാക്കി. ഇതുവഴി മൂലധനത്തിന്‍റെ കാര്യക്ഷമമായ വിനിയോഗം ലക്ഷ്യമിടുന്നു.
* എൻബിഎഫ്സിയിൽ ആധാർ അടിസ്ഥാനമാക്കിയുള്ള കെവൈസി അനുവദിച്ചു
* ഭവന പദ്ധതികൾക്കായി 10000 കോടി രൂപയുടെ പുതിയ ഫണ്ട്
* കയറ്റുമതി വർധിപ്പിക്കുന്നതിനായി വാർഷിക മെഗാ ഷോപ്പിംഗ് മേളകൾ സംഘടിപ്പിക്കും.
* ഹോട്ടൽ താരിഫിന്‍റെ ജിഎസ്ടി കുറച്ചു