നികുതിക്ക് വിധേയമായ വരുമാനമില്ലെങ്കിലും റിട്ടേണ്‍ ഫയൽ ചെയ്യേണ്ടിവരാം
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് നിങ്ങളുടെ മൊത്തവരുമാനത്തെ അടിസ്ഥാനമാക്കിയാണ്. 60 വയസിൽ താഴെ പ്രായമുള്ള വ്യക്തിക്കു നികുതിക്ക് വിധേയമല്ലാത്ത വരുമാനം 2,50,000 രൂപയാണ്. അതായത് ചാപ്റ്റർ VI എ യിൽ ലഭിക്കുന്ന കിഴിവുകൾക്കും മുന്പുള്ള വരുമാനം 2,50,000 രൂപയിൽ കൂടുതലുണ്ടെങ്കിൽ 60 വയസിൽ താഴെയുള്ളവർ ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യണം എന്നാണു വ്യവസ്ഥ. മൊത്തവരുമാനത്തിൽ നിന്നും വിവിധ വകുപ്പുകളനുസരിച്ച് അവയിൽ നടത്തിയിട്ടുള്ള നിക്ഷേപങ്ങളെയും ചെലവുകളെയും അടിസ്ഥാനപ്പെടുത്തി കിഴിവുകൾ ലഭ്യമാണ്. 80 സി, 80 സിസിഡി, 80 ഡി, 80 ഇ, 80 ജി, 80 ടിടിഎ, 80 ടിടിബി മുതലായ വകുപ്പുകളനുസരിച്ച് വിവിധങ്ങളായ കിഴിവുകൾ മൊത്ത വരുമാനത്തിൽനിന്നും ലഭ്യമാണ്.

ഈ പറഞ്ഞ കിഴിവുകൾക്ക് മുന്പുള്ള വരുമാനമാണ് റിട്ടേണ്‍ ഫയൽ ചെയ്യണമോ എന്ന് തീരുമാനിക്കുന്നത്. 60 വയസിൽ താഴെയുള്ളവർക്ക് 2,50,000 രൂപയിൽ കൂടുതൽ ആണെങ്കിൽ റിട്ടേണുകൾ ഫയൽ ചെയ്യുക. റിബേറ്റും കിഴിവുകളും എടുത്തു കഴിയുന്പോൾ നികുതിക്ക് വിധേയമായ തുക 2,50,000 രൂപയിൽ താഴെയാണു വരുന്നതെങ്കിൽ നികുതി അടയ്ക്കേണ്ട.
ഇത് ഒരു ഉദാഹരണം സഹിതം വ്യക്തമാക്കാം 60 വയസിൽ താഴെയുള്ള ഒരു വ്യക്തിക്ക് മൊത്തവരുമാനം അഞ്ചു ലക്ഷം രൂപയാണെന്ന് കരുതുക. ഇതിൽനിന്ന് അദ്ദേഹം ഒന്നര ലക്ഷം രൂപ പ്രൊവിഡന്‍റ് ഫണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. 20,000 രൂപ മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം അടച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വിദ്യാഭ്യാസവായ്പയുടെ പലിശയായും അടച്ചിട്ടുണ്ട് എന്നു വിചാരിക്കുക. അദ്ദേഹത്തിന് മൊത്തവരുമാനത്തിൽനിന്ന് 2,70,000 രൂപയുടെ കിഴിവ് ലഭിക്കും. അപ്പോൾ അദ്ദേഹത്തിന്‍റെ നികുതിക്ക് മുന്പുള്ള വരുമാനം 2,30,000 രൂപ മാത്രമാണ്. ഇത് അടിസ്ഥാന കിഴിവായ 2,50,000 രൂപയിൽ താഴെ ആയതുകൊണ്ട് നികുതിയില്ല. എങ്കിലും പ്രസ്തുത വ്യക്തി ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യണം.

2018- 2019 സാന്പത്തികവർഷം നികുതി അടയ്ക്കേണ്ടതില്ലാത്ത അടിസ്ഥാന വരുമാനം 60 വയസിൽ താഴെയുള്ളവർക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും 2,50,000 രൂപയാണ്. 60 വയസു മുതൽ 80 വയസുവരെയുള്ള മുതിർന്ന പൗരന്മാർക്ക് അടിസ്ഥാനകിഴിവ് മൂന്നു ലക്ഷം രൂപയാണ്. 80 വയസ് കഴിഞ്ഞ ഗ്രാൻഡ് സീനിയർ സിറ്റിസണ്‍സിന് നികുതിയില്ലാത്ത അടിസ്ഥാന വരുമാനം അഞ്ചു ലക്ഷം രൂപയാണ്. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന റിബേറ്റുകൾ ഇന്ത്യയിൽ റെസിഡന്‍റ് ആയിട്ടുള്ളവർക്ക് മാത്രമേ ലഭ്യമാകൂ. നോണ്‍ റെസിഡന്‍റ് ആയിട്ടുള്ളവർക്ക് 80 വയസ് കഴിഞ്ഞാലും നികുതിയില്ലാത്ത അടിസ്ഥാന വരുമാനം 2,50,000 രൂപ മാത്രമാണ്.

നികുതിക്ക് വിധേയമായ വരുമാനം ഇല്ലെങ്കിലും റിട്ടേണുകൾ സമർപ്പിക്കേണ്ട വേറെ ചില സാഹചര്യങ്ങൾകൂടി ഉണ്ട്.

ഇന്ത്യയിൽ റെസിഡന്‍റ് ആയിരിക്കുകയും ഇന്ത്യക്ക് വെളിയിലുള്ള ഏതെങ്കിലും രാജ്യത്ത് ഏതെങ്കിലും സ്വത്തിൻരെ ബെനിഫിഷ്യൽ ഓണർഷിപ്പോ യഥാർഥ ഉടമസ്ഥാവകാശമോ ഉണ്ടെങ്കിലും വിദേശബാങ്കുകളിൽ ഏതിലെങ്കിലും ചെക്ക് ഒപ്പിടുന്നതിനുള്ള അധികാരമുണ്ടെങ്കിലും വിദേശത്തുനിന്ന് എന്തെങ്കിലും വരുമാനം ലഭിച്ചിട്ടുണ്ടെങ്കിലും വിദേശത്ത് ഓഹരികളിലോ മ്യൂച്വൽഫണ്ടുകളിലോ നിക്ഷേപങ്ങൾ ഉണ്ടെങ്കിലും ഇന്ത്യയിൽ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യേണ്ടതുണ്ട്. ഇവിടെ വരുമാനം നികുതിക്ക് വിധേയമായവരുമാനത്തിൽ താഴെയാണുള്ളത് എന്നത് അപ്രസക്തമാണ്.

മേൽ പറഞ്ഞതുകൂടാതെ നിങ്ങൾക്ക് നികുതിയുടെ റീഫണ്ട് ലഭിക്കുന്നുണ്ടോ നിങ്ങൾക്ക് നികുതിക്ക് വിധേയമായ വരുമാനമില്ലെങ്കിലും ചില സാഹചര്യങ്ങളിൽ സ്രോതസിൽനിന്നും നികുതി പിടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവ തിരികെ ലഭിക്കണമെങ്കിൽ ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്താൽ മാത്രമെ നികുതികൊടുക്കേണ്ട വരുമാനം ഇല്ലെങ്കിൽപോലും റീഫണ്ട് തുക തിരിച്ചു ലഭിക്കൂ.

ചില തെറ്റിദ്ധാരണകൾ

നികുതിദായകരായ ശന്പളക്കാരുടെ ഇടയിലും റിട്ടയർ ചെയ്തവരുടെ ഇടയിലും നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകളുണ്ട്.
1) സ്രോതസിൽ നികുതി പിടിക്കുന്നതിനാൽ റിട്ടേണുകൾ പിന്നീട് ഫയൽ ചെയ്യേണ്ടതില്ല.
2) പലിശയുടെ നികുതി സ്രോതസിൽ പിടിച്ചതിനാൽ അവ വരുമാനത്തിൽ കൂട്ടേണ്ടതില്ല.
3) അഞ്ചു ലക്ഷം രൂപ വരെ നികുതിയിളവുണ്ട്.

മുതലായവയാണ് ഈ ധാരണകൾ. സ്രോതസിൽ പിടിക്കപ്പെട്ട നികുതി നിങ്ങളുടെ പേരിൽത്തന്നെ നിക്ഷേപിക്കപ്പെട്ടിട്ടുള്ള ഒരു നിക്ഷേപം പോലെ കരുതിയാൽ മതി. നിങ്ങൾക്ക് നികുതി വിധേയമായ വരുമാനമില്ലെങ്കിൽ അത് പലിശസഹിതം നിങ്ങൾക്കു തിരിച്ചുകിട്ടും. സ്രോതസിൽ പിടിച്ച നികുതി ഒരിക്കലും വരുമാനത്തിന്‍റെ അടച്ച നികുതിയായി കണക്കാക്കരുത്. റിട്ടേണ്‍ ഫയൽ ചെയ്യുന്പോൾ അവയിൽനിന്നും നിങ്ങൾ അടയ്ക്കേണ്ടതായ നികുതി വിനിയോഗിച്ചിട്ട് ബാക്കിതുക ഉണ്ടെങ്കിൽ അവ തിരിച്ചുതരും.

2018-19 സാന്പത്തികവർഷം അഞ്ചു ലക്ഷം രൂപവരെ നികുതിയിളവുള്ളത് 80 വയസുകഴിഞ്ഞ ഇന്ത്യൻ റെസിഡന്‍റ് ആയിട്ടുള്ള മുതിർന്നപൗരന്മാർക്കാണ്. അടുത്തവർഷം മുതൽ അഞ്ചു ലക്ഷം രൂപവരെ വരുമാനമുള്ള ഇന്ത്യൻ റെസിഡന്‍റ് ആയിട്ടുള്ളവർക്ക് നികുതിയിൽനിന്നും റിബേറ്റ് ലഭിക്കുന്നതിനാൽ നികുതി അടയ്ക്കേണ്ടതില്ല. പക്ഷേ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യണം.