ഭവന വായ്പ എടുക്കാൻ ഒന്നു കാത്തു നിൽക്കണോ
വായ്പ നിരക്കുകൾ കഴിഞ്ഞ വർഷം ഒന്നു കൂടിയെങ്കിൽ ഈ വർഷം കുറയാനുള്ള പ്രവണതകളാണ് കാണുന്നത്. ഈ സാന്പത്തിക വർഷത്തിൽ രണ്ടാമത്തെ തവണയാണ് ആർബിഐ റിപ്പോ റേറ്റ് കാൽശതമാനം വീതം കുറയ്ക്കുന്നത്. ആർബിഐ റേറ്റ് കുറച്ചാലും ബാങ്കുകൾ ഉപഭോക്താക്കളിലേക്ക് ഈ കുറവ് എത്തിക്കുന്നത് വളരെ പതിയെയാണ്. എന്നാൽ റീപ്പോ റേറ്റ് 5.75 ശതമാനത്തിലേക്ക് എത്തിയതിനാൽ ബാങ്കുകളും ഈ കുറവ് ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് സാധ്യത.

എസ്ബിഐ ആകട്ടെ ജൂലൈ ഒന്നുമുതൽ റിപ്പോ റേറ്റുമായി ബന്ധിപ്പിച്ചുള്ള ഭവന വായ്പ പദ്ധതിയും അവതരിപ്പിച്ചിരിക്കുകയാണ്. പലിശയിലെ കുറവ് ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് എസ്ബിഐയുടെ ഈ നീക്കം. അതുകൊണ്ടു തന്നെ മറ്റു ബാങ്കുകളെല്ലാം വരും ദിവസങ്ങളിൽ പലിശയിൽ കുറവു വരുത്തുമെന്നു തന്നെ പ്രതീക്ഷിക്കാം.

ഭവന വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർ പലിശകുറയ്ക്കുന്നതാരെന്ന് ശ്രദ്ധിച്ചിരിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. ഉചിതമായ നിരക്ക് വരുന്പോൾ വായ്പ എടുക്കാം. ജനുവരി മുതൽ മിക്ക ബാങ്കുകളും അവരുടെ ഒരു വർഷത്തെ എംസിഎൽആർ നിരക്ക് കുറയ്ക്കുന്നുണ്ട്. ഇപ്പോൾ റിപ്പോ റേറ്റ ്മുക്കാൽ ശതമാനത്തോളം ആർബിഐ കുറച്ച സ്ഥിതിക്ക് ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കാൻ നിർബന്ധിതരാകും.

എംസിഎൽആർ എങ്ങനെ പലിശ നിരക്കിനെ സ്വാധീനിക്കും

ഭവന വായ്പ എടുത്തിരിക്കുന്നത് ഒന്പത് ശതമാനം നിരക്കിലാണെന്നിരിക്കട്ടെ ഒരു ലക്ഷം രൂപയാണ് വായ്പ. കാലാവധി 15 വർഷവും. ഇഎംഐ 1,014 രൂപയായിരിക്കും. എംസിഎൽആർ നിരക്ക് ഒരു ശതമാനം കുറച്ചുവെന്നിരിക്കട്ടെ ഇഎംഐ 956 രൂപയിലേക്ക് എത്തും. ഇഎംഐയിൽ പ്രതിമാസം വരുന്നത് 58 രൂപയുടെ വ്യത്യാസമാണ്. കുറഞ്ഞ എംസിഎൽആർ നിരക്ക് ഭവന വായ്പ നിരക്കും കുറയ്ക്കും. ബാങ്കുകൾ കൃത്യമായ ഇടവേളകളിലാണ് എംസിഎൽആർ നിരക്കിൽ മാറ്റം വരുത്തുന്നത്. പൊതുവേ വർഷത്തിലൊന്നാണ് എംസിഎൽആർ നിരക്ക് വ്യത്യാസപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ ഇടയ്ക്കിടയ്ക്ക് പലിശ നിരക്ക് വ്യത്യാസപ്പെടുമല്ലോ എന്ന് ഓർക്കേണ്ടതില്ല.


ഭവന വായ്പയിലെ 30 മുതൽ 75 ലക്ഷം രൂപ വരെയുള്ള വിഭാഗത്തിൽ ശന്പളക്കാരായ വായ്പക്കാർക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 8.55 ശതമാനം നിരക്കിലാണ് വായ്പ നൽകുന്നത്. അലഹാബാദ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവയിൽ 8.6 ശതമാനമാണ് നിരക്ക്. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, പിഎൻബി, യൂണിയൻ ബാങ്ക് എന്നിവടങ്ങളിൽ 8.7 ശതമാനമാണ് നിരക്ക്.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നീ ബാങ്കുകളിൽ 8.85 ശതമാനം മുതൽ 9.15 ശതമാനം വരെയാണ് നിരക്ക്.

എന്താണ് ചെയ്യേണ്ടത്

ബാങ്കുകൾ പലിശ കുറയ്ക്കുന്നുണ്ടോ എന്നത് ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ ബാങ്കുകളുടെ എംസിഎൽആർ നിരക്ക് മാത്രം ശ്രദ്ധിച്ചാൽ പോര. ശരിയായ പലിശ നിരക്ക് എത്രയായിരിക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. റിസ്ക്, ശന്പളം തുടങ്ങിയ ഘടകങ്ങൾക്കനുസരിച്ച് പലിശ നിരക്കിൽ മാറ്റം വരാം. എംസിഎൽആർ എന്നത് അതതു ബാങ്കുമായി ബന്ധപ്പെട്ടതായതിനാൽ അത് കൂട്ടാനും കുറയ്ക്കാനുമുള്ള അവകാശം ബാങ്കുകൾക്കാണ്.ചിലപ്പോൾ വായ്പ അനുവദിക്കുന്ന സമയത്ത് ഇത് കൂട്ടിയെന്നു വരാം.ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം കൃത്യമായി തിരിച്ചടവ് നടത്തുക എന്നതാണ്. കൃത്യമായി എത്രയും വേഗം തിരിച്ചടവ് നടത്തി വീട് സ്വന്തമാക്കിയാൽ മാത്രമേ പൂർണമായ സന്തോഷത്തിലേക്ക് എത്താൻ സാധിക്കു.

നിലവിലെ വായ്പക്കാർ ഉയർന്ന പലിശയാണ് നൽകിക്കൊണ്ടിരിക്കുന്നതെങ്കിൽ പലിശ കുവുള്ള ബാങ്കിലേക്ക് വായ്പയെ മാറ്റാനുള്ള സൗകര്യമുണ്ട്. പലിശ നിരക്കിൽ കാര്യമായ കുറവ് ലഭിക്കുന്നുണ്ടെങ്കിലും വായ്പ തിരിച്ചടവിന് ദീർഘനാളുണ്ടെങ്കലും മാത്രം ഇത്തരമൊരു അവസരം പ്രയോജനപ്പെടുത്തിയാൽ മതി.