ലൈഫ് ഇൻഷുറൻസ് പോളിസി ഈടിന്മേൽ വായ്പ എടുക്കാം
ജീവിതത്തിന്‍റെ മധ്യകാലത്തിലൂടെ കടന്നുപോകുന്നവരിൽ കടമെടുക്കാത്തവർ ആരുംതന്നെയുണ്ടാവില്ല. ഹൃസ്വകാലത്തിലോ ദീർഘകാലത്തിലോ ഉള്ള കടങ്ങൾ ആവശ്യം വരും. കടങ്ങളിൽതന്നെ ആസ്തി സൃഷ്ടിക്കാനുതകുന്ന കടങ്ങളും മറ്റ് അത്യാവശ്യച്ചെലവുകൾക്കായി എടുക്കുന്ന ഹൃസ്വകാല കടങ്ങളുമുണ്ട്. വായ്പ എടുക്കുന്നതിന് ഈടു നൽകേണ്ടതായി വരും. അതു ഭാവി ശന്പളമോ വസ്തുവകകളോ സ്വർണമോ ഒക്കെയാകും. (കഴിയുന്നതും ഹൃസ്വകാല വായ്പ എടുക്കാതിരിക്കുക. ആസ്തി സൃഷ്ടിക്കുന്നതിനുള്ള കടമെടുക്കുക. ഇത് പണപ്പെരുപ്പത്തെ ഒരു പരിധിവരെ നേരിടാൻ സഹായിക്കും.)

എന്നാൽ ഈ കാലഘട്ടത്തിൽ കടമെടുക്കാതെ പലപ്പോഴും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതെ വരും. പലപ്പോഴും ബ്രിഡ്ജ് വായ്പകൾ വേണ്ടി വരും. ഇങ്ങനെ അത്യാവശ്യ സമയത്ത് കടമെടുക്കാൻ ഈടിനു ഉപകരിക്കുന്ന ഉപകരണമാണ് ലൈഫ് ഇൻഷുറൻസ് പോളിസി.

മിക്ക ഇൻഷുറൻസ് കന്പനികളും ഇൻഷുറൻസ് പോളിസിയുടെ അടിസ്ഥാനത്തിൽ ലോണ്‍ സൗകര്യമൊരുക്കുന്നുണ്ട്. അതിനുപുറമേ ബാങ്കിംഗേതര ധകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ഇത്തരം വായ്പ നൽകുന്നുണ്ട്. ഇങ്ങനെ വായ്പ എടുക്കുന്പോൾ ഒരു കാര്യം കൂടി ചെയ്യുക. എടുക്കുന്ന വായ്പത്തുകയ്ക്കു കൂടി കവറേജ് ഒരുക്കുക.

1. ഏതു തരത്തിലുള്ള പോളിസിയായിരിക്കണം
ശ്രദ്ധിക്കേണ്ട ഒരുകാര്യം എല്ലാ പോളിസികൾക്കും ഇത്തരത്തിൽ വായ്പ സൗകര്യം ഉണ്ടായിരിക്കില്ല. യുലിപ്, എൻഡോവ്മെന്‍റ് പ്ലാനുകൾ, കുറഞ്ഞതു മൂന്നു വർഷത്തേക്കെങ്കിലും പ്രീമിയം അടയ്ക്കേണ്ടി വരുന്ന പോളിസികൾ എന്നിവയ്ക്ക് വായ്പ ലഭിക്കും. ടേം ഇൻഷുറൻസ് പോളിസികൾക്ക് വായ്പ ലഭിക്കില്ല. കാരണം അവയ്ക്ക് സറണ്ടർ വാല്യു ഇല്ല. വായ്പ എടുക്കാനുദ്ദേശിക്കുന്നുണ്ടെങ്കിൽ ഈ പോളിസിക്ക് വായ്പ ലഭിക്കുമോ, ഏത് സ്ഥാപനത്തിൽ നിന്നു ലഭിക്കും എന്നീ കാര്യങ്ങൾ ഇൻഷുറൻസ് കന്പനിയുമായി സംസാരിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.

2. സിബിൽ സ്കോർ
വായ്പ അനുവദിക്കുന്നതിനു മുന്പ് വായ്പ നൽകുന്ന സ്ഥാപനം അപേക്ഷകന്‍റെ സിബിൽ സ്കോർ പരിശോധിക്കും.

3. വായ്പ പലിശ നിരക്ക്
ലൈഫ് ഇൻഷുറൻസ് അടിസ്ഥാനമാക്കിയുള്ള വായ്പകൾക്ക് 10 ശതമാനം മുതൽ 12 ശതമാനം വരെ പലിശ ഈടാക്കും.

4. രേഖകൾ
വായ്പക്കാരൻ നിലവിൽ ഉപഭോക്താവായതുകൊണ്ട് കുറച്ചു രേഖകളെ ആവശ്യമായി വരികയുള്ളു. അത് എന്തൊക്കെയാണെന്നുള്ളത് വായ്പ നൽകുന്ന സ്ഥാപനത്തോട് ചോദിച്ച് മനസിലാക്കേണ്ടതുണ്ട്.

5. വായ്പ തുക
ഏതു പോളിസിയാണ്, എത്ര വർഷം പ്രീമിയം അടച്ചു, പോളിസിയുടെ ശേഷിക്കുന്ന കാലാവധി എന്നിവയെല്ലാം പരിഗണിച്ചാണ് വായ്പത്തുക തീരുമാനിക്കുന്നത്. മികച്ച പോളിസിയാണെങ്കിൽ 25 ലക്ഷം രൂപവരെ വായ്പ ലഭിക്കും. യുലിപ് പോലുള്ള പദ്ധതികളാണെങ്കിൽ (70 ശതമാനത്തിന് മുകളിൽ ഇക്വിറ്റിയിലാണ് നിക്ഷേപിച്ചിരിക്കുന്നതെങ്കിൽ) ഫണ്ട് മൂല്യത്തിന്‍റെ 30 ശതമാനം വായ്പയായി ലഭിക്കും. പരന്പരാഗത പോളിസികളാണെങ്കിൽ സറണ്ടർവാല്യുവിന്‍റെ 80- 90 ശതമാനം വരെ വായ്പ ലഭിക്കും.

6. തിരിച്ചടവ്
പോളസി ഉടമ വായ്പ തുക തിരിച്ചടച്ചില്ലെങ്കിൽ വായ്പത്തുകയും പലിശയും ഡെത്ത് ബെനഫിറ്റിൽ നിന്നും പിടിക്കും. സറണ്ടർ വാല്യുവിന് തുല്ല്യമാണ് ഇനി അടയ്ക്കാനുള്ള പ്രീമിയവും പലിശത്തുകയുമെങ്കിൽ പോളിസി റദ്ദാകും. വായ്പ തുകയുടെ തിരിച്ചടവ് സാധാരണ വായ്പകളുടേതുപോലെ തന്നെ തുല്യ പ്രതിമാസ ഗഡുക്കളായി (ഇഎംഐ) അടച്ചാൽ മതി.


7. പ്രീമിയം
വായ്പ എടുത്തു കഴിഞ്ഞും ഉപഭോക്താവ് പ്രീമിയം കൃത്യമായി അടയ്ക്കണം അല്ലെങ്കിൽ കന്പനി പോളിസി റദ്ദ് ചെയ്യും.

8. സറണ്ടർ വാല്യു
ടേം പ്ലാനുകൾ ഇത്തരം വായ്പകൾ അനുവദിക്കാത്തതിനു കാരണം അവയ്ക്ക് ലൈഫ് ഇൻഷുറൻസ് പോളിസികളെപ്പോലെ സറണ്ടർ വാല്യു ഇല്ല എന്നുള്ളതുകൊണ്ടാണ്. മച്യൂരിറ്റി കാലാവധി പൂർത്തിയാക്കുന്നതിനു മുന്പ് പോളിസി ഉടമ പോളിസി അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ കന്പനി നൽകുന്ന തുകയാണ് സറണ്ടർ വാല്യു. കൃത്യമായ ഇടവേളകളിൽ പ്രീമിയം അടയ്ക്കേണ്ട പോളിസിയാണെങ്കിൽ മൂന്നു വർഷം പ്രീമിയം അടച്ചിട്ടുണ്ടെങ്കിൽ മാത്രമേ സറണ്ടർ വാല്യു ലഭിക്കു. സറണ്ടർ വാല്യുവിലേക്ക് പോളിസി എത്തിയെങ്കിൽ മാത്രമേ വായ്പ അനുവദിക്കുകയുള്ളു.

9. ചാർജുകൾ
പ്രോസസിംഗ് ഫീസായി ചെറിയൊരു തുക ഈടാക്കും

10. ഡീഡ് ഓഫ് അസൈൻമെന്‍റ്
ഇത് ലൈഫ് ഇൻഷുറൻസ ്പോളിസി അനുവദിച്ചിരിക്കുന്നത് ഏത് വായ്പ സ്ഥാപനം അല്ലെങ്കിൽ ഇൻഷുറൻസ് കന്പനി എന്നത് വ്യക്തമാക്കാനുള്ള രേഖയാണ്. കൃത്യമായൊരു രൂപം ഇതിനായി നിർദേശിച്ചിട്ടുണ്ട്. ഈ ഫോർമാറ്റിൽ വേണം ഉപഭോക്താവ് ഡീഡ് ഓഫ് അസൈൻമെന്‍റ് സമർപ്പിക്കാൻ. ഇത് എപ്രകരാമായിരിക്കണം എന്തൊക്കെ വിവരങ്ങൾ നൽകണം എന്നത് സംബന്ധിച്ച വിവരങ്ങൾ ഒറിജിനൽ പോളിസി രേഖയിൽ നൽകിയിട്ടുണ്ടാകും.

11. എങ്ങനെ വായ്പയ്ക്കായി അപേക്ഷിക്കാം
ലൈഫ് ഇൻഷുറൻസ് പോളിസി എപ്രകാരമുള്ളതാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് വായ്പയ്ക്കുള്ള അപേക്ഷ നിശ്ചയിക്കുന്നത്. ഇൻഷുറൻസ് കന്പനിയിൽ നിന്നും ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭിക്കും.

അപേക്ഷ ഫോം, ഒറിജിനൽ ഇൻഷുറൻസ് പോളിസി രേഖ, പ്രീമിയം അടച്ചതിന്‍റെ ഏറ്റവും പുതിയ രേഖ, ഡീഡ് ഓഫ് അസൈമൻമെന്‍റ് ഇത്രയും രേഖകൾ അപേക്ഷ സമർപ്പിക്കാനാവശ്യമാണ്.

ദോഷങ്ങൾ

കുറഞ്ഞ പലിശ നിരക്ക്, പെട്ടന്ന് ലഭിക്കും തുടങ്ങിയ നേട്ടങ്ങൾ ലൈഫ് ഇൻഷുറൻസ് പോളിസി അടിസ്ഥാനമാക്കി വായ്പ എടുക്കുന്പോഴുണ്ടെങ്കിലും മറ്റു വഴികളൊന്നുമില്ലാതെ വരുന്പോൾ, ഏറ്റവും അവസാനത്തെ ഓപ്ഷനായി മാത്രം പോളിസി ഉപയോഗിക്കുക. കാരണം ലൈഫ് ഇൻഷുറൻസ് പോളിസിയുടെ പ്രാഥമിക ലക്ഷ്യം വ്യക്തിക്കും കുടുംബത്തിനും സുരക്ഷിതത്വം നൽകുക എന്നുള്ളതാണ്. അപ്രതീക്ഷിതമായി പോളിസി ഉടമ മരിച്ചാൽ ഡെത്ത് ബെനഫിറ്റ ്കുടുംബത്തിന് ലഭിക്കും. ഫണ്ടു മൂല്യവും ലഭിക്കും. അതും സാന്പത്തികമായ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ കുടുംബത്തിന് കഴിയും.

എന്നാൽ ഒരു വായ്പ എടുത്തു എന്നിരിക്കട്ടെ. തിരിച്ചടവു സാധിക്കാതെ പോളിസി ഉടമ മരിച്ചാൽ സം അഷ്വേഡ് തുക, ഫണ്ട് മൂല്യം എന്നിവയിൽനിന്നു വായ്പത്തുകയും പലിശയും പിടിച്ചതിനുശേഷമുള്ള തുകയെ കുടുംബത്തിന് ലഭിക്കുകയുള്ളു. ചിലപ്പോഴത് വളരെ കുറഞ്ഞ തുകയായിപ്പോകും. താനില്ലാതായാലും കുടംബം സുരക്ഷിതമായിരിക്കണമെന്ന ലക്ഷ്യം ഇവിടെ ഇല്ലാതാകുന്നു.

അതുകൊണ്ട് ഏറ്റവും ഒഴിച്ചുകൂടാനാകത്ത അവസ്ഥയിൽ അവസാനത്തെ ഓപ്ഷനായി മാ്രത്രം ഇൻഷുറൻസ് പോളിസി വായ്പയുടെ സാധ്യത തിരയാവൂ.