നല്ലൊരു നിക്ഷേപശേഖരം സൃഷ്ടിക്കാം
തെരഞ്ഞെടുപ്പിന് മുൻപുള്ള അനിശ്ചിതത്വമാണല്ലോ നിലനിൽക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള ചിത്രം വ്യക്തമായാൽ വിപണി മുന്നേറ്റം തുടരുവാനാണ് സാധ്യത. റെക്കോർഡുകൾ ഭേദിച്ച് അത് മുന്നേറാതിരിക്കില്ല. അടുത്തവർഷം 2019ൽ നിഫ്റ്റി 9250 -14250 റേഞ്ചിലായിരിക്കുമെന്ന് ചിന്തിക്കുന്നവരുണ്ട്.

വിപണിയിൽ തിരുത്തലുണ്ടാകുന്പോൾ അത് അത്രകണ്ട് ആകർഷകമാവുകയാണല്ലോ. മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ചാണ് നാമിപ്പോൾ ചിന്തിക്കേണ്ടത്. വലിയ തോതിലുള്ള മുന്നേറ്റം വരാതിരിക്കില്ല. ഒരു സുവർണകാലം ഇനിയും ഉണ്ടാകാതെയുമിരിക്കില്ല. ലോകത്ത് അതിവേഗം വളരുന്ന ഒരു സന്പദ്ഘടനയായി നാം തുടരും.

പോർട്ട്ഫോളിയോ എന്ന പദംകൊണ്ട് സാധാരണ വിവക്ഷിക്കുന്നത് വിവിധയിനം സന്പാദ്യങ്ങളാണ്. ഓഹരി, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ സ്വർണ നിക്ഷേപം തുടങ്ങിയവയുടെ കൂട്ടം. നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള പോർട്ട്ഫോളിയോ സാന്പത്തിക വിദഗ്ദ്ധരാണ് കൈകാര്യം ചെയ്യുക.

ഓഹരി വിപണിയിലെ പോർട്ട്ഫോളിയോ

നിങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകളുടെയും ഷെയറുകളുടെയും സമുച്ചയത്തെയാണ് ഓഹരി പോർട്ട്ഫോളിയോ എന്നു പറയുന്നത്. ഭാരതത്തിലെ ഏറ്റവും വലിയ ഓഹരി നിക്ഷേപകനായ ജുൻജുൻവാലയ്ക്ക് ഒത്തിരിയേറെ ഓഹരികളും ഷെയറുകളുമുണ്ട്. അവയിൽ കുറച്ച് താഴെ കൊടുത്തിരിക്കുന്നു.

റാലിസ് ഇന്ത്യ, എസ്കോർട്സ്, ജിയോജിത്, ക്രിസിൽ, കരൂർ വൈശ്യ ബാങ്ക്, ലുപിൻ, ഡിബി റിയാലിറ്റി, സ്പൈസ് ജെറ്റ്, ജയപ്രകാശ് അസോസിയേറ്റ്സ്.... ഇങ്ങനെയുള്ള മുപ്പതോളം കന്പനികളുടെ ഓഹരികൾ കൈവശം വച്ചിരിക്കുന്നു.

ഓഹരി നിക്ഷേപം ഒന്നിൽ മാത്രമായി ഒതുക്കരുത്. ആ കന്പനി തകർന്നാൽ നിങ്ങളുടെ നിക്ഷേപം ഇടിയുമല്ലോ. അത് ഒരു മേഖലയിൽ മാത്രമായി ചുരുക്കാനും പാടില്ല. കാരണം ആ മേഖലയിലാണ് ഇടിവെങ്കിൽ നിങ്ങൾക്ക് നഷ്ടം സംഭവിക്കും. വിവിധ മേഖലകളെ പ്രതിനിധാനം ചെയ്തുള്ള ഓഹരികൾ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഉണ്ടായിരിക്കണം. ഒന്നിലല്ലെങ്കിൽ മറ്റൊന്നിൽ ഉയർച്ച വരാതിരിക്കില്ല. അങ്ങനെ ലാഭകരമായി തുടരാനാകും.

ഓഹരി വിപണിയിൽ പല സെക്ടറുകളുമുണ്ടല്ലോ.
1. ഐടി
2. റിയൽറ്റി
3 മെറ്റൽ, മൈനിംഗ്
4. ഓട്ടോമൊബൈൽ
5. ടുബാക്കോ
6. എനർജി
7. ഹെൽത്ത് കെയർ
8. ടെലികോം
9. കെമിക്കൽസ്
10. കണ്‍സ്യൂമബിൾസ്
11. മീഡിയ
12. ഓയിൽ ആൻഡ് ഗ്യാസ്
13. ഫാർമസ്യൂട്ടിക്കൽസ്
14. ബാങ്കിംഗ്
15. സിമന്‍റ് ആൻഡ് കണ്‍സ്ട്രക്ഷൻ
16. എൻജിനീയറിംഗ് ആൻഡ് കാപ്പിറ്റൽ ഗുഡ്സ്
17. യൂട്ടിലിറ്റീസ്
18. ഫുഡ് ആൻഡ് ബിവറേജ്
ഈ സെക്ടറുകളിലുള്ള ഏതെങ്കിലും ഒന്നിൽ മാത്രമായി നിക്ഷേപം ഒതുങ്ങരുത്. ഒരു മേഖലയിൽ അല്ലെങ്കിൽ മറ്റൊരു മേഖലയിൽ നിക്ഷേപാവസരങ്ങൾ ഉണ്ടാകും. വില താഴ്ന്നിരിക്കും. ഒരു മേഖലയിൽ അല്ലെങ്കിൽ മറ്റൊന്നിൽ ലാഭമെടുപ്പ് നടത്താനുമാകും.
ഇപ്പോഴത്തെ സ്ഥിതിവച്ച് നമുക്ക് ഒരു പരിശോധന നടത്താം.
ഉദാഹരണത്തിന് ഓട്ടോമൊബൈൽ സെക്ടറിലെ കന്പനികളുടെ വില താഴ്ന്നിരിക്കുകയാണ്. ഉദാഹരണം ടാറ്റ മോട്ടോർ.

റിയൽറ്റിയും താണുതന്നെ. ഇന്ത്യ ബുൾസ് റിയൽ എസ്റ്റേറ്റ് ഉദാഹരണമാണ്.
പൊതുവേ ഫാർമസ്യൂട്ടിൽ കന്പനികൾ ഇപ്പോൾ താഴ്ന്നാണ് നിൽക്കുന്നത്. സണ്‍ ഫാർമ, ലുപിൻ എന്നിവയെല്ലാം വലുതായി ഉയർന്നിട്ടില്ല. അതിന് വേറെ കാരണങ്ങളാണുള്ളത്.
പല കാരണങ്ങൾകൊണ്ടും എസ്ബിഐ, പി.എൻ.ബി മുതലായ പൊതുമേഖലാ ബാങ്കുകളും ഐസിഐസിഐ, യെസ് ബാങ്ക്, എസ്ഐബി മുതലായ പ്രൈവറ്റ് ബാങ്കുകളുടെ ഷെയറുകളും താഴ്ന്ന നിലയിലാണ്.

ക്രൂഡ് ഓയിൽ വില കൂടിയതുകൊണ്ട് കുറച്ചു മുൻപുവരെ ഐഒസി, എച്ച്പിസിഎൽ, ബിപിസിഎൽ തുടങ്ങിയ ഓയിൽ കന്പനികളുടെ വില താണിരിക്കുകയായിരുന്നു.
ഇറക്കുമതിയിൽ ഏർപ്പെട്ടിരിക്കുന്ന കന്പനികളുടെയെല്ലാം ഓഹരി വില ഈയിടയ്ക്ക് ഇടിഞ്ഞു. എണ്ണ, ജെംസ്, കംപ്യൂട്ടേഴ്സ്, ഇലക്ട്രിക്കൽ എക്വിപ്മെന്‍റ്, ഓർഗാനിക് കെമിക്കൽസ്, പ്ലാസ്റ്റിക്, ഇരുന്പും സ്റ്റീലും, ഒപ്റ്റിക്കൽ സാധനങ്ങൾ ഇവയെല്ലാമാണ് നാം ഇറക്കുമതി ചെയ്യുന്നത്. അതുമായി ബന്ധപ്പെട്ട കന്പനികളുടെ വില കുറഞ്ഞല്ലോ.


കയറ്റുമതി ചെയ്യുന്ന കന്പനികളുടെ വിലകൂടി - അവർക്ക് ഡോളറിൽ ലഭിക്കുന്ന പണം രൂപയാകുന്പോൾ കൂടുതൽ ലഭിക്കുന്നതാണ് കാരണം. ഫാർമ കന്പനികൾ കയറ്റുമതി ചെയ്യുന്നവയാണ്.

ഐ.ടി കന്പനികളായ ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ കന്പനികളും ഈ കാലഘട്ടത്തിൽ രൂപയുടെ വിലയിടിഞ്ഞതുകൊണ്ട് നേട്ടമുണ്ടാക്കി.
പലിശ നിരക്കിലെ വർധന റിയൽ എസ്റ്റേറ്റ്, ഹൗസിംഗ് ഫിനാൻസ് തുടങ്ങിയ കന്പനികളെ പ്രതികൂലമായി ബാധിച്ചു. പലിശ നിരക്കു കുറയ്ക്കുന്പോൾ അവയെല്ലാം ലാഭത്തിലാവുകയും ചെയ്യും.

ഇതെല്ലാം ചൂണ്ടിക്കാണിച്ചത് ഏതൊരു കാലഘട്ടത്തിലും കുറെ കന്പനികൾക്ക് ലാഭവും കുറച്ച് കന്പനികൾക്ക് നഷ്ടവും ആനുപാതികമായി ഉണ്ടാകും എന്ന് ചൂണ്ടിക്കാണിക്കാനാണ്.
വില കൂടി നിൽക്കുന്നവ: ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര
കുറഞ്ഞത്: ഓയിൽ കന്പനികൾ, റിയൽ എസ്റ്റേറ്റ്, കാർ കന്പനികൾ
ഫാർമസ്യൂട്ടിക്കൽ കന്പനികൾ ശരാശരി നിലനിർത്തുകയാണ്.

വൈവിധ്യമാർന്ന ഓഹരികൾ വേണം
മുൻപ് വിശദമാക്കിയതിൽ നിന്ന് ഇക്കാര്യം വ്യക്തമായിരിക്കുമല്ലോ. ഏതൊരു പ്രത്യേക കാലഘട്ടത്തിലും നേട്ടം നൽകുന്ന ഷെയറുകൾ വേണം. അതു വിറ്റു ലാഭമുണ്ടാക്കാം. താഴ്ന്നുനിൽക്കുന്നവയുടെ വില ഉയരാനായി കാത്തിരിക്കാം. എല്ലാക്കാലത്തും രൂപയുടെ മൂല്യം ഒരേപോലെ ആയിരിക്കില്ലല്ലോ. എണ്ണയുടെ വിലയും താഴാം. കൂടാം. പലിശ നിരക്കും അതുപോലെ തന്നെ കൂടാം, കുറയാം. പലിശ നിരക്ക് കുറയുന്പോൾ റിയൽ എസ്റ്റേറ്റ്, ഹൗസിംഗ് ഫിനാൻസ് എന്നിവയുടെ ഓഹരിവില കൂടും.

നിങ്ങളുടെ പോർട്ട്ഫോളിയോ
വിശദമായി പഠിച്ച് തീരുമാനിക്കേണ്ട ഒന്നാണിത്. ഒന്നോ രണ്ടോ ഷെയറുകളിൽ മാത്രമായി നിക്ഷേപം ചുരുങ്ങരുതെന്ന് പറഞ്ഞല്ലോ.
ബ്ലൂചിപ് കന്പനികളായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. കുറച്ച് സെക്ടറുകളിലെ കന്പനികളെ തെരഞ്ഞെടുക്കാം.
1. ഐടി - ടിസിഎസ് അല്ലെങ്കിൽ ഇൻഫോസിസ് / വിപ്രോ / ടെക് മഹീന്ദ്ര / എച്ച്.സി.എൽ ടെക് - ഒന്നോ രണ്ടോ.
2. റിയൽറ്റി - ഇന്ത്യ ബുൾ റിയൽ എസ്റ്റേറ്റ് - ഡിഎൽഎഫ്
3. മെറ്റൽ - ടാറ്റ സ്റ്റീൽ - ഹിൻഡാൽകോ - ഒന്ന്
4. ഓട്ടോമൊബൈൽ - ടാറ്റ മോട്ടോർ, മാരുതി ഹീറോ ഹോണ്ട... ഒന്ന്
5. കണ്‍സ്യൂമബിൾസ് - ഐടിസി, എച്ച്.യു.എൽ, ബർജർ പെയിന്‍റ് - ഒന്ന്
6. ഓയിൽ ആൻഡ് ഗ്യാസ് - ഐഒസി, ബിപിസിഎൽ, ആർഐഎൽ - ഒന്ന്
7. ഫാർമ - സണ്‍ഫാർമ, ലുപിൻ, ഡോ. റെഡ്ഡീസ് - ഒന്ന്
8. ഫുഡ് ആൻഡ് ബിവറേജസ് - താജ് ജിവികെ ഹോട്ടൽസ്, ടാറ്റ ബിവറേജസ്,
9. ബാങ്ക്- എസ്ബിഐ, പിഎൻബി, എസ്ഐബി - ഒന്ന്

വേറെയും സെക്ടറുകൾ ഉൾപ്പെടുത്താം. നിങ്ങളുടെ പോർട്ട് ഫോളിയോയിൽ പത്തോ പതിനഞ്ചോ ഇരുപതോ കന്പനികൾ ഉണ്ടാകാം. രണ്ടോ, മൂന്നോ വർഷംകൊണ്ടേ പോർട്ട്ഫോളിയോ തികയ്ക്കാവൂ. ഓരോ ഓഹരി നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്പോൾ അത് താഴ്ന്ന നിലവാരത്തിലായിരിക്കണമല്ലോ. ഈ സമയത്താണ് പോർട്ട്ഫോളിയോ തുടങ്ങുന്നതെങ്കിൽ ഇപ്പോൾ വിലകുറഞ്ഞിരിക്കുന്ന സെക്ടറുകളിലെ ഏറ്റവും അനുയോജ്യമായവ ഉൾപ്പെടുത്തുക. കാർ കന്പനികളിൽ ഒന്നാകാം. റിയൽ എസ്റ്റേറ്റിൽ നിന്നും ഒരെണ്ണമെടുക്കാം. ഓയിൽ കന്പനികളിൽ ഒന്ന്, ഫാർമ ഒന്ന്, ഹോട്ടൽ കന്പനി ഒന്ന്... ഓരോന്നിന്‍റേയും വില താഴ്ന്നിരിക്കണം. കുറച്ചു കഴിയുന്പോൾ മറ്റു പല സെക്ടറുകളുടേയും വില കുറഞ്ഞേക്കാം. അപ്പോൾ അവയിൽ നിന്ന് ഓരോന്ന് അനുയോജ്യമായി തെരഞ്ഞെടുക്കുക. ഒരഞ്ചു വർഷംകൊണ്ട് പോർട്ട്ഫോളിയോ പൂർത്തീകരിക്കുക.

പ്രൊ​ഫ.​പി.​എ വ​ർ​ഗീ​സ്
ഇ-​മെ​യി​ൽ: [email protected]
മൊബൈൽ: 9895471704