ബേനാമി പേരിൽ സ്വത്തുക്കൾ സന്പാദിച്ചാൽ!
കള്ളപ്പണം തടയുന്നതിനു ഗവണ്‍മെന്‍റ് ഓരോ കാലത്തും പല നടപടികളും പദ്ധതികളുമൊക്കെ പ്രഖ്യാപിക്കാറുണ്ട്. മോദി സർക്കാരും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. കള്ളപ്പണത്തിനെതിരേ പല നടപടികളും ഗവണ്‍മെന്‍റ് സ്വീകരിച്ചു.

ബ്ലാക്ക്മണി (അണ്‍ ഡിസ്ക്ലോസ്ഡ് ഫോറിൻ ഇൻകം ആൻഡ് അസറ്റ്സ്) ആൻഡ് ഇന്പോസിഷൻ ഓഫ് ടാക്സ് ആക്ട്, ഇൻകം ഡിസ്ക്ലോഷർ സ്കീം 2016, നോട്ടു നിരോധനം, പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന എന്നിവയും മണി ലോണ്ടറിംഗ് ആക്ടിൽ വരുത്തിയ മാറ്റങ്ങളും എല്ലാം കള്ളപ്പണത്തിന്‍റെ വ്യാപനം തടയാൻ ഉദ്ദേശിച്ചുള്ളതാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമഭേദഗതി ആണ് ബേനാമി ട്രാൻസാക്ഷൻസ് (പ്രൊഹിബിഷൻ) അമൻഡ്മെന്‍റ് ആക്ട് 2016.

നോട്ടുനിരോധനത്തിന്‍റെ സമയത്തുതന്നെ ഈ നിയമവും നിലവിൽ വന്നിരുന്നു. ബേനാമി പേരിൽ സ്വത്തുക്കൾ സന്പാദിക്കുന്നതു തടയുക ആണ് ഈ നിയമംകൊണ്ട് ഉദ്ദേശിക്കുന്നത്.
ബേനാമി എന്ന പദം യഥാർഥത്തിൽ ഒരു പേർഷ്യൻ വാക്കാണ്. ബേ’’ എന്നാൽ ഇല്ലാത്തത് എന്നും നാമ്’ എന്നാൽ പേരും എന്നത് കൂട്ടിച്ചേർത്ത് ബേനാമി’ എന്നാൽ പേരില്ലാത്തത് എന്നാണ് അർത്ഥമാക്കുന്നത്. ഹിന്ദിയിലും ബേനാമി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് പേരില്ലാത്തത് എന്നാണ്. അതായത്, ആക്ട് കൊണ്ടു വിവക്ഷിക്കുന്നത് സ്വന്തമായ പേരില്ലാത്തത് എന്നാണ്. ബേനാമി ഇടപാട് എന്നുവച്ചാൽ പ്രതിഫലം കൊടുക്കുന്ന ആളുടെ പേരിലായിരിക്കില്ല സ്വത്തുക്കൾ എഴുതുന്നത്. ഭൂസ്വത്തുക്കൾ ആണെങ്കിൽ ഭൂമിയുടെ വില കൊടുക്കുന്ന ആളിന്‍റെ പേരിലായിരിക്കില്ല ആധാരം എഴുതുന്നത്.

പണം കൊടുക്കുന്ന ആളെ ബെനിഫിഷൽ ഓണർ എന്നും ആധാരം ആരുടെ പേരിലാണോ രജിസ്റ്റർ ചെയ്യുന്നത് ആ വ്യക്തിയെ ബേനാമി ദാർ എന്നുമാണ് ആക്ടിൽ നിർവചിച്ചിരിക്കുന്നത്.
മേൽപ്പറഞ്ഞതിന് ചില ഒഴിവുകളുണ്ട്. എല്ലാ സാഹചര്യങ്ങളിലും ഇത് ബേനാമി ഇടപാട് ആയി പരിഗണിക്കില്ല. ഹിന്ദു അവിഭക്ത കുടുംബം ആണെങ്കിൽ അതിലെ കർത്തായോ ഏതെങ്കിലും അംഗമോ ആയിരിക്കും പണം മുടക്കുന്നത്. പക്ഷേ സ്വത്തുക്കൾ മറ്റ് അംഗങ്ങളുടെ പേരിൽ ആയിരിക്കാമെന്നുകരുതി ഇത് ബേനാമി ഇടപാടല്ല. അതുപോലെതന്നെ ട്രസ്റ്റിന്‍റെ പേരിലുള്ള സ്വത്തുക്കൾക്കു പണം മുടക്കുന്നത് ട്രസ്റ്റി തന്നെയായിരിക്കും. ഇതും ബേനാമി ഇടപാടല്ല.
കൂടാതെ, വ്യക്തികൾ ഭാര്യയുടെയോ ഭർത്താവിന്‍റെയോ മക്കളുടെയോ പേരിൽ ഭൂസ്വത്തുക്കൾ എഴുതുകയും നിയമാനുസൃതമായ മാർഗത്തിലൂടെയുള്ള പണം കൊടുക്കുകയും ചെയ്യുന്ന ഇടപാടുകൾ ബേനാമി ഇടപാടുകളല്ല. വ്യക്തികൾ നിയമാനുസൃതമായ മാർഗത്തിലൂടെയുള്ള പണം ഉപയോഗിച്ച് സന്പാദിക്കുന്ന സ്വത്തുക്കൾക്ക് കൂട്ടുടമകളായി സഹോദരങ്ങളെയോ മക്കളെയോ ഉൾപ്പെടുത്തുന്നത് ബേനാമി ഇടപാടുകളായി കണക്കാക്കപ്പെടുകയില്ല.


എന്നാൽ ഇല്ലാത്ത പേരുകളിൽ സ്വത്തുക്കൾ സന്പാദിക്കുന്നത് ബേനാമി ഇടപാടാണ്. അല്ലെങ്കിൽ പ്രോപ്പർട്ടിയുടെ ഉടമസ്ഥൻ (ആരുടെ പേരിലാണോ പ്രോപ്പർട്ടി അദ്ദേഹത്തെ ഉടമസ്ഥൻ എന്നു വിളിക്കുന്നു) അറിഞ്ഞായിരിക്കില്ല അദ്ദേഹത്തിന്‍റ പേരിൽ സ്വത്തുക്കൾ മറ്റൊരാൾ സന്പാദിച്ചിരിക്കുന്നത്. ഇതെല്ലാം ബേനാമി ഇടപാടുകളാണ്.

ഇവിടെ ബേനാമി ദാർ അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്‍റേം പേരിൽ പ്രോപ്പർട്ടി സന്പാദിക്കുന്നു. പണം മുടക്കുന്നില്ലെന്നുമാത്രം. പ്രസ്തുത പ്രോപ്പർട്ടിയെ ബേനാമി പ്രോപ്പർട്ടി എന്നാണ് വിളിക്കുന്നത്.

ബേനാമി പേരിൽ സന്പാദിച്ചാൽ
1. ബേനാമി പേരിൽ സന്പാദിക്കുന്ന സ്വത്തുക്കൾ, അവ സ്ഥാവരവസ്തു ആയാലും,ജംഗമവസ്തു ആയാലും ഗവണ്‍മെന്‍റിനു കണ്ടുകെട്ടാം.

2. ബേനാമിദാർ പ്രസ്തുത പ്രോപ്പർട്ടി ബെനിഫിഷ്യൽ ഓണർക്ക് (പണം മുടക്കിയ വ്യക്തിക്ക്) തിരികെ എഴുതിക്കൊടുത്താലും ആ ഇടപാട് നിയമാനുസൃതമായിരിക്കില്ല. അത് അസാധു(വോയിഡ്) ആയിട്ടുള്ള ട്രാൻസാക്ഷൻ മാത്രമായിരിക്കും. ബേനാമിദാർക്ക് പ്രസ്തുത പ്രോപ്പർട്ടി വില്ക്കുന്നതിനോ ഇടപാട് നടത്തുന്നതിനോ അധികാരമുണ്ടായിരിക്കില്ല.
അധികാരമില്ലാത്ത സ്ഥിതിക്ക് ഇടപാടുകൾ നടത്തിയാൽ അതിനെ നിയമസാധുത ഇല്ലാത്ത (വോയ്ഡ്) ഇടപാടായി മാത്രമേ കാണാൻ സാധിക്കൂ.

3. ബേനാമി ഇടപാടുകളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് ഒരു വർഷം മുതൽ ഏഴു വർഷം വരെയുള്ള കഠിനതടവ് ലഭിക്കാവുന്നതാണ്. കൂടാതെ ഇടപാട് നടത്തിയ ബേനാമി പ്രോപ്പർട്ടിയുടെ മതിപ്പുവിലയുടെ 25 ശതമാനം വരെയുള്ള തുക പിഴയായി അടയ്ക്കേണ്ടതുമാണ്.

4. ബേനാമി പ്രോപ്പർട്ടിയിൽ പണം മുടക്കിയ ആൾക്ക് തിരികെ ലഭിക്കുന്നതിന് നിയമത്തിൽ വിലക്കുണ്ട്. വിലക്കിനെ മറികടന്ന് റീട്രാൻസ്ഫർ ചെയ്താൽ ഇടപാട് നിയമസാധുത ഇല്ലാത്തതായി കണക്കാക്കും.

5. ബേനാമി പ്രോപ്പർട്ടി ആണെന്നുതെളിഞ്ഞാൽ അത് ഗവണ്‍മെന്‍റിലേക്ക് കണ്ടുകെട്ടും. യാതൊരുവിധ പ്രതിഫലവും ആർക്കും ലഭിക്കുകയില്ല.

6. ബേനാമി ഇടപാടുകൾ ചോദ്യം ചെയ്യപ്പെട്ടാൽ തെളിവുകൾ ഹാജരാക്കേണ്ടിവരുന്ന സമയത്ത് മന:പൂർവം തെറ്റായ വിവരങ്ങൾ നല്കുന്നവർക്ക് ആറു മാസത്തിൽ കുറയാതെയും അഞ്ചു വർഷത്തിൽ കൂടാതെയും ഉള്ള കഠിനതടവായിരിക്കും ശിക്ഷ.

പുറമേ പ്രസ്തുത സ്വത്തിന്‍റെ മതിപ്പുവിലയുടെ 10 ശതമാനം തുക പിഴ ആയി ഈടാക്കാനും നിയമത്തിൽ വ്യവസ്ഥ ഉണ്ട്.

ബേബി ജോസഫ്
ചാർട്ടേഡ് അക്കൗണ്ടൻറ്