നടന്നും ലിഫ്റ്റു ചോദിച്ചും രോഹൻ താണ്ടിയത് 15 സംസ്ഥാനങ്ങൾ
Wednesday, October 13, 2021 8:33 PM IST
തൊടുപുഴ: സഞ്ചാരം നൽകുന്ന അറിവാണ് രോഹൻ അഗർവാളെന്ന പത്തൊന്പതുകാരന്റെ സന്പാദ്യം. അതുകൊണ്ടാണ് റോഡ് തന്റെ സർവകലാശാലയും വഴിയിൽ കാണുന്നവരും പരിചയപ്പെടുന്നവരും തന്റെ സ്വാഭാവിക അധ്യാപകരെന്നും രോഹൻ പറയുന്നത്.
മഹാരാഷ്ട്ര നാഗ്പൂർ സ്വദേശിയായ രോഹൻ കഴിഞ്ഞ വർഷം ഓഗസ്റ്റ് 26നാണ് തന്റെ സ്വപ്ന യാത്ര തുടങ്ങിയത്. ഇതിനോടകം പിന്നിട്ടത് കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങൾ.
സൈബീരിയയിലെ തണുപ്പ് ആസ്വദിക്കണമെന്നുള്ള ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് തുടരുന്നത്. ഇന്നലെ തൊടുപുഴയിലെത്തിയ രോഹൻ വിവിധയിടങ്ങൾ സന്ദർശിച്ചതിനു ശേഷം കൊച്ചിയിലേക്ക് തിരിച്ചു.
നാഗ്പൂരിലെ കർഷക കുടുംബത്തിലെ അംഗമാണ് രോഹൻ. നാഗ്പൂരിൽ കൃഷിയും കടയുമായി ഉപജീവനം നടത്തുന്ന രമേശ്-സീമ ദന്പതികളുടെ മൂത്തമകൻ. സഞ്ചാരത്തോടുള്ള അഭിനിവേശംമൂലം ബികോം പഠനം ആരംഭഘട്ടത്തിൽ അവസാനിപ്പിച്ചു. ചെറുപ്പം മുതൽ സ്വപ്നം കാണുന്ന സ്ഥലങ്ങളെല്ലാം സന്ദർശിക്കണമെന്നാണ് രോഹന്റെ ആഗ്രഹം. അങ്ങനെയാണ് രോഹൻ നാടു ചുറ്റാനിറങ്ങിയത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലും ഏറ്റവുമൊടുവിൽ ഇടുക്കിയിലുമെത്തിയത്.
ചെല്ലുന്നിടം വീടും കാണുന്നവരൊക്കെ രോഹന്റെ ആതിഥേയരുമാണ്. ചെല്ലുന്ന സ്ഥലങ്ങളിൽ എത്തിക്കഴിഞ്ഞാൽ അവിടെയുള്ള സഞ്ചാര പ്രിയരുടെ കൂടെയാകും താമസവും ഭക്ഷണവും. പിന്നെ അടുത്ത സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ടിക്കറ്റും ബസ് ചാർജും അവിടെയുള്ളവർ മുടക്കും.
വാഹനം ലഭിച്ചില്ലെങ്കിൽ വഴിയിൽ വരുന്ന വാഹനങ്ങൾക്ക് കൈ കാണിക്കും. ലിഫ്റ്റടിച്ച് അടുത്ത സ്ഥലത്തെത്തും. ലിഫ്റ്റ് കിട്ടിയില്ലെങ്കിൽ കിലോമീറ്ററുകളോളം നടക്കും. ഇത്തരത്തിൽ ഒരു രൂപ പോലും മുടക്കാതെയാണ് രോഹന്റെ സ്വപ്ന യാത്ര.
കഴിഞ്ഞ ദിവസം രാമക്കൽമെട്ടിൽ എത്തിയ രോഹൻ അവിടെ നിന്നാണ് ജയ്സണ് എന്നയാളുടെ വാഹനത്തിൽ തൊടുപുഴയിലെത്തിയത്. ഇന്നലെ മുതലക്കോടം സ്വദേശി ബിനോയി അഗസ്റ്റിൻ ആവശ്യമായ സഹായങ്ങൾ നൽകി.
ഒരു സ്ഥലത്ത് എത്തുന്നതിന് മുൻപേ സാമൂഹിക മാധ്യമങ്ങളിൽ ഒരു പോസ്റ്റിടും. പോസ്റ്റ് കണ്ട് നിരവധി പേർ യാത്രാസഹായവും താമസ സൗകര്യവും ഒരുക്കും. സഞ്ചാര പ്രിയരാണ് സഹായികളായി എത്തുന്നത്.
ഇനി കൊച്ചിയിൽ എത്തിയതിനു ശേഷം അടുത്ത ലക്ഷ്യം തമിഴ്നാടും കർണാടകയുമാണ്. തുടർന്നു മഹാരാഷ്ട്രയിൽ തിരിച്ചെത്തും. യാത്ര ചെയ്യുന്ന സ്ഥലത്തെല്ലാം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും രോഹന്റെ മാത്രം പ്രത്യേകതയാണ്.