പൂരത്തിന്റെ നാട്ടിൽനിന്നും കാശ്മീരിലേക്ക് ഒരു സൈക്കിൾ യാത്ര
Tuesday, October 5, 2021 11:17 AM IST
എടത്തിരുത്തി: എടത്തിരുത്തി പഞ്ചായത്തിലെ സിറാജ് നഗർ ഡിണ്ടിക്കൽ അബ്ദുൽ കരീമിന്റെ രണ്ടാമത്തെ മകൻ അനസ് (23), തണ്ടാശേരി പ്രജീഷിന്റെ മൂത്തമകൻ അഭയ് (21) എന്നിവരാണ് സൈക്കിളിൽ കാശ്മീരിലേക്ക് ഓഗസ്റ്റ് ഒന്നിനു യാത്ര തിരിക്കുന്നത്.
തൃശൂരിൽ നിന്നും ആരംഭിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് വഴി മംഗലാപുരം, ഗോവ, ഉടുപ്പി വഴിയാണ് യുവാക്കളുടെ യാത്ര.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണ- സംസ്കാര രീതികൾ പഠിക്കാനും വ്യത്യസ്തമായ കാഴ്ചകൾ ആസ്വദിക്കാനും വേണ്ടിയാണ് യാത്രയെ ഇഷ്ടപ്പെടുന്ന ഈ സുഹൃത്തുക്കൾ സഞ്ചാരത്തിനിറങ്ങുന്നത്.
ഫ്രീ കൊറോണ ഇന്ത്യ, പെട്രോൾ - പാചക വാതക വിലവർധന തുടങ്ങിയ വിഷങ്ങളും ഈ യാത്രയിൽ യുവാക്കൾ ഉന്നയിക്കുന്നുണ്ട്.
സൈക്കിൾ യാത്രയ്ക്ക് ഇരുവരുടേയും വീടുകളിൽ നിന്നും ആദ്യം സമ്മതിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ഇരു വീട്ടുകാരും പൂർണ സമ്മതം മൂളിയിരിക്കുകയാണ്. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുകളും മികച്ച പിന്തുണയാണ് കൊടുക്കുന്നത്.
സ്വയം പാചകം ചെയ്തും അതുപോലെ ടെന്റുമടിച്ചാണ് യാത്ര പോവാൻ ഈ യുവാക്കൾ ഉദ്ദേശിക്കുന്നത്. യാത്രയിൽ സാന്പത്തികമായി ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ ജോലി ചെയ്ത് കാശുണ്ടാക്കി ലക്ഷ്യം പൂർത്തീകരിക്കുക എന്ന തീരുമാനവും ഈ യുവാക്കൾ പങ്കുവയ്ക്കുന്നു.
ലഡാക്ക്, കാശ്മീർ ഉൾപ്പെടെയുള്ള സുപ്രധാന സ്ഥലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും യാത്ര എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് ഇവർക്ക് യാതൊരു നിശ്ചയവുമില്ല.
യാത്രയ്ക്കിടയിൽ എക്സാമും ഓണ്ലൈൻ ക്ലാസുകളും ഒരു തടസമാകില്ലെന്ന എന്ന വിശ്വാസത്തിലാണ് ഇവർ.
സഞ്ചാര പ്രിയരായ ഈ യുവാക്കളുടെ സ്വപ്നയാത്രക്ക് ഇ.ടി. ടൈസണ് എംഎൽഎ ആണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
എന്തു പ്രതിസന്ധികൾ വന്നാലും ലക്ഷ്യസ്ഥാനം കീഴടക്കിയേ തിരിച്ചു വരികയുള്ളൂവെന്ന നിശ്ചയദാർഢ്യത്തിലാണ് ഈ എടത്തിരുത്തി സ്വദേശികളായ യുവാക്കൾ.