ജെപിഎം കോളജ് വിദ്യാർഥിനികൾ മുടി മുറിച്ചു നൽകി മാതൃക കാട്ടി
Saturday, September 25, 2021 3:29 PM IST
കട്ടപ്പന: കാൻസർ രോഗികൾക്കായി മുടി മുറിച്ചുനൽകി മാതൃകയായിരിക്കുകയാണ് വിദ്യാർഥികളായ പത്തു പെണ്‍കുട്ടികൾ.
നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനത്തിന്റെ ഭാഗമായി ഇന്നലെ ജെപിഎം കോളജിൽ നടത്തിയ പരിപാടിയിലാണ് പെണ്‍കുട്ടികൾ തങ്ങളുടെ മുടി ദാനം ചെയതത്.
കാൻസർ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിലുണ്ടായിരിക്കുന്നത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലും രോഗികൾ കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചികിത്സയിൽ കഴിയുന്ന രോഗികളിൽ മുടി നഷ്ടപ്പെട്ടവർക്കായി തങ്ങളുടെ മുടി നൽകുവാൻ പത്തു പെണ്‍കുട്ടികൾ സന്നദ്ധത അറിയിച്ചത്.
കോളജ് എൻഎസ്എസ് യൂണിറ്റ് സർഗക്ഷേത്ര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നാണ് കാൻസർ രോഗികൾക്കായി ഇത്തരത്തിലൊരു പരിപാടി നടത്തിയത്.
കോളജ് ബർസാർ ഫാ. ജോബിൻ പേനാട്ട്കുന്നേൽ, നിധിൻ അമൽ ആന്റണി, ടിജി ടോം, അഖില ട്രീസ സിറിയക്, സുനിൽ തോമസ് എന്നിവർ നേതൃത്വംനൽകി.