ടാപ്പിംഗ് ഒരു ഹരം , വെറും വ്യായാമം മാത്രം... അതാണ് ഗോപാലാകൃഷ്ണൻ
Tuesday, September 21, 2021 1:47 PM IST
വടക്കഞ്ചേരി: അംഗീകാരങ്ങളും ആദരവുകളും മാതാപിതാക്കൾക്ക് സമർപ്പിച്ച് വിനയാന്വതനാകുയാണ് റബർ ടാപ്പർ കം എൻജിനിയറായ ഇരുപത്തേഴുകാരനായ ഗോപാലകൃഷ്ണൻ.
പാലക്കാട്, തൃശൂർ ജില്ലകളിലായി മൂന്നു സ്കൂളുകൾ ഹൈടെക് ആക്കുന്നതിന് 13 കോടി രൂപയുടെ കെട്ടിട നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത് കിഴക്കഞ്ചേരി കണിച്ചി പരുത സ്വദേശിയായ ഗോപാലകൃഷ്ണനാണ്. പത്തിരിപ്പാല സ്കൂളിൽ അഞ്ചുകോടി രൂപയുടെ കെട്ടിട നിർമാണം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്.
ഉദ്ഘാടന പരിപാടിയിൽ എംഎൽഎ അഡ്വ.കെ.ശാന്തകുമാരി, ഗോപാലകൃഷ്ണനെ പ്രത്യേക ഉപഹാരം നൽകി ആദരിക്കുകയുണ്ടായി. ഉപഹാരം ഏറ്റുവാങ്ങുന്പോൾ തന്റെ മനസ് നിറയെ അച്ഛനും അമ്മയുമായിരുന്നുവെന്നും തന്റെ മികവുകൾക്കെല്ലാം പിന്തുണയും പ്രചോദനവും അവരാണെന്നും ഗോപാലകൃഷണൻ പറഞ്ഞു.
കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള വാപ്പ്കോസിലെ എൻജിനിയറാണ് യൂത്ത്ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റുകൂടിയായ ഈ ചെറുപ്പക്കാരൻ. കണിച്ചിപരുതക്കടുത്ത് പീച്ചി കാടിനോട് ചേർന്നുള്ള കുന്നേൽ എസ്റ്റേറ്റിലെ റബർടാപ്പിംഗ് തൊഴിലാളികളായ ആനന്ദനും ഈശ്വരിയുമാണ് മാതാപിതാക്കൾ.
പത്തു വയസു മുതൽ ഗോപാലകൃഷ്ണനും ഈ തോട്ടത്തിലെ ടാപ്പറാണ്. തമിഴ്നാട് സ്വദേശികളായ ഈ കുടുംബം കഴിഞ്ഞ 23 വർഷമായി ടാപ്പിംഗ് തൊഴിലുമായി കുന്നേൽ എസ്റ്റേറ്റിലുണ്ട്.
പുലർച്ചെ മൂന്നിന് ഗോപാലകൃഷ്ണന്റെ ഒരു ദിവസം ആരംഭിക്കും. രാവിലെ എട്ടു വരെ അച്ഛനും അമ്മക്കുമൊപ്പമാണ് റബർ ടാപ്പിംഗ്. എസ്റ്റേറ്റിലെ നാലായിരത്തോളം മരങ്ങളിൽ 300 മരം ഗോപാലകൃഷ്ണൻ വെട്ടി പാലെടുക്കും. പിന്നെ സൈറ്റ് സൂപ്പർവൈസറായ എൻജിനിയറുടെ കുപ്പായമണിയും. ഒന്പതിന് സൈറ്റിലെത്തും.
എസ്റ്റേറ്റിൽ നിന്നും നാല് കിലോമീറ്ററോളം ദുർഘടമായ കാട്ടുവഴി താണ്ടി വേണം ടാർ റോഡിലെത്താൻ. വൈകീട്ട് ജോലി സമയം കഴിഞ്ഞ് പിടി ടീച്ചറുടെ വേഷവും അണിയും. തിരിച്ച് വീട്ടിലെത്തുന്പോൾ രാത്രി എട്ടു മണിയാകും. കുളി കഴിഞ്ഞ് സുഹൃദ്ബന്ധങ്ങളെല്ലാം പുതുക്കി കുറച്ചു സമയം വിശ്രമം. പിന്നെ നാലോ അഞ്ചോ മണിക്കൂർ ഉറക്കം.
ഗോപാലകൃഷ്ണന് ടാപ്പിംഗ് ഒരു ഹരമാണ്. ജോലിക്കു മുന്പുള്ള വ്യായാമം. ഏഴാം ക്ലാസു മുതൽ ഹെഡ് ലൈറ്റ് വെച്ച് ടാപ്പിംഗ് നടത്തുന്ന വിദഗ്ദ്ധ ടാപ്പറായി ഗോപാലകൃഷ്ണൻ മാറിയിരുന്നു.
ചിറ്റിലഞ്ചേരി സ്കൂളിലായിരുന്നു ഹൈസ്കൂൾ പഠനം. സ്കൂൾ പഠനകാലം ഗോപാലകൃഷ്ണനു അത്യധികം കഷ്ടപ്പാടു നിറഞ്ഞതായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. ടാപ്പിംഗ് കഴിഞ്ഞ് നാല് കിലോമീറ്റർ കാട്ടുപാതകളിലൂടെ നടന്നു വേണം ബസ് എത്തുന്ന പനംകുറ്റിയിലെത്താൻ. സ്കൂൾ വിട്ട് തിരിച്ചെത്തുന്പോൾ രാത്രിയാകും. വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിലായിരുന്നു സിവിൽ എൻജീനിയറിംഗ് പഠനം.
വേഗതയേറിയ ഓട്ടക്കാരനാണ് ഗോപാലകൃഷ്ണൻ. 400,800 മീറ്ററാണ് ഇഷ്ടപ്പെട്ട ഇനം. ഇതിൽ സംസ്ഥാന, ദേശീയതലം വരെയെത്തി നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
ഇപ്പോൾ ജോലി കിട്ടിയപ്പോൾ ഗോപാലകൃഷ്ണൻ ബൈക്ക് വാങ്ങി. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രദ്ദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ആന മുന്നിൽപ്പെട്ടാൽ ഉറക്കെ ഒന്നു നിലവിളച്ചാൽ പോലും ആരും കേൾക്കാനില്ലാത്ത വഴികളാണ് ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ളത്.
പല ദിവസവും ആനക്ക് മുന്നിൽപ്പെട്ട് ആരുടെയൊക്കെയോ പ്രാർഥനയുടെ ബലത്തിലാണ് രക്ഷപ്പെടുന്നത്. സ്കൂൾ പഠനകാലത്ത് ഓട്ടത്തിൽ പരിശീലനം നേടിയത് ഇപ്പോൾ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ സഹായകമാകുന്നുണ്ടെന്ന് ഗോപാലകൃഷ്ണൻ പറയുന്നു.
ഫ്രാൻസിസ് തയ്യൂർ