ലോക്ഡൗണ്‍ ഫാഷന്‍
ലോക്ഡൗണ്‍ ഫാഷന്‍
Wednesday, November 4, 2020 4:22 PM IST
വാര്‍ഡ്രോബില്‍ അടങ്ങിയൊതുങ്ങിയിരിക്കുന്ന ദുപ്പട്ടകള്‍ക്കും സാരികള്‍ക്കും നല്‍കാം കിടിലന്‍ മേക്കോവര്‍.

വര്‍ഷങ്ങള്‍ക്കു മുമ്പ് ആഗ്രഹിച്ചു വാങ്ങിയ സാരി രണ്ടോ മൂന്നോ തവണ ഉടുത്തതിനുശേഷം വാര്‍ഡ്രോബിലേക്ക് കയറിയതാണ്... ദുപ്പട്ടയുടെ ഭംഗി കണ്ടു വാങ്ങിയ ചുരിദാര്‍ ഉപേക്ഷിച്ചെങ്കിലും ദുപ്പട്ടയിന്നും പുത്തനായി അലമാരയിലുണ്ട്. പലരും ലോക്ക്ഡൗണ്‍ കാലത്ത് അതൊക്കെ വെറുതെയെടുത്ത് ഭംഗി നോക്കി തിരികെ വച്ചു. അതങ്ങനെ വാര്‍ഡ്രോബില്‍ അടുക്കിയൊതുക്കി വയ്ക്കാതെ പുറത്തെടുത്ത് കുര്‍ത്തി, പെന്‍സില്‍ പാന്റ്‌സ്, അനാര്‍ക്കലി എന്നിങ്ങനെ കിടിലന്‍ മേക്കോവറിലേക്കു മാറ്റാം.

ലോക്ക് ഡൗണ്‍ കാലത്ത് ആസ്വദിച്ചുള്ള ഷോപ്പിംഗ് അത്ര എളുപ്പമല്ല. പിന്നെ കൈയിലെ ബജറ്റിന്റെ കാര്യവും അല്‍പ്പം പരുങ്ങലിലായിരിക്കാം ഈ സമയത്ത് ട്രെന്‍ഡിലൊും പിന്നിലാവാതിരിക്കാനുള്ള മികച്ച മാര്‍ഗമാണിതെന്ന് കൊച്ചി പനമ്പള്ളിനഗറിലെ ഒലീവിയ ഹൗസ് ഓഫ് ഫാഷന്‍സ് ഉടമ ബിജി വള്ളവനാടന്‍ പറയുന്നു. ദുപ്പയെയും സാരിയെയുമൊക്കെ ട്രെന്‍ഡി ഡിസൈനര്‍ വസ്ത്രങ്ങളാക്കിയിട്ടുണ്ട് ബിജി.


ദുപ്പട്ട കൊണ്ട് കുര്‍ത്തിയോ? വീതി കുറവല്ലേ കുര്‍ത്തിയ്ക്ക്. കൈ തയ്ക്കാന്‍ തികയില്ല, യോക്ക് തയ്ക്കാന്‍ തികയില്ല എന്നുള്ള പരാതികള്‍ക്കും ബിജിയുടെ കൈയില്‍ പരിഹാരമുണ്ട്. ഡിസൈനര്‍ തുണികള്‍, കട്ട്പീസുകള്‍ എന്നിവയൊക്കെ വെച്ച് കുറവുകളൊക്കെ പരിഹരിച്ചാണ് ഡിസൈനര്‍ വസ്ത്രങ്ങള്‍ തയ്ക്കുന്നത്. സാരി ഉപയോഗിച്ച് അനാര്‍ക്കലി തയ്ക്കാം. സാരി ഉപയോഗിച്ച് തയ്ക്കുമ്പോള്‍ ഡിസൈനര്‍ മുന്താണികള്‍ കൂടി ചേരുന്നതോടെ വസ്ത്രങ്ങള്‍ക്ക് പ്രത്യേക ഭംഗി ലഭിക്കും. സാരിയില്‍ നിന്നു തന്നെ പാന്റ്‌സ്, ദുപ്പട്ട എന്നിവയും ലഭിക്കുമെന്നും ബിജി പറയുന്നു.

പതിനാറു വര്‍ഷമായി തയ്യല്‍,ഡിസൈനിംഗ് മേഖലയിലുണ്ട് ബിജി. സ്ത്രീകളുടെയും കുട്ടികളുടെയും പാര്‍ിവെയര്‍,വെഡിംഗ് സാരികള്‍, വെഡിംഗ് ഗൗണ്‍, ലെഹംഗ, ലാച്ച എന്നിവയെല്ലാം ഒലീവിയ ഹൗസ് ഓഫ് ഫാഷന്‍ ചെയ്തു നല്‍കും. ഇപ്പോള്‍ ഡിസൈനര്‍ മാസ്‌കുകളും ചെയ്യുന്നുണ്ട്.

- നൊമിനിറ്റ ജോസ്‌