ജീവന്‍റെ കാവലാളായി ഒരു വീട്ടമ്മ
കേരളത്തില്‍ കോവിഡ് സ്രവ സാമ്പിള്‍ ശേഖരണത്തിനു വാഹനവുമായി പോകുന്ന ഏക വനിതാ ഡ്രൈവറെന്ന് തൊടുപുഴ പുതുപ്പരിയാരം മുക്കുടിക്കല്‍ സിനി സാബുവിന് അഭിമാനിക്കാം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരായ വനിതകള്‍ക്കു സേവനം അവരുടെ ജോലിയുടെ ഭാഗമാണെങ്കിലും ഈ വീട്ടമ്മയ്ക്ക് ഇത് അനേകരുടെ ജീവന്‍ രക്ഷിക്കുന്ന മഹത്തായ ദൗത്യമാണ്. കോവിഡെന്നു കേട്ടാല്‍ പുരുഷന്‍മാര്‍ പോലും നോ പറയുന്ന കണ്ടെയ്ന്‍മെന്റ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും സ്രവ സാമ്പിള്‍ ശേഖരണത്തിനു തന്റെ വാഹനവുമായി ഓടിയെത്താന്‍ സിനി സാബുവിന് തെല്ലും ഭയമില്ല. സിനി ഈ ദൗത്യമേറ്റെടുത്തതോടെ പലരും നെറ്റി ചുളിച്ചു. പക്ഷേ കലപ്പയില്‍ കൈവച്ചശേഷം പിന്തിരിയാന്‍ തയാറല്ലായിരുന്നു ഈ വീട്ടമ്മ.

വെല്ലുവിളി ഏറ്റെടുത്ത്...

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാകുമ്പോഴാണു ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകുന്നതെന്ന ബോധ്യമാണ് വെല്ലുവിളി നിറഞ്ഞ ഈ ജോലിയേറ്റെടുക്കാന്‍ സിനിയ്ക്കു പ്രചോദനമായത്. പുതുപ്പരിയാരത്തുള്ള ചായക്കടയില്‍ ഭര്‍ത്താവ് സാബുവിനൊപ്പം അത്യാവശ്യം ജോലികളില്‍ സഹായിച്ചു വന്നിരുന്ന സാധാരണ വീട്ടമ്മയായിരുന്നു ഇവര്‍. ഇതിനിടെയാണ് ഇരുചക്രവാഹന ലൈസന്‍സെടുക്കണമെന്ന ആഗ്രഹം മനസിലുദിച്ചത്. ഇതിനായി ഡ്രൈവിംഗ് സ്‌കൂളിലെത്തിയപ്പോള്‍ അവരുടെ നിര്‍ദശത്തെ തുടര്‍ന്ന് നാലുചക്രവാഹനത്തിന്റെ ലൈസന്‍സ് കൂടി എടുക്കുകയായിരുന്നു. ഇതിനിടെ ഒരു വാഹനം വാങ്ങാന്‍ ആലോചിച്ചപ്പോള്‍ സിനി തന്നെയാണ് മാരുതി വാന്‍ വാങ്ങാമെന്ന നിര്‍ദേശം വച്ചത്. വീട്ടിലേക്ക് അധികവരുമാനമെന്നതായിരുന്നു ഇതിനു പിന്നില്‍. ഇതോടെ സ്‌കൂളില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ തുടങ്ങി. ആദ്യം പത്തു പേരായിരുന്ന സ്ഥാനത്ത് പിന്നീട് രണ്ടു തവണയായി 35 കുട്ടികളെ വരെ സ്‌കൂളിലെത്തിക്കാന്‍ തുടങ്ങി. ഇതിനു പിന്നാലെ രണ്ടു വര്‍ഷമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലും ജോലി ചെയ്തു വരികയായിരുന്നു. ഇവിടുത്തെ ജോലിക്കിടയില്‍ യൂണിറ്റിന്റെ വാഹനമോടിക്കുന്നതിന് ഡ്രൈവറെ ആവശ്യമായി വന്നപ്പോള്‍ ആ ജോലിയും ഏറ്റെടുത്തു.

അന്യജീവനുതകി...

ഇതിനിടെ അയല്‍വാസിയായ യുവാവാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പിന് വാഹനം ആവശ്യമുണ്ടെന്ന കാര്യം സിനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മൂന്നു മാസത്തേക്കായിരുന്നു മെഡിക്കല്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കരാര്‍. പ്രതിഫലം മാത്രമല്ല ഇക്കാര്യത്തില്‍ സിനി പരിഗണിച്ചത്. കോവിഡ് കാലത്തെ സാമൂഹ്യപ്രതിബദ്ധത കൂടിയായിരുന്നു. സംസ്ഥാനത്തെവിടെയും വാഹനവുമായി പോകണമെന്നതായിരുന്നു ആരോഗ്യ വകുപ്പിന്റെ നിബന്ധന. ആദ്യം ഭര്‍ത്താവ് സാബുവിനും കുടുംബാംഗങ്ങള്‍ക്കും ജോലി ഏറ്റെടുക്കുന്നതിനോട് എതിര്‍പ്പായിരുന്നു. കാരണം കോവിഡെന്ന മഹാമാരി ഉയര്‍ത്തുന്ന ഭീഷണി ആയിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ സിനിയുടെ നിര്‍ബന്ധം മൂലം പിന്നീട് ഇവര്‍ സമ്മതം മൂളി. ഇപ്പോള്‍ സാബുവിന്റെയും മക്കളായ ആനിന്റെയും അനുഗ്രഹയുടെയും പൂര്‍ണ പിന്തുണയും സിനിക്കുണ്ട്.
വേറിട്ട ദൗത്യം

കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാഹനം ഓടിക്കാനെത്തിയ വീട്ടമ്മയെ കണ്ടപ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജീവനക്കാരുടെ മുഖത്തും അമ്പരപ്പുണ്ടായി. കാരണം സംസ്ഥാനത്ത് ഒരിടത്തും ഒരു വനിത ഈ ദൗത്യമേറ്റെടുത്തിില്ല. അതീവ ജാഗ്രതാ മേഖലകളായ കണ്ടെയ്ന്‍മെന്റ് സോണുകളിലും ഹോ്‌സ്‌പോുകളിലുമാണ് സ്രവ സാമ്പിള്‍ ശേഖരണത്തിനു പോകേണ്ടത്. ആവിശ്വാസത്തോടെ സിനി എത്തിയതോടെ ആരോഗ്യ വകുപ്പിനു പുറമെ മോട്ടോര്‍വാഹനവകുപ്പും വലിയ പിന്തുണ നല്‍കി. രാവിലെ തന്നെ വാഹനവുമായി തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തി അവിടെ നിന്നു ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും കയറ്റി കോവിഡ് ബാധിത മേഖലകളിലേക്കാണ് യാത്ര. സ്രവ പരിശോധനയ്ക്കായി പ്രത്യേക രീതിയില്‍ വാഹനത്തിനു രൂപ മാറ്റം വരുത്തി. സൈഡ് ഗ്ലാസ് മാറ്റി പുറമെ ഇരിക്കുന്ന ആളില്‍ നിന്നും സ്രവം ശേഖരിക്കുന്ന തരത്തിലാണ് വാഹനം രൂപമാറ്റം ചെയ്‌തെടുത്തത്. സിനി ഇരിക്കുന്ന ഡ്രൈവര്‍ കാബിന്‍ അക്രിലിന്‍ ഷീറ്റ് ഉപയോഗിച്ച് മറച്ചു. വാഹനത്തില്‍ സാനിറ്റൈസര്‍ സദാ സമയവും കരുതിയിരിക്കും. മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ കിറ്റ് ധരിച്ചാണ് വാഹനത്തില്‍ സഞ്ചരിക്കുന്നതെങ്കിലും സിനി മാസ്‌ക്കും കൈയുറയും മാത്രമാണ് ധരിക്കുന്നത്. എങ്കിലും ആരോഗ്യ വകുപ്പിന്റെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിച്ചാണ് യാത്ര.

വീട്ടിലും ജാഗ്രത

രാവിലെ നാലിന് എഴുന്നേറ്റ് ഭര്‍ത്താവിനെ ചായക്കടയില്‍ സഹായിക്കും. പിന്നീടാണ് കോവിഡ് ദൗത്യത്തിനായി പുറപ്പെടുന്നത്. വീട്ടില്‍ നിന്നു പുറപ്പെതിനു ശേഷം തിരികെ എത്തിയാണ് പലപ്പോഴും ഭക്ഷണം കഴിക്കല്‍. വീട്ടിലെത്തിയാല്‍ കുളിച്ച് വസ്ത്രം മാറിയതിനു ശേഷമാണ് അകത്തു പ്രവേശിക്കുന്നത്. വാഹനം ഫയര്‍ഫോഴ്‌സ് നല്‍കിയ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കും. കുടുംബത്തോടൊപ്പമുള്ള ജീവിതശൈലി തന്നെ പുതിയ ദൗത്യത്തോടെ മാറിയെങ്കിലും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കാലത്തോളം ജോലി തുടരാനാണ് സിനിയുടെ തീരുമാനം. ഇതുസംബന്ധിച്ച് മറ്റുള്ളവരില്‍ നിന്നു ചോദ്യമുയരുമ്പോള്‍ സംഗതി അല്‍പ്പം റിസ്‌കാണെങ്കിലും കോവിഡ് കാലത്ത് ഇത്തരം ജോലികളിലേക്കു കടന്നുവരാന്‍ ആരെങ്കിലും വേണ്ടെയെന്ന മറു ചോദ്യമാണു സിനിയുടേത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരം ഡ്രൈവര്‍മാര്‍ ഉണ്ടെങ്കിലും ഇവരിലെ ഏക വനിതയായ സിനിയെ ഏതാനും ദിവസം മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് പുരസ്‌കാരം നല്‍കി ആദരിച്ചത് ഇവര്‍ക്ക് അംഗീകാരത്തിന്റെ പൊന്‍തൂവലായി.

ടി.പി സന്തോഷ്‌കുമാര്‍