ബി ടൗണിലെ ഭൂമി സൗന്ദര്യം
കഥാപാത്രങ്ങളുടെ പ്രേക്ഷക സ്വീകാര്യതയാണ് ഭൂമി പെഡ്‌നേക്കറിനെ ബോളിവുഡില്‍ വ്യത്യസ്തയാക്കുന്നത്. പുതുമയും പരീക്ഷണങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പിലൂടെയായിരുന്നു ഈ നായികയുടെ സഞ്ചാരം. അതുകൊണ്ടു ചെറിയ കാലയളവില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഭൂമിക്കു കഴിഞ്ഞു. ലോക്ഡൗണ്‍ കാലത്തു തന്റെ വിശേഷങ്ങളുമായി ഭൂമി പെഡ്‌നേക്കര്‍.

പ്രകൃതിയോടു ചേര്‍ന്നു ജീവിതം

ലോക്ഡൗണ്‍ കാലത്തു അമ്മയ്‌ക്കൊപ്പം സോയില്‍ ലെസ് ഗാര്‍ഡനിംഗിലാണ് ഞാനിപ്പോള്‍. സിനിമയുടെ തിരക്കുകളില്‍ നിന്നൊക്കെ മാറി കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാകുന്നു എന്നതാണ് വലിയ സന്തോഷം. ഒരുപാട് ആള്‍ക്കാര്‍ കോവിഡ് 19 കാരണം ബുദ്ധിമുട്ടുമ്പോള്‍ സുരക്ഷിതരായി കുടുംബത്തിനൊപ്പം കഴിയാനാകുന്നത് ഭാഗ്യമാണ്. ഈ സമയങ്ങളില്‍ പ്രകൃതിയോടു ചേര്‍ന്നു നിന്നു ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകുന്നു.ഹൈഡ്രോപോണിക്‌സ് ഗാര്‍ഡനിംഗ് വളരെ ആസ്വദിച്ചു ചെയ്യാന്‍ സാധിക്കുന്നുണ്ട്.

വേറിട്ട കഥാപാത്രങ്ങള്‍

തുടക്കം മുതല്‍ വൈവിധ്യവും പുതുമയുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തില്‍ അമിത ശരീര വണ്ണമുള്ള പെണ്‍കുട്ടി ആയിരുന്നെങ്കില്‍ അവസാനം റിലീസായ ബാലയില്‍ കറുത്ത നിറമുള്ള പെണ്‍കുട്ടിയായിട്ടാണ് എത്തിയിരിക്കുന്നത്. സാന്‍ഡ് കി ആങ്കില്‍ എന്റെ ഇരട്ടി വയസുള്ള കഥാപാത്രമായിരുന്നു. ഇതുവരെ ബോളിവുഡ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

ലക്ഷ്യം അഭിനയം

കാസ്റ്റിംഗ് ഡയറക്ടറായി വന്നു ആകസ്മികമായി നടിയായ ആളല്ല ഞാന്‍. എന്റെ ലക്ഷ്യം ഇതു തന്നെയായിരുന്നു. വേറിട്ട വഴിയിലൂടെ ലക്ഷ്യത്തില്‍ എത്തിച്ചേരുമെന്നു വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസമാണ് അഭിനേത്രിയായി എന്നെ ബോളിവുഡില്‍ നിലനിര്‍ത്തുന്നത്. ലണ്ടനിലേക്ക് പഠനത്തിനായി പോകണമെന്നു വന്നപ്പോള്‍ സിനിമയിലേക്കുള്ള വഴിയായിരുന്നു യാഷ് രാജ് ഫിലിംസില്‍ അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടര്‍. അവിടെ നിന്നുമാണ് ഞാന്‍ സിനിമ പഠിച്ചു തുടങ്ങുന്നത്.

ഒഴിവു വേളകളില്‍

എല്ലാ ദിവസവും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. വളര്‍ന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്. ഇവിടെ സെറ്റിലായ ഒരു സാധാരണ കുടുംബമാണ് എന്‍േറത്. അതുകൊണ്ടു തന്നെ വര്‍ക്ക് ഇല്ലാത്തപ്പോള്‍ കുടുംബത്തിനും ഫ്രണ്ട്‌സിനുമൊപ്പം സമയം ചെലവിടാനാണ് എനിക്കിഷ്ടം. ടിവി കാണുക, ബുക്ക് വായിക്കുക, ഗാര്‍ഡനിംങ് തുടങ്ങിയവയൊക്കെയാണ് ചെയ്യുന്നത്. ലളിതമായി ജീവിതം കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. ഏറെ നാളിനു ശേഷം ലോക്ഡൗണ്‍ മൂലം അതിനൊക്കെ ഏറെ സമയം കണ്ടെത്താനായി.


സിനിമയുടെ തെരഞ്ഞെടുപ്പ്

നാലു വര്‍ഷത്തിലധികമായി അഭിനേത്രിയായി ഞാന്‍ ഇവിടെയുണ്ട്. എങ്കിലും വെബ് ഫിലിം അടക്കം പത്തില്‍ താഴെ സിനിമകളാണ് ഞാന്‍ ചെയ്തിരിക്കുന്നത്. കാസ്റ്റിംഗ് ഡയറക്ടറായിട്ടാണ് കരിയര്‍ ആരംഭിക്കുന്നത്. അവിടെ നിന്നും അഭിനേത്രിയായി ഇന്നെത്തി നില്‍ക്കുന്നു. ആദ്യ ചിത്രം ദം ലഗാ കെ ഹൈഷയില്‍ അമിത വണ്ണമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതിനായി 30 കിലോയോളം ശരീര ഭാരം കൂിയിരുന്നു. പിന്നീട് ഒരു വര്‍ഷത്തോളം വേണ്ടി വന്നു അതു കുറയ്ക്കാന്‍. പിന്നീട് ടോയ്‌ലറ്റ്: ഏക് പ്രേം കഥ, ശുഭ് മംഗള്‍ സാവ്ധാന്‍, സോണ്‍ചിരിയ, സാന്‍ഡ് കി ആങ്ക്, ബാല, പതി പത്‌നി ഓര്‍ വോ എന്നീ ചിത്രങ്ങളുടെ ഭാഗമായി.

ഹോം വര്‍ക്ക്

ഒരു അഭിനേത്രി എന്ന നിലയില്‍ കഥാപാത്രങ്ങള്‍ക്കു വേണ്ടിയുള്ള ഹോം വര്‍ക്കും റിസേര്‍ച്ചും ചെയ്യാറുണ്ട്. കഥാപാത്രം നമ്മളിലേക്കു വന്നു കഴിയുമ്പോള്‍ ഷൂിനു മുമ്പാണ് ഹോം വര്‍ക്ക് ചെയ്യുന്നത്. പക്ഷേ ഇപ്പോള്‍ സംവിധായകരും എഴുത്തുകാരും തിരക്കഥ നല്‍കുന്നതിനു മുമ്പു തന്നെ കഥാപാത്രങ്ങളെക്കുറിച്ച് വളരെ ഡീറ്റെയ്‌ലായി പറഞ്ഞു തരും. അതുകൊണ്ട് കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ എളുപ്പമാണ്.

സ്വയം വിമര്‍ശനം

ഒരു നടി എന്ന നിലയില്‍ ഇനിയും ഏറെ പഠിക്കാനുണ്ടെന്നാണ് കരുതുന്നത്. എന്റെ ഏറ്റവും വലിയ വിമര്‍ശക ഞാന്‍ തന്നെയാണ്. ഓരോ സിനിമ കാണുമ്പോഴും ഇനിയും നന്നാക്കാമായിരുന്നല്ലോ എന്നു തോന്നാറുണ്ട്. ഇപ്പോള്‍ സാന്‍ഡ് കി ആങ്കിലെ പ്രായമുള്ള കഥാപാത്രത്തെക്കണ്ട് അത് എന്റെ ബെസ്റ്റ് പെര്‍ഫോമന്‍സാണെന്നു മറ്റുള്ളവര്‍ പറയുമ്പോള്‍ എന്റെ മുന്‍ ചിത്രത്തേക്കാള്‍ ഞാന്‍ മെച്ചപ്പെട്ടു എന്നാണ് അതിന്റെ അര്‍ഥം. പ്രേക്ഷകരുടെ അഭിപ്രായത്തിനു വളരെ പ്രധാന്യം കൊടുക്കുന്നുണ്ട്.

സുഹൃത്ത് ആയുഷ്മാന്‍

എന്റെ ആദ്യ നായകന്‍ ആയുഷ്മാന്‍ ഖുറാന ആയിരുന്നു. ഇപ്പോള്‍ തിയറ്ററില്‍ എത്തിയ ബാല ഞങ്ങളുടെ മൂന്നാമത്തെ ചിത്രമാണ്. ഒരുപോലെ ചിന്തിക്കുന്ന വളരെ അടുത്ത സുഹൃത്തുക്കളാണ് ഞങ്ങള്‍. ഒരു തിരക്കഥ എത്തുമ്പോള്‍ മത്സരിച്ച് അഭിനയിക്കാനുള്ള പ്രവണത ഞങ്ങള്‍ക്കിടയിലുണ്ട്. അത് ഓരോ സിനിമയ്ക്കും വളരെയധികം ഗുണം ചെയ്യുമെന്നാണു കരുതുന്നത്.

ബോഡി ഫിറ്റ്‌നസ്

വളരെ കാലമായി ഫിറ്റ്‌നസ് ശ്രദ്ധിക്കുന്നുണ്ട്. ദിവസവും അത് പരിപാലിക്കുന്നുണ്ട്. ആഴ്ചയില്‍ ആറു ദിവസവും വര്‍ക്കൗ് ചെയ്യുന്നു. ദിവസവും 20 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ നടക്കുന്നുണ്ട്. ഭക്ഷണ കാര്യത്തില്‍ കൃത്യമായ നിഷ്ഠ പുലര്‍ത്തുന്നുണ്ട്. എങ്കിലും കഥാപാത്രത്തിനനുസൃതമായി അതില്‍ മാറ്റം വരുത്താറുണ്ട്. ആദ്യ ചിത്രത്തില്‍ അമിത വണ്ണമുള്ള വനിതയില്‍ നിന്നും ഇപ്പോള്‍ ബാലയില്‍ ഒരു പെണ്‍കുട്ടിയായിട്ടാണ് എത്തിയിരിക്കുന്നത്.

-ലിജിന്‍