പീച്ച് നിറത്തില്‍ നിറയെ സെറിവര്‍ക്കുള്ള സില്‍ക്ക് സാരിയും ബ്ലൗസും. കഴുത്തില്‍ പച്ചനിറത്തിലെ മുത്തുകളും വെള്ളാരംകല്ലുകളും നിറഞ്ഞ കുന്തന്‍ മോഡല്‍ മാല. കാതില്‍ പച്ചയും വെള്ളയും നിറത്തിലുള്ള ബീഡ്‌സ് പതിച്ച കമ്മലുകള്‍. ഇങ്ങനെ ഏറെ കോണ്‍ട്രാസ്റ്റായ സാരിയും, ആഭരണങ്ങളും അണിഞ്ഞെത്തുന്ന നവവധുവാണ് ഇന്നു വിവാഹനിശ്ചയവേദികളിലെ താരം.

കഴുത്തു നിറയെ സ്വര്‍ണാഭരണങ്ങളും കാതില്‍ സ്വര്‍ണക്കമ്മലും വിവാഹനിശ്ചയത്തിനു വേണമെന്ന നിര്‍ബന്ധം വഴിമാറുകയാണ്. വലിയ അലങ്കാരമുള്ള കുന്തന്‍ ആഭരണങ്ങളും പരമ്പരാഗത കെംപ് ആഭരണങ്ങളും പുതിയ തലമുറയിലെ വധു എന്‍ഗേജ്‌മെന്റുകള്‍ക്കും മോതിരംമാറ്റല്‍ ചടങ്ങുകള്‍ക്കുമൊക്കെ അണിയുന്ന പ്രവണതയാണിന്ന്.

ഫാഷന്‍ പ്രേമികളായ പെണ്‍കുട്ടികള്‍ ഏറ്റവും വ്യത്യസ്തമായ നിറങ്ങളിലെ സാരിയും ആഭരണങ്ങളും കൊണ്ട് ന്യൂ ലുക് സൃഷ്ടിക്കുകയാണിന്ന്. പകിട്ട് എടുത്തുകാട്ടുന്ന രീതിയിലുള്ള ആഭരണങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രിയം. ഏറ്റവും കുറച്ച്, എന്നാല്‍ ഏറ്റവും അലങ്കാരമായി, സുന്ദരമായി ആഭരണങ്ങള്‍ അണിയുന്ന നവവധുക്കളുടെ കാലമാണിത്. മിനിമല്‍ എന്നു പുതിയ തലമുറ വിശേഷിപ്പിക്കുന്ന രീതിയിലെ ആഭരണം അണിയല്‍ ആണ് പുതിയ ട്രെന്‍ഡ്.

വിവാഹത്തിന് കഴുത്തിലും കൈകളിലും താങ്ങാന്‍കഴിയാത്തവിധം സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങള്‍ വാരിയണിയുന്ന രീതി മാറിവരുകയാണ്. രണ്ടോ മൂന്നോ സ്വര്‍ണമാലകളോ വലിയ ഒരു ഡയമണ്ട് മാലയോ മാത്രം നവവധു കഴുത്തില്‍ അണിയുന്ന കാഴ്ച ഇന്നുണ്ട്. കൈകളിലും കുറച്ച് ഭംഗിയാര്‍ന്ന, വലിപ്പമുള്ള വളകള്‍ അണിയുന്നതാണ് ഫാഷന്‍. ഈ ഒരു മിനിമല്‍ തരംഗം എന്‍ഗേജ്‌മെന്റ് പോലുള്ള വിശേഷാവസരങ്ങളിലും പ്രകടമാണ്.



വിവാഹനിശ്ചയത്തിനും മോതിരം മാറല്‍ ചടങ്ങിനും കഴുത്തിനോടു ചേര്‍ന്ന് അണിയുന്ന (ചോക്കര്‍ മോഡല്‍) കുന്തന്‍ മാതൃകയിലെ മാലകള്‍ ഇന്നു പല യുവതികളും അണിയുന്നുണ്ട്. പഴയ നെക്‌ലസ്, അഡിയല്‍, മോഡലുകളിലെ മാലകളും ജിമിക്കിപോലുള്ള തനിമയാര്‍ന്ന കമ്മലുകളും തെരഞ്ഞെടുക്കാം. നിരനിരയായുള്ള (ലെയര്‍ മോഡല്‍) മാലകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അതിനുള്ള അവസരമുണ്ട്. ഏറെ വേറിുനില്‍ക്കുന്ന വര്‍ണങ്ങളിലെ സാരിയും അക്‌സസറീസും തെരഞ്ഞെടുക്കുന്നവരുണ്ട്. ഓറഞ്ച് വര്‍ണഛായയുള്ള പീച്ചുസാരിയും പച്ചയും വെള്ളയും കലര്‍ന്ന മുത്തുകള്‍ പതിച്ച മാലയും അണിയുന്നതുപോലെ പിങ്ക് നിറത്തിലെ സാരിയും (എമറാള്‍ഡ് ഗ്രീന്‍) ആഭരണങ്ങളും പുതിയ തലമുറ അണിയുന്നുണ്ട്. ഫാഷനും സൗന്ദര്യവും മാത്രമല്ല പെണ്‍മക്കളുടെ വിവാഹം സാധാരണക്കാരായ മാതാപിതാക്കള്‍ക്കു വലിയ ബാധ്യതയും ഭാരവുമായി മാറാതിരിക്കാനും ഇത്തരം വിവാഹ ഒരുക്കങ്ങള്‍ വലിയ അളവില്‍ സഹായിക്കുന്നുണ്ട്.

ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്നു സ്വന്തം സാമ്പത്തികസ്ഥിതിയും അഭിരുചിയുമനുസരിച്ച് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാം.

സഞ്ജന സുധീര്‍