കുടുംബം എന്റെ ശക്തി
Wednesday, September 4, 2019 3:08 PM IST
അതിരമ്പുഴ ശ്രീകണ്ഠമംഗലം എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി അങ്ങനെ മലയാളസിനിമയിലെ നിത്യസാന്നിധ്യമാകാന്‍ ഒരുങ്ങുന്നു. പഠനത്തിനിടയിലും സിനിമയുമായി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്ന പ്രീതി ജിനോയുടെ വിശേഷങ്ങളിലേക്ക്...
ആദ്യ സിനിമ തന്നെ ജനം ഏറ്റെടുത്ത സന്തോഷത്തിലാണ് പ്രീതി ജിനോ. ഒരു ഭയങ്കര കാമുകി എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ക്വീന്‍ ഓഫ് നീര്‍മാതളം പൂത്തകാലം സിനിമയിലെ നായികയാണ് പ്രീതി. അതിരമ്പുഴ ശ്രീകണ്ഠമംഗലം എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി അങ്ങനെ മലയാളസിനിമയിലെ നിത്യസാന്നിധ്യമാകാന്‍ ഒരുങ്ങുന്നു. പഠനത്തിനിടയിലും സിനിമയുമായി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്ന പ്രീതി ജിനോയുടെ വിശേഷങ്ങളിലേക്ക്...
സിനിമയെ കുറിച്ച്
കുടുംബസുഹൃത്തായ ശ്യാമിന്റെ സുഹൃത്താണു ഡയറക്ടര്‍ അമല്‍. അവര്‍ ഒന്നിച്ചു പഠിച്ചവരാണ്. അങ്ങനെയാണ് ഓഫര്‍ വീണ്ടും വരുന്നത്. നല്ല കഥയും നല്ല കഥാപാത്രവും. എല്ലാവരും പുതുമുഖങ്ങളും. ഒത്തിരി ഇഷ്ടമായി. തുടക്കകാരിക്കു ലഭിക്കാവുന്നതിലും വലിയ അവസരമാണ് ഡയറക്ടര്‍ നല്‍കിയത്.
എഴുപത് പുതുമുഖങ്ങള്‍ നിറഞ്ഞ സിനിമയാണിത്. സംവിധായകന്‍ മുതല്‍ എല്ലാവരും പുതുമുഖങ്ങളാണ്. സ്ഫടികം ജോര്‍ജ് പോലെ ചുരുക്കം ചിലരാണ് പരിചിതരായിുള്ളത്. കഥയുടെ പേരിലും കഥയിലും കൗതുകമുണ്ട്. ഇതാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്.
ആമി എന്ന കഥാപാത്രം തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. നീര്‍മാതളം പൂത്തകാലം എന്ന ടൈറ്റിലിനൊപ്പം നായികയുടെ പേര് ആമി എന്നുള്ളതും ഒരു കൗതുകമാണ്. കമലസുരയ്യയ്ക്കുള്ള സമര്‍പ്പണം കൂടിയാണീ ചിത്രം. ജീവിതത്തിന്റെ ഒഴുക്കിനനുസരിച്ച് തെന്നിനീങ്ങുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് 'ക്വീന്‍ ഓഫ് നീര്‍മാതളം പൂത്തകാലം' എന്ന ചിത്രത്തിലൂടെ പറയുന്നത്. 'ഒരു ഭയങ്കര കാമുകി' എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം തിയറ്ററുകളിലെത്തിയിരിക്കുന്നത്.
കാമറയ്ക്കു മുന്നില്‍
സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തലേന്ന് രാത്രിയില്‍ വിളിച്ച് പിറ്റേന്ന് രാവിലെ ലൊക്കേഷനില്‍ എത്തണമെന്ന് അറിയിച്ചു. ഞാന്‍ ടെന്‍ഷന്‍ അടിച്ചുപോയി. ആള്‍ക്കൂട്ടവും കാമറയും എല്ലാം ഓര്‍ത്തപ്പോള്‍ പേടിച്ചു. അപ്പോഴാണ് കുടുംബസുഹൃത്തായ റിയാസ് മുഹമ്മദിനെ വിളിച്ചത്. അദ്ദേഹം ധാരാളം ഷോര്‍ട്ട്ഫിലിം ചെയ്തിട്ടുണ്ട്. സിനിമ മോഹമുള്ളവരെ സഹായിക്കുന്ന ഡിസംബര്‍ മിസ്റ്റിന്റെ ലീഡറുമാണ്. കാര്യം അറിയിച്ചപ്പോള്‍ തന്നെ അദ്ദേഹം എത്തി. എല്ലാം പറഞ്ഞു തന്നു. അതുകൊണ്ട് അത്രയ്ക്ക് ടെന്‍ഷന്‍ ഉണ്ടായില്ല. എല്ലാവരും പുതുമുഖങ്ങളായതും അനുഗ്രഹമായി.

പുതിയ പ്രോജക്ട്
പലരും വിളിക്കുന്നുണ്ട്. സിനിമയിലെ ഇനിയുള്ള സെലക്ഷന്‍ ശ്രദ്ധിച്ചു മതിയെന്നു പപ്പയുടെ സുഹൃത്തുക്കളായ അന്‍സാരിയും റിയാസ് മുഹമ്മദും പറഞ്ഞുകഴിഞ്ഞു. സിനിമയില്‍ നിന്നും സീരിയലിലേക്കു പോകാന്‍ താല്‍പര്യമില്ല. അതുകൊണ്ടു വന്ന സീരിയലുകള്‍ വേണ്ടെന്നു വച്ചു. നല്ല അവസരം വന്നാല്‍ മാത്രം പഠനം ഉപേക്ഷിക്കാതെ സിനിമ ചെയ്യും.
മാതാപിതാക്കളാണ് ശക്തി
കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് ഇപ്പോള്‍ സാധിച്ചത്. ഇനി സജീവമായി സിനിമയില്‍ തന്നെ നില്‍ക്കണമെന്നാഗ്രഹമുണ്ട്. പഠനവും സിനിമയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു. പഠനത്തെ ബാധിക്കാതെ അഭിനയവുമായി മുന്നോട്ടു പോകുന്നതിനു പപ്പയ്ക്കും എതിരില്ല. കോട്ടയം സെന്റ് ജോസഫ് സ്‌കൂളില്‍ ഒന്നാം വര്‍ഷ പ്ലസ്ടുവിനു പഠിക്കുമ്പോള്‍ സിനിമയിലേക്ക് ഓഫര്‍ വന്നിരുന്നു. എന്നാല്‍ പ്ലസ്ടു കഴിഞ്ഞ് മാത്രം സിനിമയെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നു വീട്ടില്‍ പറഞ്ഞു.
എന്റെ ശക്തി മാതാപിതാക്കളാണ്. അതിരമ്പുഴ ശ്രീകണ്ഠമംഗലം ഇടുക്കുതറയില്‍ കെഎസ്ഇബി കോണ്‍ട്രാക്ടര്‍ ജിനോയും സുനിയുമാണ് മാതാപിതാക്കള്‍. അമ്മ ഗായികയാണ്. പ്രിന്‍സും പ്രവീണുമാണ് സഹോദരങ്ങള്‍. ഞാന്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഡാന്‍സ് പഠിക്കുന്നു. അഭിനയവും ഡാന്‍സുമാണ് ഹോബി.
ആമിയെക്കുറിച്ച്
പത്താം ക്ലാസു മുതല്‍ അവള്‍ പ്രണയത്തിലാണ്. എന്നാല്‍ ഒന്നിലും സ്ഥായിയല്ല. അവളുടെ ജീവിതത്തില്‍ കാമുകന്മാരായി എത്തുന്നവര്‍ നിരവധിയാണ്. എല്ലാവര്‍ക്കും പറയാന്‍ വലിയ കഥകളുമുണ്ട്. അമിതയെന്ന ആമിയുടെ പ്രണയകഥകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പത്താം ക്ലാസിലെ പ്രണയത്തില്‍ തുടങ്ങുന്ന ആമിയുടെ പ്രണയകഥ കോളജ് കാലം പൂര്‍ത്തിയാകുമ്പോഴേക്കും അര ഡസനോളമെത്തുന്നുണ്ട്. ആമിയുടെ പ്രണയങ്ങളെല്ലാം അല്‍പായുസുള്ളതാണ്. പക്ഷേ അവള്‍ ആരെയും കുറ്റപ്പെടുത്താനോ മോശമാക്കാനോ ശ്രമിച്ചിില്ല. ഓരോ പിരിയലുകളിലും അവള്‍ സമ്മാനിക്കുന്നത് ഒരു പുഞ്ചിരി മാത്രമാണ്.
ഭയങ്കര കാമുകിയാണോ?
അല്ലേ അല്ല. സിനിമയില്‍ മാത്രം. ആമി ഭയങ്കര കാമുകി തന്നെയാണ്. എന്നാല്‍ ധാരാളം കാമുകന്‍മാരുണ്ടെങ്കിലും പലരും ആമിയെ വേണ്ടെന്നു വയ്ക്കുന്നു. പലരെ ആമിയും ഉപേക്ഷിക്കുന്നു.
ലാലേട്ടനെ ഇഷ്ടം
മോഹന്‍ലാലിനെയാണ് ഇഷ്ടം. ലാലേട്ടന്റെ കൂടെ അഭിനയിക്കണമെന്നാണ് മോഹം. ഈ സിനിമയില്‍ ലാലേട്ടന്‍ അഭിനയിച്ച സ്ഫടികം സിനിമയിലെ രംഗം ഞാന്‍ അഭിനയിച്ചു. കണ്ണട വച്ചു മുണ്ടും പറിച്ചു സ്റ്റേഷനില്‍ നിന്നും ഇറങ്ങി പോകുന്ന രംഗം അഭിനയിച്ചപ്പോള്‍ സന്തോഷം തോന്നി. സ്ഫടികം ജോര്‍ജ് ഈ ചിത്രത്തിലും പോലീസ് ഉദ്യോഗസ്ഥനായി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നിലൂടെയാണ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി പോകുന്നത്. ലാലേട്ടന്റെ സിനിമകള്‍ കാണാന്‍ ഒത്തിരി ഇഷ്ടമാണ്. എത്ര കൂളായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്.
ജോണ്‍സണ്‍ വേങ്ങത്തടം