ഹാര്‍ഡ് വര്‍ക്ക് അല്ല, പാഷന്‍ ആണ് പ്രധാനം
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഹാര്‍ഡ് വര്‍ക്കിനേക്കാളും പ്രാധാന്യം പാഷനാണ്. പരാജയമുണ്ടാകുമ്പോഴും തളരാതെ വിജയം മാത്രം ലക്ഷ്യമിട്ട് മുന്നോട്ടുപോകണമെങ്കില്‍ സിവില്‍ സര്‍വീസിനോട് അത്രമേല്‍ പാഷന്‍ വേണം. പാഷന്‍ നിലനിര്‍ത്തുന്നതുവച്ചുനോക്കുമ്പോള്‍ ഹാര്‍ഡ് വര്‍ക്ക് എളുപ്പമാണ്.'' പറയുന്നത് ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയിലെ 49ാം റാങ്കുകാരി രഞ്ജിന മേരി വര്‍ഗീസ്. സ്‌കൂള്‍ പഠനകാലത്തു തന്നെ സ്വപ്‌നം കണ്ട ഐഎഫ്എസ് (ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്) യാഥാര്‍ഥ്യമാകുമ്പോള്‍ ഈ 27കാരിയുടെ അഞ്ചുവര്‍ഷം നീണ്ട കഠിനാധ്വാനമാണ് സാര്‍ഥകമാകുന്നത്.

ആദ്യചോദ്യം ഈസ്റ്ററിനെക്കുറിച്ച്

ഇന്റര്‍വ്യൂവിന്റെ സമയത്ത് നല്ല ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ എന്നെ വിസ്മയപ്പെടുത്തിക്കൊണ്ട് ആദ്യത്തെ ചോദ്യം ഈസ്റ്ററിന്റെ പ്രധാന്യത്തെക്കുറിച്ചായിരുന്നു. ഇത് നല്ല ആത്മവിശ്വാസം നല്‍കി. ഈസ്റ്റര്‍ നല്‍കുന്ന പ്രത്യാശയുടെ സന്ദേശത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. കണ്ണൂരിന്റെ ഇന്നത്തെ സ്ഥിതി, നമ്പി നാരായണന്‍, കുഞ്ഞാലി മരയ്ക്കാര്‍, കേരളത്തിലെ പോര്‍ച്ചുഗീസ് സ്വാധീനം ഇവയെക്കുറിച്ചെല്ലാം ചോദ്യങ്ങളുണ്ടായിരുന്നു.

മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ നിന്ന് സിവില്‍ സര്‍വീസിലേയ്ക്ക്

കെമിക്കല്‍ എന്‍ജിനിയറിംഗ് പഠനത്തിനുശേഷമാണ് ചെന്നൈയില്‍ സായിപെം എന്ന ഇറ്റാലിയന്‍ ഓയില്‍ കമ്പനിയില്‍ ജോലിയ്ക്കു കയറുന്നത്. കോര്‍പറേറ്റ് കമ്പനിയിലെ ജോലിയോട് മടുപ്പ് തോന്നിത്തുടങ്ങവെയാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തന്റെ സ്വപ്‌നം സിവില്‍ സര്‍വീസ് ആണെന്നും കോച്ചിംഗിന് പോവുകയാണെന്നും പറഞ്ഞത്. ഇതോടെ കുട്ടിക്കാലത്തെ മോഹം വീണ്ടും എന്റെ മനസില്‍ മുളപൊട്ടി. സ്വന്തമായി പഠിക്കാന്‍ തീരുമാനിച്ചു. ഞാന്‍ പഠിച്ച കെമിക്കല്‍ എന്‍ജിനിയറിംഗ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓപ്ഷണല്‍ വിഷയമായിരുന്നില്ല. അതിനാല്‍ സമൂഹവുമായി കൂടുതല്‍ ബന്ധപ്പെടുന്ന വിഷയമെന്ന നിലയില്‍ സോഷ്യോളജി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. പുലര്‍ച്ചെ അഞ്ചു മുതല്‍ രാവിലെ ഏഴുവരെയായിരുന്നു പഠനം. ഓഫീസിലേയ്ക്ക് പോകുന്നവഴി റേഡിയോ ന്യൂസ് കേള്‍ക്കും. ഓഫീസില്‍ നേരത്തെയെത്തി പ്രധാന പത്രങ്ങളുടെ ഇന്റര്‍നെറ്റ് എഡിഷനുകള്‍ വായിക്കും. വൈകുന്നേരം താമസ സ്ഥലത്ത് തിരിച്ചെത്തിയശേഷവും പഠനവും റേഡിയോ ന്യൂസ് കേള്‍ക്കലും തുടരുമായിരുന്നു. പഠനകാലത്ത് ടിവി കണ്ടിരുന്നില്ല. 2016ല്‍ ആദ്യമായി സിവില്‍ സര്‍വീസ് എഴുതിയപ്പോള്‍ 18 മാര്‍ക്കിന് മെയിന്‍ നഷ്ടമായി.

തോല്‍ക്കാന്‍ മനസില്ലാതെ

ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും തോറ്റു പിന്മാറാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. മുഴുവന്‍ സമയവും പഠനത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നതിനായി ജോലി രാജിവച്ചു. ഇതിനുശേഷം ഡല്‍ഹിയിലേയ്ക്കു പോവുകയാണ് ആദ്യം ചെയ്തത്. ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ലൈബ്രറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റഡി സര്‍ക്കിള്‍ ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. ഇത് ഏറെ ആവിശ്വാസം നല്‍കി. ശശി തരൂരിനെയും ടി.പി.ശ്രീനിവാസനെയും നേരില്‍കണ്ട് സംസാരിക്കാന്‍ കഴിഞ്ഞത് ഏറെ ആത്മവിശ്വാസം നല്‍കി. 2017ല്‍ പരീക്ഷയെഴുതിയപ്പോള്‍ കേവലം ഒരു മാര്‍ക്ക് അകലെ മെയിന്‍ ലിസ്റ്റില്‍ ഇടം നേടാനുള്ള അവസരം നഷ്ടമായി. എന്നാല്‍ റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്ന നാഗ്പൂരിലെ ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലി കിട്ടി. ആദ്യ നൂറു റാങ്കുകള്‍ക്കുള്ളില്‍ ഇടം നേടുക എന്ന ലക്ഷ്യവുമായാണ് മൂന്നാംതവണയും പരീക്ഷയെഴുതിയത്. പ്രതീക്ഷിച്ചതിലും വലിയ വിജയം ഇത്തവണ കൂടെ വന്നു.


എന്തുകൊണ്ട് ഐഎഫ്എസ് ?

പൊതുവെ സിവില്‍ സര്‍വീസ് എഴുതുന്നവരുടെ പ്രഥമ പരിഗണന ഐഎഎസ് ആണെന്നിരിക്കെ എന്തുകൊണ്ട് ഐഎഫ്എസ് തെരഞ്ഞെടുത്തെന്ന ചോദ്യത്തിന് രഞ്ജിനയുടെ മറുപടിയിങ്ങനെ ''ഇന്ത്യ എന്തു ചെയ്യുന്നെന്ന് ലോകം ഉറ്റു നോക്കുന്ന സാഹചര്യമാണിപ്പോള്‍. അതിനാല്‍ നയതന്ത്ര മേഖലയുടെ പ്രധാനം മുമ്പത്തേക്കാളുമെല്ലാം വര്‍ധിച്ചിരിക്കുന്നു. മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവാണ് എന്റെ റോള്‍ മോഡല്‍.''

ഇന്ത്യയുടെ ആാവറിഞ്ഞ പഠനകാലം

അച്ഛനമ്മമാര്‍ പ്രൈവറ്റ് സ്‌കൂള്‍ അധ്യാപകരായതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു രഞ്ജിനയുടെ വിദ്യാഭ്യാസം. മൈസുരുവില്‍ എല്‍പി സ്‌കൂള്‍ വിദ്യാഭ്യാസം യുപി വിദ്യാഭ്യാസം അമ്മയുടെ നാടായ തളിപ്പറമ്പിലെ പുഷ്പഗിരി സെന്റ് ജോസഫ് സ്‌കൂളിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലും പ്ലസ്ടുവും എന്‍ജിനിയറിംഗും തമിഴ്‌നാട്ടിലെ പെരുന്തുറെയിലും. പഠനത്തില്‍ എന്നും മുമ്പന്തിയിലായിരുന്നു രഞ്ജിന. പത്താം ക്ലാസില്‍ 86 ശതമാനവും പ്ലസ്ടുവിന് 95 ശതമാനവും മാര്‍ക്കുണ്ടായിരുന്നു. കെമിക്കല്‍ എന്‍ജിനിയറിംഗ് ഗോള്‍ഡ് മെഡലോടെയാണ് പാസായത്. വിവിധ സ്ഥലങ്ങളിലെ പഠനം രഞ്ജിനയെ മലയാളവും ഇംഗ്ലീഷും കൂടാതെ മൂന്നു ഭാഷകള്‍ (ഹിന്ദി, തമിഴ്, കന്നഡ) കൂടി സ്വായത്തമാക്കാന്‍ സഹായിച്ചു.

കുടുംബം

കുടുംബമാണ് തന്റെ ഏറ്റവും കരുത്തെന്ന് രഞ്ജിന പറയുന്നു. പിതാവ് വീരാളശേരില്‍ വി.എ.വര്‍ഗീസ് ബദിയഡുക്ക ഹോളിഫാമിലി സ്‌കൂള്‍ അധ്യാപകനാണ്. അമ്മ തെരേസ വിരമിച്ചു. കണ്ണൂര്‍ ചെമ്പന്തൊട്ടി സ്വദേശികളായ ഇവര്‍ ഒരു വര്‍ഷം മുമ്പ് കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക വിദ്യാഗിരി പഞ്ചിക്കലില്‍ വീടും സ്ഥലവും വാങ്ങി സ്ഥിരതാമസമാക്കി. അനുജന്‍ ആന്റണി കൊച്ചി റോയല്‍ സുന്ദരം കമ്പനിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും അനുജത്തി എലിസബത്ത് ചെന്നൈയില്‍ വെറ്ററിനറി ഡോക്ടറുമാണ്.

ഷൈബിന്‍ ജോസഫ്