അച്യുതന്റെ നായിക
Tuesday, February 19, 2019 3:40 PM IST
ഹിറ്റ്‌മേക്കര്‍ ആയ അച്ഛന്റെ മകള്‍. കുട്ടിക്കാലം മുതല്‍ കേട്ടുവളര്‍ന്നത് സിനിമയെക്കുറിച്ചാണ്. എങ്കിലും താന്‍ ഒരിക്കലും ഒരു സിനിമാനടിയാകുമെന്ന് ശ്രവണ കരുതിയിരുന്നില്ല. ലാല്‍ ജോസ് ചിത്രമായ തട്ടിന്‍പുറത്തെ അച്യുതനിലെ നായിക ശ്രവണ പ്രശസ്ത സംവിധായകന്‍ ബാബു നാരായണന്റെ (അനില്‍ - ബാബു കൂട്ടുകെട്ട്) മകളാണ്. ശ്രവണയുടെ വിശേഷങ്ങളിലേക്ക്...
സിനിമയിലേക്ക്
രണ്ടുവര്‍ഷം മുമ്പ് പിഷാരടി സമുദായത്തിന്റെ ഒരു റീയൂണിയന്‍ കൊച്ചിയില്‍ നടന്നു. അന്ന് തീം സോംഗ് ഉള്‍പ്പെടെ രണ്ടു പരിപാടികള്‍ ഞാനാണ് അവതരിപ്പിച്ചത്. ആദ്യമായിട്ടാണ് ഞാന്‍ ഒരു പൊതുപരിപാടിയില്‍ വരുന്നത്. അന്ന് പ്രോഗ്രാം സ്വിച്ച് ഓണ്‍ ചെയ്യാനെത്തിയത് ലാല്‍ ജോസ് അങ്കിളായിരുന്നു. പ്രോഗ്രാം കണ്ട് ഇഷ്ടപ്പെട്ട ലാലു അങ്കിള്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. നിങ്ങള്‍ സമ്മതിച്ചാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പിഷാരടിമാര്‍ക്ക് ഞാനൊരു നായികയെ തരാമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ പാലിക്കപ്പെട്ടു. അച്ഛനോട് അങ്കിള്‍ സംസാരിച്ചു. അച്ഛന്‍ എന്റെ അഭിപ്രായം ചോദിച്ചു. ഞാന്‍ ത്രില്‍ഡ് ആയിപ്പോയി.
കാമറയ്ക്കുമുന്നില്‍
വളരെ എക്‌സ്പീരിയന്‍സ്ഡ് ആയ ക്രൂ ആയിരുന്നു. ലാല്‍ ജോസ് മാജിക് എന്നൊക്കെയാണ് ലൊക്കേഷനില്‍ പറഞ്ഞിരുന്നത്. ലാലു അങ്കിള്‍, ചാക്കോച്ചന്‍ അവരുടെയൊക്കെ മുന്നില്‍ ഞാനൊരു തുടക്കക്കാരിയാണ്. അതിന്‍േറതായ ടെന്‍ഷന്‍ നന്നായിട്ട് ഉണ്ടായിരുന്നു. പക്ഷേ വളരെ കെയറിംഗ് ആയിട്ടുള്ള അന്തരീക്ഷമായിരുന്നു. ലാലു അങ്കിളും ചാക്കോച്ചനുമൊക്കെ ഒത്തിരി ഹെല്‍പ് ചെയ്തു. എനിക്ക് കോണ്‍ഫിഡന്‍സ് തന്നു.
കുഞ്ചാക്കോ ബോബനൊപ്പം
ഞാനും ചാക്കോച്ചനുമായി അധികം കോമ്പിനേഷന്‍ സീനുകളില്ല. ചാക്കോച്ചന്‍ വളരെ കൂള്‍ ആന്‍ഡ് റിലാക്‌സ്ഡ് ആണ്. ഒത്തിരി തമാശ പറയും. ഇതൊക്കെ ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിച്ചു. ചാക്കോച്ചന്റെ നായികയാകുന്നത് ഒരു ഭാഗ്യമല്ലേ. ജ്യോതിലക്ഷ്മിയെന്ന നാട്ടിന്‍പുറത്തുകാരി നമ്പൂതിരിക്കുട്ടിയായാണ് ചിത്രത്തില്‍ എത്തുന്നത്.
എല്ലാം ദൈവനിശ്ചയം
ഞാന്‍ തികഞ്ഞ കൃഷ്ണഭക്തയാണ്. ഒരിക്കലും സിനിമയില്‍ വരുമെന്ന് കരുതിയതല്ല. പഠനകാലത്ത് ഒരു നാടകത്തില്‍പ്പോലും അഭിനയിച്ചിില്ല. മുമ്പ് സിനിമയിലേക്ക് ഓഫര്‍ വന്നെങ്കിലും അതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വേണ്ടെന്നു വച്ചു. ചേട്ടന്‍ ദര്‍ശന് കുട്ടിക്കാലം മുതല്‍ സിനിമ ക്രേസ് ആയിരുന്നു. ഈ ചിത്രത്തില്‍ ചേട്ടനും കാമറ അസിസ്റ്റന്റായി അരങ്ങേറ്റം കുറിച്ചുവെന്ന സവിശേഷത കൂടിയുണ്ട്. എല്ലാം ദൈവനിശ്ചയം മാത്രം.
കോളജിലും ഹീറോയിന്‍
തൃശൂര്‍ കൊടകര സഹൃദയ കോളജില്‍ എം.എ ഇംഗ്ലീഷ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ഞാന്‍. എന്റെ കൂട്ടുകാരും ത്രില്‍ഡ് ആണ്. ഞാന്‍ സിനിമയില്‍ വരുമെന്ന് ആരും വിചാരിച്ചതല്ല. ടീച്ചര്‍മാരും ഫുള്‍ സപ്പോര്‍ട്ടാണ്. നല്ല സിനിമ വന്നാല്‍ ഇനിയും ചെയ്യണമെന്നാണ് അധ്യാപകര്‍ പറയുന്നത്. കൂട്ടുകാരുടെ ഇഷ്ട നടന്മാര്‍ക്കൊപ്പം അവസരം കിട്ടിയാല്‍ അഭിനയിക്കണമെന്നൊക്കെ പറയാറുണ്ട്.
അച്ഛന്‍ ഒകെ പറഞ്ഞു
റിലീസിംഗ് ദിവസം ഞങ്ങള്‍ ഫാമിലിയായിട്ട് ആദ്യ ഷോ എറണാകുളത്താണ് കണ്ടത്. സെന്‍ക്കന്‍ഡ് ഷോ ലാലു അങ്കിളിനൊപ്പം കണ്ടു. ആദ്യ ഷോയ്ക്കു ശേഷം അച്ഛന്‍ പുറത്തുപോയി. ഞാന്‍ വീട്ടില്‍ തിരിച്ചെത്തി അച്ഛന്‍ വരാനായി കാത്തിരുന്നു. അച്ഛന്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു. ' അച്ഛന്‍ എന്ന നിലയിലല്ല, ഒരു സംവിധായകന്‍ എന്ന നിലയില്‍ എന്റെ അഭിനയത്തെക്കുറിച്ച് പറയണം. ഇനി ഈ രംഗത്ത് തുടരണോ?'. അച്ഛന്‍ ഉത്തരം പോസിറ്റീവ് ആയിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ട്. നല്ല സിനിമകള്‍ വന്നാല്‍ ഇനിയും ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞു. ലാലു അങ്കിളും ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. തുടക്കക്കാരി എന്ന നിലയില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്.
സാരിയില്‍ കോണ്‍ഫിഡന്‍സുണ്ട്
എപ്പോഴും കാഷ്വല്‍സ് ആണ് ധരിക്കുന്നത്. അതിലാണ് കംഫര്‍ട്ട് ആയി തോന്നിയിട്ടുള്ളത്. സാരിയും എത്‌നിക് വെയറും ഇഷ്ടമാണ്. കല്യാണങ്ങള്‍ക്കും പാര്‍ിക്കുമൊക്കെ പോകുമ്പോള്‍ സാരി ഉടുക്കും. സാരി ഉടുക്കുമ്പോള്‍ കോണ്‍ഫിഡന്‍സ് കൂടുന്നതായാണ് തോന്നിയിട്ടുള്ളത്.
പാട്ടും നൃത്തവും ഇഷ്ടം
ഞാന്‍ ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല. ലളിതഗാനം പഠിച്ചിട്ടുണ്ട്. പാട്ട് ശാസ്ത്രീയമായി പഠിക്കണമെന്ന് വളരെയധികം മോഹമുണ്ട്. പഠിപ്പു കഴിഞ്ഞാല്‍ അതിലേക്ക് പോകാന്‍ ഉദ്ദേശമുണ്ടായിരുന്നു.
എല്‍കെജി മുതല്‍ നൃത്തം പഠിച്ചു തുടങ്ങിയതാണ്. ഒമ്പതാം ക്ലാസുവരെ പഠിച്ചു. ഐസിഎസ്ഇ ആയതിനാല്‍ സംസ്ഥാനതല മത്സരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഈ ചിത്രത്തില്‍ നാല് സ്റ്റൈപ്പ് ചെയ്യാനുള്ള അവസരവും ഉണ്ടായി.
നല്ല കഥയ്ക്കായി കാത്തിരിക്കുന്നു
പുതിയ പ്രോജക്ടുകളൊന്നും ഇപ്പോള്‍ കമ്മിറ്റ് ചെയ്തിില്ല. പഠനത്തിനൊപ്പം സിനിമയും മുന്നോട്ടു കൊണ്ടുപോകാനാണ് പ്ലാന്‍. നല്ലൊരു കഥയ്ക്കായി കാത്തിരിക്കുകയാണ് ഞാന്‍.
ഡ്രീം റോള്‍
മനസിലൊരു റോള്‍ ഉണ്ട്. ഉള്ളില്‍ പല വിഷമങ്ങളും ഒളിപ്പിച്ച് പുറമേ ചിരിച്ചു കാണിക്കുന്ന ഒരു പെണ്‍കുട്ടി. അവള്‍ എല്ലാവര്‍ക്കും സന്തോഷം മാത്രമാണ് പകര്‍ന്നു നല്‍കുന്നത്. അവളുടെ ദു:ഖം ആരെയും അറിയിക്കുന്നില്ല. അത്തരമൊരു കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം.
ഞാനൊരു ഫൂഡി
കുക്കിംഗില്‍ അത്ര എക്‌സ്പര്‍ട്ട് അല്ല. അത്യാവശ്യം ഭക്ഷണമൊക്കെ ഉണ്ടാക്കാന്‍ അറിയാം. അമ്മയും ചേട്ടനും നല്ല കുക്കാണ്. അവരുണ്ടാക്കുന്നതൊക്കെ ഞാന്‍ കഴിക്കും. നല്ലൊരു ഫൂഡിയാണ് ഞാന്‍.
കുടുംബവിശേഷങ്ങള്‍
അച്ഛന്‍ ബാബു നാരായണന്‍ സംവിധായകനാണ്. അമ്മ ജ്യോതി കോലഴി ചിന്മയ സ്‌കൂളിലെ അധ്യാപികയാണ്. ചേട്ടന്‍ ദര്‍ശന്‍. അമ്മൂമ്മ ചന്ദ്രമതി. അമ്മൂമ്മയായിരുന്നു എനിക്കൊപ്പം ലൊക്കേഷനിലൊക്കെ വന്നിരുന്നത്. തൃശൂര്‍ ചെമ്പൂക്കാവിലാണ് ഞങ്ങള്‍ താമസിക്കുന്നത്.
സീമ മോഹന്‍ലാല്‍