മലയാളത്തിന്റെ പുത്തന്‍ മുഖശ്രീ
മലയാളത്തിന്റെ നായികാവസന്തങ്ങള്‍ക്കിടയില്‍ പുത്തന്‍ മുഖശ്രീയുമായി എത്തുകയാണ് മിയശ്രീ. ടെലിവിഷനില്‍ അവതാരകയായി കരിയര്‍ ആരംഭിച്ച മിയശ്രീക്ക് ഇന്നു തമിഴിലും മലയാളത്തിലുമായി കൈ നിറയെ ചിത്രങ്ങളാണുള്ളത്. ബിഗ്‌സ്‌ക്രീനിലേക്കു മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും ഈ നായികയ്ക്കു പിന്നീട് അവസരങ്ങള്‍ കിട്ടിയത് തമിഴ് സിനിമയില്‍ നിന്നാണ്. എന്നാല്‍ ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലേക്കു തിരികെ വരുകയാണ് മിയശ്രീ. ഏരിസ് ഗ്രൂപ്പിന്റെ നിര്‍മാണത്തില്‍നിന്നും ഒരുപിടി പുതുമുഖ താരങ്ങളുമായി എത്തുന്ന 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' എന്ന ചിത്രത്തിലെ 'ആനന്ദി' എന്ന നായിക കഥാപാത്രമായാണ് മിയശ്രീയുടെ തിരിച്ചുവരവ്.

ആനന്ദി എന്ന കഥാപാത്രം

മാതാപിതാക്കളെ വളരെയധികം സ്‌നേഹിക്കുകയും അവര്‍ക്കു വേണ്ടി ജീവിക്കുന്നതുമായ കഥാപാത്രമാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരിലെ ആനന്ദി. അവള്‍ക്കൊരു പ്രണയമുണ്ട്. എന്നാല്‍ ഒരു പ്രണയത്തിനപ്പുറം എല്ലാ ഇമോഷനിലൂടെയും കടന്നുപോകുന്ന ഒരു കഥാപാത്രമാണത്.

ഐക്കരക്കോണത്തെ ടീം

സിനിമ ക്രൂ എന്നതിലുപരിയായി ഒരു കുടുംബാന്തരീക്ഷം നല്‍കുന്ന ചിത്രമായിരുന്നു അത്. സംവിധായകന്‍ ബിജു മജീദ് വളരെ സപ്പോര്‍ട്ടായിരുന്നു. ഒരു ടെന്‍ഷനുമില്ലാതെ അഭിനയിക്കാന്‍ സാധിച്ചു.

മലയാളത്തിലേക്കു വീണ്ടും

മലയാളത്തില്‍ ഞാന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍. എന്നാല്‍ ആദ്യം തിയറ്ററിലെത്തുന്നത് ഈ ചിത്രമായിരിക്കും. മലയാളത്തില്‍ ആദ്യം ചെയ്തത് അപ്പൂപ്പന്‍താടി എന്ന ചിത്രമാണ്. രണ്ടാമത്തേത് പിപ്പലാന്ത്രി എന്ന സിനിമയും.

വയനാട്ടില്‍ നിന്നു രണ്ടു പെണ്‍കുട്ടികള്‍ ഡെലിവറിക്കായി രാജസ്ഥാനിലേക്ക് എത്തുന്ന കഥയാണ് പിപ്പലാന്ത്രിയുടേത്. സ്ത്രീകളോടും കുഞ്ഞുങ്ങളോടുമുള്ള ആ നാടിന്റെ സ്‌നേഹവും ആദരവുമൊക്കെ ആ ചിത്രത്തിലുണ്ട്. 2017 ആദ്യം ചെയ്ത ചിത്രമായിരുന്നു അത്. ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചെത്തുകയാണ് ഇപ്പോള്‍. തമിഴില്‍ ആദ്യ സിനിമ ചെയ്യുന്ന സമയത്ത് അടുത്ത ചിത്രങ്ങളിലേക്ക് അവസരം കിട്ടിയിരുന്നു. അതാണ് മലയാളത്തില്‍ ഇടവേള സംഭവിച്ചത്.

കരിയറിന്റെ തുടക്കം

ഫോട്ടോ പോലും എടുക്കാത്ത ആളായിരുന്നു ഞാന്‍. ആങ്കറിംഗിനു വേണ്ടിയാണ് ആദ്യമായി കാമറയ്ക്കു മുന്നിലെത്തുന്നത്. ഒരു ചാനലില്‍ പാചക പരിപാടിയുടെ അവതാരകയായിട്ടാണ് കരിയര്‍ തുടങ്ങുന്നത്. പല ദേശങ്ങളില്‍ പോയി പല വിഭവങ്ങളെ പരിചയപ്പെടുത്തുന്ന ഞായറാഴ്ചകളിലുള്ള ഒരു പ്രോഗ്രാമായിരുന്നു അത്. അതു ചെയ്യുന്ന സമയത്താണ് എന്റെ ഫോാേ കണ്ട് അപ്പൂപ്പന്‍താടിയിലേക്കു വിളിക്കുന്നത്.


മലയാളവും കടന്ന്

തമിഴില്‍ മൂന്നു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. ഒരു സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. മധുരൈ ടു തേനി പാര്‍ട്2 ആണ് തമിഴില്‍ എന്റെ ആദ്യ റിലീസ് ചെയ്ത ചിത്രം. കണ്‍മണി പാപ്പ, ന ഊരുക്ക് എന്നതാച്ച് എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നു.

തമിഴിലേക്ക് അവസരം

എന്റെ ഒരു സുഹൃത്താണ് തമിഴ് ചിത്രത്തിലേക്കു നായികയെ അന്വേഷിക്കുന്നു എന്നു പറയുന്നത്. അങ്ങനെയാണ് ഞാന്‍ ഫോട്ടോസ് അയച്ചുകൊടുത്തത്. ഫോട്ടോ കണ്ട് സിനിമയുടെ അണിയറക്കാര്‍ക്ക് ഇഷ്ടമായപ്പോള്‍ എറണാകുളത്തു വന്നു നേരിട്ടു കണ്ടു. അങ്ങനെയാണ് തമിഴ് ചിത്രത്തിലേക്ക് എത്തുന്നത്.ഇഷ്ടങ്ങള്‍

നൃത്തം ചെയ്യുന്നതാണ് ഏറെ ഇഷ്ടമുള്ള കാര്യം. മുമ്പ് കുറച്ചുനാള്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിരുന്നു. ഇപ്പോള്‍ വെസ്റ്റേണ്‍ ഡാന്‍സിലാണ് പരിശീലനം നടത്തുന്നത്. പിന്നെ സിനിമ കാണുന്നതും യാത്ര ചെയ്യുന്നതുമാണ് മറ്റിഷ്ടങ്ങള്‍.

കുടുംബ വിശേഷം

ആലുവ ചൂണ്ടിയിലാണ് വീട്. അനിയനും അമ്മയും പപ്പയും ചേരുന്നതാണ് ഞങ്ങളുടെ കുടുംബം. ഇപ്പോള്‍ ഞാന്‍ ബി.എഡ് പൂര്‍ത്തിയാക്കി.

ഡ്രസിംഗ് സ്റ്റൈല്‍

മോഡേണ്‍ ഡ്രസിംഗ് സ്റ്റൈല്‍ ഇഷ്ടമാണ്. പക്ഷേ, എനിക്കു നാടന്‍ വേഷങ്ങളാണ് സിനിമയില്‍ കൂടുതലും ചേരുന്നത് എന്നു തോന്നിയിട്ടുണ്ട്. പിന്നെ കാജല്‍, തമന്നയൊക്കെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതു കാണുമ്പോള്‍ ഇഷ്ടം തോന്നാറുണ്ട്.

പാചകം

സത്യം പറഞ്ഞാല്‍ കുക്കറി ഷോയൊക്കെ ചെയ്താണ് ഞാന്‍ വന്നതെങ്കിലും പാചകത്തില്‍ വലിയ പിടിയൊന്നുമില്ല. പ്രോഗ്രാമിന്റെ ഭാഗമായി ചെന്ന ഇടങ്ങളില്‍ നിന്ന് അതിന്റെ റെസിപ്പി പഠിച്ചെടുക്കുമെങ്കിലും അതൊന്നും പരീക്ഷിച്ചിട്ടില്ല. അമ്മ നന്നായി പാചകം ചെയ്യും. അതു സ്വാദോടെ കഴിക്കുകയാണ് ഞാന്‍ ചെയ്യുന്നത്.

ലിജിന്‍ കെ. ഈപ്പന്‍