പ്രിയം കാല്‍പന്ത്
കണ്ണൂരില്‍ സമ്മര്‍ കോച്ചിംഗ് ഫുട്‌ബോള്‍ പരിശീലനത്തിന് കായികതാരങ്ങളെ തേടുന്നു അതായിരുന്നു ആ വാര്‍ത്ത. അന്ന് കണ്ണൂരിലെ മാടായി കോളജില്‍ പഠിക്കുകയാണ് പി.വി. പ്രിയ. കോളജിലെ ഹാന്‍ഡ്‌ബോള്‍ ടീമിലെ അംഗം. ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന്റെ വാര്‍ത്ത കണ്ടപ്പോള്‍ അച്ഛനാണ് പ്രിയയേയും കൂട്ടി ക്യാമ്പിലെത്തുന്നത്. അന്നുവരെ ഫുട്‌ബോള്‍ എന്നാല്‍ ടെലിവിഷനിലെ കാഴ്ച മാത്രമായിരുന്നു പ്രിയയ്ക്ക്. വീ
ട്ടില്‍ അച്ഛനും അമ്മാവന്‍മാരും ഫുട്‌ബോള്‍ പ്രേമികളാണ്. ആ കാല്‍പന്തുകളിക്കമ്പം അല്‍പം പ്രിയയ്ക്കും ലഭിച്ചു എന്നുമാത്രം. എന്തായാലും കോച്ചിംഗ് ക്യാമ്പിലേക്ക് സെലക്ഷന്‍ കിട്ടി.

രണ്ടുമാസം തുടര്‍ച്ചയായിട്ടായിരുന്നു ആദ്യം കോച്ചിംഗ്. പിന്നീട് എല്ലാ ഞായറാഴ്ചകളിലും കോച്ചിംഗ് തുടര്‍ന്നു. പഠനം മാടായി കോളജില്‍ നിന്നും കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളജിലെത്തിയതിനാല്‍ ഞായറാഴ്ചകളിലെ കോച്ചിംഗിലും പങ്കെടുത്തു. കളി പഠിച്ച പ്രിയ കണ്ണൂര്‍ ജില്ലാ വനിതാ ഫുട്‌ബോള്‍ ടീമിനെ പ്രതിനിധീകരിച്ച് നിരവധി സ്ഥലങ്ങളില്‍ കളിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. ആ പ്രയാണം ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം കോച്ച് എന്ന പദവിയില്‍ വരെ പ്രിയയെ എത്തിച്ചു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ എ ലൈസന്‍സ് അംഗീകാരമുള്ള കോച്ചാണ് ഇന്ന് പ്രിയ.

തുടക്കം ബിഹാറില്‍

ബിഹാറില്‍ 1995- 96ല്‍ നടന്ന ദേശീയ ജൂണിയര്‍ വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിനായി ബൂട്ടണിഞ്ഞുകൊണ്ടാണ് പ്രിയ ആദ്യമായി ഒരു വലിയ ടൂര്‍ണമെന്റിനിറങ്ങുന്നത്. തുടര്‍ന്ന് കേരള സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീം അംഗമായി. 1997 മുതല്‍ 2009 വരെ ഇന്ത്യയില്‍ പലയിടങ്ങളിലായി നടന്ന സീനിയര്‍ നാഷണല്‍ ടൂര്‍ണമെന്റുകളില്‍ കേരളത്തിനായി കളത്തിലിറങ്ങി. 2001ല്‍ പഞ്ചാബിലും 2007ല്‍ ഗുഹാവത്തിയിലും നടന്ന നാഷണല്‍ ഗെയിംസില്‍ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞു. 1999 മുതല്‍ 2001 വരെ കണ്ണൂര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ടീം അംഗമായിരുന്നു. 1998ല്‍ കക്കിലും 2002ല്‍ ജാര്‍ഖണ്ഡിലും 2004ല്‍ ബിഹാറിലും നടന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിനായി കളിച്ചു. 2009ല്‍ കേരള വനിതാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായിരുന്നു പ്രിയ.

ഫുട്‌ബോള്‍ പരിശീലക

കളിച്ച് പഠിച്ച ഫുട്‌ബോള്‍ തന്ത്രങ്ങള്‍ വരുംതലമുറയ്ക്ക് പകര്‍ന്ന് നല്‍കണം എന്നതായി പിന്നീട് പ്രിയയുടെ തീരുമാനം. അങ്ങനെയാണ് ഫുട്‌ബോള്‍ പരിശീലക എന്ന മേഖലയിലേക്ക് പ്രിയ ചുവടുമാറുന്നത്. 2002- 2004 കാലഘട്ടത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പഞ്ചാബ് പട്യാലയിലെ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ നിന്നും ഡിപ്ലോമ ഇന്‍ സ്‌പോര്‍ട്‌സ് കോച്ചിംഗ് പാസായി.


പിന്നീട് ശ്രീലങ്കയിലും മലേഷ്യയിലുമായി ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും സംഘടിപ്പിച്ച റീജണല്‍ വനിതാ പരിശീലക കോഴ്‌സടക്കം നിരവധി ക്ലാസുകളില്‍ പ്രിയ പങ്കെടുത്തു.

2010ലും 2011ലും ശ്രീലങ്കയില്‍ നടന്ന പെണ്‍കുട്ടികളുടെ അണ്ടര്‍ 13, അണ്ടര്‍ 14 ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു പ്രിയ.

പിന്നീട് 2012, 2013 വര്‍ഷങ്ങളില്‍ ശ്രീലങ്കയില്‍ നടന്ന പെണ്‍കുട്ടികളുടെ അണ്ടര്‍ 13, അണ്ടര്‍ 14 ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ വിജയിച്ച ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകയായി. 2014ല്‍ ശ്രീലങ്കയിലും 2016ല്‍ താജിക്കിസ്ഥാനിലും നടന്ന പെണ്‍കുട്ടികളുടെ അണ്ടര്‍ 14 ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ രണ്ടാം സ്ഥാനം നേടിയ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകയും പ്രിയയായിരുന്നു. 2015ല്‍ ജോര്‍ദാനില്‍ നടന്ന വനിതകളുടെ അണ്ടര്‍ 19 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം കളിച്ചതും പ്രിയയുടെ ശിക്ഷണത്തിലായിരുന്നു.

2012,13 വര്‍ഷങ്ങളില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ മലേഷ്യയിലും വിയറ്റ്‌നാമിലും നടന്ന ടൂര്‍ണമെന്റുകളില്‍ കളിച്ച ഇന്ത്യന്‍ വനിതാ ഫു്ടബോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും പ്രിയ സേവനമനുഷ്ഠിച്ചു.

വിവിധ വര്‍ഷങ്ങളില്‍ കേരള ടീമിനെയും പ്രിയ പരിശീലിപ്പിച്ചു. 2007 - 2010 കാലയളവില്‍ കാലിക്കറ്റ് സര്‍വകലാശാലയുടേയും 2016ല്‍ കണ്ണൂര്‍ സര്‍വകലാശാലയുടേയും വനിതാ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനവും പ്രിയയ്ക്കായിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ വനിതാ ഫുട്‌ബോള്‍ കോച്ചാണ് പ്രിയ.

കഠിനാധ്വാനത്തിന്റെ ദിനങ്ങള്‍

കണ്ണൂര്‍ ജില്ലയിലെ വെങ്ങര പരത്തിവളപ്പില്‍ പ്രഭാകരന്‍േറയും കരപ്പാത്ത് സുനീതിയുടേയും മകളായ പ്രിയ ഇന്നത്തെ ഫുട്‌ബോള്‍ പരിശീലകയായ പ്രിയയായതിനു പിന്നില്‍ കഠിനാധ്വാനവും അര്‍പ്പണബോധവും തന്നെയാണ് കാരണം. ഏറ്റെടുത്ത ഉദ്യമത്തോട് കാണിക്കുന്ന അങ്ങേയറ്റത്തെ ആത്മാര്‍ഥതയാണ് പ്രിയയെ ഓരോ ചുവടിലും വീഴാതെ മുന്നോട്ടു നടത്തിക്കുന്നത്.

കേരളത്തില്‍ നല്ല വനിതാഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ശ്രമം ഉണ്ടാകേണ്ടതുണ്ടെന്ന അഭിപ്രായക്കാരിയാണ് പ്രിയ. അതിനായി വളരെ കുട്ടിക്കാലത്തുതന്നെ പെണ്‍കുട്ടികളുടെ കഴിവ് തിരിച്ചറിയുകയും അവര്‍ക്ക് കൃത്യമായ പരിശീലനം കൊടുക്കേണ്ടതുമുണ്ട്. ആത്മര്‍ഥമായ ഇടപെടലുകള്‍ക്ക് മാത്രമേ അന്തിമവിജയം ഉണ്ടാകൂവെന്ന് പ്രിയ പറയുമ്പോള്‍ അത് വെറുംവാക്കല്ലെന്ന് ആ ജീവിതം നമ്മെ പഠിപ്പിക്കും.

ഷിജു ചെറുതാഴം ഫോട്ടോ: ജയ്ദീപ് ചന്ദ്രന്‍