വോക്‌സ്‌വാഗണ്‍ വിര്‍ടസിന് ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ്
വോക്‌സ്‌വാഗണ്‍ വിര്‍ടസിന് ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ്
Thursday, April 6, 2023 2:45 AM IST
കൊച്ചി: ഗ്ലോബല്‍ എന്‍സിഎപി ടെസ്റ്റിംഗ് പ്രോട്ടോക്കോളുകള്‍ക്ക് കീഴിലുള്ള സുരക്ഷ പരിശോധനക്ക് വിധേയമായ വോക്‌സ്‌വാഗണ്‍ വിര്‍ടസിന്, ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചതായി വോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ പ്രഖ്യാപിച്ചു.

ഗ്ലോബല്‍ എന്‍സിഎപിയുടെ ഏറ്റവും പുതിയതും കൂടുതല്‍ കര്‍ക്കശവുമായ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകള്‍ക്ക് കീഴിലായിരുന്നു വിര്‍ടസിന്‍റെ സുരക്ഷാ റേറ്റിംഗ് പരിശോധന. യാത്രക്കാരായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സെഡാനുകളില്‍ ഒന്നായി വോക്‌സ്‌വാഗണ്‍ വിര്‍ടസ് മാറി. നേരത്തെ ബ്രാന്‍ഡിന്‍റെ ആദ്യത്തെ ഇന്ത്യ 2.0 പ്രോജക്റ്റായ വോക്‌സ്‌വാഗണ്‍ ടൈഗൂണും അഭിമാനകരമായ ഈ സുരക്ഷാ റേറ്റിംഗ് നേടിയിരുന്നു.

ആഗോളതലത്തില്‍ പ്രശസ്തമായ ടര്‍ബോ സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷന്‍ എഞ്ചിനാണ് വോക്‌സ്‌വാഗണ്‍ വിര്‍ടസിനമുള്ളത്. ഏറ്റവും മികച്ച ജര്‍മന്‍എഞ്ചിനീയറിംഗ്, ഉയര്‍ന്ന മാനദണ്ഡങ്ങളിലുള്ള നിലവാരം, നാല്‍പതിലേറെ നൂതന സുരക്ഷാ ഫീച്ചറുകള്‍ എന്നിവയാല്‍ സമ്പന്നമായ വോക്‌സ്‌വാഗണ്‍ വിര്‍ടസ്, ഈ സെഗ്‌മെന്‍റിൽ ഏറ്റവും കൂടുതല്‍ അവാര്‍ഡ് ലഭിച്ച സെഡാന്‍ കൂടിയാണ്. 2022-23 കാലയളവില്‍ ഇന്ത്യന്‍ ഓട്ടോമോട്ടീവ് പ്രസിദ്ധീകരണങ്ങളില്‍ നിന്ന് 12ലധികം പുരസ്‌കാരങ്ങളാണ് വോക്‌സ്‌വാഗണ്‍ വിര്‍ടസ് നേടിയത്.


സുരക്ഷ, മേന്‍മയേറിയ നിര്‍മാണ നിലവാരം, പ്രകടനം എന്നിവ ആഗോളതലത്തില്‍ വോക്‌സ്‌വാഗണ്‍ ഡിഎന്‍എയെ സൃഷ്ടിക്കുകയാണെന്ന് വോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. ടൈഗൂണിന് ശേഷം വിര്‍ടസിനും ഗ്ലോബല്‍ എന്‍സിഎപി ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിങ് ലഭിച്ചുവെന്നത് ബ്രാന്‍ഡിന് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.