മുത്തൂറ്റ് ഫിനാൻസ് എൻസിഡി വഴി 500 കോടി സമാഹരിക്കും
Wednesday, February 8, 2023 12:29 AM IST
കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ സെക്യേർഡ് റിഡീമബിൾ നോണ് കണ്വെർട്ടബിൾ ഡിബഞ്ചറുകളുടെ (എൻസിഡി) 30-ാമത് സീരീസ് ഫെബ്രുവരി എട്ടു മുതൽ മാർച്ച് മൂന്നു വരെ വിതരണം നടത്തും. ആയിരം രൂപ മുഖവിലയുള്ള ഈ എൻസിഡികൾ വഴി 500 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. 100 കോടി രൂപയാണ് ഇഷ്യുവിന്റെ അടിസ്ഥാന തുക. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 400 കോടി കൂടി കൈവശംവയ്ക്കാനുള്ള അവകാശത്തോടെയാണ് 500 കോടി രൂപ സമാഹരിക്കാനാവുക.
ഐസിആർഎ എഎ പ്ലസ് സ്റ്റേബിൾ റേറ്റിംഗാണ് ഇതിനു നൽകിയിട്ടുള്ളത്. സാന്പത്തിക ബാധ്യതകൾക്കു സമയത്തു സേവനം നൽകുന്ന കാര്യത്തിൽ ഉയർന്ന സുരക്ഷിതത്വമാണ് ഈ റേറ്റിംഗിലൂടെ സൂചിപ്പിക്കുന്നത്. എൻസിഡികൾ ബിഎസ്ഇയിൽ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. വ്യക്തിഗത നിക്ഷേപകർക്ക് 8.25 ശതമാനം മുതൽ 8.60 ശതമാനം വരെ വിവിധ പലിശ നിരക്കുകൾ ലഭിക്കുന്ന ഏഴു നിക്ഷേപ തെരഞ്ഞെടുപ്പുകളാണ് ലഭ്യമായിട്ടുള്ളത്.
റിസർവ് ബാങ്കിന്റെ അടുത്ത കാലത്തെ പലിശ നിരക്കു വർധനവുകളുടെ പശ്ചാത്തലത്തിൽ തങ്ങൾ 30-ാമത് എൻസിഡി ഇഷ്യുവിൻറെ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ടെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. എഎ പ്ലസ് സ്റ്റേബിൾ നിരക്കുകൾ പരിഗണിക്കുന്പോൾ വളരെ ആകർഷകമായ നിരക്കുകളാണ് തങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.