സൗത്ത് ഇന്ത്യൻ ബാങ്കിന് വീണ്ടും മികവിനുള്ള പുരസ്കാരങ്ങൾ
Wednesday, December 28, 2022 11:05 PM IST
കൊച്ചി: പ്രവർത്തന മികവിന് ഈ വർഷം വിവിധ പുരസ്കാരങ്ങൾ സ്വന്തമാക്കിയ സൗത്ത് ഇന്ത്യൻ ബാങ്കിന് വീണ്ടും അംഗീകാരങ്ങൾ. ഇറ്റി ബെസ്റ്റ് ബ്രാൻഡ് കോണ്‍ക്ലേവിൽ ബെസ്റ്റ് ബ്രാൻഡുകളിലൊന്നായി സൗത്ത് ഇന്ത്യൻ ബാങ്കിനെ തെരഞ്ഞെടുത്തു. ബ്രാൻഡ് മൂല്യം, വർഷങ്ങളുടെ പാരന്പര്യം, വാർഷിക ലാഭം, വളർച്ചാ നിരക്ക്, ബ്രാൻഡ് റീകോൾ വാല്യൂ, ജീവനക്കാരുടെ എണ്ണം തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം നിർണയിച്ചത്. ഇതോടൊപ്പം സോഷ്യൽ പബ്ലിഷിംഗിൽ മുന്നിട്ടു നിൽക്കുന്ന ബാങ്കിംഗ് സ്ഥാപനമെന്ന കണക്ട് ഇൻസൈറ്റ് അംഗീകാരവും സൗത്ത് ഇന്ത്യൻ ബാങ്ക് സ്വന്തമാക്കി. മുംബൈയിൽ നടന്ന ചടങ്ങുകളിൽ ഈ രണ്ട് പുരസ്കാരങ്ങളും ബാങ്ക് സ്വീകരിച്ചു.
ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റാനുള്ള ഈ വർഷത്തെ ഞങ്ങളുടെ നിരന്തര പരിശ്രമങ്ങൾക്ക് ലഭിച്ച അർഹമായ അംഗീകാരങ്ങളാണ് ഈ രണ്ട് പുരസ്കാരങ്ങളുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ അസ്മത് ഹബീബുള്ള പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ടെക്ക് സൗഹൃദ, വിശ്വസനീയ ബാങ്കിങ് ബ്രാൻഡായി അംഗീകരിക്കപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു