"റെമിറ്റ് മണി എബ്രോഡ്’ സംവിധാനം അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്
Tuesday, November 1, 2022 10:51 PM IST
കൊച്ചി: വിദേശ പണമിടപാട് നടത്തുന്ന ഉപഭോക്താക്കൾക്കായി സൗത്ത് ഇന്ത്യൻ ബാങ്ക് മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ എസ്ഐബി മിറർ പ്ലസിൽ ’റെമിറ്റ് മണി എബ്രോഡ്’ എന്ന പേരിൽ പുതിയ സംവിധാനം കൊണ്ടുവരുന്നു. സമയ ലാഭവും സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ വിദേശത്തേക്ക് പണമയക്കാം എന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത.
എൻആർഇ, റെസിഡൻറ് സേവിംഗ്സ് ബാങ്ക് ഉപഭോക്താക്കൾക്കാണ് ഈ സംവിധാനം ഉപകാരപ്പെടുക. ബാങ്കിന്‍റെ ഇന്‍റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമായ സൈബർനെറ്റിലും ഈ സേവനങ്ങൾ ലഭ്യമാണ്. കടലാസ് രഹിത ബാങ്കിംഗ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഇത്തരമൊരു സംവിധാനം അവതരിപ്പിച്ചത്. ഇതിലൂടെ ബ്രാഞ്ചുകളിൽ പോകാതെ തന്നെ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ വിദേശത്തേക്ക് പണം അയക്കാൻ സാധിക്കും.
സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ഡിജിറ്റൽ യാത്രയിലെ പ്രധാന കാൽവയ്പ്പാണ് ഇതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറും, ഗ്രൂപ്പ് ബിസിനസ് മേധാവിയുമായ കെ. തോമസ് ജോസഫ് പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ ലോകമെന്പാടുമുള്ള 100ലധികം കറൻസികളിൽ ഓണ്‍ലൈൻ വഴി പണം അയക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നു. മൊബൈൽ പ്ലാറ്റ്ഫോമുകളിലൂടെ വിദേശത്തേക്ക് പണം അയക്കുന്ന ഉപഭോക്താക്കൾക്ക് പണമയക്കൽ കൂടുതൽ എളുപ്പവും സുഗമവുമാക്കാൻ കഴിയുമെന്ന് ഞങ്ങൾക്കുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബപരിപാലനം, വിദേശത്തേക്കുള്ള എമിഗ്രേഷൻ, വിസ, വിദ്യാഭ്യാസം, യാത്രകൾ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള പണമിടപാടുകൾ നടത്താൻ ഈ സംവിധാനം വഴി സാധ്യമാണ്. ഇന്ത്യൻ നിവാസികളായ ഉപോഭോക്താക്കൾക്ക് ദിവസേന 10000 ഡോളറുടെയും വർഷത്തിൽ 25000 ഡോളറുടെയും ഇടപാട് ലഭ്യമാണ്. എൻആർഐ അക്കൗണ്ട് ഉടമകൾക്ക് ദിവസേന 25000 ഡോളറും വർഷത്തിൽ 100000 ഡോളറും വിനിമയം നടത്താം.