സൗത്ത് ഇന്ത്യൻ ബാങ്കിന് 223.10 കോടി രൂപ അറ്റാദായം
Friday, October 21, 2022 11:13 PM IST
കൊച്ചി: 2022-23 സാന്പത്തിക വർഷം രണ്ടാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 223.10 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ പാദത്തിലെ 187.06 കോടി രൂപയുടെ നഷ്ടം മറികടന്നാണ് ഈ നേട്ടം.
സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 246.43 കോടി രൂപയാണ് നികുതി അടവുകൾക്ക് മുന്‍പുള്ള ലാഭം. ഇത് ബാങ്കിന്റെ എക്കാലത്തേയും ഉയർന്ന നേട്ടമാണ്. പാദവാർഷിക അറ്റ പലിശ വരുമാനം 726.37 കോടി രൂപയാണ്. ഇത് ബാങ്കിന്റെ എക്കാലത്തേയും ഉയർന്ന ത്രൈമാസ അറ്റ പലിശ വരുമാനമാണ്. 3.21 ശതമാനം അറ്റപലിശ മാർജിനോടെയുള്ള ഈ നേട്ടം റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ROE) 1707 പോയിന്റുകൾ ഉയർത്തുകയും ചെയ്തു. റിട്ടേണ്‍ ഓണ്‍ അസെറ്സ് (ROA) 0.36 ശതമാനത്തിൽ നിന്ന് 0.64 ശതമാനമായി മികച്ച വാർഷിക വളർച്ചയും രേഖപ്പെടുത്തി.
മുൻവർഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിംഗ്സ് അക്കൗണ്ട്) നിക്ഷേപം 14.10 ശതമാനം വർധിച്ച് 30,548 കോടി രൂപയായി. സേവിംഗ്സ് നിക്ഷേപം 14 ശതമാനവും കറന്റ് നിക്ഷേപം 14.65 ശതമാനവും വർധിച്ച് യഥാക്രമം 25,538 കോടി രൂപയും 5010 കോടി രൂപയിലുമെത്തി. റീട്ടെയ്ൽ നിക്ഷേപം 5.71 ശതമാനം വർധിച്ച് 87,111 കോടി രൂപയിലും, എൻആർഐ നിക്ഷേപം 2.52 ശതമാനം വാർഷിക വളർച്ചയോടെ 27,500 കോടി രൂപയിലുമെത്തി. മൊത്തം വായ്പകളിൽ 16.56 ശതമാനം വാർഷിക വളർച്ച കൈവരിച്ചു.