പുതിയ മൂന്ന് വാഹനങ്ങൾ ഇന്ത്യയിൽ പ്രദർശിപ്പിച്ച് നിസാൻ
Tuesday, October 18, 2022 10:39 PM IST
കൊച്ചി : ആഗോള വാഹന വിപണിയിലെ, തങ്ങളുടെ ഏറ്റവും പ്രസിദ്ധമായ വാഹനങ്ങൾ ഇന്ത്യയിലും അവതരിപ്പിക്കാൻ തയ്യാറെടുത്ത് നിസാൻ. നിസാൻ എക്സ്- ട്രെയിൽ, ക്വാഷ്കി എന്നീ എസ്യുവികളുടെ ഇന്ത്യൻ റോഡുകളിലെ ടെസ്റ്റിംഗ് ഉടൻ ആരംഭിക്കും. ജ്യൂക്കിന്റെ പ്രദർശനവും ആരംഭിക്കും. ഇന്ത്യൻ സാഹചര്യങ്ങൾക്കും ഉപഭോക്താക്കൾക്കും ഇവ എത്രത്തോളം യോജിക്കുമെന്ന് അറിയുകയാണ് നിസാന്റെ ലക്ഷ്യം. ചെന്നൈയിലെ നിസാൻ പ്ലാന്റിനടുത്തുള്ള റോഡുകളിലായിരിക്കും കന്പനിയുടെ എൻജിനീയർമാരുടെ മേൽനോട്ടത്തിലുള്ള പരീക്ഷണ ഓട്ടങ്ങൾ. ടെസ്റ്റിംഗ് പൂർത്തിയാക്കിയാൽ എക്സ്- ട്രെയിൽ ആയിരിക്കും ഇന്ത്യയിൽ ആദ്യം വിൽപനയാരംഭിക്കുക.
ഇന്ത്യൻ വിപണിക്കു വലിയ സാധ്യതകളുണ്ടെന്നും പുതിയ തലമുറയിലെ ഇന്ത്യൻ ഉപഭോക്താക്കൾക്കിണങ്ങുന്ന മികച്ച വാഹനനിര ഇവിടെ അവതരിപ്പിക്കേണ്ടതുണ്ടെന്നും നിസാൻ ഇന്ത്യ പ്രസിഡന്റ് ഫ്രാങ്ക് ടോറെസ് പറഞ്ഞു. നിസാൻ മാഗ്നൈറ്റിന്റെ വൻ വിജയമാണ് പുതിയ എസ്യുവികൾ അവതരിപ്പിക്കാൻ പ്രയോജനമായതെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച മോഡലും സർക്കാരിന്റെ പിന്തുണയോടെയുള്ള ഉൽപാദന സൗകര്യങ്ങളുമുണ്ടെങ്കിൽ ഇന്ത്യൻ വിപണിയിൽ വിജയമുറപ്പാണെന്ന പാഠമുൾകൊണ്ട്, ഇന്ത്യയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള നവീകരണ-വിപുലീകരണ പദ്ധതികൾ ആവിഷ്ക്കരിച്ചിരിക്കുകയാണ് നിസാൻ.