കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷ്വറൻസ് കമ്പനിയായ ലൈഫ് ഇന്‍ഷ്വറൻസ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എൽഐസി) ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു.

ഓഹരിയുടെ ഇഷ്യു നിരക്കായ 949 രൂപയില്‍ 8.11 ശതമാനം ഡിസ്‌കൗണ്ടോടെ 872 രൂപ നിരക്കിലാണ് എന്‍എസ്ഇയില്‍ എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്തത്. 8.62 ശതമാനം ഡിസ്‌കൗണ്ടോടെ 867.20 രൂപ നിരക്കില്‍ ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു.

ആദ്യ ദിവസം ബിഎസ്ഇയില്‍ ഓഹരി വില 875.45 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇയില്‍ 875.25 രൂപ നിരക്കിലും ക്ലോസ് ചെയ്തു. പ്രഥമ ഓഹരി വില്‍പ്പനയില്‍ (ഐപിഒ) ഇഷ്യൂ നിരക്ക് 902 രൂപ മുതല്‍ 949 രൂപ വരെയായിരുന്നു നിശ്ചയിച്ചിരുന്നത്.


ബിഎസ്ഇയില്‍ എല്‍ഐസിയുടെ 27.55 ലക്ഷം ഓഹരികളും എന്‍എസ്ഇയില്‍ 487.92 ലക്ഷം ഓഹരികളുടേയും വ്യാപാരം നടന്നു. ആദ്യ ദിനത്തിലെ മൊത്തം വരുമാനം 4591.10 കോടി രൂപയാണ്. ഓഹരിയുടെ ആദ്യ ദിനത്തിലെ ക്ലോസിംഗ് നിരക്ക് പ്രകാരം എല്‍ഐസിയുടെ ആകെ ഓഹരികളുടെ വിപണി മൂല്യം ബിഎസ്ഇയില്‍ 5.53 ലക്ഷം കോടി രൂപയും എന്‍എസ്ഇയില്‍ 5.52 ലക്ഷം കോടി രൂപയുമാണ് .