മുത്തൂറ്റ് മിനി കടപ്പത്ര വിതരണം തുടങ്ങി
മുത്തൂറ്റ് മിനി കടപ്പത്ര വിതരണം തുടങ്ങി
Friday, December 3, 2021 1:03 PM IST
കൊച്ചി: മുന്‍നിര ബാങ്കിതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്‍റെ, ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രത്തിന്‍റെ (എന്‍സിഡി) ഇഷ്യൂ ആരംഭിച്ചു.

1000 രൂപ മുഖവിലയുള്ള എന്‍സിഡി നിക്ഷേപത്തിലൂടെ 200 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 100 കോടി രൂപയാണ് അടിസ്ഥാന ഇഷ്യൂ സൈസ്. ഈ കടപ്പത്ര നിക്ഷേപത്തിലൂടെ ഉപഭോക്താക്കള്‍ക്ക് വിവിധ കാലപരിധികളിലായി 8.84 ശതമാനം മുതല്‍ 10.20 ശതമാനം വരെ വാര്‍ഷികാദായം നേടാം.

ഡിസംബര്‍ 28ന് കടപ്പത്ര വിതരണം അവസാനിക്കും. വിവിധ നിരക്കുകളിലായി ആറ് നിക്ഷേപ ഓപ്ഷനുകളിലാണ് ഇവ ലഭ്യമാക്കിയിട്ടുള്ളത്. 480 ദിവസം മുതല്‍ 66 മാസം വരെയാണ് കാലപരിധി.

സ്വര്‍ണ വായ്പാ രംഗത്ത് മുന്‍നിരയിലുള്ള മുത്തൂറ്റ് ഫിനാന്‍സിയേഴ്സിന് 2021 സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 3,95,175 സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്. പ്രധാനമായും ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളില്‍ നിന്നുള്ള ഈ സ്വര്‍ണ വായ്പാ അക്കൗണ്ടുകളിലായി 2,033.66 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. കമ്പനിയുടെ മൊത്തം വായ്പകളുടെ 97.41 ശതമാനം വരുമിത്.


സ്വര്‍ണ വായ്പയില്‍ നിന്നുള്ള കമ്പനിയുടെ ആദായം മുന്‍വര്‍ഷത്തെ 19.39 ശതമാനമാണ്. സ്വര്‍ണ വായ്പാ ബിസിനസിനു പുറമെ കമ്പനിക്ക് മൈക്രോ ഫിനാന്‍സ് വായ്പ, മണി ട്രാന്‍സ്ഫര്‍, ഇന്‍ഷ്വറൻസ്, ബ്രോക്കിംഗ്, പാന്‍ കാര്‍ഡ്, ട്രാവല്‍ ഏജന്‍സി സേവനങ്ങളും നല്‍കിവരുന്നു.