പേടിഎം മണി 'വോയ്‌സ് ട്രേഡിംഗ്' അവതരിപ്പിച്ചു
Tuesday, November 16, 2021 12:41 PM IST
കൊച്ചി: രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്‍റെ ഉപസ്ഥാപനമായ പേടിഎം മണി വോയ്‌സ് ട്രേഡിംഗ് അവതരിപ്പിച്ചു.
ഉപയോക്താക്കള്‍ക്ക് ഇനി ശബ്ദത്തിലൂടെ വ്യാപാര ഓര്‍ഡര്‍ നല്‍കാം അല്ലെങ്കില്‍ സ്റ്റോക്കുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയാം എന്നതാണ് ഇതിന്‍റെ പ്രത്യേകത.
എഐ സാങ്കേതിക വിദ്യയില്‍ ഉപഭോക്തൃ അനുഭവം ഉയര്‍ത്താനുള്ള പേടിഎം മണിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സേവനം.
ഡിജിറ്റല്‍ വ്യാപാരത്തിന്‍റെ ഈ കാലത്ത് സെക്കന്‍ഡുകള്‍ക്കു പോലും പ്രസക്തിയേറുന്നു. ഓര്‍ഡര്‍ നല്‍കുന്നതിന്‍റെ വേഗത്തിനും നടപ്പിലാക്കലിനും വളരെയേറെ പ്രധാന്യമുണ്ട്.
സ്റ്റോക്ക് തെരയുന്നതു മുതല്‍ വിലയും അളവും നല്‍കുന്നതും വരെയുള്ള കാര്യങ്ങള്‍ വിവിധ വ്യാപാരങ്ങള്‍ക്കായി പല തവണയായി ടാപ്പ് ചെയ്യുമ്പോള്‍ പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല.
ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിനായാണ് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പേടിഎം മണിയുടെ ഗവേഷണ, വികസന വിഭാഗം ശബ്ദ വ്യാപാരം വികസിപ്പിച്ചത്.
വോയ്‌സ് ട്രേഡിംഗില്‍ ഒറ്റ കമാന്‍ഡ് മതി എന്ന സവിശേഷതയുണ്ട്. ഉടനടി നടപടികള്‍ക്കായി ന്യൂറല്‍ നെറ്റ്‌വര്‍ക്കും നാച്വറൽ ലാംഗ്വേജ് പ്രസസിംഗുമാണ് ഉപയോഗിക്കുന്നത്.
ഉപയോക്താവിന്‍റെ അനുഭവം ഉയര്‍ത്തുന്നതിലാണ് പേടിഎമ്മിന്‍റെ ശ്രദ്ധയെന്നും സാങ്കേതിക വിദ്യയിലൂടെ നിക്ഷേപത്തിന്റെ വേഗം കൂട്ടുകയും ചെലവു കുറയ്ക്കുകയും എളുപ്പമാക്കുകയും ചെയ്യുന്നുവെന്നും മൊബൈലിന്റെയും പരസ്പര ബന്ധിതമായ ഉപകരണങ്ങളുടെയും കാത്തിരുന്ന 5ജിയുടെയും വരവ് ഉപയോക്താവിന് അഞ്ചോ ആറോ ചുവടുവയ്പ്പിലൂടെ ശബ്ദ വ്യാപാരം സാധ്യമാക്കുന്നുവെന്നും പേടിഎം മണി സിഇഒ വരുണ്‍ ശ്രീധര്‍ പറഞ്ഞു.