എസ്ഐപി തുടരാം; നിക്ഷേപശീലം വളർത്താം
എസ്ഐപി  തുടരാം; നിക്ഷേപശീലം വളർത്താം
Tuesday, August 18, 2020 4:38 PM IST
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ അഥവാ എസ്ഐപി. ചെറിയ തുകകളായി ക്രമമായ ചെറിയ ഇടവേളകളിൽ നിക്ഷേപം നടത്താൻ ഈ രീതി സഹായിക്കുന്നു. എസ്ഐപി നിക്ഷേപകരിൽ സന്പാദ്യശീലം വളർത്തിയെടുക്കാൻ സഹായിക്കുന്നു. അതേപോലെ തന്നെ നിക്ഷേപശീലവും.
ചുരുക്കത്തിൽ ജീവിതത്തിൽ ധനകാര്യ അച്ചടക്കം കൊണ്ടുവരുവാൻ എസ്ഐപി സഹായിക്കുന്നുവെന്നു പറയാം. വെറും 100 രൂപ കൊണ്ടു തുടങ്ങാവുന്ന എസ്ഐപി നിക്ഷേപം വിപണിയിൽ ലഭ്യമാണ്.

എസ്ഐപി നിക്ഷേപത്തിന്‍റെ സവിശേഷതകൾ

* വിപണിയുടെ കയറ്റിറക്കങ്ങളിൽ വിവിധ നിലവാരത്തിൽ നിക്ഷേപം നടത്താനും ദീർഘകാലത്തിൽ സന്പത്തു സൃഷ്ടിക്കാനും എസ്ഐപി സഹായിക്കുന്നു. ഉദാഹരണത്തിന് 2019-ൽ സെൻസെക്സ് ഓപ്പണ്‍ ചെയ്തത് 36161 പോയിന്‍റിലാണ്. ക്ലോസിംഗ് 41253 പോയിന്‍റായിരുന്നു. അതായത് 5000-ലധികം പോയിന്‍റിന്‍റെ വ്യത്യാസം.

ഉദാഹരണത്തിന് ഓരോ മാസത്തിലേയും ആദ്യ വ്യാപാര ദിനം ആരംഭിക്കുന്പോൾ നിക്ഷേപം നടത്തുകയാണെന്നു കരുതുക. സെൻസെക്സ് 2019 ജനുവരിയിൽ ഓപ്പണ്‍ ചെയ്തത് 36,161 പോയിന്‍റിലാണ്. ഫെബ്രുവരിയിലെ ഓപ്പണിംഗ് 36311 പോയിന്‍റായിരുന്നു. മാർച്ചിൽ 36,018 പോയിന്‍റും ഏപ്രിലിൽ 38,858 പോയിന്‍റും ആയിരുന്നു. മേയിൽ 39036-ഉം ജൂണിൽ 39806-ഉം ജൂലൈയിൽ39543 പോയിന്‍റുമായിരുന്നു. ഓഗസ്റ്റിലിത് 37387 പോയിന്‍റിലേക്കും സെപ്റ്റംബറിൽ 37181 പോയിന്‍റിലേക്കും താഴ്ന്നു. ഒക്ടോബർ തുടങ്ങിയത് 38813 പോയിന്‍റിലാണ്. നവംബറിലെ തുടക്കം 40916 പോയിന്‍റിലും ഡിസംബറിലിത് 41072 പോയിന്‍റുമായിരുന്നു. 2020 ജനുവരിയിലെ ഓപ്പണിംഗ് 41349 പോയിന്‍റായിരുന്നു.

ചുരുക്കത്തിൽ കഴിഞ്ഞ ഒരു വർഷത്തെ മാസാദ്യ ഓപ്പണിംഗ് കണക്കിലെടുക്കുന്പോൾ തന്നെ മനസിലാകും എത്ര വ്യത്യസ്തമായ ലെവലുകളിലാണ് എസ്ഐപി വഴി നിക്ഷേപം നടത്താൻ സാധിക്കുകയെന്ന്.

* ക്ലിപ്തമായ കാലയളവിൽ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ ആർജിക്കുവാനുള്ള ഏറ്റവും മികച്ച വഴിയാണ് എസ്ഐപി. അതേപോലെ വിപണിയുടെ ചാക്രിക സ്വഭാവത്തെ അതിജീവിച്ച് ദീർഘകാലത്തിൽ സന്പത്ത് സൃഷ്ടിക്കാൻ എസ്ഐപി സഹായിക്കുന്നു.

* റുപ്പീ കോസ്റ്റ് ആവറേജിംഗിന്‍റെ ഗുണഫലം നിക്ഷേപകന് എസ്ഐപി ലഭ്യമാക്കുന്നു. വിപണി താഴുന്പോൾ കൂടുതൽ യൂണിറ്റും കൂടുന്പോൾ കുറഞ്ഞ യൂണിറ്റുമാണ് ലഭിക്കുക. (പഠനം അനുസരിച്ച് 60-65 ശതമാനത്തോളം സമയവും വിപണിയിൽ തിരുത്തലാണ് സംഭവിക്കുന്നത്). ഇതു വഴി ഏതു സയമത്തു വിപണിയിൽ പ്രവേശിക്കണമെന്ന ആശയക്കുഴപ്പവും ഒഴിവാക്കാം. വിപണി എപ്പോഴാണ് ഉയരുന്നതെന്നോ എപ്പോഴാണ് ഏറ്റവും താഴ്ന്ന നിലയിൽ എത്തുന്നതെന്നോ ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല.

* നിക്ഷേപത്തുക എത്ര വേണമെന്നു നിക്ഷേപകന് തീരുമാനിക്കാം. നിക്ഷേപ കാലയളവും തീരുമാനിക്കാം. ഇതനുസരിച്ച് ബാങ്കിൽനിന്നു തുക നിക്ഷേപത്തിലേക്ക് ഓട്ടോമാറ്റിക്കായി പോകുന്നതിനു നിർദ്ദേശം നൽകാം.

* ഒരുമിച്ച് വലിയ തുക വിപണിയിൽ നിക്ഷേപിക്കുന്പോൾ റിസ്ക് കൂടുന്നു. നിക്ഷേപത്തിന് പിന്നാലെ ഏതെങ്കിലും കാരണത്താൽ ഇടിവുണ്ടായാൽ നിക്ഷേപത്തിൽ നല്ലൊരു പങ്കു നഷ്ടപ്പെടാനുള്ള സാധ്യതയേറെയാണ്. എസ്ഐപിയായി മ്യൂച്വൽ ഫണ്ടിലാണെങ്കിൽ കുറേക്കാലംകൊണ്ടാണ് തുക പൂർണമായും നിക്ഷേപിച്ചു തീരുക. ഇതുവഴി റിസ്ക് വിതരണം ചെയ്യപ്പെട്ടുപോകുന്നു. നിക്ഷേപത്തിന്‍റെ ചെറിയൊരു ഭാഗത്തിനു മാത്രമേ നഷ്ട സാധ്യതയുണ്ടാകുന്നുള്ളു.


ശരിയായ എസ്ഐപി തെരഞ്ഞെടുക്കുക

* യോജിച്ച ശരിയായ എസ്ഐപി തെരഞ്ഞെടുക്കേണ്ടത് ഏറ്റവും ആവശ്യമാണ്. അതിനായി നിക്ഷേപ ലക്ഷ്യം കൃത്യമായി നിർവചിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ലക്ഷ്യം ഹ്രസ്വകാലമാകാം, മധ്യകാലമാകാം, ദീർഘകകാലമാകാം. പക്ഷേ അതു നിർവചിക്കുകയെന്നതാണ് പ്രധാനം. ഈ ലക്ഷ്യത്തിലെത്താൻ എത്ര മാത്രം തുക എസ്ഐപി വഴി നിക്ഷേപിക്കണമെന്നു നിക്ഷേപകൻ മനസിലാക്കിയിരിക്കണം. ഇതിനുള്ള കാലയളവും നിശ്ചയിക്കണം.

* ധനകാര്യ ആസൂത്രണ വിദഗ്ധർ പറയുന്നത് ശന്പളമായി കൈവശം കിട്ടുന്ന തുകയുടെ 30-35 ശതമാനം എസ്ഐപി റൂട്ട് വഴി നിക്ഷേപിക്കണമെന്നാണ്. പിന്നീട് ശന്പള വർധനയ്ക്ക് അനുസരിച്ച് ഓരോ വർഷവും നിക്ഷേപത്തുക വർധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. സ്റ്റെപ്പ് അപ് എസ്ഐപി നിക്ഷേപ സൗകര്യം ലഭ്യമാണ്.

* ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് ഡെറ്റ്, ലിക്വിഡ് ഫണ്ടുകളിൽ നിക്ഷേപിക്കാം. മധ്യകാല ലക്ഷ്യമാണെങ്കിൽ മൾട്ടികാപ് ഫണ്ടുകൾ തെരഞ്ഞെടുക്കാം. ദീർഘകാല നിക്ഷേപത്തിന് ലാർജ് കാപ് ഫണ്ടുകൾ മുതൽ സ്മോൾ കാപ് - സെക്ടർ ഫണ്ടുകൾ വരെ തെരഞ്ഞെടുക്കാം. റിസ്ക് എടുക്കാനുള്ള ശേഷി ഇവിടെ പ്രധാനമാണ്.

ഡിസംബറിൽ എസ്ഐപി ഫ്ളോ റിക്കാർഡ് ആയി

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ വഴി ഡസംബറിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമായെത്തിയത് 8519 കോടി രൂപയാണ്. മ്യൂച്വൽ ഫണ്ടിന്‍റെ ചരിത്രത്തിൽ എസ്ഐപി വഴി ഒരു മാസത്തിൽ എത്തുന്ന ഏറ്റവും ഉയർന്ന തുകയാണെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ ( ആംഫി) കണക്കുകൾ പറയുന്നു. നവംബറിലേതിനേക്കാൾ മൂന്നു ശതമാനവും മുൻവർഷം ഡിസംബറിനേക്കാൾ ആറു ശതമാനവും കടുതലാണിത്. നവംബറിൽ എത്തിയത് 8,273 കോടി രൂപയായിരുന്നു.

2019-ൽ എസ്ഐപി വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപമായി എത്തിയത് 98612 കോടി രൂപയാണ്. ഇപ്പോൾ ഏതാണ്ട് 2.98 കോടി എസ്ഐപി അക്കൗണ്ടുകളാണുള്ളത്. എസ്ഐപി വഴി ലഭിച്ച 3.17 ലക്ഷം കോടി രൂപയാണ് മ്യൂച്വൽ ഫണ്ടുകൾ മാനേജ് ചെയ്യുന്നത്. രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തി 26.77 ലക്ഷം കോടി രൂപയാണ്.

2019-ൽ 3.15 ലക്ഷം കോടി രൂപയാണ് മ്യൂച്വൽ ഫണ്ടിലേക്ക് ഒഴുകിയെത്തിയത്. മുൻവർഷത്തേക്കാൾ 13 ശതമാനം കൂടുതൽ. ഇപ്പോൾ 44 അസറ്റ് മാനേജ്മെന്‍റ് കന്പനികളാണ് ഇന്ത്യയിലുള്ളത്. എച്ച് ഡിഎഫ്സി മ്യൂച്വൽ ഫണ്ട് 3.83 ലക്ഷം കോടി രൂപ മാനേജ് ചെയ്ത് ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ഐസിഐസിഐ പ്രൂഡൻഷ്യൽ 3.62 ലക്ഷം കോടി രൂപയും എസ്ബിഐ മ്യൂച്വൽ ഫണ്ട് 3.53 ലക്ഷം കോടി രൂപയും മാനേജ് ചെയ്യുന്നു.