പബ്ലിക് റിലേഷന്‍സ് എന്നാല്‍ പരസ്യമല്ല
പബ്ലിക് റിലേഷന്‍സ്  എന്നാല്‍ പരസ്യമല്ല
Monday, May 4, 2020 3:33 PM IST
പിആര്‍ (പബ്ലിക് റിലേഷന്‍സ്) ഇന്ന് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയുടെ പ്രധാന ഭാഗമാണ്. മാത്രമല്ല, പരമ്പരാഗത പരസ്യമാര്‍ഗങ്ങളേക്കാള്‍ വളരെ ചെലവു കുറഞ്ഞതുമാണ്. ഏതൊരു ബിസിനസിനും നല്ല പിആര്‍ ഉണ്ടെങ്കില്‍ മെച്ചപ്പെടാന്‍ സാധിക്കുമെന്നതില്‍ സംശയമൊന്നുമില്ല.
എന്നിട്ടും, പിആര്‍ എന്താണെന്നും എന്തുകൊണ്ടാണ് അവ ആവശ്യമായി വരുന്നതെന്നും ചെറുകിട ബിസിനസുകാര്‍ തിരിച്ചറിഞ്ഞിട്ടില്ല. പിആര്‍. എങ്ങനെ ഉപയോഗപ്പെടുത്താമെന്നതു സംബന്ധിച്ചും കൃത്യമായ ധാരണയില്ല. പിആറിനെക്കുറിച്ച് ചെറുകിട ബ്രാന്‍ഡുകള്‍ അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങളാണ് ഇവിടെ പറയുന്നത്.

പരസ്യമല്ല

ഒരു കമ്പനി സമൂഹത്തില്‍ സ്വയം പ്രതിനിധീകരിക്കുന്ന രീതിയാണു പണം മുടക്കിയുള്ള പരസ്യങ്ങള്‍. എന്നാല്‍, പിആര്‍ കാംപെയ്‌നുകള്‍ ബിസിനസും അതിന്‍റെ ഉപഭോക്താക്കളും തമ്മില്‍ പണച്ചെലവില്ലാത്ത, സ്വാഭാവികമായ ഇടപെടല്‍ നടത്താന്‍ സഹായിക്കുന്നു. ബ്രാന്‍ഡിനെ സംബന്ധിച്ച് ആളുകള്‍ക്കിടയില്‍ അവബോധവും സൃഷ്ടിക്കപ്പെടുന്നു. പിആര്‍ എന്നത് തേഡ് പാര്‍ട്ടി ക്രെഡിബിലിറ്റിയാണ്. കാരണം, കമ്പനിയെക്കുറിച്ച് അല്ലെങ്കില്‍ ബ്രാന്‍ഡിനെക്കുറിച്ച് മികച്ചതാണെന്ന് മൂന്നാമതൊരാള്‍ പറയുമ്പോള്‍ വിശ്വാസ്യത കൂടും. സോഷ്യല്‍ മീഡിയയിലെ സ്‌പോണ്‍സേഡ് പോസ്റ്റുകള്‍ പരസ്യമാണ്. എന്നാല്‍, കമ്പനി ഒരു വ്‌ളോഗറിന് ഉല്‍പ്പന്നം ഉപയോഗിച്ചുനോക്കാന്‍ അയക്കുകയും വ്‌ളോഗര്‍ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെട്ട് അതിനെക്കുറിച്ച് പോസ്റ്റ് ചെയ്യുകയും ചെയ്താല്‍ അതാണു പബ്ലിക് റിലേഷന്‍സ്. പത്രവാര്‍ത്തകള്‍ക്ക് ഉറവിടമാകുക, മാസികകള്‍ ഫീച്ചര്‍ ചെയ്യുക, ടോക്ക് ഷോയില്‍ അതിഥിയാവുക എന്നിവയൊക്കെ പിആറിന്‍റെ പല രൂപങ്ങളാണ്. കമ്പനിയുടെ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ചുള്ള പത്രക്കുറിപ്പുകളും ഇതിന്‍റെ പരിധിയില്‍ വരും. പൊതുജനങ്ങളുമായി പങ്കിടാന്‍ കഴിയുന്ന തരത്തില്‍ കമ്പനിക്ക് നല്ല ചിത്രം സൃഷ്ടിക്കുന്നതാണ് പിആര്‍. പരമ്പരാഗത മാധ്യമങ്ങളാണെങ്കിലും സാമൂഹിക മാധ്യമങ്ങളാണെങ്കിലും പിആറിലൂടെ നിങ്ങളുടെ കമ്പനിക്കു ലഭിക്കുന്ന പ്രചാരം ബിസിനസിനു നേട്ടങ്ങള്‍ നല്‍കുമെന്നതില്‍ സംശയമില്ല.
എന്തുകൊണ്ട് ചെറുകിട ബ്രാന്‍ഡുകള്‍ക്ക് കമ്പനി നല്‍കുന്ന സന്ദേശങ്ങളെ പൊതുസമൂഹത്തില്‍ കൃത്യമായി എത്തിക്കാന്‍ പിആര്‍ കാമ്പയ്ന്‍ സഹായിക്കും.

എന്തിനാണ് ചെയ്യുന്നത്?, എന്താണു ചെയ്യുന്നത്?, ആളുകള്‍ എന്തിനാണ് ശ്രദ്ധിക്കുന്നത്? തുടങ്ങിയവയാണ് കമ്പനികളോട് ആദ്യം ചോദിക്കുന്ന ചോദ്യങ്ങള്‍. ഇതിനു കമ്പനി നല്‍കുന്ന വ്യക്തമായ മറുപടികള്‍ ബ്രാന്‍റിന്‍റെ സ്ഥിരത നിലനിര്‍ത്താനും സന്ദേശങ്ങളെ മികച്ചതാക്കാനും സഹായിക്കുന്നു. ഇത്തരം മറുപടികള്‍ക്കു സ്ഥിരതയില്ലെങ്കില്‍, ഉപഭോക്താക്കള്‍ക്കു നിങ്ങളുടെ ബ്രാന്‍ഡിനെ സംബന്ധിച്ചു വ്യക്തത കൈവരില്ല. വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്യും.

ശക്തമായ ഒരു പിആര്‍ കാമ്പയ്‌നിലൂടെ ഒന്നിലധികം മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍, നിങ്ങളുടെ ബ്രാന്‍ഡിനെ വേറിട്ടുനിര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. വലിയ കമ്പനികള്‍ക്കു സമാനമായി ചെറിയ ബിസിനസുകള്‍ എളുപ്പത്തില്‍ തിരിച്ചറിയപ്പെടില്ല. അതുകൊണ്ടുതന്നെ ചെറുകിട ബിസിനസുകള്‍ക്ക് പിആര്‍ വളരെ പ്രധാനമാണ്.

നല്ല ക്ഷമവേണം

ചെറുകിട ബിസിനസുകാര്‍ അതിവഗം ലഭിക്കുന്ന ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നവരാണ്. അങ്ങനെ ചിന്തിച്ചാല്‍ പി.ആര്‍. കാമ്പയിനില്‍ അവര്‍ നിരാശപ്പെടും. കാരണം, പിആര്‍ കാമ്പയ്ന്‍ ദീര്‍ഘകാല വിപണന തന്ത്രത്തിന്‍റെ ഭാഗമാണ്. നല്ല പിആറിന് ഫലം ലഭിച്ചു തുടങ്ങാന്‍ കുറഞ്ഞത് മൂന്ന് മുതല്‍ ആറ് മാസം വരെ കാലതാമസമുണ്ടാകും. ഫലം ലഭിച്ചുതുടങ്ങിയാല്‍ തന്നെ അത് എല്ലായ്‌പ്പോഴും വില്‍പ്പന കുതിച്ചുയരുന്ന തരത്തിലാവില്ല. കമ്പനിയെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നാല്‍ ഉടന്‍ തന്നെ കമ്പനിയുടെ വില്‍പ്പനയില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നു പ്രതീക്ഷിക്കരുത്. കമ്പനിയുടെ വിശ്വാസ്യത സൃഷ്ടിക്കുന്നത് ഒരു ദീര്‍ഘകാല നിക്ഷേപമാണ്. ഇതിലൂടെ ബ്രാന്‍ഡിനെ തിരിച്ചറിയാന്‍ സഹായിക്കുകയും വിശ്വാസ്യത സൃഷ്ടിക്കുകയും ചെയ്യും. ക്രമേണ, ഇത് വില്‍പ്പന വര്‍ധിപ്പിക്കും. നിങ്ങളുടെ കമ്പനിക്ക് ദീര്‍ഘകാലത്തേക്കു നേട്ടങ്ങള്‍ നല്‍കുകയും ചെയ്യും.

തയാറെടുപ്പില്ലാതെ ചെറുകിട ബ്രാന്‍ഡുകള്‍ പി.ആര്‍ കാംപെയിനുകള്‍ ആരംഭിച്ചാല്‍ തിരിച്ചടിയാകും ഫലം. ഉദാഹരണത്തിന്, മാധ്യമങ്ങളില്‍ വരുന്ന കവറേജ്, ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് സൃഷ്ടിക്കും. എന്നാല്‍, ആ ഡിമാന്‍ഡിന് അനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടും. ഉപഭോക്താക്കളെ അത് നിരാശപ്പെടുത്തുകയും ചെയ്യും.

ബജറ്റിലല്ല കാര്യം

വലിയ ബ്രാന്‍ഡുകള്‍ കാംപെയ്‌നുകള്‍ക്കായി പലപ്പോഴും പിആര്‍ ടീമിനെ നിയമിക്കുകയോ പിആര്‍ സ്ഥാപനത്തെ ഉത്തരവാദിത്തം ഏല്‍പ്പിക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍, ചെറുകിട ബിസിനസുകള്‍ക്ക് ഫലപ്രദമായി പിആര്‍ നടത്താന്‍ വലിയ ബജറ്റിന്‍റെ ആവശ്യമില്ല. നിങ്ങളുടെ ബജറ്റിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു മീഡിയ കണ്‍സള്‍ട്ടന്‍റിനെ കണ്ടെത്തുകയാണ് വേണ്ടത്. ഇതിലൂടെ അവരോടു സംസാരിച്ച് പിആര്‍ സ്ട്രാറ്റജി സൃഷ്ടിക്കാനും നിങ്ങളുടെ ആശയങ്ങള്‍ നടപ്പാക്കാനും സാധിക്കും.

സുജിത്ത് എസ്. കൊന്നയ്ക്കല്‍
(മീഡിയ കണ്‍സള്‍ട്ടന്‍റും ഇന്നോവിന്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടറുമാണ്
ലേഖകന്‍. ഫോണ്‍ നമ്പര്‍: 8606007771)