ഇന്‍ഷ്വറന്‍സ് മേഖല: നികുതിയിളവുകള്‍ ഇല്ലാതാകുമ്പോള്‍
ഇന്‍ഷ്വറന്‍സ് മേഖല: നികുതിയിളവുകള്‍ ഇല്ലാതാകുമ്പോള്‍
കമ്പനികളായാലും വ്യക്തികളായാലും ഇന്‍ഷ്വറന്‍സ് പോളിസികള്‍ എടുക്കുന്നത് അപകട സമയങ്ങളില്‍ പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധി നേരിടുമ്പള്‍ ഒരു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ്. സമ്പദ്ഘടന കാര്യമായ മുരടിപ്പിലൂടെ കടന്നു പോകുന്ന ഇക്കാലത്ത് ഇന്‍ഷ്വറന്‍സ് സുരക്ഷ അതീവ പ്രാധാന്യം തന്നെ അര്‍ഹിക്കുന്നു.

ഇന്‍ഷ്വറന്‍സ് പോളിസികള്‍ കൊണ്ട് നേട്ടങ്ങള്‍ ധാരാളമുണ്ടെങ്കിലും പോളിസികള്‍ വാങ്ങുന്നവരുടെ എണ്ണം വളരെക്കുറവാണ്. പോളിസികള്‍ വാങ്ങുന്നവരില്‍തന്നെ ആവശ്യമായ പോളിസികളും ആവശ്യമായ കവറേജിനുള്ള പോളിസികളും വാങ്ങിക്കുന്നവരും കുറവാണ്.
നിക്ഷേപകര്‍ക്ക് ആശ്വസിക്കാം

ഇന്‍ഷ്വറന്‍സ് മേഖലയെ സംബന്ധിച്ച് അനുകൂലമായ ബജറ്റ് എന്നു വിശേഷിപ്പിക്കാം.ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് പദ്ധതിക്കുള്ള നിക്ഷേപം ഇത്തവണത്തെ ബജറ്റിലും മാറ്റമില്ലാതെ തുടരുകയാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്താനാണ് ഇത്തവണ ഊന്നല്‍ കൊടുത്തിരിക്കുന്നത്. ഈ പദ്ധതി പൂര്‍ണമായും സജ്ജമായിക്കഴിഞ്ഞാല്‍ ദരിദ്ര ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ വലിയൊരു സ്വാധീനം ചെലുത്താന്‍ ആയുഷ്മാന്‍ ഭാരതിനു കഴിയും. ആശുപത്രികളുടെ അപര്യാപ്തതയാണ് ഈ പദ്ധതി നേരിടുന്ന പ്രധാന പ്രശ്‌നം.

ചികിത്സയ്ക്കായി അനുവദിക്കുന്ന തുക വളരെ കുറവാണ് എന്നതാണ് ആശുപത്രികളെ ഈ പദ്ധതിയില്‍ പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്നത്.

നിക്ഷേപങ്ങളുടെ ഇന്‍ഷ്വറന്‍സ് തുക ഒരു ലക്ഷം രൂപയില്‍ നിന്നും അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്നുള്ളത് നിക്ഷേപകര്‍ക്ക് ആശ്വസിക്കാനുള്ള വക നല്‍കുന്നുണ്ട്. അതോടൊപ്പം ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നീക്കവുമാണ്.ഈ കവറേജിന്റെ പ്രീമിയം നല്‍കേണ്ടത് ബാങ്കുകളാണ്.

നിര്യത് റിന്‍ വികാസ് യോജന (എന്‍ഐആര്‍വിഐകെ - നിര്‍വിക്) ചെറുകിട-ഇടത്തരം സംരംഭ മേഖലയ്ക്ക് ഉത്തേജനം നല്‍കുന്ന പദ്ധതിയാണ്. കുറഞ്ഞ പ്രീമിയത്തില്‍ ചെറുകിട കയറ്റുമതിക്കാര്‍ക്കും മറ്റും ഉയര്‍ന്ന ഇന്‍ഷ്വറന്‍സ് കവറേജ് നല്‍കുന്ന പദ്ധതിയാണിത്. ക്ലെയിം സെറ്റില്‍മെന്റിന് ലളിതമായ പ്രക്രിയകളാണെന്നതും വായ്പയ്ക്ക് സുരക്ഷിതത്വം ലഭിക്കുന്നു എന്നതും ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്നതിന് പ്രചോദനമാകും. ഇത് വിപണിയിലെ ലിക്വിഡിറ്റി വര്‍ധിക്കാനും കാരണമാകും.

നിര്‍വിക് രീതിയില്‍ ആഭ്യന്തര വിപണിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനികള്‍ക്കും ട്രേഡ് ക്രെഡിറ്റ് ഇന്‍ഷ്വറന്‍സ് ലഭ്യമാക്കണം. കാരണം അത്തരം കമ്പനികള്‍ വായ്പകള്‍ ലഭ്യമാകാനും മറ്റും ബുദ്ധിമുട്ടുന്ന സാഹചര്യത്തെ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

നികുതിയിളവുകള്‍ ഇല്ലാതാകുമ്പോള്‍

ആദായ നികുതിയിളവുകള്‍ എടുത്തുകളയാനുള്ള തീരുമാനം ഒറ്റനോട്ടത്തില്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് തിരിച്ചടിയാണ്. നികുതിയിളവുകള്‍ എടുത്തു കളയുന്നത് പോളിസി വാങ്ങിക്കുന്നവരെ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കാരണം പലരും ഇന്‍ഷ്വറന്‍സ് പോളിസികള്‍ വാങ്ങുന്നത്.

ആദായനികുതി വകുപ്പ് സെക് ഷന്‍ 80സി, 80ഡി എന്നിവ പ്രകാരം ഇന്‍ഷ്വറന്‍സ് പോളിസി വാങ്ങുന്ന വ്യക്തികള്‍ക്ക് നികുതിയിളവ് ലഭിക്കുന്നതുകൊണ്ടു മാത്രമാണ്. അതുകൊണ്ടു കൂടിയാണ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാകുമ്പോഴേക്കും ഇന്‍ഷ്വറന്‍സ് പോളിസികളുടെ വില്‍പ്പന ഉയരുന്നത്. വ്യക്തികള്‍ നികുതിഭാരം കുറയ്ക്കാനുള്ള ഓട്ടത്തിലാണ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ വാങ്ങിക്കുന്നത്.


എന്നാല്‍ ഈ തീരുമാനം ഇന്‍ഷ്വറന്‍സ് മേഖലെയ കാര്യക്ഷമമാക്കുന്നുണ്ട്. ഒരു പോളിസിആവശ്യമുള്ളതാണോ യോജിച്ചതാണോ, ആവശ്യത്തിനുള്ള കവറേജുണ്ടോ എന്നതൊന്നും നികുതിയിളവിനായി പോളിസി വാങ്ങുമ്പോള്‍ പലരും ശ്രദ്ധിക്കാറില്ല. ഈ രീതി മാറി ആവശ്യമായ പോളിസികള്‍ തെരഞ്ഞെടുക്കാന്‍ ഇത് സഹായികമാകും.
ആദായ നികുതിദായകര്‍ക്ക് മുന്നില്‍ രണ്ട് തെരഞ്ഞെടുപ്പുകള്‍ വച്ചിരിക്കുകയാണ് ധമന്ത്രി നിര്‍മല സീതാരാമന്‍. അതായത് പുതിയ നികുതിഘടന അനുസരിച്ച് കുറഞ്ഞ നികുതിയടച്ച് നികുതിയിളവുകളില്‍ നിന്നും മാറാം. അല്ലെങ്കില്‍ നികുതിയിളവുകളോടെ പഴയ നികുതിഘടനയില്‍ തുടരാം.

ധനമന്ത്രി സൂചിപ്പിച്ചതനുസരിച്ച് നികുതിയിളവുകള്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും ഇല്ലാതാകും. ഇത് ഇന്‍ഷ്വറന്‍സ് പോളിസി വാങ്ങാനുള്ള ആളുകളുടെ വലിയൊരു കാരണത്തെ തന്നെയാണ് എടുത്തു കളയുന്നത്. പുതിയ നികുതി ഘടനയില്‍ പോളിസി വാങ്ങലിനെ പ്രോത്സാഹിപ്പിക്കുന്ന ഒന്നുമൊട്ടില്ലതാനും.

ഇത് വ്യക്തിഗത വാങ്ങലുകാരെയും ഇന്‍ഷുറന്‍സ് വ്യവസായത്തേയും കാര്യമായി തന്നെ ബാധിക്കും. ഇളവുകളില്ലാത്ത നികുതിഘടനയിലേക്ക് എത്തണമെങ്കില്‍ ആളുകള്‍ക്ക് കുറച്ചധിക സമയം വേണ്ടി വരും. അതിനുള്ള സമയം നല്‍കുക എന്നതാണ് സര്‍ക്കാരിന് ചെയ്യാനുള്ളത്. അതോടൊപ്പം ഇന്‍ഷ്വറന്‍സ് ഇന്‍ഡസ്ട്രിയെ ഉത്തേജിപ്പിക്കാന്‍ എന്തെങ്കിലുമൊരു നടപടി കൈക്കൊള്ളുകയും വേണം.

ഉത്തേജനം നല്‍കണം

സ്ത്രീകളിലേക്കും ചെറുനഗരങ്ങളിലേക്കും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളിലേക്കും ഇന്‍ഷ്വറന്‍സ് പോളിസികളെ കൂടുതല്‍ കടന്നുവരേണ്ടതുണ്ട്.

ഇന്‍ഷ്വറന്‍സ് കവറേജ് കടന്നു ചെല്ലാത്ത അല്ലെങ്കില്‍ ആളുകള്‍ക്ക് കവറേജ് ലഭിക്കുമെന്ന് അറിവില്ലാത്ത മേഖലകളായ ഭവന ഇന്‍ഷ്വറന്‍സ്, പ്രകൃതിദുരന്തങ്ങള്‍ക്കെതിരെയുള്ള ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ എന്നിവിടങ്ങളില്‍ ഇന്‍ഷ്വറന്‍സ് കവറേജിനുള്ള പ്രോത്സാഹനം നല്‍കേണ്ടതുണ്ട്.

നിലവില്‍ പോളിസി എടുത്തിട്ടുള്ളവരുടെ സം അഷ്വേഡ് തുക, പ്രത്യേകിച്ച് ലൈഫ് ഇന്‍ഷുറന്‍സിലെ മരണശേഷമുള്ള കവറേജ് തുക, ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലെ നഷ്ടപരിഹാരത്തുക എന്നിവയുടെ പരിധി ഉയര്‍ത്തുക എന്നതൊക്കെ ഇന്‍ഷ്വറന്‍സ് മേഖലയ്ക്ക് കൂടുതല്‍ ഉത്തേജനം നല്‍കും. ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്നും കുറയ്ക്കുക എന്നതാണ് വേണ്ട ആദ്യത്തെ പരിഷ്‌കാരം. പ്രത്യക്ഷ നികുതിയിളവുകള്‍ എടുത്തു കളഞ്ഞു എന്നതിനെതിരെയുള്ള ഒരു നീക്കം കൂടിയായിരിക്കും ഇത്.

എല്‍ഐസിയും ഓഹരി വിപണിയിലേക്ക്

എല്‍ഐസിയുടെ ഓഹരിവിപണിയിലെ ലിസ്റ്റിംഗ് എന്ന ബജറ്റ് പ്രഖ്യാപനത്തെ സംശയത്തോടെ നോക്കിക്കാണുന്നവരാണ് പലരും. എല്‍ഐസിയെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത് പോളിസി ഉടമകള്‍ക്ക് നേട്ടമുള്ള കാര്യമാണ്. കാരണം കമ്പനിയുടെ ധനകാര്യ ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാകും. കൂടാതെ പൊതു വിപണിയില്‍ വളരെ പ്രധാനപ്പെട്ട ഈ കമ്പനി സൂക്ഷമ പരിശോധനയ്ക്ക് വിധേയമാകാനും തുടങ്ങും.