ഭവന വായ്പ തിരിച്ചടവ് എളുപ്പമാക്കാൻ 3 വഴികൾ
ഒരു വീട് വാങ്ങിക്കുക എന്നത് പലപ്പോഴും പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായിരിക്കും. അത് നടപ്പിലാക്കുന്നതിനു മുന്പ് ഏറെ ആലോചനകളും ആസൂത്രണങ്ങളുമുണ്ടാകുമെന്നത് തീർച്ചയാണ്. ശരിയായ സ്ഥലത്താണോ വീട് നിർമിക്കുന്നത്, കൃത്യമായ പ്ലാനാണോ വീടിന്‍റേത്, ബജറ്റിലൊതുങ്ങുന്ന വീടാണോ നിർമിക്കുന്നത് എന്നിങ്ങനെ സംശയങ്ങൾ ഏറെയുണ്ടാകും. വീട് സ്വന്തമാക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ ശരിയായ ബാങ്ക് വായ്പയ്ക്കായി തെരഞ്ഞെടുക്കുക എന്നുള്ളതാണ്.

പലിശ നിരക്ക്, വായ്പ കാലാവധി, ഉപഭോക്താക്കൾക്കു നൽകുന്ന സേവനം, മറ്റു ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവർ നൽകുന്ന വായ്പ ഓപ്ഷനുകൾ, പലിശ നിരക്ക് എന്നിവ തമ്മിലുള്ള താരതമ്യം എന്നിവയും ഇതിനോടൊപ്പം നടത്തും. ഇതൊക്കെയും തീർച്ചയായും ചെയ്യേണ്ട കാര്യമാണ്. കാരണം ദീർഘകാലത്തേക്കുള്ള ഒരു വായ്പയാണ് എടുക്കുന്നത്. എല്ലാ മാസവും കൃത്യമായി ശന്പളത്തിൽ നിന്നും ഒരു നിശ്ചിത തുക ഇതിന്‍റെ തിരിച്ചടവിനായി മാറ്റിവെയ്ക്കുകയാണ്. വായ്പ തിരിച്ചടവിൽ പരിഗണിക്കാവുന്ന ചില കാര്യങ്ങൾ പങ്കുവെയ്ക്കുകയാണ് താഴെ

1. മൊറട്ടോറിയം
വീട് വാങ്ങിക്കുകയോ അല്ലെങ്കിൽ പണിയുകയോ ചെയ്തു കഴിഞ്ഞാൽ ഉടനെ ഇന്‍റീരിയർ ഡിസൈനിംഗ്, റിപ്പയറിംഗ്, രജിസ്ട്രേഷേൻ, സ്റ്റാംന്പ് ഡ്യൂട്ടി, ബ്രോക്കർ ഫീസ് എന്നിങ്ങനെ ധാരാളം ചെലവുകളുണ്ടാകും.

ചില ബാങ്കുകളും എൻബിഎഫ്സികളും മൂന്നുമതൽ 36 മാസം വരെയുള്ള മൊറട്ടോറിയം വായ്പകൾക്ക് അനുവദിക്കാറുണ്ട്. ഇങ്ങനെ വരുന്പോൾ വായ്പക്കാരൻ ഈ കാലയളവിൽ പലിശ മാത്രം അടച്ചാൽ മതി. ഇഎംഐ തുക പൂർണമായും ഈ മൊറട്ടോറിയം കാലയളവിനു ശേഷം അടച്ചാൽ മതി. സാധാരണയായി ഈ സൗകര്യം ലഭിക്കുന്നത് 21 മുതൽ 45 വയസുവരെയുള്ള വായ്പക്കാർക്കാണ്.


എന്നാൽ ഇത്തരമൊരു സൗകര്യം പ്രയോജനപ്പെടുത്തിയാൽ വരും കാലങ്ങളിൽ ഇംഐ അൽപ്പം ഭാരമായിരിക്കും. അത് താങ്ങാൻ കഴിയാത്തവർക്ക് വായ്പ എടുത്ത് പിറ്റേ മാസം മുതൽ തിരിച്ചടവ് നടത്താം.

2. കൂടുന്നതോ കുറയുന്നതോ ആയ ഇഎംഐ
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഫ്ളെക്സിബിൾ ഇൻസ്റ്റാൾമെന്‍റ് പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. അതായത് തരിച്ചടവ് തുക ആദ്യ മാസങ്ങളിൽ കൂടുതലും പിന്നെയുള്ള മാസങ്ങളിൽ കുറഞ്ഞു വരുന്നതോ അല്ലെങ്കിൽ ആദ്യ മാസങ്ങളിൽ കുറഞ്ഞ തുകയും പിന്നീടുള്ള മാസങ്ങളിൽ കൂടിയ തുകയും വരുന്നതോ ആയ ഓപ്ഷൻ തെരഞ്ഞെടുക്കാം.
ഉപഭോക്താവിന്‍റെ സാന്പത്തിക സ്ഥിതിയും സാന്പത്തിക ആവശ്യങ്ങളെയും പരിഗണിച്ചു വേണം ഇത് തീരുമാനിക്കാൻ. വലിയ സാന്പത്തിക ആവശ്യങ്ങൾ ഉടനെ വരുന്നുണ്ടെങ്കിൽ ആദ്യ മാസങ്ങളിൽ കുറഞ്ഞ തുക തിരിച്ചടവു നടത്താം. എന്നാൽ കൂടിയ തുക ആദ്യമേ അടച്ചു തുടങ്ങിയാൽ പോകേ പോകേ ഭവന വായ്പ വലിയൊരു ഭാരമായി തോന്നുകയേയില്ല.

3. ഭവന വായ്പയെ സേവിംഗ്സ് അക്കൗണ്ടുമായി ബന്ധിപ്പിക്കാം

ചില ബാങ്കുകൾ ഭവന വായ്പയെ സേവിംഗ്സ് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാൻ അവസരം നൽകുന്നുണ്ട്. ഭവന വായ്പ എടുക്കുന്പോൾ തന്നെ ഈ സേവിംഗ്സ് അക്കൗണ്ടും തുറക്കാം. ഇതുവഴി വായ്പക്കാരന് വായ്പ തിരിച്ചടവിനുള്ള തുക ഈ അക്കൗണ്ടിൽ സൂക്ഷിക്കാം. അതുവഴി പലിശ വരുമാനം നേടുകയും ചെയ്യാം. പക്ഷേ, സാധാരണ സേവിംഗ്സ് അക്കൗണ്ടുകൾക്ക് ലഭിക്കുന്ന പലിശ ഇവയ്ക്ക് ലഭിക്കണമെന്നില്ല. എടിഎംകാർഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും.