നികുതിയാസൂത്രണത്തിന് ഇനിയും വൈകേണ്ട
നികുതിയാസൂത്രണത്തിന്  ഇനിയും വൈകേണ്ട
Wednesday, January 29, 2020 2:44 PM IST
സാന്പത്തിക വർഷം അവസാനിക്കുവാൻ ഇനി മൂന്നു മാസം കൂടിയേയുള്ളു. ഈ മൂന്നു മാസക്കാലയളവിലാണ് പലരും നികുതിയാസൂത്രണം നടത്തുന്നത്. മാർച്ചിനു മുന്പേ ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, പിപിഎഫ്, സുകന്യ സമൃദ്ധി എന്നിങ്ങനെയുള്ള നികുതി ലാഭ ഉപകരണങ്ങൾ വാങ്ങുവാൻ ഓടുന്ന സമയം കൂടിയാണിത്.

ഇപ്പോഴെങ്കിലും വാങ്ങാം

നികുതി ലാഭിക്കുവാൻ ഓരോരുത്തർക്കും യോജിച്ച നിക്ഷേപ ഉപകരണങ്ങൾ തെരഞ്ഞെടുക്കുവാൻ ഏറ്റവും യോജിച്ച സമയം സാന്പത്തിക വർഷത്തിന്‍റെ തുടക്കത്തിൽ അതായത് ഏപ്രിൽ മാസത്തിലായിരുന്നു. പക്ഷേ, പലരും സമയമുണ്ടല്ലോ മാർച്ച് 31 നു മുന്പ് മതിയല്ലോ എന്നൊക്കെയുളള ചിന്തയിൽ ഇവിടെ വരെ എത്തിച്ചിരിക്കുകയാണ്. ഇതുവരെ നികുതി ലാഭ നിക്ഷേപ ഉപകരണങ്ങൾ വാങ്ങാത്തവർക്ക് അതിനുള്ള ഏറ്റവും മികച്ച സമയം ഇപ്പോഴാണ്. അതിനായി മാർച്ച് 31 വരെ കാത്തിരിക്കേണ്ട.

ഇപ്പോൾ വാങ്ങിയാൽ അവസാന നിമിഷം കണ്ണിൽ കണ്ടതും കയ്യിൽ കിട്ടിയതുമൊക്കെ വാങ്ങിക്കൂട്ടുന്നതിനു പകരം ആലോചിച്ച് ആവശ്യമായതു മാത്രം തെരഞ്ഞെടുക്കാം. പൊതുവേ അവസാന നിമിഷം പോയി വൻ തുക നിക്ഷേപം നടത്തി ആവശ്യമില്ലാത്ത നിക്ഷേപ ഉപകരണങ്ങൾ വാങ്ങിക്കുന്നവർ നിരവധിയാണ്. അതുകൊണ്ട് സമയം ഇനിയും വൈകിയിട്ടില്ല എന്ന ഓർമയോടെ, ചിന്തയില്ലാതെ ഏതെങ്കിലും നികുതി ലാഭ ഉപകരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കാം.

ഇൻഷുറൻസ് വേണം പക്ഷേ, ബാധ്യതയാകരുത്

പെട്ടന്ന് ഒരു നികുതി ലാഭ ഉപകരണത്തെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ പലരും ആദ്യം കണ്ടെത്തുന്നത് ഇൻഷുറൻസ് തന്നെയായിരിക്കും. ഇൻഷുറൻസ് നിക്ഷേപമല്ല, ചെലവാണ്. പ്രീമിയം നൽകി കവറേജ് നേടുന്നു. നികുതി ലാഭിക്കുവാൻ വേണ്ടി ഇൻഷുറൻസ് വാങ്ങിയാൽ അതു തുടർ വർഷങ്ങളിൽ ബാധ്യതയാകാനുള്ള സാധ്യതയുണ്ട്. മാത്രവുമല്ല, ഉയർന്ന പ്രീമിയം നൽകിയിട്ടും ആവശ്യത്തിനു കവറേജ് ലഭിക്കാതിരിക്കുകയും ചെയ്യാം.അതുകൊണ്ട് ഇൻഷുറൻസ് എടുക്കുന്പോൾ ശ്രദ്ധിച്ചുമാത്രം എടുക്കുക.

എത്ര തുക നികുതിയായി നൽകേണ്ടി വരുമെന്ന് ഏകദേശ ധാരണ ഇപ്പോൾ ലഭിച്ചിട്ടുണ്ടാകാം. ആ ബാധ്യത എത്രമാത്രം ഒഴിവാക്കാം. അതും ഏറ്റവും മികച്ച രീതിയിൽ എങ്ങനെ ഒഴിവാക്കാം എന്നാണ് ആസൂത്രണം ചെയ്യേണ്ടത്.

*വിവിധ നികുതി ലാഭ നിക്ഷേപ ഉപകരണങ്ങളെ പരിചയപ്പെടാം

1. ഇഎൽഎസ്എസ്
ഇഎൽഎസ്എസ് എന്നു പരക്കേ അറിയപ്പെടുന്ന ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം നികുതിയിളവു ലഭിക്കുന്ന ഏക ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപ പദ്ധതിയാണ്. ഇഎൽഎസ്എസിലെ നിക്ഷേപത്തിനു മാത്രമല്ല റിട്ടേണിനും നികുതിയിളവുണ്ട്.
ഏറ്റവും കുറവു ലോക്ക് ഇൻ പീരിയഡ് ( മൂന്നുവർഷം) ഉള്ള നികുതി ലാഭ ഉപകരണം കൂടിയാണിത്. അന്പതു വയസിൽ താഴെയുള്ള ജോലിക്കാർക്കും ഓഹരിയിൽ മറ്റു നിക്ഷേപമില്ലാത്തവർക്കും യോജിച്ചതാണ് ഇത്.

പുതിയതായി ജോലിക്കു കയറുന്നവർക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച നികുതിലാഭ ഉപകരണമാണ് ഇഎൽഎസ്എസ്. ഓഹരി നിക്ഷേപത്തിലേക്കുള്ള ഗേറ്റ് വേ കൂടിയാണിത്.
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെന്നതുപോലെ എസ്ഐപിയായി ഇഎൽഎസ് എസിൽ നിക്ഷേപിക്കാം. സിസ്റ്റമാറ്റിക് വിത്ത്ഡ്രോ വഴി പിൻവലിക്കുകയും ചെയ്യാം.

2. യുലിപ്

ഇൻഷുറൻസ്, നിക്ഷേപം, നികുതി ലാഭം എന്നീ മൂന്നു കാര്യങ്ങൾ ഒരേ സമയം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ ഉപകരണമാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ അഥവാ യുലിപ്. ഇതോടൊപ്പം ഓഹരിയിൽ ഒരു ഭാഗം നിക്ഷേപം നടത്തി മെച്ചപ്പെട്ട റിട്ടേണും നേടാൻ സഹായിക്കുന്നു.

പരന്പരാഗത ഇൻഷുറൻസ് പോളിസിയിൽനിന്നു യുലിപ്പിനെ വ്യത്യസ്തമാക്കുന്നതും ഇതാണ്.
ഇഎൽഎസ്എസിനുശേഷം ഇക്വിറ്റിയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്താൻ സാധിക്കുന്ന നികുതി ലാഭ ഉപകരണവും കൂടിയാണ് യുലിപ്. റിട്ടേണിന് നികുതി നൽകേണ്ടതുമില്ല. അഞ്ചു വർഷമാണ് യുലിപിന്‍റെ ലോക്ക് ഇൻ പിരീഡ്. ഇഎൽഎസ്എസ് കഴിഞ്ഞാൽ ഏറ്റവും കുറവ് ലോക്ക് ഇൻ പീരിയഡ് ഉള്ള നികുതി ലാഭ ഉപകരണമാണിത്.

3. നാഷണൽ പെൻഷൻ സ്കീം (എൻപിഎസ് )

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) ചുമതലയിൽ ഭാരത് സർക്കാർ നടപ്പാക്കിവരുന്ന സാർവത്രിക പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം (എൻപിഎസ്).

ഭാവി വരുമാനത്തിനുവേണ്ടി നിക്ഷേപിക്കുന്പോൾ തന്നെ നികുതി ലാഭിക്കുവാനും ഇതിലെ നിക്ഷേപം സഹായിക്കുന്നു. ഇന്ത്യൻ പൗരന്മാരായ 18 വയസുമുതൽ 65 വയസുവരെയുള്ള ആർക്കും പദ്ധതിയിൽ അംഗമാകാം. പലിശ നിരക്ക് 12 ശതമാനം മുതൽ 14 ശതമാനം വരെ ലഭിക്കും. ആദായ നികുതി വകുപ്പ് 80 സി പ്രകാരമുള്ള 1.5 ലക്ഷം രൂപയുടെ നികുതിയിളവിനു പുറമേ 80സിസിഡി പ്രകാരം 50000 രൂപയ്ക്കു കൂടി നികുതിയിളവ് ലഭിക്കും. അങ്ങനെ എൻപിഎസിലെ രണ്ടു ലക്ഷം രൂപയുടെ നിക്ഷേപത്തിന് നികുതയിളവ് ലഭിക്കും. നിക്ഷേപം പിൻവലിക്കുന്പോൾ റിട്ടേണിനും നികുതിയിളവു കിട്ടും.

4. ലൈഫ് ഇൻഷുറൻസ്

ജീവിതത്തിലെ അടിയന്തര ഘട്ടങ്ങളിൽ സംരക്ഷണം നൽകുന്ന ഉപകരണമാണ് ലൈഫ് ഇൻഷുറൻസ്. ഏറ്റവും ആവശ്യമാണെങ്കിൽ കൂടി ആളുകൾ അതിനെ കാര്യമായി എടുത്തിരുന്നില്ല.

ഇൻഷുറൻസിലേക്കു കൂടുതൽ ആളുകളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ പ്രീമിയം അടവിന് നികുതിയിളവു നൽകുന്നുണ്ട്. ആദായനികുതി നിയമത്തിന്‍റെ 80 സി വകുപ്പിൽ ഉൾപ്പെടുത്തിയാണ് പ്രീമിയത്തിനു നികുതിയിളവ് അനുവദിച്ചിട്ടുള്ളത്.
ടേം പ്ലാൻ, യുലിപ്, ലൈഫ് കവറേജ് നൽകുന്ന പാരന്പര്യ ഇൻഷുറൻസ് പോളിസികൾ തുടങ്ങിയവയുടെ പ്രീമിയത്തിനും കിഴിവു ലഭിക്കും.

5. പബ്ളിക് പ്രൊവിഡന്‍റ് ഫണ്ട്

ഏറ്റവും സുരക്ഷിതത്വമുള്ള ദീർഘകാല ഡെറ്റ് നിക്ഷേപമാണ് പിപിഎഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പബ്ളിക് പ്രൊവിഡന്‍റ് ഫണ്ട്. ഏറ്റവും ഉയർന്ന റിട്ടേണ്‍ ലഭിക്കുന്നുവെന്നു മാത്രമല്ല, നിക്ഷേപത്തിനും റിട്ടേണിനും നികുതിയിളവും ലഭിക്കുന്നുവെന്നതാണ് ഇതിന്‍റെ ഏറ്റവും ആകർഷണീയമായ വശം. കേന്ദ്ര സർക്കാരിന്‍റെ ഗാരന്‍റിയുള്ളതിനാൽ നിക്ഷേപം 100 ശതമാനം സുരക്ഷിതമാണ്. ജോലിക്കാർക്കും ബിസിനസുകാർക്കും സംരംഭകർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ആർക്കും ഇതിൽ നിക്ഷേപം നടത്താം.

പിപിഎഫ് നിക്ഷേപത്തിന്‍റെ പലിശ നിരക്ക് ഓരോ ക്വാർട്ടറിലും സർക്കാർ പുതുക്കി നിശ്ചയിക്കും. ഏറ്റവും ഒടുവിൽ 2019 ഒക്ടോബർ-ഡിസംബർ ക്വാർട്ടറിൽ 7.9 ശതമാനമാണ് പലിശ. നികുതിയില്ലാത്ത ഈ പലിശ നിരക്ക് ഡെറ്റ് നിക്ഷേപത്തിൽ ഏറ്റവും ഉയർന്നതാണ്. പതിനഞ്ചു വർഷമാണ് ഇതിന്‍റെ ലോക്ക് ഇൻ പീരിയഡ്. ദീർഘകാല ധനകാര്യ ലക്ഷ്യങ്ങൾ നേടാൻ ഈ നികുതി ലാഭ ഉപകരണം വളരെ സഹായകരമാണ്.

6. എൻ എസ് സി

ഏറ്റവും സുരക്ഷിതത്വമുള്ളതും നികുതിയിളവു ലഭിക്കുന്നതുമായ ഒരു മധ്യകാല സ്ഥിര വരുമാന ഡെറ്റ് നിക്ഷേപമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. പോസ്റ്റോഫീസ് സന്പാദ്യ ഉപകരണമായ എൻഎസ് സി നിക്ഷേപ പദ്ധതി മുന്നോട്ടു വച്ചിട്ടുള്ളത് കേന്ദ്രസർക്കാരാണ്.
അതുകൊണ്ടുതന്നെ 100 ശതമാനം സുരക്ഷിതത്വം ഇതിനുണ്ട്. ഏതു പോസ്റ്റോഫീസിലും ഇതു തുറക്കാം. ആദായനികുതി വകുപ്പ് 80 സി അനുസരിച്ചാണ് നികുതിയിളവു ലഭിക്കുന്നത്. വർഷത്തിലൊരിക്കലാണ് പലിശ നിക്ഷേപത്തോടൊപ്പം ചേർക്കുന്നത്. നിലവിൽ 7.9 ശതമാനമാണ് പലിശ നിരക്ക്.

സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്ന ആർക്കും തെരഞ്ഞെടുക്കാവുന്ന മധ്യകാലത്തേയ്ക്കുള്ള നിക്ഷേപമാണ് എൻഎസ് സി.


7. സീനിയർ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം

മുതിർന്ന പൗരന്മാർക്ക് നികുതി ലാഭിക്കുവാൻ ഉയർന്ന പലിശയോടെ കേന്ദ്രസർക്കാർ രൂപം നൽകിയിട്ടുള്ള നികുതി ലാഭ ഉപകരണമാണ് സീനിയർ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം (എസ് സിഎസ്എസ്).

തുടക്കത്തിൽ പോസ്റ്റോഫീസുകളിൽ മാത്രം തുറക്കാവുന്ന പദ്ധതിയായിരുന്നു. ഇന്ന് പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകളിൽ ഈ നിക്ഷേപ അക്കൗണ്ട് തുറക്കാം.
ഈ പദ്ധതിയുടെ പലിശ നിരക്ക് ഓരോ ക്വാർട്ടറിലും കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിക്കുന്നു. 2019 ഒക്ടോബർ-ഡിസംബർ ക്വാർട്ടറിൽ പലിശ നിരക്ക് 8.6 ശതമാനമാണ്. ഈ അക്കൗണ്ടിൽ 15 ലക്ഷം രൂപവരെ നിക്ഷേപിക്കാം. ലോക്ക് ഇൻ പീരിയഡ് അഞ്ചു വർഷമാണ്.

8. സുകന്യ സമൃദ്ധി യോജന (എസ്എസ്എ)

പെണ്‍മക്കൾക്കു സാന്പത്തിക സുരക്ഷ ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന അച്ഛനമ്മമാർക്കു സുരക്ഷിതമായി നിക്ഷേപക്കുവാനും ഉയർന്ന വരുമാനം നേടുവാനും അവസരമൊരുക്കുന്ന നിക്ഷേപ പദ്ധതിയാണ് 2015ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന സുകന്യ സമൃദ്ധി യോജന ( എസ്എസ്എ).

ഇതിലെ നിക്ഷേപത്തിന് 80സി യിൽ ഉൾപ്പെടുത്തി നികുതിയിളവും അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം ഉയർന്ന സുരക്ഷിതത്വവും മികച്ച റിട്ടേണും നൽകുന്നു. ഇതിൽനിന്നു ലഭിക്കുന്ന റിട്ടേണിനു നികുതി നൽകേണ്ടതുമില്ല.

പിപിഎഫ്, എൻ എസ് സി, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയവയേക്കാൾ ഉയർന്ന റിട്ടേണ്‍ ലഭിക്കുന്നുവെന്നതാണ് ഇതിന്‍റെ സവിശേഷത. ഗവണ്‍മെന്‍റ് ഗാരന്‍റിയുമുണ്ട്.

പോസ്റ്റോഫീസ്, ബാങ്കുകൾ എന്നിവ വഴി അക്കൗണ്ട് തുറക്കാം. കേന്ദ്ര സർക്കാരാണ് ഈ പദ്ധതിയുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. ഇപ്പോൾ വിപണിയുമായി ബന്ധിപ്പിച്ച് ഓരോ മൂന്നു മാസം കൂടുന്പോഴും ഇതിന്‍റെ പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നു. 2019 ഒക്ടോബർ-ഡിസംബർ ക്വാർട്ടറിൽ 8.4 ശതമാനമാണ് പലിശ. വാർഷികമായാണ് പലിശ മുതലിനോട് കൂട്ടിച്ചേർക്കപ്പെടുന്നത്.

9. പഞ്ചവർഷ ബാങ്ക് ഡിപ്പോസിറ്റ്

നികുതി ലാഭിക്കുവാനും സ്ഥിരമായി റിട്ടേണ്‍ നേടാനും സഹായിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതികൾ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിക്ഷേപ പദ്ധതിയിൽ നിക്ഷേപം നടത്തുന്നവർക്ക് ആദായനികുതി വകുപ്പ് 80 സി അനുസരിച്ച് 1.5 ലക്ഷം രൂപയുള്ള നിക്ഷേപത്തിന് നികുതിയിളവു കിട്ടും.

പഞ്ചവർഷ നിക്ഷേപ പദ്ധതിയാണിത്. ഇതിന്‍റെ പലിശ പ്രതിമാസമോ ത്രൈമാസമോ ആയി വാങ്ങാം. പുനർനിക്ഷേപം നടത്തുകയും ചെയ്യാം. പലിശ വരുമാനത്തിൽ ഉൾപ്പെടുത്തി നികുതി നൽകണം. നിക്ഷേപത്തിന് അഞ്ചുവർഷ ലോക്ക് ഇൻ പീരിയഡ് ഉണ്ട്.

10. ഭവന വായ്പ

സ്വന്തമായൊരു വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. മുഴുവൻ പണവും കൊടുത്ത് വീട് വാങ്ങുവാൻ സാധിക്കുന്നവർ വളരെ കുറവാണ്. അതിനാൽ ഭാവി വരുമാനം ഈടു നൽകി ആളുകൾ വീടു വാങ്ങുന്നു. പിന്നീട് മാസഗഡുവായി വായ്പയും അതിന്‍റെ പലിശയും തിരിച്ചടച്ച് വീട് സ്വന്തമാക്കുന്നു.

വീടു വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗവണ്‍മെന്‍റ് ചില നികുതിയാനുകൂല്യങ്ങൾ ഭവന വായ്പയ്ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഭവനവായ്പയുടെ പ്രിൻസിപ്പൽ, പലിശ എന്നിവയുടെ തിരിച്ചടവിന് നികുതിയളവു അനുവദിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിന്‍റെ 80 സി അനുസരിച്ച് ഭവന വായ്പയുടെ 1.5 ലക്ഷം രൂപ വരെയുള്ള പ്രിൻസിപ്പലിന്‍റെ തിരിച്ചടവിന് നികുതിയിളവു കിട്ടും.

മുപ്പതു ശതമാനം നികുതി ബ്രാക്കറ്റിൽ വരുന്ന, ഭവന വായ്പയുള്ളയാൾക്ക് നികുതിയിനത്തിൽ 60000 രൂപ ലാഭിക്കുവാൻ സാധിക്കും. അതോടൊപ്പം ആസ്തിയും സൃഷ്ടിക്കപ്പെടുന്നു.

11. രജിസ്ട്രേഷൻ ഫീസും സ്റ്റാന്പ് ഡ്യൂട്ടിയും

വീടു വാങ്ങുന്പോൾ ചെലവഴിക്കുന്ന രജിസ്ട്രേഷൻ, സ്റ്റാന്പ് ഡ്യൂട്ടി ഫീസുകൾക്ക് 80 സിയിൽ നികുതിയിളവു ലഭിക്കും. പരമാവധി 1.5 ലക്ഷം രൂപയ്ക്കുവരെയാണ് ഇത്തരത്തിൽ ഇളവു ലഭിക്കുക. ഇടപാടു നടത്തുന്ന അതേ വർഷം തന്നെ ഇതു ക്ലെയിം ചെയ്യണമെന്നു നിബന്ധനയുണ്ട്

12. അടിസ്ഥാന സൗകര്യ ബോണ്ട്

പണം കടം വാങ്ങുന്നതിനുള്ള ഉപാധിയാണ് ബോണ്ട്. രാജ്യം അവരുടെ പൗരന്മാരിൽനിന്ന് ഇത്തരത്തിൽ പണം കടം വാങ്ങാറുണ്ട്. മിക്കവാറും ഏതെങ്കിലും അടിസ്ഥാന സൗകര്യ പദ്ധതികൾക്കൊക്കെ വേണ്ടിയായിരിക്കും ഇത്. ഗവണ്‍മെന്‍റോ ഗവണ്‍മെന്‍റ് ഏർപ്പെടുത്തിയിരിക്കുന്ന ഏജൻസികളോ ആയിരിക്കും പ്രത്യേക ആവശ്യത്തിനായി ബോണ്ട് നൽകി പണം കടം വാങ്ങുക. പത്ത്-15 വർഷക്കാലയളവിലുള്ള ബോണ്ടുകളാണ് പുറത്തിറക്കുക.
അടിസ്ഥാനസൗകര്യ വികസനത്തിന് പുറപ്പെടുവിക്കുന്ന ബോണ്ടുകൾക്ക് ഗവണ്‍മെന്‍റ് നികുതിയിളവു നൽകാറുണ്ട്. ഇതിന് അഞ്ചുവർഷത്തെ ലോക്ക് ഇൻ പീരിയഡും ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള ബോണ്ടുകളിലെ 20000 രൂപ വരെയുള്ള നിക്ഷേപത്തിനാണ് ഇളവു ലഭിക്കുക. ഇത് 80 സിയിൽ വരുന്ന 1.5 ലക്ഷം രൂപയ്ക്കു പുറമേയാണ്. ആദായനികുതി വകുപ്പിലെ 80സിസിഎഫ് വകുപ്പ് പ്രകാരമാണ് നികുതിയിളവു കിട്ടുന്നത്.

13. ട്യൂഷൻ ഫീസ്

മക്കളുടെ വിദ്യാഭ്യാസത്തിനായി നൽകുന്ന ട്യൂഷൻ ഫീസ് ആദായനികുതി വകുപ്പ് 80സിയിൽ ഉൾപ്പെടുത്തി നികുതിയിളവു ലഭിക്കും. ടൂഷ്യൻ ഫീസിനു മാത്രമേ ഇളവു ലഭിക്കുകയുള്ളു. വികസന ഫണ്ട്, ട്രാൻസ്പോർട്ട് ഫീസ് തുടങ്ങിയവയ്ക്കൊന്നും ഇളവില്ല. പരമാവധി രണ്ടു കുട്ടികളുടെ ട്യൂഷൻ ഫീസാണ് ഇത്തരത്തിൽ ഇളവു ലഭിക്കുകയുള്ളു. ദത്തെടുത്ത കുട്ടികളുടെ ട്യൂഷൻ ഫീസിനും ഇളവു ലഭിക്കും.

14. പോസ്റ്റോഫീസ് ടൈം ഡിപ്പോസിറ്റ്

ലഘു സന്പാദ്യ പദ്ധതിയുടെ കീഴിലാണ് പോസ്റ്റോഫീസ് ടൈം ഡിപ്പോസിറ്റ് വരുന്നത്. പദ്ധതിയനുസരിച്ചുള്ള അഞ്ചുവർഷത്തെ നിക്ഷേപം നികുതിയിളവിനു അർഹമാണ്. ആദായിനികുതി വകുപ്പിന്‍റെ 80 സി വകുപ്പ് അനുസരിച്ചാണ് ഇളവ്.
അക്കൗണ്ടിലെ കുറഞ്ഞ നിക്ഷേപം 200 രൂപയാണ്. നിക്ഷേപത്തിനു പരിധിയില്ലെങ്കിലും നികുതിയിളവ് 1.5 ലക്ഷം രൂപവരെയേ ലഭിക്കുകയുള്ളു. പലിശ ഓരോ ക്വാർട്ടറിലും കണക്കാക്കുമെങ്കിലും വാർഷികാടിസ്ഥനത്തിലേ നിക്ഷേപകനു ലഭിക്കുകയുള്ളു. പുനർനിക്ഷേപവും നടത്താം. ഓരോ മൂന്നു മാസത്തിലും ഇതിന്‍റെ പലിശ നിരക്ക് സർക്കാർ പുതുക്കും. ഇപ്പോൾ പഞ്ചവർഷ നിക്ഷേപത്തിന് 7.7 ശതമാനമാണ് പലിശ.

15. എംപ്ലോയിസ് പ്രൊവിഡന്‍റ് ഫണ്ട് (ഇപിഎഫ്)
ശന്പളക്കാർക്കുള്ള റിട്ടയർമെന്‍റ് പദ്ധതിയാണ് ഇപിഎഫ് എന്നു ചുരുക്കപ്പേരിലറിയപ്പെടുന്ന എംപ്ലോയിസ് പ്രൊവിഡന്‍റ് ഫണ്ട.് അടിസ്ഥാന ശന്പളം,ഡിഎ എന്നിവയുടെ 12 ശതമാനം തൊഴിലുടമ ശന്പളത്തിൽ നിന്നും പിടിച്ച് ഇപിഎഫിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഓരോ വർഷവും ഇപിഎഫ് പലിശ നിരക്ക് നിശ്ചയിക്കും. ഇപ്പോൾ 8.65 ശതമാനമാണ് പലിശ. ഈ നിക്ഷേപത്തിന് 80സിയിൽ ഉൾപ്പെടുത്തി നികുതിയിളവു ലഭിക്കും. ഇപിഎഫ് റിട്ടേണിനും നികുതിയിളവുണ്ട്.

ചുരുക്കത്തിൽ വളരെ വൈവിധ്യമാർന്ന നികുതി ലാഭ ഉപകരണങ്ങൾ 80സി വിഭാഗത്തിൽ ലഭ്യമാണ്. ഒരു ഉപകരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ യോജിച്ച ഉപകരണം നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക. ദീർഘകാലത്തിൽ സന്പത്തു നേടിത്തരുന്ന ഉപകരണങ്ങൾക്കു ചെറുപ്പക്കാർ മുൻഗണന നൽകുക. റിസ്ക് എടുക്കുവാൻ കഴിയുന്നവരും ദീർഘകാല നിക്ഷേപം നടത്തുന്നവരും ഇഎൽഎസ്എസ് തുടങ്ങിയ ഓപ്ഷനുകളെ പരിഗണിക്കുക.