സ്വർണം വാങ്ങുന്പോൾ
സ്വർണ നിക്ഷേപ പദ്ധതിവഴി നിക്ഷേപം സ്വീകരിക്കുകയും പിന്നീട് മുങ്ങുകയും ചെയ്യുന്ന സ്വർണക്കടകളെക്കുറിച്ചുള്ള നിരവധി വാർത്തകൾ അടുത്തയിടെ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും ഉയർന്നുവരുന്നുണ്ട്. ഏറ്റവുമൊടുവിൽ മഹാരാഷ്ട്രയിലെ സ്വർണ നിക്ഷേപകരെ പറ്റിച്ചു കടന്നു കളഞ്ഞ ഗുഡ് വിൻ ജ്വല്ലറിയുടെ വാർത്തയാണ്. ഏതാനും നാൾ മുന്പാണ് ബംഗളുരൂ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഐഎംഎ ജ്യുവൽസ്, ചെന്നൈയിലെ റൂബി ജ്വല്ലറി, അവതാർ ജ്വല്ലേഴ്സ് തുടങ്ങിയവ ഇതേപോലെ നിക്ഷേപകരെ പറ്റിച്ചു കടന്നു കളഞ്ഞത്. ഉയർന്ന റിട്ടേണ്‍ വാഗ്ദാനം ചെയ്താണ് ഡിപ്പോസിറ്റും മറ്റും ആകർഷിക്കുന്നത്. അതു പാലിക്കാൻ കഴിയാതെയാണ് മിക്കവരും മുങ്ങുന്നത്.

സ്വർണനിക്ഷേപ പദ്ധതി ഇന്ത്യയിൽ പൊതുവേ വളരെ ജനപ്രിയ നിക്ഷേപ പദ്ധതിയാണ്. ധാരാളം പേർ അതിൽ ചേരുന്നുണ്ട്. ഓരോ മാസവും ചെറിയ തുക നിശ്ചിത മാസവരെ അടച്ച്, സ്വർണം വാങ്ങുന്നതിനുള്ള പദ്ധതിയാണിത്. കാലാവധി പൂർത്തിയാകുന്പോൾ ആ തുകയ്ക്ക് തുല്യമായ സ്വർണം നിക്ഷേപകന് വാങ്ങുവാൻ സാധിക്കുന്നു. അപ്പോൾ നിക്ഷേപകന് ചില ഡിസ്കൗണ്ടുകളൊക്കെ ലഭിക്കും. ചില ജ്വല്ലറികൾ 15-16 ശതമാനം പലിശ ഡിപ്പോസിറ്റിന് വാഗ്ദാനം ചെയ്യാറുണ്ട്. ഇതാണ് പദ്ധതിയുടെ പൊതു സ്വഭാവം. കന്പനികൾ തമ്മിൽ അല്ലറചില്ലറ വ്യത്യാസമുണ്ടാകുമെന്നേയുള്ളു.

സ്വർണനിക്ഷേപ പദ്ധതികളെ നിയന്ത്രിക്കാൻ പ്രത്യേക സംവിധാനമൊന്നുമില്ല. സ്വർണ വിൽപ്പനയിലെ ഇടിവാണ് പല കന്പനികളേയും ഇപ്പോൾ പ്രയാസത്തിലാക്കിയിരിക്കുന്നത്. ഇത്തരം നഷ്ടങ്ങൾ ഒഴിവാക്കാൻ നിക്ഷേപകർ തന്നെ തീരുമാനിക്കേണ്ടിയി രിക്കുന്നു. നിയമങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ ഇത്തരം ഉത്പന്നങ്ങളിലെ നിക്ഷേപം വേണ്ടെന്നു വയ്ക്കുക. പ്രത്യേകിച്ചും ചെറുകിട ജ്വല്ലറികളുടെ പദ്ധതികളിൽ നിക്ഷേപം നടത്താത്തിരിക്കുക.

പ്രതിമാസം സ്വർണത്തിൽ നിക്ഷേപിക്കാൻ വളരെ മികച്ച തോതിൽ നിയന്ത്രിക്കപ്പെടുന്ന പദ്ധതികളുണ്ട്. എല്ലാം നിയമാനുസൃതം നടത്തപ്പെടുന്നവയാണ്.

1. ഗവണ്‍മെന്‍റിന്‍റെ സ്വർണ ബോണ്ട് പദ്ധതി
ഗവണ്‍മെന്‍റിന്‍റെ പിന്തുണയുള്ള ഏറ്റവും സുരക്ഷിതമായ സ്വർണ നിക്ഷേപ പദ്ധതിയാണിത്. പ്രതിവർഷം 2.5 ശതമാനം പലിശ ലഭിക്കുന്നു. സ്വർണ ബോണ്ട് പദ്ധതിയുടെ കാലാവധി വരെ നിക്ഷേപം സൂക്ഷിച്ചാൽ മൂലധന വളർച്ചയ്ക്കു നികുതി നൽകേണ്ടതില്ല.
എട്ടുവർഷത്തെ നീണ്ട കാലാവധിയാണ് ഇതിനുള്ളത്. അഞ്ചുവർഷം കഴിഞ്ഞതിനുശേഷമേ ഈ പദ്ധതിയിൽ നിന്നു പുറത്തു ചാടുവാൻ കഴിയുകയുള്ളുവെന്നതാണ് ഇതിന്‍റെ പോരായ്മ.

2. ഇടിഎഫ്
ഓഹരി വാങ്ങുന്നതുപോലെ ഇതു വാങ്ങാം. വിൽക്കാം. ഉയർന്ന ലിക്വിഡിറ്റിയാണ് ഇതിനുള്ളത്. നിക്ഷേപം ഡീമാറ്റിലാണ് രേഖപ്പെടുത്തുക. സ്വർണം വാങ്ങുവാൻ ആഗ്രഹിക്കുന്പോൾ യൂണിറ്റ് വിറ്റ് കടയിൽനിന്നു സ്വർണം വാങ്ങാം. ഇതിന് ഒരു ശതമാനം വരെ എക്സ്പെൻസ് റേഷ്യോ നൽകണം. ഇതു റിട്ടേണ്‍ കുറയ്ക്കാം. മൂലധന വളർച്ചയ്ക്ക് നികുതി നൽകണം.

3. ഇ- ഗോൾഡ്
വളരെ കുറഞ്ഞ തുകയ്ക്കും സ്വർണം വാങ്ങാം. കമോഡിറ്റി എക്സ്ചേഞ്ചിൽനിന്നു ഡീമാറ്റ് ഫോമിലാണ് യൂണിറ്റ് ലഭിക്കുക. ആവശ്യമുള്ളപ്പോൾ ഇതു വിറ്റു പണമാക്കി മാറ്റാം. ഈ തുക ഉപയോഗപ്പെടുത്തി ജ്വല്ലറിയിൽനിന്നു ആഭരണങ്ങൾ വാങ്ങാം. ദീർഘകാലത്തിൽ ഇ- ഗോൾഡാണ് മെച്ചപ്പെട്ട റിട്ടേണ്‍ നൽകുന്നത്.