തിരുത്തലിനുള്ള മുന്നറിയിപ്പ്
തിരുത്തലിനുള്ള  മുന്നറിയിപ്പ്
Tuesday, December 3, 2019 3:52 PM IST
രണ്ടുവർഷം മുന്പ് മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് കൂട്ടി. 13 വർഷത്തിനുശേഷം ഇന്ത്യയെ ബിഎഎ3ൽനിന്നു ബിഎഎ2ലേക്കു കയറ്റി. ഏഴാം സ്വർഗത്തിലായിരുന്നു അന്നത്തെ ധനമന്ത്രി അരുണ്‍ ജയ്റ്റ്് ലിയും ഗവണ്‍മെന്‍റും. സാന്പത്തികനില ഭദ്രം, ഭാവിസാധ്യത ശോഭനം എന്നൊക്കെ മൂഡീസ് നൽകിയ വിശേഷണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം സർക്കാരിലുള്ളവരെല്ലാം സ്വയം അഭിമാനിക്കുകയും ചെയ്തു. നോട്ട് റദ്ദാക്കലിനും ജിഎസ്ടിക്കും കിട്ടിയ അംഗീകാരമായും അതിനെ ചിത്രീകരിച്ചു.

ഫലപ്രദമല്ല, ഭരണം

ഇപ്പോൾ മൂഡീസ് പറയുന്നു: സാന്പത്തിക വളർച്ച വരും നാളുകളിൽ മുൻകാലത്തേക്കാൾ ഗണ്യമായി കുറവാകും. ദീർഘകാലമായ സാന്പത്തികവും സ്ഥാപനപരവുമായ ദൗർബല്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരും സർക്കാർ നയങ്ങളും വേണ്ടത്ര ഫലപ്രദമല്ല. രാജ്യത്തിന്‍റെ കടം മുന്പേ തന്നെ കൂടുതലായിരുന്നത് ഇപ്പോൾ വളരെ കൂടിയിരിക്കുന്നു’’. ഇതെല്ലാം കണക്കിലെടുത്താണു റേറ്റിംഗ് പ്രതീക്ഷ താഴ്ത്തിയതെന്നു മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് പത്രക്കുറിപ്പിൽ അറിയിച്ചു.

വ്യവസായ നിക്ഷേപം കൂട്ടാനും വളർച്ച വർധിപ്പിക്കാനും നികുതി അടിത്തറ കൂട്ടാനും പറ്റുന്ന പരിഷ്കരണ നടപടികൾക്കുള്ള സാധ്യത കുറഞ്ഞിരിക്കുന്നു എന്ന വിലയിരുത്തലും മൂഡീസ് നടത്തി. നോട്ട് റദ്ദാക്കലിന്‍റെ മൂന്നാം വാർഷികത്തിലാണിതെന്നത് കൗതുകരമായ വൈരുധ്യമായി.

തെറ്റാവരമില്ല

മൂഡീസ്, ഫിച്ച്, എസ് ആൻഡ് പി തുടങ്ങിയ രാജ്യാന്തര റേറ്റിംഗ് ഏജൻസികളെ ആരാധിക്കുന്നവരും അന്ധമായി വിശ്വസിക്കുന്നവരും ഉണ്ടാകാനിടയില്ല. 2008ലെ അമേരിക്കൻ ബാങ്ക് തകർച്ചയും സാന്പത്തിക മാന്ദ്യവും അടക്കം ഒരു സാന്പത്തിക കുഴപ്പവും പ്രവചിക്കാൻ കഴിയാത്തവരാണ് ഈ റേറ്റിംഗ് ഏജൻസികൾ. മാസങ്ങൾക്കകം പാപ്പരാകാൻ പോകുന്ന സ്ഥാപനങ്ങൾക്കു വരെ നല്ല റേറ്റിംഗ് കൊടുത്തിട്ടുള്ള വരാണ് അവർ.

എന്നാൽ, അവരെ വളരെ കാര്യമായി കണക്കാക്കുന്ന വരാണു മോദി സർക്കാരിലുള്ളത്. റേറ്റിംഗ് ഏജൻസികളുടെ പ്രതിനിധികൾക്കു മികച്ച സ്വീകരണവും സൗകര്യങ്ങളും ഒരുക്കുന്നതിലും അവർക്കുവേണ്ടി സമയം ചെലവഴിക്കുന്ന തിലും ഒരു പിശുക്കുമില്ല. 2015 മുതൽ റേറ്റിംഗ് ഉയർത്തിക്കിട്ടാൻ ശ്രമിച്ചിട്ട് 2017ൽ മാത്രമേ സാധിച്ചുള്ളു. അതും മൂഡീസിൽനിന്നു മാത്രം. മറ്റു രണ്ട് ഏജൻസികൾ 2017ൽ പോലും വഴങ്ങിയില്ല.

അവരെന്തുചെയ്യും

ഇനി ആശങ്ക ഫിച്ചും എസ് ആൻഡ് പിയും റേറ്റിംഗ് താഴ്ത്തുമോ എന്നതാണ്. നിക്ഷേപയോഗ്യമായതിൽ ഏറ്റവും താണതാണ് അവർ ഇന്ത്യക്കു നൽകിയിട്ടുള്ള റേറ്റിംഗ്. അവിടെനിന്നു താഴോട്ടുപോയാൽ കേന്ദ്രസർക്കാരിന്‍റെ ഇതുവരെയുള്ള അവകാശവാദങ്ങ ളെല്ലാം പൊളിയും.

പലിശ കൂടും, നിക്ഷേപം കുറയും

റേറ്റിംഗ് താണാൽ വേറെയുമുണ്ട് പ്രശ്നങ്ങൾ. വിദേശത്തുനിന്നു വായ്പ എടുക്കുന്പോൾ കൂടുതൽ പലിശ നൽകേണ്ടിവരും. അതു സർക്കാരിനും സ്വകാര്യ കന്പനികൾക്കും ബാധകമാകും. അതിലുപരി ഇന്ത്യയിൽ നിക്ഷേപത്തിനു വിദേശികൾ മടിക്കുമെന്ന പ്രശ്നമുണ്ട്. റേറ്റിംഗ് ഏജൻസികൾ നല്ല പ്രവാചകരല്ലെങ്കിലും അവരുടെ റേറ്റിംഗ് ധനകാര്യനിക്ഷേപ തീരുമാനങ്ങളെ നിർണായകമായി സ്വാധീനിക്കും. ഓഹരിവിപണിയിലെ നിക്ഷേപത്തെയും ഇതു ബാധിക്കും.

കൂനിന്മേൽ കുരു


കൂനിന്മേൽ കുരു എന്നതുപോലെയാണു കാര്യങ്ങൾ. രാജ്യത്തു സാന്പത്തിക വളർച്ച ആറുവർഷത്തിനിടയിലെ ഏറ്റവും താണ നിലയിലായി. ഏപ്രിൽ-ജൂണിൽ വളർച്ച കേവലം അഞ്ചുശതമാനം മാത്രം. ഈ കണക്കുപോലും വിശ്വസിക്കാനാകില്ലെന്ന് ഐഎംഎഫും മറ്റും പറയുന്നു. ഉള്ളതിനേക്കാൾ ഒന്നു രണ്ടു ശതമാനം കൂട്ടിയ വളർച്ചക്കണക്കാണു മോദി സർക്കാരിന്‍റേതെന്നു പറഞ്ഞത് ഈ സർക്കാരിന്‍റെ മുൻ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനാണ്.

വളർച്ച കുറഞ്ഞപ്പോൾ തൊഴിലില്ലായ്മ കൂടി. 27 വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കായ 8.5 ശതമാനമാണ് ഇപ്പോൾ തൊഴിലില്ലായ്മ.

നല്ല ഉപദേശം തേടൂ

ഏതാനുമാഴ്ച മുന്പ് ധനമന്ത്രി നിർമലാ സീതാരാമന്‍റെ ഭർത്താവും ധനശാസ്ത്രജ്ഞനുമായ പരകല പ്രഭാകർ മന്ത്രിയെയും സർക്കാരിനെയും വിഷമിപ്പിച്ച ഒരു ലേഖനമെഴുതി. സാന്പത്തിക വളർച്ചയിലെ മുരടിപ്പ് മാറ്റാനുള്ള നയങ്ങൾ വേണമെന്നാണ് അദ്ദേഹം അതിലാവശ്യപ്പെട്ടത്. നരസിംഹ റാവു, മൻമോഹൻ സിംഗ് ഭരണത്തിലെ നയപരിപാടികൾ മാതൃകയായി കാണിക്കുകയും ചെയ്തു.

മന്ത്രിയുടെ കുടുംബത്തിലെ നയവൈരുദ്ധ്യങ്ങളേക്കാൾ ദേശീയരാഷ്ട്രീയത്തിലെ നയവൈരുദ്ധ്യങ്ങൾ വ്യക്തമാക്കുന്നതായി ആ ലേഖനവും പ്രതികരണങ്ങളും.
ഇപ്പോൾ മൂഡീസ് പറഞ്ഞുവച്ചിരിക്കുന്നതു മുരടിപ്പ് മാറ്റാൻ ഫലപ്രദമായ ഒന്നും സർക്കാർ ചെയ്തിട്ടില്ലെന്നാണ്.

അപ്പോൾ ചെയ്തതോ?

ഇതുവരെ ധനമന്ത്രിയും സർക്കാരും ചെയ്ത കാര്യങ്ങളോ കന്പനി നികുതി വെട്ടിക്കുറച്ചതടക്കം ചെയ്ത കാര്യങ്ങൾ വേണ്ടത്ര ഫലപ്രദമല്ലെന്നാണ് ഉത്തരം.

കന്പനി നികുതി കുറയ്ക്കുന്നതിനേക്കാൾ മുന്പേ വേണ്ടതു കന്പനികളുടെ ഉത്പന്നങ്ങൾ വാങ്ങാൻ ആൾക്കാർക്കു ശേഷി ഉണ്ടാക്കുക എന്നതാണ്. അതിനു തൊഴിലോ ധനസഹായമോ നൽകണം.

2008-09 ൽ തൊഴിലുറപ്പു വഴിയും പദ്ധതിച്ചെലവ് വർധിപ്പിച്ചും തൊഴിലുണ്ടാക്കിയത് ഇന്ത്യയെ മാന്ദ്യത്തിൽപ്പെടാതെ രക്ഷിച്ചു. അന്നു റേറ്റിംഗുകാരെ അവഗണിച്ച് കമ്മികൂട്ടി.
ഇപ്പോൾ റേറ്റിംഗുകാരെ പേടിച്ച് ചെലവ് ചുരുക്കി.

വിദേശ നിക്ഷേപകരെ രസിപ്പിക്കാൻ നികുതി കുറച്ചു; കന്പനികളെ സന്തോഷിപ്പിക്കാനും നികുതി കുറച്ചു.

പക്ഷേ, ജനത്തിന്‍റെ കൈയിൽ പണം ചെല്ലുന്നതിനു പണിയൊന്നും ചെയ്തില്ല.

അതിന്‍റെ ഫലം?
മാരുതി സുസുകി ഗുജറാത്തിലെ പുതിയ ഫാക്ടറി ഉടനെ തുറക്കേണ്ട എന്നുവച്ചു. കാർ വാങ്ങാൻ നാട്ടുകാർക്കു പണമില്ലെങ്കിൽ പണിതുകൂട്ടിയിട്ട് എന്തുകാര്യം? മറ്റു കന്പനികളും അതുതന്നെ പറയുന്നു.

അതുതന്നെയാണ് മൂഡീസും പറഞ്ഞത്. ഉടനെങ്ങും സാന്പത്തിക വളർച്ച തിരിച്ചുകയറാൻ പോകുന്നില്ല.

റേറ്റിംഗ് എന്നാൽ

രാജ്യങ്ങൾക്കും കന്പനികൾക്കും ക്രെഡിറ്റ് റേറ്റിംഗ് നടത്താറുണ്ട്. രാജ്യത്തിന്‍റെ റേറ്റിംഗ് ആ രാജ്യത്തെ എല്ലാ കന്പനികൾക്കും ബാധകമാണ്. വിദേശ വായ്പകൾ എടുക്കുന്പോൾ രാജ്യത്തിന്‍റെ റേറ്റിംഗിന്‍റെ അടിസ്ഥാനത്തിലേ കന്പനിയുടെ റേറ്റിംഗ് പരിഗണിക്കൂ. വായ്പത്തുക തിരിച്ചടയ്ക്കാനുള്ള സാധ്യതയുടെ വിലയിരുത്തലാണു ക്രെഡിറ്റ് റേറ്റിംഗ്. റേറ്റിംഗ് കുറഞ്ഞാൽ പലിശ കൂടും; നിക്ഷേപ വരവ് കുറയും.

റ്റി.സി. മാത്യു