മിച്ചം പിടിക്കാൻ സേവിംഗ്സ് ചലഞ്ച്
മിച്ചം പിടിക്കാൻ  സേവിംഗ്സ് ചലഞ്ച്
Friday, November 22, 2019 2:44 PM IST
എത്ര വരുമാനമുണ്ടെങ്കിലും മിച്ചം വയ്ക്കുകയെന്നത് പലപ്പോഴും പ്രയാസകരമായ സംഗതിയാണ്. പണം കൈയിൽ വരുന്പോൾ അതു ചെലവഴിക്കാനുള്ള പുതിയ പുതിയ ആശയങ്ങൾ വന്നുകൊണ്ടിരിക്കും.

ഇപ്പോൾ "ചലഞ്ചു’ കളുടെ കാലമാണ്. ഫിറ്റ്നസ് ചലഞ്ച്, യോഗ ചലഞ്ച്, കാർഡിയോ ചലഞ്ച്... ചലഞ്ചുകൾ ഏറെയാണ്.

മിച്ചം വയ്ക്കാൻ പ്രേരിപ്പിക്കുന്ന "സേവിംഗ് ചലഞ്ച് ’ അത്തരത്തിലുള്ള ഒരു ചലഞ്ചാണ്.
ഇതിൽ ഏറ്റവും പ്രശസ്തമായിട്ടുള്ളതാണ് "52 വീക്ക് സേവിംഗ് ചലഞ്ച്’. തുടക്കത്തിൽ എളുപ്പമുള്ളതായി തോന്നുവെങ്കിലും ആഴ്ചകൾ പിന്നിടുന്പോൾ അതു പ്രയാസകരമായി തോന്നാം. ആ പ്രയാസങ്ങളെ അതിജീവിച്ച് ലക്ഷ്യം നേടുകയാണ് ഈ ചലഞ്ച്.. ഓരോ വർഷവും ഇതാവർത്തിക്കുക.

നിങ്ങളുടെ സന്പാദ്യത്തിലും ധനകാര്യസ്ഥിതിയിലും ഇതുകൊണ്ടുവരുന്ന മാറ്റം തിരിച്ചറിയുക.

52 വീക്ക് സേവിംഗ് ചലഞ്ച്

ഈ ചലഞ്ച് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു നോക്കാം. ആദ്യ ആഴ്ചയിൽ 100 രൂപ മിച്ചം വയ്ക്കുക. രണ്ടാമത്തെ ആഴ്ചയിൽ 200 രൂപ. മൂന്നാമത്തെ ആഴ്ചയിൽ 300 രൂപ. ഇങ്ങനെ അന്പത്തിരണ്ടാമത്തെ ആഴ്ചയിൽ 5200 രൂപ മിച്ചം വയ്ക്കുക. ഈ വെല്ലുവിളി പൂർത്തിയാകുന്പോൾ നിങ്ങളുടെ കൈവശം 137800 രൂപ മിച്ചമായി എത്തിയിരിക്കും.
നൂറു രൂപയ്ക്കു പകരം 50 രൂപയാണ് ഉപയോഗിക്കുന്നതെങ്കിൽ വർഷാവസാനം 68900 രൂപ സന്പാദ്യമായുണ്ടാകും. ഒാരു സ്കൂട്ടർ വാങ്ങുവാനുള്ള തുക.

ഏതു തുകയുപയോഗിച്ചും ഈ ചലഞ്ച് ആരംഭിക്കാം. 365 ദിവസമോ 26 ആഴ്ചയോ ഒരാൾക്കു യോജിച്ച ചലഞ്ച് തെരഞ്ഞെടുക്കാം.

പ്രത്യേക ധനകാര്യ ലക്ഷ്യം വച്ച് ഈ ചലഞ്ചുകൾ നടത്താം. ഉദാഹരണത്തിന് എമർജൻസി ഫണ്ട് ഇല്ലാത്ത ഒരാൾക്ക് ഒരു വർഷംകൊണ്ട് 137800 രൂപയുടെ ഫണ്ട് രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും.

ഓരോ ധനകാര്യ ലക്ഷ്യത്തിനായി ഇങ്ങനെ ഓരോ വർഷവും ഓരോ ചലഞ്ച് നടത്താം.
ഈ ദീപാവലി ദിനത്തിൽ ഒരു ചലഞ്ച് ആരംഭിക്കാം. അടുത്ത ദീപാവലി ദിനമെത്തുന്പോൾ കൈവശമുള്ള സന്പാദ്യം പരിശോധിക്കുക. വെല്ലുവിളി അതിജീവിച്ച ആത്മവിശ്വാസവും ഇതോടൊപ്പമുണ്ടാകും. അടുത്ത ചലഞ്ചിന് ഇതു പ്രചോദനവുമാകും.
ഓരോ ആഴ്ചയിലും തുക ബാങ്ക് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി പോകുന്നതിനു സംവിധാനമൊരുക്കിയാൽ ചലഞ്ച് പൂർത്തിയാക്കുക എളുപ്പമായിരിക്കും.

കൃത്യമായി ചിട്ടയോടെ ചെയ്യാം

കൃത്യമായും ചിട്ടയോടെയും സന്പാദ്യ ശീലം വളർത്താൻ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട് അവയെ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിലാണ് സുരക്ഷിതമായ ഭാവിയിരിക്കുന്നത്.


1. സിസ്റ്റമാറ്റിക്ക് ഇൻവസ്റ്റ്മെൻറ് പ്ലാൻ:
എസ്ഐപി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സിസ്റ്റമാറ്റിക്ക് ഇൻവസ്റ്റ്മെൻറ് പ്ലാൻ ഇന്നത്തെ യുവതലമുറക്ക് പരിചിതമായിട്ടുണ്ട്. മ്യൂച്ച്വൽ ഫണ്ട് പദ്ധതികളിൽ സ്ഥിരതയോടെ നിക്ഷേപം നടത്താനുള്ള മാർഗമാണിത്. ഈ നിക്ഷേപരീതിക്ക് റിസ്കുണ്ട് അതുപോലെ ലാഭവും ഉണ്ട്. റിസ്ക്ശേഷിക്കനുസരിച്ച് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പദ്ധതികൾ മുതൽ 100 ശതമാനം സുരക്ഷിതത്വമുള്ള ഗിൽറ്റ് ഫണ്ടുകൾ വരെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലുണ്ട്. ഓരോരുത്തർക്കും അവരവർക്ക് അനുയോജ്യമായത് കണ്ടെത്താം.

2. റെക്കറിംഗ് ഡെപ്പോസിറ്റ്:
ബാങ്കിലോ പോസ്റ്റ് ഓഫീസുകളിലോ തുടങ്ങാവുന്ന സുരക്ഷിതത്വമുള്ള സന്പാദ്യരീതിയാണ് റെക്കറിംഗ് ഡെപ്പോസിറ്റ്. നൂറു രൂപ മുതൽ മുതൽ എത്ര വേണമങ്കിലും ഓരോരുത്തർക്കും ഇവരവരുടെ വരുമാനമനുസരിച്ച് നിക്ഷേപം നടത്താം. സ്ഥിര നിക്ഷേപങ്ങൾക്കു ലഭിക്കുന്ന പലിശ നിരക്ക് റെക്കറിംഗ് ഡെപ്പോസിറ്റിനും ലഭിക്കും.

3. ചിട്ടികൾ:
പെട്ടന്നൊരു ആവശ്യം വന്നാൽ പെട്ടന്ന് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന സന്പാദ്യമാണ് ചിട്ടികൾ. വിവാഹമോ മറ്റെന്തെങ്കിലും ആവശ്യമോ വന്നാൽ ചിട്ടികൾ ഏറെ അനുഗ്രഹപ്രദമാണ്. വിവാഹം പോലുള്ള ചടങ്ങുകൾ വരുന്പോൾ അത് ഉപയോഗിക്കാവുന്നതാണ്. കെ എസ് എഫ് ഇ ചിട്ടികൾ സർക്കാർ നടത്തുന്നതാണ്. അതിനു പുറമേ സ്വകാര്യചിട്ടികളും പലതരത്തിലും രൂപത്തിലുമുണ്ട്.

4. ഇൻഷുറൻസ്:
എൽഐസി, ആരോഗ്യ ഇൻഷുറൻസുകൾ പോലുള്ളവ നിർബന്ധിത സന്പാദ്യ പദ്ധതികളാണ്. നിക്ഷേപത്തിനൊപ്പം തന്നെ സുരക്ഷിതത്വവും ഈ പദ്ധതികൾ നൽകും. എൽഐസി പോളിസിയുടെ അടിസ്ഥാനത്തിൽ ലോണ്‍ എടുക്കാനും സംവിധാനമുണ്ട്. ഇൻഷുറൻസും നിക്ഷേപവും നൽകുന്ന യുലിപ് പോലുള്ള സംവിധാനങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. ആരോഗ്യ ഇൻഷുറൻസ് സംവിധാനങ്ങൾ മാതാപിതാക്കളേയും കൂടി ഉൾപെടുത്തി ആരംഭിക്കാവുന്നതാണ്. കൂടാതെ നികുതിയിളവുകളും ഇവ വഴി ലഭിക്കും.

5. സ്ഥിര നിക്ഷേപങ്ങൾ:
ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങൾ സന്പാദ്യത്തിനൊപ്പം തന്നെ പലിശ വരുമാനവും നേടിത്തരും. മാത്രമല്ല നികുതി കുറയ്ക്കാനും സഹായകരമാണ്.

7. അടിയന്തര ഫണ്ടുകൾ:
അടിയന്തര ഫണ്ടുകൾ സ്വരൂപിക്കുന്നത് അത്യാവശ്യ ഘട്ടങ്ങളിൽ ഉപകാരപ്പെടാൻ വേണ്ടിയാണ്. ഇവയും സന്പാദ്യത്തന്‍റെ ഗണത്തിൽ തന്നെപെടും.