ആരോഗ്യ ഇൻഷുറൻസ് : സംരക്ഷണം, സാന്പത്തിക ഭദ്രത
ഇൻഷുറൻസ് പോളിസി എന്നു പറയുന്പോഴേ പാഴ്ച്ചെലവ് എന്നു പറയുന്നവരുണ്ട്. ഒരു അസുഖം വന്ന് ചികിത്സ തേടേണ്ടി വരുന്പോൾ അതിന്‍റെ പ്രാധാന്യം മനസിലാക്കുന്നവരുമുണ്ട്.
എന്തായാലും വർധിച്ചുവരുന്ന ചികിത്സാച്ചെലവുകൾ, (പ്രത്യേകിച്ചു സ്വകാര്യമേഖലയിൽ) ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ ആവശ്യകത വർധിപ്പിച്ചിരിക്കുകയാണ്.

അതുകൊണ്ടുതന്നെ വ്യക്തിപരമായതോ അല്ലെങ്കിൽ കുടുംബത്തിനു വേണ്ടിയുള്ളതോ ആയ ഇൻഷുറൻസ് പോളിസികൾ എടുത്തിരിക്കണം. അല്ലെങ്കിൽ ഒരു പക്ഷേ സാന്പത്തിക തകർച്ചയായിരിക്കും ഫലം. ഒരു തവണ ആശുപത്രിയിൽ അഡ്മിറ്റായാൽ അതോടെ പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ്. കുടുംബത്തിന്‍റെ വരുമാനമാർഗമായ ഒരാൾക്കാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ അതോടെ ക്കാര്യങ്ങൾ തകിടം മറിയും.

കുറഞ്ഞ ഒരു തുക പ്രീമിയമായി നൽകി മികച്ചൊരു ആരോഗ്യ പോളിസി എടുക്കുന്നതിലൂടെ ഇത്തരത്തിലുള്ള സാന്പത്തിക തകർച്ചകളെ ഒരു പരിധിവരെ തടയാം. അതോടൊപ്പം മാനസിക സമ്മർദവും കുറയ്ക്കാം. നല്ലൊരു ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ഡോക്ടറുടെ കണ്‍സൾട്ടേഷൻ ഫീസ്, മെഡിക്കൽ ടെസ്റ്റ്ുകൾക്കുള്ള ചെലവുകൾ, ആംബുലൻസ് ചെലവുകൾ, ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിനുശേഷമുള്ള ചെലവുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടും.

ആരോഗ്യ ഇൻഷുറൻസ് കന്പനികൾ തങ്ങളുടെ ഉപഭോക്താക്കളുമായി ഒരു കരാറുണ്ടാക്കുകയാണ് ചെയ്യുന്നത്. അതായത് ഇൻഷുറൻസ് എടുക്കുന്ന വ്യക്തി അപകടമോ അസുഖമോ സംഭവിച്ച് ആശുപത്രിയിലായാൽ ആ ചെലവുകൾ ഇൻഷുറൻസ് കന്പനി നൽകും. ഇൻഷുറൻസ് എടുക്കുന്ന വ്യക്തി കന്പനിക്കു നൽകുന്ന തുക(പ്രീമിയം) അടിസ്ഥാനമാക്കിയാണ് എത്ര രൂപ വരെ ഇൻഷുറൻസ് ഉപഭോക്താവിന് ലഭിക്കുമെന്ന് തീരുമാനിക്കപ്പെടുന്നത്.
പൊതുവെ ഇൻഷുറൻസ് കന്പനികൾ തങ്ങളുടെ പോളിസി ഉടമകൾക്ക് ചികിത്സ ലഭ്യമാക്കുവാനായി നിരവധി ആശുപത്രികളുമായി കരാർ ഉണ്ടാക്കാറുണ്ട് അങ്ങനെയുള്ള ആശുപത്രികളിലാണ് ചികിത്സ തേടുന്നതെങ്കിൽ അവിടെ പോളിസി ഉടമ പണം നൽകേണ്ടതില്ല.
ഇൻഷുറൻസ് കന്പനികളുമായി ടൈ അപില്ലാത്ത ആശുപത്രികളിലാണ് ചികിത്സ തേടുന്നതെങ്കിൽ ചികിത്സ പൂർത്തിയാക്കിയതിനുശേഷം കന്പനിയിൽ നിന്നും ആശുപത്രിച്ചെലവുകളുടെ ബില്ലുകൾ സമർപ്പിച്ച് പണം വാങ്ങിക്കാം. അടയ്ക്കുന്ന പ്രീമിയത്തിന് പോളിസി ഉടമയ്ക്കു നികുതിയിളവും ലഭിക്കും.

കുറഞ്ഞ പ്രീമിയത്തിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി സർക്കാർ പോളിസികൾ എന്നിവയും ലഭ്യമാകുന്നുണ്ട്.

ഹെൽത്ത് ഇൻഷുറൻസ് പോളിസി ഇക്കാര്യങ്ങൾ ഓർത്തിരിക്കാം

ശരിയായ ഹെൽത്ത് ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കുക എന്നത് നല്ല ആരോഗ്യത്തോടെ ജീവിക്കാനും ഉയർന്നു വരുന്ന ചികിത്സച്ചെലവുകൾക്കിടയിൽ ചെലവിനെ നിയന്ത്രിക്കാനും സഹായിക്കുന്നതാണ്. നല്ല ആരോഗ്യം മനസമാധാനവും സുരക്ഷിതത്വവും വ്യക്തികൾക്കും കുടുംബത്തിനും നൽകുന്നു.

മിക്ക കുടുംബങ്ങളിലും സാന്പത്തിക പ്രതിസന്ധിക്കുള്ള പ്രധാനകാരണങ്ങളിലൊന്ന് ഒരു അസുഖം വന്ന് കഴിഞ്ഞുള്ള ചികിത്സച്ചെലവാണ്. പ്രത്യേകിച്ച് കുടുംബത്തിലെ വരുമാനം നേടുന്നയാൾക്കാണ് അസുഖം വരുന്നതെങ്കിൽ പിന്നെ കുടുംബത്തിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ. രണ്ടു തരത്തിലാണ് ഇത് കുടുംബത്തെ ബാധിക്കുന്നത്. ചികിത്സച്ചെലവ് അതോടൊപ്പം വരുമാനവും ഇല്ലാതാകും. അതുകൊണ്ടു തന്നെ എത്ര നേരത്തെ ഇൻഷുറൻസ് എടുക്കുന്നുവോ അത്രയും നല്ലത്.

1. നേരത്തെ തുടങ്ങാം സംരംക്ഷണം:
ആരോഗ്യ ഇൻഷുറൻസ് വരുമാനം കണക്കിലെടുക്കാതെ തന്നെ എടുക്കുക. കുട്ടികൾ മുതൽ കുടുംബത്തിലെ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് പോളിസി ഉറപ്പാക്കുക. വരുമാനമുള്ളയാൾക്ക് ടേം ഇൻഷുറൻസും ഉറപ്പാക്കുക.

2. ക്ലെയിം പ്രോസസും വെയിറ്റിംഗ് പിരീഡും:
ലളിതമായ ക്ലെയിം പ്രോസസ്, ക്ലെയിമുകൾ വേഗത്തിൽ സെറ്റിൽ ചെയ്യുന്നു ഇതാണ് ഓരോ ഉപഭോക്താവിന്‍റെയും ആഗ്രഹം. ഇന്ത്യയിൽ വെയിറ്റിംഗ് പിരീഡിൽ ഒരു തരത്തിലുള്ള ക്ലെയിമുകളും ലഭിക്കില്ല. എത്ര നേരത്തെ ഇൻഷുറൻസ് പോളിസി വാങ്ങുന്നുവോ അത്രയും നല്ലതാണ്. കാരണം പ്രായം കൂടുന്നതിനനുസരിച്ച് വെയിറ്റിംഗ് പീരിയഡിലും മാറ്റം വരാറുണ്ട്. അതോടൊപ്പം കുറഞ്ഞ വെയിറ്റിംഗ് പീരിയഡുള്ള കന്പനി തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

3. ലൈഫ് ടൈം റിന്യൂവൽ:
പലപ്പോഴും പോളിസി എടുക്കുന്ന ആദ്യ കാലങ്ങളിൽ അസുഖങ്ങളൊക്കെ വളരെക്കുറവയിരിക്കാം. പക്ഷേ, പ്രായമാകുന്നതോടെ അസുഖങ്ങളും ഏറും. അതുകൊണ്ട് ലൈഫ് ടൈം റിന്യൂവലുള്ള പോളിസികൾ തെരഞ്ഞെടുക്കാം.

മാത്രവുമല്ല മുടങ്ങാതെ, സമയത്തു പോളിസി പുതുക്കുകയും ചെയ്യുക. മുടക്കം വരുത്തിയാൽ പിന്നീട് പുതിയ പോളിസി എടുക്കേണ്ടി വരുന്പോൾ പ്രീമിയവും വെയിറ്റിംഗ് പീരിയഡുമൊക്കെ വർധിക്കാം. മാത്രമല്ല ഒരു പ്രായം കഴിഞ്ഞാൽ പോളിസിയെടുക്കാനും സാധിക്കുകയില്ല. ഇപ്പോൾ 65 വയസ് വരെയാണ് പോളിസി എടുക്കുവാൻ കഴിയുക. പ്രായം കൂടുന്തോറും മെഡിക്കൽ പരിശോധനയും ഉയർന്ന പ്രീമിയവും വേണ്ടി വരും.

4. പോളിസിയുടെ കാലാവധി, സം ഇൻഷ്വേഡ് തുക:
ഒരു പോളിസി വാങ്ങിക്കുന്നതിനു മുന്പ് ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സ,മറ്റു ചികിത്സകൾ എന്നിവയ്ക്കുള്ള ചെലവുകൾ കവറേജിൽ ഉൾപ്പെടുമോ എന്ന് പരിശോധിക്കണം. ചികിത്സച്ചെലവുകൾ ദിനംപ്രതിയെന്നോണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കവറേജ് മതിയോ എന്ന് ഉറപ്പാക്കണം. ഉയർന്ന പ്രീമിയവും കവറേജ് കുറവുമാകാം. കുറഞ്ഞ പ്രീമിയത്തിൽ കുറഞ്ഞ കവറേജും ലഭിക്കാം. അതുകൊണ്ട് പ്രീമിയവും കവറേജും തൃപ്തികരമായ പോളിസികൾ മാത്രം എടുക്കണം.


മെഡിക്കൽ പണപ്പെരുപ്പത്തിനനുസരിച്ച് പോളിസിയുടെ കവറേജും കാലാകാലങ്ങളിൽ വർധിപ്പിച്ചുകൊണ്ടിരിക്കുക.

5. മറ്റേണിറ്റി ബെനഫിറ്റ്സ്:
സത്രീകൾ, പോളിസി എടുക്കുന്പോൾ മറ്റേണിറ്റി കവറേജു കൂടി ലഭിക്കുമോയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആശുപത്രിക്ക് പുറത്തു വരുന്നചെലവുകൾ ഉൾപ്പെടുമോ എന്നും ഉറപ്പാക്കണം. പ്രത്യേകിച്ച് എന്തൊക്കെയാണ് കവറേജിൽ ഉൾപ്പെടുത്താത്തത് എന്നു പരിശോധിക്കണം. ഇതിന് മൂന്നു വർഷത്തെ വെയിറ്റിംഗ് പീരിയഡ് ഉണ്ട്.

6. ആശുപത്രിച്ചെലവുകൾ, അഡ്മിറ്റായാലുള്ള ചെലവുകൾ:
പോളിസി വാങ്ങിക്കുന്നതിനു മുന്പ് ഏതൊക്കെ തരത്തിലുള്ള ചെലവുകൾക്കാണ് കവറേജ് ലഭിക്കുന്നതെന്ന് ഉറപ്പാക്കണം. ആശുപത്രിയിൽ പരിശോധനയ്ക്കായി വന്നാലുള്ള ചെലവുകൾ, അഡ്മിറ്റായാലുള്ള ചെലവുകൾ,അതിനുശേഷം വരുന്ന ചെലവുകൾ എല്ലാം ഉൾപ്പെടുമോ എന്ന് നോക്കണം.ഇത്തരം ചികിത്സകൾക്കുള്ള കവറേജു കൂടി ഉൾപ്പെടുത്തിയെങ്കിൽ മാത്രമേ അത് ഒരു നല്ല പോളിസിയാകു.

7. ക്രിട്ടിക്കൽ ഇൽനെസ്, കാൻസർ കവറേജ്:
നല്ല ഹെൽത്ത് ഇൻഷുറൻസ് പോളിസികളാണെങ്കിൽ ക്രിട്ടിക്കൽ ഇൻനെസ് കവറേജ്(ഗുരുതര രോഗങ്ങൾ), കാൻസർ കവറേജ്, അവയവ ദാന ശസ്ത്രക്രിയകളിൽ അവയവം ദാനം ചെയ്തവരുടെ ചികിത്സച്ചെലവ് വ്യക്തിഗത അപകടങ്ങൾക്കുള്ള കവറേജ് തുടങ്ങിയ കവറേജുകൾ കൂടി ഉൾപ്പെടുത്തിയിരിക്കും.

ഒരു അടിസ്ഥാന ആരോഗ്യ പോളിസി, ക്രിട്ടിക്കൽ ഇൽനെസ് പോളിസി എന്നിങ്ങനെ രണ്ടു വിധത്തിലുള്ള പോളിസികൾ എടുക്കുവാൻ സാധിക്കും. അതിന്‍റെ ഗുണമെന്നത് ക്രിട്ടിക്കൽ ഇൽനെസ് പോളിസിക്ക് കുറഞ്ഞ പ്രീമിയം നൽകിയാൽ മതിയെന്നതാണ്.

8. ഹോസ്പിറ്റൽ നെറ്റ് വർക്ക്:
ഇൻഷുറൻസ് കന്പനി കാഷ് ലെസ് ചികിത്സ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്ന ആശുപത്രികൾ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. ഈ ആശുപത്രികൾ അറിഞ്ഞെങ്കിൽ മാത്രമേ അടിയന്തര ഘട്ടങ്ങളിൽ ചികിത്സ നേടാൻ സാധിക്കു. കാഷ് ലെസ് ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളിലാണ് ചികിത്സ തേടുന്നതെങ്കിൽ ഹെൽത്ത് കാർഡ് കാണിച്ച് സൗജന്യം ചികിത്സനേടാം.

9. കുടംബത്തിന് ഇൻഷുറൻസ്:
തൊഴിലിടങ്ങളിൽ നിന്നും ലഭിക്കുന്ന വ്യക്തിഗത പോളിസികൾ, അല്ലാതെ എടുക്കുന്ന വ്യക്തിഗത പോളിസികൾ എന്നിവയ്ക്കൊപ്പം തന്നെ കുടുംബത്തിനായും പോളിസി എടുക്കേണ്ടതുണ്ട്. കുടുംബത്തിലെ ആർക്ക് അസുഖം വന്നാലും ഇത് ഉപകാരപ്പെടും. ഫ്ളോട്ടിംഗ് പോളിസികൾ ലഭ്യമാണ്.

10. സൗജന്യ മെഡിക്കൽ ചെക്കപ്പുകൾ:
പോളിസി തെരഞ്ഞെടുക്കുന്പോൾ, സൗജന്യമായി മെഡിക്കൽ ചെക്കപ്പുകൾ നൽകുന്ന പോളിസിയെടുക്കാൻ ശ്രദ്ധിക്കാം. ഇതുവഴി ആരോഗ്യം ശ്രദ്ധയോടെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതു മനസിലാക്കാനും അതിനനുസരിച്ചുള്ള മുൻകരുതലുകളും പ്രതിവിധികളും സ്വീകരിക്കാനും കഴിയും.

സാന്പത്തികമായി കെട്ടുറപ്പുള്ള ഒരു കുടംബവും ജീവിതവുമാണ് കെട്ടിപ്പടുക്കാനാഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും ഈ പറഞ്ഞിരിക്കുന്ന മുൻ കരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.

ആരോഗ്യ ഇൻഷുറൻസ് പോളിസിക്കാവശ്യമായ രേഖകൾ
1. വയസ് തെളിയിക്കുന്ന രേഖ
2. വിലാസം തെളിയിക്കുന്ന രേഖ
3. പാസ്പോർട്ട് സൈസ് ഫോട്ടോ

ഹെൽത്ത് ഇൻഷുറൻസ് പോളിസി നൽകുന്ന നേട്ടങ്ങൾ

പണമില്ലാതെ ചികിത്സ നേടാം:
നിങ്ങൾ ചികിത്സ തേടുന്ന ആശുപത്രിയും നിങ്ങളുടെ ഇൻഷുറൻസ് കന്പനിയും തമ്മിൽ ടൈഅപ്പുണ്ടെങ്കിൽ പണമില്ലാതെ തന്നെ ചികിത്സ നേടാം.
ആശുപത്രിയിൽ അഡ്മിറ്റാകുന്നതിനു മുന്പും ശേഷവുമുള്ള കവറേജ്:
തെരഞ്ഞെടുക്കുന്ന ഇൻഷുറൻസ് പ്ലാനുകൾക്കനുസരിച്ച് ആശുപത്രിയിൽ അഡ്മിറ്റാകുന്നതിനു മുന്പും ശേഷവുമുള്ള കവറേജ് ലഭിക്കും.
ആംബുലൻസ് ചാർജ്:
ഇൻഷുറൻസ് എടുത്തിരിക്കുന്ന വ്യക്തിയെ ആശുപത്രി ആവശ്യങ്ങൾക്കായി ആംബുലൻസിലാണ് കൊണ്ടു പോകുന്നതെങ്കിൽ പണവും ലഭിക്കും.
നോ ക്ലെയിം ബോണസ്:
ഇൻഷുറൻസ് എടുത്ത വ്യക്തി ക്ലെയിമുകളൊന്നും സമർപ്പിച്ചിട്ടില്ലെങ്കിൽ ലഭിക്കുന്ന ബോണസ് തുകയാണ് നോ ക്ലെയിം ബോണസ്.
മെഡിക്കൽ ചെക്കപ്:
ഇൻഷുറൻസ് പോളിസി സൗജന്യമായുള്ള ഹെൽത്ത് ചെക്കപ്പിനുള്ള അവസരം കൂടി ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.
റും വാടക:
ഇൻഷുറൻസിന്‍റെ പ്രീമിയത്തിനനുസരിച്ച് റും വാടക കൂടി ഇൻഷുറൻസിൽ ഉൾപ്പെടാറുണ്ട്.
നികുതി നേട്ടം:
ആദായ നികുതി നിയമത്തിന്‍റെ വിഭാഗം 80 ഡി പ്രകാരം ആരോഗ്യ ഇൻഷുറൻസിനുള്ള പ്രീമിയത്തിന് നികുതിയിളവ് ലഭിക്കും.