ഉത്തേജനം അകലെ
ഉത്തേജനം  അകലെ
Tuesday, October 22, 2019 4:59 PM IST
റ്റീസിയെം

കയറ്റുമതിക്കാർക്ക് സാന്പത്തിക ആനുകൂല്യങ്ങൾ, കന്പനികൾക്കു നികുതി ഒഴിവ്, സൂക്ഷ്മചെറുകിട ഇടത്തരം വ്യവസായങ്ങൾക്കു കൂടുതൽ വായ്പ; ബാങ്കുകൾക്കു കൂടുതൽ മൂലധനം; വിദേശനിക്ഷേപകർക്കും സ്വദേശി നിക്ഷേപകർക്കും ചുമത്തിയ അധിക നികുതി ഇല്ലാതാക്കി.

സാന്പത്തിക മുരടിപ്പിൽ നിന്നു രാജ്യത്തെ കരകയറ്റാൻ കേന്ദ്രസർക്കാർ കുറേ ആഴ്ചകളായി നടത്തിവന്ന പ്രഖ്യാപനങ്ങളുടെ ചുരുക്കമിതാണ്. ഉത്തേജനം എന്ന പേര് ഉപയോഗിക്കാതെ നടത്തിയ ഉത്തേജന പ്രഖ്യാപനങ്ങൾ.

ഇവകൊണ്ട് എല്ലാ പ്രശ്നങ്ങളും തീരുമോ! സാന്പത്തിക (ജിഡിപി) വളർച്ച തിരിച്ചുകയറുമോ?
മറ്റൊരു ചോദ്യം.
ഈ ചോദ്യങ്ങൾ വെറൊരു രീതിയിൽ ആകാം.

ഈ പ്രഖ്യാപനങ്ങൾ രാജ്യത്തെ യുവാക്കൾക്കു കൂടുതൽ തൊഴിൽ നൽകുമോ?
ജിഡിപി വളർച്ച മെച്ചപ്പെട്ടാലേ തൊഴിലുകൾ വർധിക്കൂ. കുറേക്കാലമായി തൊഴിലുകൾ കുറഞ്ഞുവരികയാണ്. കന്പനികൾ കാന്പസുകളിൽ റിക്രൂട്ട്മെന്‍റിനു ചെല്ലുന്നതു കുറച്ചു. ചില മേഖലകളിൽ തൊഴിലാളികളെയും ജീവനക്കാരെയും പിരിച്ചുവിടുന്നു. തൊഴിലില്ലായ്മ 45 വർഷത്തെ ഉയർന്ന തോതായ 8.4 ശതമാനമായെന്നു സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ ) പറയുന്നു.

വാഹന വ്യവസായവുമായി ബന്ധപ്പെട്ടു മൂന്നു ലക്ഷത്തിലേറെ തൊഴിൽ നഷ്ടപ്പെട്ടെന്നാണു കന്പനികൾ പറയുന്നത്. യാത്രാവാഹനങ്ങളുടെ വില്പന 41.6 ശതമാനവും ടൂവീലർ വില്പന 22 ശതമാനവും കുറയുന്പോൾ ഇങ്ങനെ സംഭവിക്കാം.

ബിസ്കറ്റും വേണ്ട

രാജ്യത്തെ വലിയ ബിസ്കറ്റ് നിർമാതാക്കളായ പാർലെ പതിനായിരം പേരെ പിരിച്ചുവിട്ടു. കാരണം ബിസ്കറ്റ് വില്പന താഴോട്ടുപോയി.

ഒഴിവാക്കാവുന്ന വാങ്ങലുകൾ ഒഴിവാക്കുകയാണു ജനങ്ങൾ. മാറ്റിവയ്ക്കാവുന്ന ചെലവുകൾ മാറ്റിവയ്ക്കുന്നു. ബിസ്കറ്റും മധുര പലഹാരങ്ങളുമൊക്കെ അതിൽപ്പെടുമല്ലോ. കാർ വാങ്ങലും ടൂവീലർ വാങ്ങലും നീട്ടിവയ്ക്കുന്നതും അങ്ങനെ തന്നെ.

കൈയിൽ പണമില്ല

ജനങ്ങളുടെ കൈയിൽ പണം കുറവാണെന്നു ചുരുക്കം. ഇതാണു വളർച്ചയെ ആറുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാക്കിയത്.

ഇതു മാറ്റാനാണു ധനമന്ത്രി നിർമല സീതാരാമൻ നാലു തവണയായി ഉത്തേജക പരിപാടികൾ അവതരിപ്പിച്ചത്. അതിന്‍റെ ഭാഗമായി താൻ അവതരിപ്പിച്ച ബജറ്റുകളിലെ പ്രധാന നികുതി നിർദേശങ്ങൾ പിൻവലിക്കുകയും ചെയ്തു.

ഇതെല്ലാം കൊണ്ട് വളർച്ച വീണ്ടെടുക്കാനാകുമോ?

വളർച്ചയ്ക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നാണു കുറേനാളായി സർക്കാർ അനുകൂലികൾ വാദിച്ചിരുന്നത്. സന്പദ്ഘടനയുടെ സ്വഭാവം മാറ്റുന്നതിന്‍റെ പ്രശ്നമാണു കാണുന്നതെന്ന വാദവും ഉയർത്തി.

തൊഴിൽ കുറയുന്നതു ചൂണ്ടിക്കാണിച്ചപ്പോൾ പുതിയ തൊഴിൽ മേഖലകൾ വരുന്നുവെന്നായി വാദം. വാഹനവില്പന കുറഞ്ഞെന്നു കണ്ടപ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്കും ബിഎസ്ആറിനും വേണ്ടിയുള്ള കാത്തിരിപ്പാണെന്നായി വ്യാഖ്യാനം. ബിസ്കറ്റ് വില്പന കുറഞ്ഞത് ഓണ്‍ലൈൻ വില്പനയും പുതിയ ബ്രാൻഡുകളുടെ വളർച്ചയും മൂലമാണെന്നായി വേറൊരു വ്യാഖ്യാനം.

ചികിത്സ ശരിയോ

ഒടുവിൽ നില്ക്കകളിയില്ലാതായപ്പോൾ ഉത്തേജക പരിപാടികൾ അവതരിപ്പിച്ചു. ഒരിക്കലും ചെയ്യാതിരിക്കുന്നതിലും നല്ലതാണല്ലോ വൈകിയെങ്കിലും ചെയ്യുന്നത്.

ഈ ചെയ്ത കാര്യങ്ങൾ ഉദ്ദേശിച്ച ഫലമുണ്ടാക്കുമോ

പലരും സംശയാലുക്കളാണ്. രോഗനിർണയം ശരിയല്ലെന്നു പലരും കരുതുന്നു.
രാജ്യത്തു സാധനങ്ങളുടെയും സേവനങ്ങളുടെയും ആവശ്യം കുറഞ്ഞു. കാരണം ജനങ്ങളുടെ പക്കൽ വേണ്ടത്ര പണമില്ല. പണമുണ്ടാക്കാനുള്ള പണികളും ഉണ്ടാകുന്നില്ല.


നടപടികൾ

ഇതിനു പരിഹാരമായി ധനമന്ത്രി പ്രഖ്യാപിച്ചത് എന്തൊക്കെയാണ്
1. കയറ്റുമതിക്കാരുടെ നികുതി തിരിച്ചുനല്കൽ സുഗമമാക്കി. 70,000 കോടി രൂപ ഈയിനത്തിൽ നല്കും. ഇതു പുതിയ ആനുകൂല്യമല്ല, നിലവിലുള്ളതു പേരുമാറ്റി നല്കുന്നതുമാത്രം.
2. മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികൾ പൂർത്തിയാക്കാൻ സഹായത്തിന് 20,000 കോടിയുടെ നിധി. തിരിച്ചടവ് മുടങ്ങാത്തവയ്ക്കു മാത്രമാണു സഹായം എന്നതുകൊണ്ട് ഇതു ഫലപ്രദമാകാൻ സാധ്യത കുറവ്.
3. വിദേശ നിക്ഷേപകർക്കു ചുമത്തിയ സർചാർജ് ഉപേക്ഷിച്ചു. നാട്ടിൽ ഡിമാൻഡ് കൂടുന്ന കാര്യമല്ല അത്.
4. ചെറുകിട വ്യവസായങ്ങൾക്കു കൂടുതൽ വായ്പ. ഇതിനായി വായ്പാമേളകൾ. വായ്പ കിട്ടാനില്ലാത്തതല്ല ചെറുകിട സൂക്ഷ്മ വ്യവസായ മേഖലകളുടെ പ്രശ്നം. ഉത്പന്നത്തിനു ഡിമാൻഡില്ലാത്തതാണ്.
5. കന്പനികളുടെ ആദായനികുതി കുറച്ചു. കന്പനികൾക്കു മിച്ചധനം കൂടും. അതു പുതിയ മൂലധന നിക്ഷേപത്തിനു വഴിതെളിക്കാം. പക്ഷേ, ഉത്പന്നത്തിന് ആവശ്യം കാണാതെ ആരാണു മൂലധനമിറക്കുക. മിക്ക മേഖലകളിലും ഇപ്പോൾത്തന്നെ ആവശ്യത്തിലേറെ ഉത്പാദന ശേഷി ഉണ്ട്. ഡിമാൻഡ് ഇല്ലാത്തതിനാൽ ശേഷിവിനിയോഗം കുറവാണെന്നതാണ് പ്രശ്നം.
വ്യക്തികളെ സഹായിച്ചില്ല.

ആവശ്യവും ഉപഭോഗവും വർധിപ്പിക്കാനാണു നടപടി വേണ്ടിയിരുന്നത്. അതുണ്ടായില്ല. പകരം കന്പനികളുടെ അറ്റാദായം വർധിപ്പിക്കുക മാത്രം ചെയ്തു.

വ്യക്തികളുടെ ആദായനികുതിയിൽ കുറവ് വരുത്തിയിരുന്നെങ്കിൽ ഉപഭോഗവും ആവശ്യവും കൂടുമായിരുന്നു. അതിനു മുതിരാതെ ഓഹരികന്പോളത്തെ സന്തോഷിപ്പിക്കാനാണു സർക്കാർ ശ്രമിച്ചത്.

എന്നിട്ടോ ഓഹരികളിൽനിന്നു വിറ്റൊഴിയുന്ന വിദേശികൾ തിരിച്ചു വന്നില്ല. അവർ വില്പന തുടരുകയാണ്.

സംസ്ഥാനങ്ങൾക്കു തിരിച്ചടി

കന്പനികളെ സഹായിക്കാൻ തുനിഞ്ഞതുവഴി 1.45 ലക്ഷം കോടി രൂപ കേന്ദ്രം നഷ്ടപ്പെടുത്തി. മറ്റുനികുതികളിൽ വേറൊരു ഒരു ലക്ഷം കോടിയുടെ കുറവുണ്ടാകും. രണ്ടും കൂടി ഏകദേശം രണ്ടരലക്ഷം കോടി രൂപ.

ഇതിന്‍റെ 42 ശതമാനം സംസ്ഥാനങ്ങൾക്കു വിഹിതമായി കിട്ടേണ്ടതാണ്. ഒരു ലക്ഷം കോടിയിലധികം രൂപ സംസ്ഥാന വിഹിതത്തിൽ കുറവ് വരും. കേരളം പോലൊരു സംസ്ഥാനത്തിനു മൂവായിരം കോടി രൂപയ്ക്കടുത്താകും കുറവ്.

കേന്ദ്രത്തിനു വരുന്ന കുറവ് റിസർവ് ബാങ്കിന്‍റെ പക്കൽനിന്നു പണമെടുത്തും എയർ ഇന്ത്യ അടക്കമുള്ളവ വിറ്റും നികത്തും. സംസ്ഥാനങ്ങൾക്ക് ആ പഴുതില്ല. കേന്ദ്രത്തിലെ അധികവരവിന്‍റെ വീതം കിട്ടുകയുമില്ല.

സംസ്ഥാനങ്ങൾ പദ്ധതിച്ചെലവ് ചുരുക്കും. അതു വീണ്ടും രാജ്യത്ത് ആവശ്യവും ഉപഭോഗവും കുറയ്ക്കും.

ഇപ്പോഴത്തെ ഉത്തേജക പദ്ധതിയുടെ ചുരുക്കം അതാണ്. സംസ്ഥാനങ്ങളുടെ ബജറ്റിൽ കത്തിവച്ചു. കേന്ദ്രത്തിനു വരുന്ന കുറവ് നികത്താൻ വേറെ വഴി കണ്ടു.

ഇങ്ങനെ സൂത്രവിദ്യ പ്രയോഗിച്ചപ്പോൾ മറ്റൊന്നു സംഭവിച്ചു. ഉത്തേജകംകൊണ്ട് ഉദ്ദേശിക്കുന്ന ഫലം അതായതു സാന്പത്തിക വളർച്ചത്തോതു കൂട്ടൽ കിട്ടാതായി. കൂടുതൽ തൊഴിലും വരുമാനവും ഉണ്ടാക്കുന്ന പദ്ധതികളിൽ സർക്കാർ മുതൽ മുടക്കി നടത്തേണ്ട ഉത്തേജനം മറ്റു രീതിയിൽ നടത്താനാണു കേന്ദ്രം ശ്രമിക്കുന്നത്. ദീർഘകാലത്തുമാത്രം ഫലം കാണുന്നതാണ് ആ രീതി.

ദീർഘകാല’’ത്തെപ്പറ്റി ജോണ്‍ മെയ്നാർഡ് കെയ്ൻസ് പറഞ്ഞത് ഇതാണ്: ദീർഘകാലം കഴിയുന്പോൾ നാമെല്ലാം മരിക്കും.